Image

ഇന്ത്യക്കാര്‍ക്കുള്ള എച്ച്‌ 1ബി വീസകളില്‍ 24 ശതമാനം വര്‍ധന (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 26 October, 2011
ഇന്ത്യക്കാര്‍ക്കുള്ള എച്ച്‌ 1ബി വീസകളില്‍ 24 ശതമാനം വര്‍ധന (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യക്കാര്‍ക്കുള്ള എച്ച്‌ 1ബി വീസയില്‍ 24 ശതമാനം വര്‍ധന വരുത്തിയിട്ടുണ്‌ടെന്ന്‌ യുഎസ്‌. വിദഗ്‌ധ തൊഴിലാളികള്‍ക്ക്‌ യുഎസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യുന്നതിനായാണ്‌ യുഎസ്‌ സര്‍ക്കാര്‍ എച്ച്‌ 1ബി വീസ അനുവദിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 54,111 ഇന്ത്യക്കാര്‍ക്കാണ്‌ വീസ ലഭിച്ചതെങ്കില്‍ ഈ വര്‍ഷം ഇത്‌ 67,195 ആയി ഉയര്‍ന്നുവെന്ന്‌ ഇന്ത്യയിലെ യുഎസ്‌ എംബസി പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ഇന്ത്യാ-യുഎസ്‌ ബന്ധങ്ങള്‍ മുമ്പെന്നത്തേക്കാളും കരുത്താര്‍ജ്ജിക്കുന്നതിന്റെ ശുഭസൂചനയാണിതെന്ന്‌ എംബസി അറിയിച്ചു. യുഎസ്‌ എച്ച്‌ 1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ്‌ എന്ന പദവിയും ഇപ്പോള്‍ ഇന്ത്യക്ക്‌ സ്വന്തമാണ്‌. മറ്റു രാജ്യങ്ങള്‍ക്ക്‌ അനുവദിച്ചതിനേക്കാള്‍ ഇരട്ടിയിലധികം എച്ച്‌ 1ബി വീസകളാണ്‌ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ യുഎസ്‌ ഇന്ത്യക്ക്‌ യുഎസ്‌ അനുവദിച്ചത്‌.

മാറ്റങ്ങള്‍ പൂര്‍ണമായും ഫലം കണ്‌ടില്ലെന്ന്‌ ഒബാമ

ഡെന്‍വര്‍: തന്റെ സര്‍ക്കാര്‍ കൊണ്‌ടുവന്ന മാറ്റങ്ങള്‍ പൂര്‍ണമായും ഫലം കണ്‌ടില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ കുറ്റസമ്മതം. എങ്കിലും മെച്ചപ്പെട്ട അമേരിക്കയ്‌ക്കായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായുള്ള ഫണ്‌ടു ശേഖരണാര്‍ഥം ഡെന്‍വറിലെത്തിയെ ഒബാമ വ്യക്തമാക്കി. ആരോഗ്യസംരക്ഷണം, സമ്പദ്‌വ്യവസ്ഥയുടെ പുന:സംഘടന, വിദ്യാര്‍ഥി വായ്‌പ, ഇറാഖ്‌ യുദ്ധം, സ്വവര്‍ഗാനുരാഗികളെയും സൈനികസേവനത്തിന്‌ നിയോഗിക്കല്‍ തുടങ്ങിയ നിരവധികാര്യങ്ങളില്‍ തന്റെ സര്‍ക്കാര്‍ വരുത്തിയ മാറ്റം പൂര്‍ണമായും ഫലപ്രാപ്‌തിയിലെത്തിയില്ല.

എങ്കിലും മാറ്റങ്ങള്‍ സാധ്യമാണെന്ന്‌ തിരിച്ചറിയാനായതാണ്‌ വലിയ പാഠം. താന്‍ ഏറ്റെടുത്ത ദൗത്യങ്ങളില്‍ 60 ശതമാനം മാത്രമെ പൂര്‍ത്തീകരിക്കാനായുള്ളൂ. ഇനിയും 40 ശതമാനം പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്‌ട്‌ ഇതിനായി തനിക്ക്‌ ഒരു അവസരം കൂടി നല്‍കണമെന്നും ഒബാമ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നികുതി ഇളവു നല്‍കാനുള്ള തന്റെ സര്‍ക്കാര്‍ തീരുമാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍ക്കുകയാണെന്നും ഒബാമ കുറ്റപ്പെടുത്തി.

ഇന്ത്യക്കാര്‍ക്ക്‌ യുഎസ്‌ സെനറ്റിന്റെ ദീപാവലി ആശംസ

വാഷിംഗ്‌ടണ്‍: യുഎസിലെ ഇന്ത്യക്കാര്‍ക്ക്‌ സെനറ്റിന്റെ ദീപാവലി ആശംസ. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ആഗോള സന്ദേശമുയര്‍ത്തുന്നതാണ്‌ ദീപാവലി ആഘോഷമെന്ന്‌ സെനറ്റ്‌ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ദീപാവലി ആഘോഷത്തിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെയും പ്രമേയയത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു. സെനറ്റര്‍ റോബര്‍ട്ട്‌ മെനിഡെസ്‌, ജോണ്‍ കോണിന്‍, മാര്‍ക്‌ വാര്‍ണര്‍ എന്നിവരാണ്‌ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്‌.

രണ്‌ടര മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പെറിയുടെ വാഗ്‌ദാനം

ന്യൂയോര്‍ക്ക്‌: യുഎസ്‌ പ്രസിഡന്റാവുകയാണെങ്കില്‍ പുതുതായി രണ്‌ടര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥായാവാന്‍ ശ്രമിക്കുന്ന റിക്‌ പെറി. പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ ടെലിവിഷന്‍ പരസ്യത്തിലാണ്‌ പെറിയുടെ വാഗ്‌ദാനം. ടെക്‌സാസ്‌ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ നേടിയ വിജയത്തെയും പെറി പരസ്യത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു. തൊഴിലവസരങ്ങള്‍ എങ്ങിനെ സൃഷ്‌ടിക്കണമെന്നതിനെക്കുറിച്ച്‌ ചിലകാര്യങ്ങള്‍ തനിക്കറിയാമെന്ന്‌ ഇന്ന്‌ പുറത്തിറക്കുന്ന 30 സെക്കന്‍ഡ്‌ പരസ്യത്തില്‍ പെറി അവകാശപ്പെടുന്നു.

ടെക്‌സാസില്‍ തന്റെ നേതൃത്വത്തില്‍ ഒരു മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടപ്പോള്‍ യുഎസില്‍ രണ്‌ടു മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്‌ടമാവുകയാണ്‌ ചെയ്‌തതെന്നും പെറി പറയുന്നു. പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ ബാധിക്കുന്ന ഒബാമയുടെ ഊര്‍ജനയം റദ്ദാക്കുമെന്നും ഇതിലൂടെ അമേരിക്കയെ വെറുക്കുന്ന രാജ്യങ്ങളില്‍ നിന്ന്‌ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും പെറി അവകാശപ്പെടുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള പോരാട്ടത്തില്‍ തിരിച്ചടി നേരിടുന്നതിനിടെയാണ്‌ പെറിയുടെ ടെലിവിഷനിലൂടെയുള്ള `പരസ്യ' പ്രചാരണം.

ചരിത്രത്തിലാദ്യമായി ഐബിഎമ്മിന്‌ വനിതാ സിഇഒ

ന്യൂയോര്‍ക്ക്‌: കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ്‌ ഒരു വനിത കമ്പനിയുടെ തലപ്പത്ത്‌ എത്തുന്നത്‌. 54 കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌, സ്‌ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ്‌ പ്രസിഡന്റുമാണ്‌.

നിലവിലെ സിഇഒ സാമുവേല്‍ പാല്‍മിസാനോ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ പോകുന്ന ഒഴിവിലാണ്‌ പുതിയ നിയമനം. ജനവരി ഒന്നിന്‌ ഇവര്‍ ചുമതലയേല്‍ക്കും. വിര്‍ജീനിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലും ഇടം നേടും.

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ഓക്‌ലന്‍ഡില്‍ 85 പേര്‍ അറസ്റ്റില്‍

വാഷിംഗ്‌ടണ്‍: കോര്‍പറേറ്റ്‌ അത്യാര്‍ത്തിക്കും സാമ്പത്തിക അസമത്വത്തിനുമെതിരായ വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിച്ച്‌ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡ്‌ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 85 പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു നീക്കി. ഓക്‌ലന്‍ഡിലെ സിറ്റി ഹാളിന്‌ പുറത്ത്‌ പ്രതിഷേധപ്രകടനം നടത്തുകയും ടെന്റുകള്‍ ഉയര്‍ത്തി ഇവിടെ തന്നെ താമസമാക്കുകയും ചെയ്‌ത പ്രക്ഷോഭകരെയാണ്‌ പോലീസ്‌ അറസ്റ്റുചെയ്‌തത്‌.

പൊതുസുരക്ഷ കണക്കിലെടുത്താണ്‌ ടെന്റുകള്‍ പൊളിച്ചു നീക്കി പ്രക്ഷോഭകരെ അറസ്റ്റു ചെയ്‌തതെന്ന്‌ പോലീസ്‌ അറിയിച്ചു. അറസ്റ്റുചെയ്‌തു നീക്കുന്നതില്‍ പ്രതിഷേധിച്ച്‌ പോലീസിനുനേരെ കുപ്പികളും, ക്യാനുകളും വലിച്ചെറിഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ നേരിയതോതില്‍ ബലപ്രയോഗം നടത്തിയതായും റിപ്പോര്‍ട്ടുണ്‌ട്‌. അനധികൃതമായ സംഘം ചേരലിനാണ്‌ അറസ്റ്റിലായവര്‍ക്കെതിരെ കേസ്‌ ചുമത്തിയിരിക്കുന്നത്‌.

ഇന്ത്യാ-യുഎസ്‌ ആണവകരാറിന്റെ വിജയത്തിന്‌ പിന്നില്‍ മന്‍മോഹന്‍ സിംഗല്ലെന്ന്‌ റൈസ്‌

ന്യൂയോര്‍ക്ക്‌: ഇന്ത്യാ-യുഎസ്‌ ആണവകരാര്‍ യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനല്ലെന്ന്‌ മുന്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി കോണ്‌ടലീസ റൈസ്‌. വിദേശകാര്യമന്ത്രിയായിരുന്ന നട്‌വര്‍ സിംഗാണ്‌ ആണവകരാര്‍ യാഥാര്‍ഥ്യമാക്കാനായി പ്രധാനപങ്കുവഹിച്ചതെന്നും ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന റൈസിന്റെ ആത്മകഥയായ `നോ ഹൈയര്‍ ഓണര്‍' എന്ന പുസ്‌തകത്തില്‍ പറയുന്നു.

കരാറിനെക്കുറിച്ച്‌ പ്രധാനമന്ത്രി സംശയാലുവായിരുന്നുവെന്നും എന്നാല്‍ കരാര്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ നട്‌വര്‍ സിംഗിന്‌ ഉറച്ച നിലപാടാണ്‌ ഉണ്‌ടായിരുന്നതെന്നും റൈസ്‌ പുസ്‌തകത്തില്‍ പറയുന്നു. എന്നാല്‍ കരാര്‍ നടപ്പാവുമെന്ന്‌ ഉറപ്പായതോടെ സര്‍ക്കാരിന്റെ നിലനില്‍പുപോലും കണക്കിലെടുക്കാതെ പ്രധാനമന്ത്രി ആത്മാര്‍ഥമായി ഇതിന്‌ പിന്നില്‍ ഉറച്ചുനിന്നുവെന്നും റൈസ്‌ പുസ്‌തകത്തില്‍ പറയുന്നു.

മൈക്കിള്‍ ജാക്‌സന്റെ മുന്‍ മാനേജര്‍ക്ക്‌ ജയില്‍ശിക്ഷ

വാഷിംഗ്‌ടണ്‍: നികുതി തട്ടിപ്പ്‌ കേസില്‍ മൈക്കിള്‍ ജാക്‌സന്റെ മുന്‍ ജനറല്‍ മാനേജര്‍ക്കു ജയില്‍ശിക്ഷ. ഒരുകാലത്ത്‌ ജാക്‌സന്റെ ശബ്‌ദമായിരുന്ന റെയ്‌മോണ്‍ ബെയ്‌നിനെതിരെയാണ്‌ കോടതി നടപടി. 2006-2008 വര്‍ഷങ്ങളിലെ നികുതിയടവില്‍ കൃത്രിമം നടത്തിയെന്നാണ്‌ കേസ്‌. അഞ്ചു വര്‍ഷത്തെ നല്ലനടപ്പിനും ഒന്നേകാല്‍ കോടി രൂപ പിഴയുമാണ്‌ ബെയ്‌നിനു യുഎസ്‌ മജിസ്‌ട്രേറ്റ്‌ അലന്‍ കെയ്‌ വിധിച്ചത്‌.

ജാക്‌സന്റെ പബ്‌ളിസിറ്റി പ്രസിഡന്റും ജനറല്‍ മാനേജരുമായിരുന്ന കാലത്ത്‌ ബെയ്‌ന്‍ പ്രതിമാസം 15 ലക്ഷം രൂപയാണ്‌ സമ്പാദിച്ചിരുന്നത്‌. എന്നാല്‍ ബെയ്‌ന്‍ വരുമാനം കുറച്ചുകാണിച്ച്‌ നികുതി വെട്ടിക്കുകയായിരുന്നുവെന്ന്‌ കോടതി നിരീക്ഷിച്ചു.

രജത്‌ ഗുപ്‌ത എഫ്‌.ബി.ഐയ്‌ക്ക്‌ മുന്നില്‍ കീഴടങ്ങും

ന്യൂയോര്‍ക്ക്‌: ഇന്‍സൈഡര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട്‌ നടന്ന ക്രമക്കേടുകളുടെ പേരില്‍ സംശയത്തിന്റെ നിഴലിലായ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ മുന്‍ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ രജത്‌ ഗുപ്‌ത എഫ്‌ബിഐയ്‌ക്ക്‌ മുന്‍പാകെ കീഴടങ്ങും. ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌.

ഇന്‍സൈഡര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട്‌ നടന്ന ക്രമക്കേടുകള്‍ക്ക്‌ എഫ്‌ബിഐ ക്രിമിനല്‍ കേസ്‌ ചാര്‍ജ്‌ ചെയ്യാനിരിക്കെയാണ്‌ ഗുപ്‌ത കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുപ്‌തയ്‌ക്കെതിരെ ഏറെനാളായി അന്വേഷണം നടന്നുവരികയായിരുന്നു. കേസില്‍ പതിനൊന്ന്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട ഹെഡ്‌ജ്‌ ഫണ്‌ട്‌ സ്ഥാപകന്‍ രാജ രാജരത്‌നത്തിന്‌ കോര്‍പ്പറേറ്റ്‌ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നതാണ്‌ ഗുപതയ്‌ക്കെതിരായ കേസ്‌. ഗുപ്‌തയ്‌ക്കെതിരെ യുഎസ്‌ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ കമ്മീഷന്‍ നേരത്തെ നടപടിയെടുത്തിരുന്നു.

ഗോള്‍ഡ്‌മാന്‍ സാക്‌സിന്‌ പുറമെ പ്രോക്ടര്‍ ആന്‍ഡ്‌ ഗാംബിളിന്റെയും ഡയറക്ടറായിരുന്ന ഗുപ്‌ത മെക്കന്‍സി ആന്‍ഡ്‌ കമ്പനിയുടെ മേധാവിയുമായിരുന്നു. എന്നാല്‍, ശ്രീലങ്കക്കാരനായ രാജരത്‌നത്തിന്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുവഴി ഗുപ്‌ത സാമ്പത്തികനേട്ടം ഉണ്‌ടാക്കിയിട്ടുണേ്‌ടാ എന്ന കാര്യം വ്യക്തമല്ലെന്ന്‌ ഗുപ്‌ത എഫ്‌ബിഐയ്‌ക്ക്‌ മുന്‍പാകെ കീഴടങ്ങുമെന്ന വാര്‍ത്ത പുറത്തുവിട്ട ന്യൂയോര്‍ക്ക്‌്‌ ടൈംസ്‌ പത്രം പറയുന്നു.

മിഷേലിന്റെ പുസ്‌തകം ഏപ്രിലില്‍ പുറത്തിറങ്ങും

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രഥമ വനിത ഇനി എഴുത്തുകാരിയുടെ റോളില്‍. മിഷേല്‍ ഒബാമ രചിച്ച ആദ്യ പുസ്‌തകം 2012 ഏപ്രിലില്‍ പ്രകാശനം ചെയ്യും. `അമേരിക്കന്‍ ഗ്രോണ്‍: ഹൗ ദ്‌ വൈറ്റ്‌ ഹൗസ്‌ കിച്ചണ്‍ ഗാര്‍ഡണ്‍ ഇന്‍സ്‌പെയര്‍ ഫാമിലീസ്‌ സ്‌കൂള്‍സ്‌ ആന്‍ഡ്‌ കമ്യൂണിറ്റീസ്‌' എന്നാണു പുസ്‌തകത്തിന്റെ പേര്‌.

കുട്ടികള്‍ക്ക്‌ അനുയോജ്യമായ നല്ല ഭക്ഷണ രീതികളെക്കുറിച്ചും വൈറ്റ്‌ ഹൗസിലെ പ്രശസ്‌തമായ പൂന്തോട്ട പരിപാലനത്തെക്കുറിച്ചുമെല്ലാം മിഷേല്‍ പുസ്‌തകത്തില്‍ വിശദീകരിക്കുന്നുണ്‌ട്‌. വൈറ്റ്‌ ഹൗസിലെ പൂന്തോട്ടത്തെക്കുറിച്ചും അവ എങ്ങിനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ചും തനിക്ക്‌ കുട്ടികളില്‍ നിന്ന്‌ നിരവധി കത്തുതകള്‍ ലഭിക്കാറുണ്‌ടെന്ന്‌ മിഷേല്‍ പറഞ്ഞു. പുസ്‌തകത്തില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്‌ക്കുമെന്നു മിഷേല്‍ അറിയിച്ചു. ഇക്കാരണത്താല്‍ പുസ്‌തകത്തിനു നികുതി ഇളവ്‌ നല്‍കിയിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക