image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മറഞ്ഞുപോയ മാസ്മരവൈദ്യന്‍ - കെ.എ. ബീന

AMERICA 01-Dec-2013 കെ.എ. ബീന
AMERICA 01-Dec-2013
കെ.എ. ബീന
Share
image
 ചില മനുഷ്യര്‍ അങ്ങനെയാണ്, ഭൂമിവിട്ടു പോയാലും ഇവിടെത്തന്നെയുണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ടേയിരിക്കും.  അത്തരക്കാരുടെ ഉള്ളില്‍ മറ്റുള്ളവര്‍ക്കില്ലാത്ത ഒന്ന് നിറഞ്ഞിരിക്കും -  ആ ഒന്നാണ് സ്‌നേഹം. സ്‌നേഹം. കൊണ്ടാണ് എല്ലാ മനുഷ്യന്മാരെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗുരുക്കന്മാര്‍.  എനിക്കത് ഉറപ്പായിരുന്നു, ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള വൈദ്യന്റെ കാര്യത്തില്‍.  ഒരുപാട് സ്‌നേഹവും, അറിവും, ആത്മാര്‍ത്ഥതയുമൊക്കെ നിറഞ്ഞ ഒരു മനസ്സ്.  അതിവിടം വിട്ടുപോയിട്ടും പോയെന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?
 'വൈദ്യന്‍ പോയി' എന്ന് ദൂരദര്‍ശന്‍ ന്യൂസ് റൂമില്‍ നിന്ന്  ദേവന്‍ വിളിച്ചു പറഞ്ഞത് രാവിലെ അഞ്ചരയ്ക്കായിരുന്നു..കഴിഞ്ഞ ഡിസംബറില്‍..  ദേവന്റെ ശബ്ദത്തിലെ നഷ്ടബോധം എന്റെ ഉള്ളിലെത്തുന്നില്ലല്ലോ എന്ന് സംശയിച്ച് ഞാന്‍ അമ്പരന്നു.  'കാണാന്‍ പോണ്ടേ' എന്ന് മനസ്സ്..  അചേതനമായ വൈദ്യന്റെ ശരീരം കാണാന്‍ -അത് ഉള്‍ക്കൊള്ളാന്‍ തന്നെ ബുദ്ധിമുട്ട്.
എന്നിട്ടും പോയി.  വൈദ്യശാലയുടെ വിശാലമായ ഹാളിന്റെ തുടക്കത്തില്‍ ഒരു മൊബൈല്‍ മോര്‍ച്ചറി.  അതിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് തല മുതല്‍ കാലുവരെ (കൊച്ചു കുട്ടികള്‍ക്കിടുന്ന ഒറ്റക്കുപ്പായം പോലെ) വെള്ളയില്‍ പൊതിഞ്ഞ വൈദ്യര്‍.
''ഇപ്പോള്‍ ഇങ്ങനെയാണ്. ആശുപത്രിയില്‍ നിന്ന് തന്നെ കുളിപ്പിച്ച് ഡ്രസ്സ് ചെയ്യിച്ച് വിടും.''.
ആരോ പറഞ്ഞു.
തലസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലാണ് ബോധം കെട്ട് വീണപ്പോള്‍ വൈദ്യനെ പ്രവേശിപ്പിച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
എനിക്ക് ചിരിയോ കരച്ചിലോ വന്നതെന്നറിയില്ല, അലോപ്പതിക്കെതിരെ ജീവിതം മുഴുവന്‍ കലമ്പിയ ആളാണ്, എന്നിട്ടാണ്...
എന്റെ തമാശച്ചിരി വൈദ്യന്‍ കണ്ടോ?  മരിച്ച് കഴിഞ്ഞാലും കുറേനാള്‍, കുറെദിവസം ആത്മാവ് അവിടെയൊക്കെ കാണുമെന്നല്ലേ പറയാറ്് -
ഞാന്‍ ഒരുപാട് കാര്യങ്ങള്‍ അന്നും  അവിടെ നിന്ന് വൈദ്യനോട് പറഞ്ഞു, ഞങ്ങളുടെ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഔഷധസസ്യത്തോട്ടം ഉണ്ടാക്കിയതിനെക്കുറിച്ച്, എനിക്ക് അച്ഛന്‍ തന്നിട്ട് പോയ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് അമ്മയ്ക്ക് 'ജോലി' നല്‍കാന്‍ തീരുമാനിച്ചതിനെക്കുറിച്ച്. ..മരുന്നു ചെടികള്‍ തേടിയുള്ള വൈദ്യന്റെ അലച്ചില്‍ കുറയ്ക്കാനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് ..അങ്ങനെ ഒരുപാട് കാര്യങ്ങള്‍..ഞാനെപ്പോഴും അങ്ങനെയായിരുന്നുവല്ലോ വൈദ്യനോട്..വാ തോരാതെ കലമ്പി കലമ്പി...
 വൈദ്യന്‍ ആശുപത്രികളുടെ കൊള്ളയെക്കുറിച്ചും വൈദ്യന്മാരുടെ പണക്കൊതിയെ കുറിച്ചുമൊക്കെ പറഞ്ഞ് എപ്പോഴുമെന്ന പോലെ എന്നെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നില്ലല്ലോ . ഇടയ്ക്ക് ചൊല്ലുന്ന  സംസ്‌കൃതശ്ലോകങ്ങളില്‍ പലതും  എനിക്ക് മുഴുവനായി മനസ്സിലായില്ല  ഒന്നുറക്കെ നിര്‍ത്തി നിര്‍ത്തി  പറയൂ വൈദ്യരേ.. എന്നൊന്നും പറഞ്ഞ് വഴക്കിടാന്‍ അവസരം തരുന്നില്ലല്ലോ..
''കൊച്ചമ്മേ ''എന്ന് വിളിച്ച് കളിയാക്കാനും വൈദ്യന്‍ മറന്നു പോയോ..
അപ്പോഴേയ്ക്കും ഒരാള്‍ ഒരു വാഴയിലയുമായെത്തി.  അത് ഹാളില്‍ നിലത്ത് ദര്‍ഭക്ക് പുറത്ത് വിരിച്ച് വിളക്കുകള്‍ തലയ്ക്കും കാല്‍ക്കലും വച്ചു.... ആരൊക്കെയോ വന്ന് മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് വൈദ്യനെ എടുക്കുന്നു.
''അനന്തിരവന്മാര്‍ എടുക്കട്ടെ.''
ആരോ പറയുന്നു.
''മക്കള്‍ വരാന്‍ ഇല്ലല്ലോ.''
ചെവിയില്‍ ഏഴോ എട്ടോ പ്രാവശ്യം  നേരിട്ടും ഫോണിലൂടെയും വന്ന ആവശ്യം മുഴങ്ങി.
''എന്റെ വീട്ടില്‍ വന്ന് താമസിക്കുമോ, എന്റെ മകളായി.  ബൈജുവും അപ്പുവും കൂടെ വരട്ടെ.  എനിക്ക് മോളുടെ കൂടെ ജീവിക്കണം.'' 
എപ്പോഴും ഞാന്‍ പറഞ്ഞത് ഒരേ മറുപടി.
''വൈദ്യന് സ്വന്തം മോളെ വിളിച്ചു കൊണ്ട് വന്ന് താമസിപ്പിച്ചു കൂടേ?  മോള്‍ക്ക് എന്തു സന്തോഷമാവും.  ഞാനിതു പോലെ ഇടക്കിടെ വരാം.''
സ്വന്തം ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള മടി കൊണ്ട് പതിവ് പോലെ വിഷയം മാറ്റാന്‍ നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന മരുന്നുപയോഗവും അതുവഴിയുണ്ടാവുന്ന രോഗവര്‍ദ്ധനയെക്കുറിച്ചുമൊക്കെ വൈദ്യന്‍ സംസാരിക്കും..
 ഇപ്പോള്‍ വൈദ്യന്‍ വാഴയിലയില്‍ വൈദ്യശാലയില്‍ കിടക്കുകയാണ്.  ആയുര്‍വേദ മരുന്നുകളുടെ ഹൃദ്യമായ മണം, ചുറ്റുപാടും നിറഞ്ഞിരിക്കുന്ന മരുന്നുണ്ടാക്കുന്ന ഭരണികള്‍, കലങ്ങള്‍, ഉരുളികള്‍, വാര്‍പ്പുകള്‍, മരുന്നുകുപ്പികള്‍.  പുകയടുപ്പിലെ കരിപുരണ്ട ഇരുണ്ട അന്തരീക്ഷത്തില്‍ വെള്ളപുതച്ച് വൈദ്യനും, വൈദ്യന്‍ കിടന്ന മൊബൈല്‍ മോര്‍ച്ചറിയും.  ഒരു സര്‍റിയലിസ്റ്റ് കാഴ്ച പോലെ മനസ്സില്‍ നിന്ന് മായാത്ത ചിത്രം.
ആരൊക്കെയോ വരുന്നു, പോകുന്നു.  വൈദ്യന്‍ മിണ്ടാതെ കിടക്കുന്നു.  എനിക്ക് ദേഷ്യം വന്നു തുടങ്ങി.  ആര് വന്നാലും നിര്‍ത്താതെ 'ആയുര്‍വ്വേദമഹിമ' പറയുന്ന കക്ഷിയാണ് ഇങ്ങനെ മിണ്ടാതെ കിടക്കുന്നത്.
 ഞാനിറങ്ങി പോന്നു.  തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഉള്ളില്‍ ആളല്‍ നിറഞ്ഞു വന്നു, സംഭവിച്ച നഷ്ടത്തിന്റെ വ്യാപ്തി കടല്‍ പോലെ നിറയാന്‍ തുടങ്ങി.  കഴിഞ്ഞൊരു കാല്‍ നൂറ്റാണ്ടായി എന്തിനും ഏതിനും ഓടിച്ചെല്ലാന്‍ ഉണ്ടായിരുന്ന ഒരു വലിയ ഇടം.  അത് മൊത്തമായി ഇല്ലാതായിരിക്കുന്നു.  ശരീരത്തിന്റെ അസ്വസ്ഥതകള്‍ക്ക്, മനസ്സിന്റെ സങ്കടങ്ങള്‍ക്ക്, മനുഷ്യനെന്ന നിലയിലുള്ള ആധികള്‍ക്ക് മരുന്ന് തേടി മാത്രമല്ല ഞാന്‍ ഓടി പോകാറുണ്ടായിരുന്നത്, നഷ്ടപ്പെട്ട എന്റെ അപ്പൂപ്പന്റെ, അച്ഛന്റെ സാന്ത്വനങ്ങള്‍ തേടിയും കൂടിയായിരുന്നു.
ആ നിമിഷത്തില്‍ ഞാനറിഞ്ഞു, ഞാനൊരുപാട് ഒറ്റക്കായി എന്ന്.  ജീവിതത്തിന്റെ ഭാരങ്ങള്‍ പേറാന്‍ ഒപ്പമുണ്ടായിരുന്ന ഒരു വലിയ താങ്ങ്.  അത് ഒടിഞ്ഞു വീണുപോയിരിക്കുന്നു.
 വിവാഹിതയായി ഒരാഴ്ച കഴിയും മുമ്പ് കടുത്ത പനിപിടിപെട്ട എന്റെ അനിയത്തി(ബിന്ദു)യുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയക്കേണ്ടി വന്നു. ഡോക്ടര്‍ സംശയിച്ച രോഗവുമായിത്തന്നെയാണ് രക്തത്തിന്റെ റിസള്‍ട്ട് വന്നത്. സിസ്റ്റമിക് ലൂപ്പസ് എറിത്രോമെറ്റസിസ് (എസ് എല്‍ ഇ) വളരെ സീരിയസ് അവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ അനിയത്തി പിന്നീട് കടന്നുപോയ ദുരിതാവസ്ഥ കടുപ്പമായിരുന്നു. പൊട്ടിയൊലിക്കുന്ന തൊലി, കൊഴിഞ്ഞുപോകുന്ന മുടി, നുറുങ്ങുന്ന ശരീരവേദന, ഛര്‍ദി, പനി - എന്തു ചെയ്യേണ്ടൂ എന്ന് അറിയാതെ തീവ്രമായ നിസ്സഹായതയില്‍പ്പെട്ട് ഞങ്ങള്‍, കുടുംബാംഗങ്ങള്‍....
ഒരു ദിവസം വൈകിട്ട് ജീവന്റെ തുടിപ്പുകള്‍ എല്ലാം അവസാനിക്കുന്ന ലക്ഷണങ്ങളോടെ അനിയത്തി നിശ്ചലാവസ്ഥയിലേക്ക്. ഞങ്ങള്‍ ഓടി. മെഡിക്കല്‍ കോളേജില്‍ പോയി ഡോക്ടറെക്കണ്ട് രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് യാചിക്കാന്‍. അവിടെ നിന്നാണ് വീട്ടിലേക്ക് പോന്നതെന്നറിഞ്ഞിട്ടും.. പോകും വഴി കേശവദാസപുരത്ത് ഒരു ചെറിയ ബോര്‍ഡ് കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തി.
ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള വൈദ്യന്റെ വൈദ്യശാലയായിരുന്നു അത്. കാത്തിരുന്ന മറ്റ് രോഗികളെയൊന്നും വകവയ്ക്കാതെ ഞാനകത്തേക്ക് കയറിച്ചെന്നു.'' രക്ഷിക്കണം ''എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.
വൈദ്യന്‍  തോളില്‍ത്തട്ടി ആശ്വസിപ്പിച്ചു. ''നമുക്ക് നോക്കാം, അവിടിരുന്നു പ്രാര്‍ത്ഥിക്കൂ''. എന്ന് പറഞ്ഞ് ബലമായി പിടിച്ച് ബഞ്ചിലിരുത്തി. നിറകണ്ണുകളോടെ ഞാനിവിടെ ഇരുന്നു.
'' ഇരുപത്തിയേഴ് വയസാണ് അനിയത്തിക്ക് ''ഞാന്‍ പറഞ്ഞു.
''സമാധാനമായിരിക്ക്.ഞാനുണ്ട് കൂടെ.''
 ആശ്വസിപ്പിച്ച് വൈദ്യന്‍  മരുന്നുതന്നു
3 തവണ കൊടുക്കണം, അരമണിക്കൂറിടവിട്ട്. 3 തവണ കഴിയുമ്പോള്‍ എഴുന്നേറ്റിരിക്കുമെങ്കില്‍ എന്നെ വിളിക്കാന്‍ വരുക. ഞാന്‍ വന്നു നോക്കാം. ഇല്ലെങ്കില്‍ ... ആ കണ്ണുകളില്‍ കണ്ണീരാണോ നിറഞ്ഞത്.... തിരികെ വീട്ടിലെത്തിയത് റോക്കറ്റിന്റെ വേഗത്തില്‍. നെഞ്ചു പൊടിഞ്ഞൊരു അച്ഛനുമമ്മയും മകളുടെ ശ്വാസഗതി നോക്കി അവിടിരിപ്പുണ്ട്. വിവാഹത്തിന്റെ പൂമാല അപ്പോഴും കരിയാതെ കിടക്കുന്നു. ആ മനുഷ്യന്‍, ഒരു അറേഞ്ച്ഡ് മാര്യേജിലൂടെ വിധിയുടെ നാടകത്തില്‍ തന്റെ ഭാഗം അഭിനയിക്കാനെത്തിയ അനിയത്തിയുടെ ഭര്‍ത്താവ്. നിറഞ്ഞ പ്രാര്‍ത്ഥനകളോടെ ഓരോ തുള്ളി മരുന്നും അമൃത്‌പോലെ അനിയത്തിയുടെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു - കാത്തിരിപ്പ്.....
മൂന്നാമത്തെ ഡോസ് കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അനങ്ങിത്തുടങ്ങി. അല്‍പനേരത്തിനുള്ളില്‍ അവള്‍ എഴുന്നേറ്റിരുന്നു - എത്ര നാളുകള്‍ക്കുശേഷം.
വൈദ്യന്‍ വന്നു. കഷായം, മരുന്ന്, പഥ്യം സ്‌നേഹപൂര്‍വമായ ഉറപ്പുകള്‍ - അനിയത്തി ജീവിതത്തിലേക്ക് മടങ്ങി വന്നു. ഞങ്ങളും....പിന്നീട് അവള്‍ ഗര്‍ഭിണിയായി, പ്രസവിച്ചു. ഉണ്ണിമായ എന്ന ഓമനയെ വളര്‍ത്തി, വീട് വച്ചു. ജീവിതം ആഘോഷപൂര്‍ണമാക്കി പത്തു വര്‍ഷം. ഇതിനിടെ ഞാന്‍ ജോലി മാറ്റം കിട്ടി  അസമിലേക്ക്  പോയി.കഷായങ്ങള്‍ മടുത്ത്, എണ്ണകള്‍ മടുത്ത്, അവള്‍ അലോപ്പതി ഡോക്ടറെ കാണാന്‍ പോയി. അവിടെനിന്നാണ് അവളറിഞ്ഞത്, അവള്‍ ഒരു മാരകരോഗത്തിനടിമയാണെന്ന്. വൈദ്യനും, ഞങ്ങളും കൂടി 10 വര്‍ഷം മറച്ചുവച്ച സത്യം. അതറിഞ്ഞ് അനിയത്തി തളര്‍ന്നു. ഒരു കരിന്തിരിപോലെ അവള്‍ പെട്ടെന്ന് കെട്ടുപോയി. പിന്നെ സ്റ്റീറോയിഡുകള്‍,മരുന്നുകള്‍.. ഓരോ നേരവും വിഴുങ്ങുന്ന അലോപ്പതി ഗുളികകളുടെ എണ്ണം കണ്ട് അവളുടെ മകള്‍ പറയുമായിരുന്നു - അമ്മ ഗുളികകളാണ് ഉണ്ണുന്നതെന്ന്.
അവസാന കാലത്ത് അവള്‍ വൈദ്യനെ കാണാന്‍ പോയതേയില്ല.കിഡ്‌നികള്‍ 90 ശതമാനം പ്രവര്‍ത്തനം നിര്‍ത്തി കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..
''വൈദ്യന്റെ മരുന്ന് മതിയായിരുന്നു അല്ലേ..''
ബിന്ദു മരിക്കുന്നതിന്റെ തലേ ദിവസം.വാതിലില്‍ മുട്ടു കേട്ട് അമ്മ നോക്കുമ്പോള്‍ വൈദ്യന്‍.
''ബിന്ദുവിനെ കാണണമെന്ന് തോന്നി .എവിടെയാണവള്‍. എത്രയോ നാളായി കണ്ടിട്ട്.''
അമ്മ വൈദ്യനെ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി...ബിന്ദു വൈദ്യനെ കെട്ടിപ്പിടിച്ച് കരഞ്ഞു..വൈകിപ്പോയിരുന്നു..പിറ്റേന്ന് രാവിലെ അവള്‍ പോയി.
ഓര്‍ക്കാനിനിയുമെത്രയാണ്..
 കപ്പലില്‍ വച്ച് അപകടത്തില്‍പ്പെട്ട് കണ്ണിന്റെ കാഴ്ചയും ജോലിയും നഷ്ടപ്പെട്ട് മടങ്ങിയെത്തിയ അച്ഛന് മാസങ്ങള്‍ക്കുള്ളില്‍ കാഴ്ചശക്തി (ജോലിയും) മടക്കിത്തന്നത്, കാന്‍സറിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ട് മരിക്കുമ്പോഴും വേദനയെന്തെന്ന് അറിയിക്കാതെ എന്റെ അച്ഛനെ കാത്തത്, മാസം തോറും മുടങ്ങാതെ വന്നിരുന്ന പനി (ആന്റിബയോട്ടിക് ഉപയോഗവും) കഷായസേവയിലൂടെ മാറ്റി എന്റെ ഭര്‍ത്താവ് ബൈജുവിനെ ആരോഗ്യവാനാക്കിയത്, ചുണ്ടും വായും വിണ്ട് പൊട്ടി ചോര വാര്‍ന്നിരുന്ന എന്റെ മകന്‍ അപ്പുവിന് 6 ദിവസം പച്ചക്കൊത്തമല്ലി സമൂലം അരച്ച് ഓരോ ഉരുള വീതം കൊടുത്താല്‍ വിറ്റാമിനുകള്‍ ''അബ്‌സോര്‍ബ്'' ചെയ്യാനുള്ള ശേഷി കുടലിന് വരും, അപ്പോള്‍ വിണ്ടുകീറല്‍ മാറുമെന്ന ഉപദേശം, അത് പ്രാവര്‍ത്തികമാക്കിയപ്പോഴുള്ള ഫലം.  എങ്ങനെയാണിത് ഒക്കെ മറക്കുക എന്റെ കുടുംബത്തെ മാത്രമല്ല  അറിയുന്നതും അറിയാത്തതുമായ ഒരുപാടുപേരെയും വൈദ്യന്റെ മരുന്നുകളുടെ അത്ഭുതങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞു ..എത്രയോ പേര്‍ രോഗം മാറിയപ്പോള്‍  എന്നോട് വന്ന് നന്ദി പറഞ്ഞിരിക്കുന്നു. ഏതു രോഗിയേയും കൊണ്ട് ഏതുനേരത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം വൈദ്യന്‍ നല്‍കിയിരുന്നുവല്ലോ..
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്ഷയില്ലെന്ന് പറഞ്ഞ്  വീട്ടിലേക്ക് വിട്ട  മിനിക്കുട്ടി..പത്രപ്രവര്‍ത്തക സുഹൃത്തിന്റെ 3 വയസുള്ള മകളെയുമെടുത്തോടിച്ചെല്ലുമ്പോള്‍ വൈദ്യന്‍ ഒട്ടും തന്നെ വ്യാകുലപ്പെട്ടില്ല. ജീവന്റെ അല്‍പം തുടിപ്പുകള്‍ മാത്രം അവശേഷിക്കുന്ന ശരീരമുള്ള കുഞ്ഞിനെ മടിയില്‍ കിടത്തി വൈദ്യന്‍ പറഞ്ഞു.
''ഇവള്‍ക്കൊന്നുമില്ല. ഒരു മാസത്തിനകം ഓടിച്ചാടി നടക്കും. കൊടുത്ത മരുന്നുകള്‍ ഒക്കെക്കൂടി കുറച്ചപകടമുണ്ടാക്കിയിട്ടുണ്ട്. അത് ഞാന്‍ നോക്കിക്കോളാം.''
പറഞ്ഞതുപോലെ അവള്‍ ഒരുമാസത്തിനകം ഓടിച്ചാടി നടന്നു. ഇന്ന് വലിയ യുവതിയായി സ്റ്റൈലില്‍ ജീവിക്കുന്നു. പിന്നീടൊരിക്കലും രക്താര്‍ബുദത്തിന്റെ പരിശോധന അവള്‍ക്ക് പോസിറ്റീവായിരുന്നല്ല. 
ഓണത്തിന് മുടങ്ങാതെ വൈദ്യന്‍ കൊണ്ടു വന്നിരുന്നത് അണ്ടിപ്പരിപ്പും ലഡുവുമായിരുന്നു.  മുണ്ടിനും ഷര്‍ട്ടിനും ഒരേ തുണി മുറിച്ചു വാങ്ങി കാല്ക്കല്‍ വച്ച് അനുഗ്രഹം വാങ്ങാതെ ഒരു ഓണവും കടന്നു പോയിട്ടില്ല.  ഏതു യാത്ര കഴിഞ്ഞെത്തുമ്പോഴും വൈദ്യനായൊരു പൊതി ഞാന്‍ കരുതിയിട്ടുണ്ട്..  ഗയയിലെ ബുദ്ധപ്രതിമയോ, കാശിയിലെ പ്രസാദമോ, ഹരിദ്വാറിലെ ഷാളോ എന്തായാലും അത് സന്തോഷത്തോടെ സ്വീകരിക്കുന്ന വൈദ്യന്‍...ഞാനുണ്ണുന്നത്, വെള്ളം കുടിക്കുന്നത്.മരുന്നു കഴിക്കുന്നത്.. .എന്തിന് പല്ലു തേക്കുന്നത് പോലും വെള്ളി  ടംഗ് കളീനര്‍ കൊണ്ടാവണം എന്ന് നിര്‍ബന്ധമുണ്ടായിരുന്ന  വൈദ്യന്‍ വെള്ളിപാത്രങ്ങളും മറ്റും  വാങ്ങി കൊണ്ടു തന്നത്..
വൈദ്യന്‍ പോയതിലൂടെ എനിക്ക് ഉണ്ടായ ശൂന്യത - അത് വൈയക്തികം.  പക്ഷെ  സമൂഹത്തിന്, മാനവരാശിക്ക് സംഭവിച്ച നഷ്ടം... മരണം യഥാര്‍ത്ഥ നഷ്ടമാകുന്നത് ഇങ്ങനെയുള്ളവര്‍ മരിക്കുമ്പോഴാണ്. ആയുര്‍വേദത്തിന്റെ വക്കീലെന്ന് സ്വയം കളിയാക്കിയിരുന്ന ചിറ്റാറ്റിന്‍കര വൈദ്യന്‍ കടന്നുപോയത് തന്റെ മഹത്തായ പാരമ്പര്യത്തിന് ഒരു പിന്‍ഗാമിയെ കരുതിവയ്ക്കാതെയാണ്. എണ്‍പത്തഞ്ചു വര്‍ഷത്തെ ജീവിതത്തിനിടയില്‍ നാഡീസ്പന്ദനത്തിലൂടെ രോഗനിര്‍ണയം നടത്താനുള്ള ജാഗ്രതയുള്ളവര്‍ ആരും തന്നെ തന്റെ അടുത്തുവന്നിട്ടില്ല എന്നാണ് വൈദ്യന്‍ പറയാറുണ്ടായിരുന്ന ന്യായീകരണം.
സ്റ്റെതസ്‌ക്കോപ്പുവച്ച് ഹൃദയമിടിപ്പു പഠിക്കുന്നവര്‍ക്ക് നാഡീസ്പന്ദന വൈദഗ്ധ്യം നേടിയെടുക്കുക ദുഷ്‌കരമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. വൈദ്യരുടെ ആ അപൂര്‍വ്വ സിദ്ധി പഠിക്കാന്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും പലരും എത്തിയിരുന്നു. ജര്‍മനിയില്‍ നിന്ന് റഷ്യയില്‍ നിന്നും ഒക്കെ പലരും വൈദ്യന് ഓഫറുകളുമായി പലവട്ടം എത്തിയിട്ടുണ്ട്. അവിടെ കൊണ്ടുപോയി വൈദ്യരുടെ ധിഷണ പരിരക്ഷിച്ച് മനുഷ്യകുലത്തിന് സമ്പത്താക്കാം എന്ന് കരുതി വന്നവര്‍. തിരുവനന്തപുരത്തെ കൂട്ടാംവിളയിലെ ചിറ്റാറ്റിന്‍കര വിട്ട് എങ്ങുമില്ല എന്ന് വൈദ്യന്‍ ഓരോ വട്ടവും പറഞ്ഞൊഴിഞ്ഞു.
  അപൂര്‍വ്വമരുന്നുകള്‍, അപൂര്‍വ്വ രോഗശാന്തികള്‍, അത്യപൂര്‍വ്വമായ ധിഷണ.  അപൂര്‍വ്വമാണ് ഇതൊക്കെ, സംരക്ഷിക്കപ്പെടേണ്ടതുമായിരുന്നു.  ഒന്നും തന്നെ കഴിഞ്ഞില്ല.  പല ശ്രമങ്ങള്‍ ഞാനും നടത്തിനോക്കി. പാരമ്പര്യത്തെ കടുകിട തെറ്റിക്കാന്‍ തയ്യാറാകാത്ത , മര്‍ക്കട മുഷ്ടിക്കാരനായ ഒരപ്പൂപ്പന്‍ വൈദ്യര്‍ക്കുള്ളിലുണ്ടായിരുന്നു എന്നതും ആ നഷ്ടത്തിന്  ഒരു കാരണം തന്നെ.
 മരുന്നില്‍, മരുന്നുണ്ടാക്കുന്ന രീതിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വൈദ്യന്‍  ഒരുക്കമായിരുന്നില്ല. ഒട്ടകത്തിന്റെ പല്ലാണ് വേണ്ടതെങ്കില്‍ അത്. കുതിരക്കുളമ്പാണ് മറ്റൊരു ചേരുവയെങ്കില്‍ അത്. മരുന്നിന്റെ ചേരുവകള്‍ സംഘടിപ്പിക്കുന്നതില്‍ വൈദ്യന്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ആയൂര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് വിധിച്ചിട്ടുള്ള പാത്രങ്ങള്‍ (ലോഹമായാലും, മണ്‍പാത്രമായാലും) മാത്രമേ  ഉപയോഗിച്ചിരുന്നുള്ളു. മരുന്നുണ്ടാക്കുന്നതിന് വേണ്ടി ഏതു മലയും ഏതു കാടും കേറാന്‍ മടിയില്ലാത്ത വൈദ്യന്‍, ദിവസങ്ങളോളം മണ്ണിനടിയിലും വിണ്ണിനു കീഴിലുമൊക്കെ മരുന്ന് പാകമാക്കാന്‍ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്ന വൈദ്യന്‍, മരുന്നിന് വേണ്ടി സ്വര്‍ണ്ണ ചെമ്പകപ്പൂക്കള്‍ പറിക്കാന്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെ ചെമ്പകത്തിന്റെ ചില്ലകളിലേക്ക് 80 വയസ്സു കഴിഞ്ഞുവെന്ന് പോലും മറന്ന് ചാടിക്കയറുന്ന വൈദ്യന്‍. ഓര്‍ക്കാന്‍ ഒരുപാടുണ്ട്.
ചില വൈകുന്നേരങ്ങളില്‍ വൈദ്യന്‍ ആ നിറഞ്ഞ ചിരിയുമായെത്തും.  ആരോഗ്യരംഗത്തെ അപചയങ്ങളെക്കുറിച്ച് ഡോ .വലിയത്താന്റെ ചരകസംഹിതപുസ്തകത്തിലെ ചില പോരായ്മകളെക്കുറിച്ച്   കൈയിലുള്ള പേപ്പറുകളിലെ കാര്യങ്ങള്‍ ലേഖനരൂപത്തില്‍, കത്തിന്റെ രൂപത്തില്‍ ഒക്കെ എഴുതിക്കൊടുക്കുന്ന ജോലി എനിക്ക് പണ്ടേ കല്‍പ്പിച്ചു തന്നിരിക്കുന്നതാണല്ലോ.  ''Fanatic to the Core'' എന്ന് പറഞ്ഞ് ഞാന്‍ കളിയാക്കുമ്പോള്‍ അലോപ്പതി മരുന്നുകളുടെ് ദൂഷ്യഫലങ്ങള്‍ നിറഞ്ഞ ഒരു തടിമാടന്‍ പുസ്തകവു(ഫാര്‍മക്കോപ്പിയ)മായി വരും.  പേജുകള്‍ മറിച്ചെടുത്ത് വായിപ്പിക്കും  ''കണ്ടോ, അലോപ്പതിക്കാരു തന്നെ പറയുന്നു, അവരുടെ മരുന്നുകള്‍  മരുന്ന് കഴിച്ചാല്‍  രോഗം വരുമെന്ന്. വായിച്ചു പഠിക്ക് കൊച്ചമ്മേ.. ഞാന്‍ പറയുന്നത് മാത്രമല്ല ഇതൊക്കെ.''
 മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ടി പൊരുതിയ ജീവിതം.രോഗാതുരമാകുന്ന ആരോഗ്യരംഗത്തെക്കുറിച്ച് ഒരുപാട് വ്യാകുലപ്പെട്ടിരുന്നു  വൈദ്യന്‍. മാധ്യമങ്ങളിലൂടെ തന്നാലാവുംവിധം ഇക്കാര്യങ്ങള്‍ അദ്ദേഹം വിളിച്ചുപറയുകയും ചെയ്തു. ചികിത്സയുടെ അമിതചിലവ്, അനാവശ്യ പരിശോധനകള്‍ നടത്തി രോഗിയെ കൊള്ളയടിക്കല്‍, അമിതമായ മരുന്നുകള്‍ നല്‍കി ആരോഗ്യം തകര്‍ക്കല്‍, രോഗത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കി രോഗിയുടെയും ബന്ധുക്കളുടെയും ആത്മവീര്യം തകര്‍ക്കല്‍, രോഗിക്ക് സമാധാനം നല്‍കാതെ രോഗവിവരം പറഞ്ഞ് പേടിയാക്കല്‍ തുടങ്ങി ആരോഗ്യമേഖലയിലെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് വൈദ്യന്‍ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.
ധന്വന്തരീമൂര്‍ത്തിയുടെ അവതാരം എന്നും കാലഹരണപ്പെട്ട താളിയോല എന്നുമൊക്കെ കളിയാക്കി വൈദ്യനെ ദേഷ്യം പിടിപ്പിച്ച് രസിക്കുമ്പോഴും ഞാന്‍ സ്വയം ചോദിച്ചിരുന്ന ചോദ്യമുണ്ട്.എനിക്ക് ആരാണ് ഈ വൈദ്യന്‍..ഇത്രയേറെ കരുണയും വാത്സല്യവും സ്‌നേഹവും കിട്ടാന്‍ എത്ര ജന്മം ഞാന്‍ പുണ്യം ചെയ്തിട്ടുണ്ടാവണം..
ഹരിനാമകീര്‍ത്തനവും ഗൗഡപാദസര്‍വ്വസ്വവുമൊക്കെ ബൈന്റ് ചെയ്ത് കൊണ്ട് വന്ന് വായിപ്പിച്ചിരുന്ന വൈദ്യന്‍... കുട്ടികളില്‍ ധാര്‍മ്മികമൂല്യം വളര്‍ത്തുന്നതിന് 'ഗുരുവന്ദനം' എന്ന പുസ്തകം അച്ചടിപ്പിച്ച് സൗജന്യമായി സ്‌കൂളുകള്‍ തോറും വിതരണം ചെയ്തിരുന്ന വൈദ്യന്‍.  സഞ്ചിതസംസ്‌ക്കാരത്തിന്റെ ഒരു വലിയ ഭൂമിക - അതായിരുന്നു വൈദ്യന്‍.
ആദ്യമായി വൈദ്യനെ കുറിച്ച് ലേഖനമെഴുതിയതും ആദ്യമായി വൈദ്യനെ കുറിച്ച്
ഡോക്യുമെന്ററി ഉണ്ടാക്കിയതും ഞാനായിരുന്നു എന്ന് വൈദ്യന്‍ എല്ലായ്‌പോഴും എന്നെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.  ഇടക്കാലത്ത് രോഗികളുടെ തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ എന്നെ അതിന്റെ കാരണക്കാരിയാക്കി. ''കൊച്ചമ്മ നല്‍കുന്ന പബ്ലിസിറ്റിയാണ് തിരക്കിന് കാരണ'' മെന്ന് ... ആദ്യലേഖനത്തില്‍ ഞാന്‍ വൈദ്യനെ കുറിച്ചെഴുതുമ്പോള്‍ മഹാവൈദ്യന്‍, മാസ്മരവൈദ്യന്‍ എന്നൊക്കെ പറഞ്ഞിരുന്നു.  അന്ന് മുഴുവന്‍ അറിവോടെയായിരുന്നോ അങ്ങനെയൊക്കെ എഴുതിയത് എന്ന് ഇന്ന് സംശയം തോന്നുന്നു.  ഇന്നെനിക്ക് ഉറപ്പായിട്ടും അറിയാം -ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള ഒരു മഹാവൈദ്യന്‍ തന്നെയായിരുന്നു. മാസ്മരവൈദ്യന്‍ തന്നെയായിരുന്നു..
 ദിവസങ്ങള്‍, ആഴ്ചകള്‍ മാസങ്ങള്‍ എണ്ണമില്ലാത്തത്ര പേജുകള്‍, വൈദ്യനെ കുറിച്ച് എഴു
താന്‍ അതൊക്കെ വേണം.  അത്രക്കും വലുതായിരുന്നു വൈദ്യന്‍.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു; സൂം മീറ്റിങ് ഇന്ന്
നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)
മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ടൈറ്റസ്‌ തോമസിന്റെ ‌ (ടിറ്റി-71) പൊതുദർശനം ‌ മാര്‍ച്ച്‌ 7 ഞായറാഴ്‌ച, സംസ്കാരം തിങ്കൾ 
മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  
കെ സി എസ് ഡിട്രോയിറ്റ്, വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തനോദ്ഘാടനം വന്‍വിജയം
ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)
ക്‌നാനായ വുമണ്‍സ് ഫോറത്തിന് നവ നേതൃത്വം
കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍
ശനിയാഴ്ച 157-മത് സാഹിത്യ സല്ലാപം 'ജോയനനുസ്മരണം'!
ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുനിച്ചുയര്‍ന്നു
സ്റ്റിമുലസ് ബില്‍ 14ന് മുമ്പ് പ്രസിഡന്റ് ഒപ്പു വയ്ക്കുമോ? (ഏബ്രഹാം തോമസ്)
കൊറോണ വൈറസ് റസ്‌കൂ പാക്കേജ് ചര്‍ച്ച തുടരുന്നതിന് സെനറ്റിന്റെ അനുമതി
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച
തോമസ് ഐസക് മാറി നിൽക്കുമ്പോൾ (ജോൺസൻ എൻ പി)
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന് നവ നേതൃത്വം
ലൈംഗിക ആരോപണങ്ങളിൽ ലജ്ജ തോന്നുന്നെന്ന് കോമോ; രാജി വയ്ക്കില്ല

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut