Image

വിഎസ്‌ ഒഴിവാക്കേണ്ടിയിരുന്ന കൂടിക്കാഴ്‌ചകള്‍

ജി.കെ. Published on 27 October, 2011
വിഎസ്‌ ഒഴിവാക്കേണ്ടിയിരുന്ന കൂടിക്കാഴ്‌ചകള്‍
കേരളം കണ്‌ട പ്രഗത്ഭനായ പ്രതിപക്ഷ നേതാക്കളുടെ നിരയില്‍ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‌ എന്നും മുന്‍നിരയിലാണ്‌ സ്ഥാനം. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്‌ അച്യുതാനന്ദന്‍ ഏറ്റെടുത്ത പോരാട്ടങ്ങളും ജനശ്രദ്ധയിലെത്തിച്ച വിഷയങ്ങളുമാണ്‌ പി.സി.ജോര്‍ജിന്റെ ഭാഷയില്‍ മുഖം കണ്‌ടാല്‍ തന്നെ ടിവി ഓഫാക്കി പോകുമായിരുന്ന വി.എസ്‌ എന്ന രണ്‌ടക്ഷരത്തെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരമാക്കിയത്‌. ഏറ്റെടുക്കുന്ന ഓരോ വിഷയങ്ങളിലും വി.എസ്‌ കാണിച്ച സത്യസന്ധതയും ആത്മാര്‍ഥതയും ചോദ്യം ചെയ്യാനും കഴിയുമായിരുന്നില്ല.

എന്നാല്‍ ഇതെല്ലാം വി.എസ്‌ മുഖ്യമന്ത്രിയാവുന്നതുവരെ മാത്രമെ നിലനിന്നുള്ളൂ എന്നതും പിന്നീടു കേരളം കണ്‌ട യാഥാര്‍ഥ്യമാണ്‌. പ്രതിപക്ഷനേതാവായിരിക്കെ നടത്തിയ പ്രഖ്യാപനങ്ങളില്‍ പലതും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുമൂലം വിഴുങ്ങേണ്‌ടിവന്ന വിഎസ്‌ കേരളം കണ്‌ട പ്രഗത്ഭ മുഖ്യമന്ത്രിമാരില്‍ ഒരാളായില്ല. പകരം വെറുതെയൊരു മുഖ്യമന്ത്രി മാത്രമായി ചുരുങ്ങുകയും ചെയ്‌തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ച്ചയുടെ നെല്ലിപലക കാണുമായിരുന്ന ഇടതുമുന്നണിയെ വിജയസോപാനത്തിന്‌ അടുത്തുവരെ എത്തിച്ചതിലൂടെ വിഎസ്‌ വീണ്‌ടും നഷ്‌ടപ്രതാപം വീണ്‌ടെടുത്തു. ഇതിനുശേഷം വീണ്‌ടും പ്രതിപക്ഷ നേതാവിന്റെ കുപ്പായത്തില്‍ മടങ്ങിയെത്തിയ വിഎസ്‌ ഇപ്പോള്‍ നടത്തുന്ന ചില നീക്കങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ വിള്ളല്‍ വീഴ്‌ത്തിയെന്ന്‌ പറയാതിരിക്കാനാവില്ല.

ഒരുകാലത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തനും ഇപ്പോള്‍ വിഎസിന്റെ വിശ്വസ്‌തനുമായ കെ.എ.റൗഫിനെ കൂട്ടുപിടിച്ച്‌ വി.എസ്‌ നടത്തിയ ചില നീക്കങ്ങളാണ്‌ ചില വിഷയങ്ങളില്‍ അദ്ദേഹം എടുക്കുന്ന നിലപാടുകളെ ആദ്യം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്‌. റൗഫുമായുള്ള രഹസ്യ കൂടിക്കാഴ്‌ചകള്‍ക്ക്‌ കുഞ്ഞാലിക്കുട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തിനപ്പുറം സ്വന്തം പാര്‍ട്ടികാര്‍ക്കെതിരെ തെളിവുശേഖരിക്കുക എന്ന ലക്ഷ്യം കൂടിയുണ്‌ടായിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വിഎസിന്റെ പ്രതിച്ഛയാകുപ്പായത്തില്‍ ചെളി തെറിപ്പിച്ചുവെന്ന്‌ പറയാതിരാക്കാനാവില്ല. ഇപ്പോള്‍ കംപ്ലൈയിന്റ്‌ കുമാറെന്ന ടി.ജി.നന്ദകുമാറുമായി വിഎസ്‌ നടത്തിയ കൂടിക്കാഴ്‌ചയും അദ്ദേഹത്തിന്‌ ക്ഷീണം ചെയ്‌തുവെന്ന കാര്യത്തിലും രണ്‌ടുപക്ഷമില്ല.

വി.എസ്‌ കൂടിക്കാഴ്‌ച നടത്തുന്നവരുടെ പൂര്‍വകാല ചരിത്രമാണ്‌ ഈ കൂടിക്കാഴ്‌ചകളില്‍ സംശയത്തിന്റെ നിഴല്‍ വീഴ്‌ത്തുന്നത്‌. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുവെങ്കിലും റൗഫിന്റെ പൂര്‍വകാലചരിത്രം അത്ര സുഖരമല്ലെന്ന്‌ മലയാളികള്‍ക്കെല്ലാം അറിയാം. അതുപോലെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്‌ അധികാര കേന്ദ്രങ്ങളിലും ജഡ്‌ജിമാര്‍ക്കിടയിലും ദല്ലാള്‍ പണി ചെയ്യുന്ന നന്ദകുമാറിന്റേതും. ലാവലിന്‍ കേസിലും ഇടമലയാര്‍ കേസിലും ഇയാള്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന ഇടപെടലുകള്‍ സത്യമാണെങ്കിലും അല്ലെങ്കിലും ഇത്തരം കളങ്കിത വ്യക്തിത്വങ്ങളുമായുള്ള ചങ്ങാത്തം വിഎസിന്റെ പ്രതിച്ഛായാ കുപ്പായത്തില്‍ കൂടുതല്‍ ചെളി തെറിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒപ്പം ഐസ്‌ക്രീം വിഷയത്തിലും മറ്റു അഴിമതികളിലും വിഎസ്‌ സ്വീകരിക്കുന്ന നിലപാടുകളിലെ ആത്മാര്‍ഥതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. തന്നെ പലരും വന്നു കാണാറുണ്‌ടെന്നായിരുന്നു നന്ദകുമാറിന്റെ സന്ദര്‍ശനത്തെപ്പറ്റി വിഎസിന്റെ പ്രതികരണം. എന്നാല്‍ ഇതേ വിഎസ്‌ മുഖ്യമന്ത്രിയായിരിക്കേയാണ്‌ കിളിരൂരില്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ മാതാപിതാക്കള്‍ കാണാനായി ക്ലിഫ്‌ ഹൗസില്‍ എത്തിയപ്പോള്‍ അവര്‍ക്ക്‌ സന്ദര്‍ശനാനുമതി നിഷേധിച്ചത്‌. മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമാണ്‌ വി.എസുമായി കൂടിക്കാഴ്‌ച നടത്തിയതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയത്‌ ഇതൊരു യാദൃശ്ചിക കൂടിക്കാഴ്‌ചയായിരുന്നില്ലെന്നതിനു തെളിവാണ്‌.

അഴിമതിയുടെയും പെണ്‍വാണിഭത്തിന്റെയും പേരില്‍ പലരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ സ്വയം സംശയരഹിതനായിരക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്‌ട്‌ വി.എസിനെന്ന്‌ പലപ്പോഴും അദ്ദേഹം മറന്നുപോകുന്നുണ്‌ടോ എന്ന്‌ സംശയമുണ്‌ട്‌. പാര്‍ട്ടി സമ്മേളനങ്ങളില്‍ എതിര്‍പക്ഷത്തെ അടിച്ചിരുത്താനുള്ള ആയുധം തേടിയായാലും മകന്‍ അരുണ്‍കുമാറിനെ ആരോപണ നിഴലില്‍ നിന്ന്‌ രക്ഷിക്കാനായാലും ഇനി അഴിമതിക്കെതിരെ തെളിവുശേഖരിക്കാനായാലും അക്കാര്യം പരസ്യമായി തുറന്നുപറയാനുള്ള ആര്‍ജ്ജവംകൂടി വി.എസ്‌ കാട്ടേണ്‌ടിയിരിക്കുന്നു.

അല്ലെങ്കില്‍ ഭരണപക്ഷം ആരോപിക്കുന്നതുപോലെ വി.എസ്‌ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കേവലം പകയുടെയും വിദ്വേഷത്തിന്റെയും ഭാഗമായി മാത്രം ജനങ്ങളും കണ്‌ടാല്‍ അവരെ കുറ്റം പറയാനാവില്ല. വി.എസിന്റെ പൂര്‍വകാല ചരിത്രം അതിന്‌ അനുവദിക്കുന്നില്ലെങ്കില്‍ പോലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക