Image

വെറുതെ ഒരു പ്രേമം (കഥ : വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 28 November, 2013
വെറുതെ ഒരു പ്രേമം (കഥ : വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ഒരു പ്രേമനൈരാശ്യത്തില്‍ നിന്നും ഇനിയും വിമുക്തി നേടിയിട്ടില്ലാത്ത ഞാന്‍ വീണ്ടും എന്റെ ശ്രദ്ധയെ പഠിത്വത്തിലേക്കു തിരിച്ചു. നഷ്ടപ്പെടുത്തിയ സമയം തിരിച്ചെടുക്കാന്‍ വേണ്ടി രാത്രിയുടെ ഏകാന്തതയില്‍ വീണ്ടും പുസ്തകങ്ങളുമായി മല്ലിട്ടു.

അവള്‍ എന്നെ ചതിച്ചതു മുതല്‍ ആ വര്‍ഗ്ഗത്തോടെനിക്കു കലശലായ വെറുപ്പാണ്. ആദാമിനെ വഞ്ചിച്ച വര്‍ഗ്ഗമല്ലെ?

മാസങ്ങള്‍ കടന്നുപോയി. ഒറ്റപ്പെട്ടു നടന്നിരുന്ന എനിക്കു വീണ്ടു കൂട്ടുകാരായി. അങ്ങനെ റിയല്‍ ലൈഫുമായി വീണ്ടും അലിഞ്ഞു ചേര്‍ന്നു.

പന്തളം ബസിലെ സ്ഥിരയാത്രക്കാരനായ ഞാന്‍ പതിവുപോലെ അതിന്റെ ഫുട്‌ബോര്‍ഡില്‍ സ്ഥാനം പിടിച്ചു. പന്തളം ബസിലെ ജോലിക്കാര്‍ എനിയ്ക്കു സ്വന്തക്കാരെ പോലെയാണ്. എന്റെ പിതാവുമായുള്ള പരിചയം മൂലം ചില സമയങ്ങളില്‍ എനിക്കു ടിക്കറ്റു എഴുതാറില്ലത്രേ. പന്തളം ബസിലെ യാത്ര ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു നിരോധിച്ചിരുന്നു.

ഉദ്ദിഷ്ടസ്ഥാനത്തെത്തുന്നതിനു മുമ്പ് പല സ്ഥലങ്ങളിലായുള്ള കുരിശുതൊട്ടി, ഭഗവതി ക്ഷേത്ര വഞ്ചിക എന്നിവിടങ്ങളില്‍ കാണിക്ക ഇട്ടതിനു ശേഷമെ ആ ശകടം നീങ്ങാറുള്ളായിരുന്നു.

ഒരു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കിടയില്‍ 'റ' 'ട' എന്നിങ്ങനെയുള്ള കൊടും വളവുകള്‍ കഴിഞ്ഞു വേണം കോളേജിലെത്താന്‍. ആ സമയങ്ങളിലൊക്കെ കാളവണ്ടിയിലെ നാളീകേരം പോലെ യാത്രക്കാരും വണ്ടിക്കകത്തു കൂടെ ഓടി നടക്കും. ഒരു ബ്രേക്കു ചെയ്താല്‍ മതി, രാവിലെ കഴിച്ച ബ്രേക്ക് ഫാസ്റ്റ് നിറുകയില്‍ കയറും.

മാക്രിയോളജിയില്‍ ബിരുദമെടുക്കാന്‍ ശ്രമിക്കുന്ന എന്റെ കയ്യിലെ റേഷന്‍കടക്കാരന്റെ കണക്കുബുക്കു മാതിരിയുള്ള റിക്കാര്‍ഡ് ബുക്ക് എന്നു പറയുന്ന ആ വലിയ "കുന്ത്രാണ്ടം" സഹയാത്രികരെ പലപ്പോഴും അസഹ്യപ്പെടുത്തിയിരുന്നു. എന്റെ നിസ്സായായവസ്ഥ മനസ്സിലാക്കി മുന്‍ സീറ്റിലിരുന്ന ഹാഫ് സാരിക്കാരിയായ ഒരു കറ്റവാര്‍കുഴലി സഹായിക്കാമെന്നോണം എന്നെയൊന്നു നോക്കി. ഞാനവളുടെ കയ്യിലേക്കു ആ ഭാരിച്ച ബുക്കുകളെല്ലാം കൊടുത്തു.
കൈയ്യിലെ ഭാരമൊന്നൊവിഞ്ഞതിലും ഉപരിയായി ഒരു സുന്ദരിയാണല്ലൊ എന്നെ സഹായിച്ചതെന്നോര്‍ത്തു ഞാന്‍ എല്ലാം മറന്നു. നന്ദി പറയേണമെന്നു തോന്നി. പക്ഷേ, എന്തുകൊണ്ടോ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.

ദിവസങ്ങളോളം നീണ്ടുനിന്ന എന്റെ ഗവേഷണത്തിന്റെ ഫലമായി അവള്‍ കോളേജ് വക ലോഡ്ജില്‍ താമസിക്കുകയാണെന്നും, വാരാന്ത്യത്തില്‍ വീട്ടിലേക്കു മടങ്ങാറുണ്ടെന്നും മനസിലാക്കാന്‍ കഴിഞ്ഞു. സുന്ദരിയായ അവളുടെ കണ്ണുകള്‍ക്ക് എന്തോ മാസ്മരശക്തിയുള്ളപോലെ. ഹൊ… ഈശ്വരന്റെ പരിപൂര്‍ണ്ണ സൃഷ്ടി… വീണ്ടും ഞാനൊരു പ്രേമരോഗിയായി മാറിയോ എന്നൊരു സംശയം. ഈ രോഗത്തിനു വല്ല മരുന്നുമുണ്ടായിരുന്നെങ്കില്‍….? മലയാളക്കരയില്‍ അതിനുള്ള മരുന്ന് പെണ്ണിന്റെ സഹോദരന്മാരുടെ ഹസ്താഡനം ആണല്ലോ?
സമയങ്ങളും കാലങ്ങളും വീണ്ടും കടന്നുപോയി. രണ്ടു മൈലോളം നടന്നാണ് എല്ലാവരും കോളേജില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കും വരാറുള്ളത്.

ഒരു മാക്രിയുടെ 'ഓപ്പറേഷന്‍' സക്‌സസ്ഫുള്ളായി നേരത്തെ നടത്തിയതുകൊണ്ടു ഡിപ്പാര്‍ട്ടുമെന്റു തലവന്‍ നേരത്തെ പൊയ്‌ക്കൊല്‌ളാന്‍ എനിക്കു അനുവാദം നല്‍കി.

ആകാശം ഒരു വലിയ മഴയ്ക്കുള്ള വട്ടം കൂട്ടുകയാണ്. അതു നമ്മുടെ ഹാഫ്‌സാരി മന്ദഗമനം നടത്തുന്നു. അവള്‍ നനഞ്ഞു കുളിക്കുമെന്ന പരുവമായി. അമേരിക്കയിലുള്ള സഹോദരി അച്ചാമ്മ കൊടുത്തയച്ച ഒടിച്ചു മടക്കാവുന്ന കുട ഞാന്‍ ആ സുന്ദരിക്കു നിവര്‍ത്തി നീട്ടി.
ഒളികണ്ണിട്ടു എന്നെയൊന്നു നോക്കിയിട്ട്, വേണ്ടില്ലായിരുന്നല്ലൊ എന്ന ഭാവേന കുടവാങ്ങിയവള്‍ നടന്നു. കൂടെ വന്ന കൂട്ടുകാരന്റെ കുടക്കീഴില്‍ ഞാന്‍ അഭയം തേടി.

അയാള്‍ക്കതു തീരെ രസിച്ചില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലന്നാണല്ലൊ ചൊല്ല്! ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ കുടയുമായി അവള്‍ നോക്കി നില്‍പുണ്ടായിരുന്നു. നന്ദിസൂചകമായൊന്നു മന്ദഹസിച്ചിട്ടു കുട അവള്‍ എന്റെ നേരെ നീട്ടി. മഴ തോര്‍ന്നിട്ടില്ലാത്തതിനാല്‍ പിന്നീടു തന്നാല്‍ മതിയെന്നു ഞാന്‍ പറഞ്ഞു. അന്നു വീണ്ടും  അവള്‍ക്കുവേണ്ടി ഞാന്‍ നനഞ്ഞു.

ശനിയാഴ്ചയും, ഞായറാഴ്ചയും കഴിഞ്ഞു. ഇതാ പന്തളം ബസിന്റെ ആ പഴയ സീറ്റില്‍ അവള്‍! ഞാന്‍ ബസില്‍ കയറാത്ത താമസം, അവള്‍ കുട എന്റെ നേരെ നീട്ടി.

ക്ലാസില്‍ ചെന്നിട്ടു ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കുടയ്ക്ക് പെണ്ണിന്റെ മണം… ! അതെന്നെ ഹരം പിടിപ്പിച്ചു. അങ്ങനെ വീണ്ടും ഞാനൊരു പ്രേമരോഗിയായി മാറി.

ലോഡ്ജില്‍ താമസിച്ചു പഠിച്ചവള്‍ ദിവസേന ബസില്‍ വന്നു പോവാന്‍ തുടങ്ങി. കോളേജു വക മൂത്രപ്പുരയുടെ ഭിത്തികളിന്മേല്‍ ഓരോ വിരുതന്‍മാര്‍ കിംവദന്തികള്‍, ഭീഷണികള്‍ ഒക്കെ എഴുതി പിടിപ്പിച്ചു.

എന്നിരുന്നാലും ഞങ്ങള്‍ അടുക്കാവുന്നതിലും അധികം അടുത്തു. രണ്ടാഴ്ചക്കാലത്തെ ക്രിസ്മസ് വെക്കേഷന്‍ രണ്ടുവര്‍ഷമെന്ന പോലെ തോന്നി.

വെക്കേഷന്‍ കഴിഞ്ഞു വന്ന അവളുടെ മുഖത്ത് ഒരു ജാള്യത. പെണ്ണുങ്ങളുടെ കാര്യമല്ലെ, നിസ്സാര കാര്യം പോരെ അവര്‍ക്ക്. ഞാനത്ര കാര്യമാക്കിയില്ല.

സന്ധ്യയായി, ഉഷസുമായി ചൊവ്വാഴ്ച ദിവസം. ഇടത്തോട്ടും വലത്തോട്ടും നോക്കിയിട്ടു ആരും കാണാതെ അവള്‍ ഒരു കവര്‍ എന്റെ കയ്യില്‍ തന്നു. എന്നിട്ടു ധൃതഗതിയില്‍ നടന്നകന്നു. ഞാന്‍ ആ കവര്‍ ആരും കാണാതെ ഷര്‍ട്ടിന്റെ ഉള്ളിലാക്കി.

എന്നെ മാത്രം മതിയെന്നുള്ള തീരുമാനം പറയാന്‍ നാണമായതിനാല്‍ അവള്‍ എഴുതി അറിയിച്ചതായിരിക്കണം. ഞാന്‍ ആത്മഗതം  കൊണ്ടു. ആളൊഴിഞ്ഞ ഒരുകോണില്‍ വച്ച് ആ കവര്‍ പൊട്ടിച്ചു വായിച്ചു. അവളുടെകല്യാണക്കുറി…! ആ കുറിയിലെ അക്ഷരങ്ങള്‍ കുറെ നേരത്തേക്കു അവ്യക്തമായി തോന്നി. ഒരു പേക്കിനാവു കണ്ടവനേ പോലെ അലക്ഷ്യമായി ഞാന്‍ നടന്നു. അന്നു ക്ലാസില്‍ കയറിയില്ല. എന്തിനു കയറണം…? ഒരു ഗണ്‍ ഉണ്ടായിരുന്നെങ്കില്‍…? രാത്രിയില്‍ ഉറങ്ങിയില്ല. പലതും ചിന്തിച്ചു കിടന്നു.

ഇതനുവദിച്ചു കൂടാ….! ലോകത്തില്‍ ആരും, ഒരിക്കലും ഇതാവര്‍ത്തിക്കരുത്. ഇതിനൊരു പോംവഴി കണ്ടുപിടിച്ചേ മതിയാവൂ. കുലംകഷമായി ആഘോഷിച്ചു. ഏതായാലും അവളുടെ വിവാഹം നടന്നില്ലല്ലോ? പെണ്ണിന്റെ പിതാവിനെ കണ്ടു സംസാരിക്കാമെന്നു തീരുമാനിച്ചു. സിംഗപ്പൂരില്‍ നിന്നും റിട്ടയര്‍ ചെയ്തുവരുന്ന ഭീമാകാരനായ അയാളെ സൂപ്രണ്ട് എന്നാണു നാട്ടുകാര്‍ വിളിക്കുക.
ടിയാന്‍ അല്പം മദ്യപിക്കും, വലിയ കൊമ്പന്‍മീശ! മുറുക്കി ചുവപ്പിച്ചു ചുവപ്പിച്ചു കണ്ഠകൗപീനവും കഴുത്തില്‍ ചുറ്റി നടക്കുന്ന അയാള്‍ നാട്ടിലെ പ്രമാണിയാണത്രെ.
പണക്കാര്‍ക്കടകമാസം. മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. തുള്ളി തോരാതെയുള്ള മഴത്തുള്ളികള്‍ക്കു അല്പം ലാഘവത്വം കാട്ടിക്കൊണ്ടു സൂര്യഭഗവാന്‍ കിഴക്കുനിന്നൊന്നൊളിഞ്ഞു നോക്കി.

മനസിന്റെ പിരിമുറുക്കം മാറ്റാനായി കുട്ടന്റെ ഷാപ്പില്‍ കയറി ഒരു ഗ്ലാസ് പട്ടച്ചാരായം അകത്താക്കി. അവന്റെ ശിങ്കിടി പാറു വാറ്റിയെടുത്തതാണ്. പാറുവിന്റെ അട്ടച്ചാരായം കുടിക്കുന്നവന്‍ ആയിസു തികയും മുമ്പേ നാകലോകം പൂകാറാണ് പതിവ്. (അന്ന് 'വിപ്ലവവും', 'പുനലൂരും', 'വൈപ്പിന്‍കരയും', 'ആനമയക്കിയും', 'മതിലും ചാരിയും', 'അലമ്പുണ്ടാക്കിയും', 'കഴുത്തൊടിയനും', 'തോമസുകുട്ടിയും' ഒന്നും ജന്മം കൊണ്ടിട്ടില്ലായിരുന്നു).

ഒരു മണിക്കൂര്‍യാത്രയ്ക്കുശേഷം ബസ്സ് അവളുടെ വീട്ടുപടിയ്ക്കല്‍ നിന്നു. ഗേററിനുള്ളില്‍ നിന്നും ചട്ടിയുടെ ഭീകരഗര്‍ജ്ജനം കേള്‍ക്കാമായിരുന്നു. പണത്തിന്റെ കൊഴുപ്പില്‍ പണിതീര്‍ത്ത ഒരു പടുകൂറ്റന്‍ വീട്. ഗായിപ്പിനെ കമ്പളിപ്പിച്ചുണ്ടാക്കിയ പണം. അരണ മരങ്ങള്‍ ആകാശത്തോളം മുട്ടി നില്‍ക്കുന്നു. അശോകത്തെറ്റികള്‍ നിറയെ പൂക്കളുമായി മതിലിനു വെളിയിലേക്കു മറിഞ്ഞുകിടക്കുന്നു. തുറക്കണമോ വേണ്ടയോ എന്നു വിചാരിച്ചു അല്പനേരം ഗേറ്റിനു മുമ്പില്‍ അറച്ചുനിന്നു.

'അരുത് മകനെ' എന്നാരോ അകതാരില്‍ പറയുന്ന പോലെ.

പട്ടിയെ തുടലുകൊണ്ടു ബന്ധിച്ചിരിക്കുന്നു. ആശ്വാസമായി. കോളിംഗ് ബെല്‍ ആഞ്ഞമര്‍ത്തി. അടുക്കളയില്‍ നിന്നും കറിയ്ക്കരിഞ്ഞുകൊണ്ടിരുന്ന ചേടത്തി വന്നു ഗേറ്റു തുറന്നു. അല്പസമയത്തിനു ശേഷം അര്‍ദ്ധനഗ്നനായ ആ കൊമ്പന്‍മീശക്കാരന്‍ സൂപ്രണ്ട് ഗസ്റ്റ് റൂമിലേക്കു നടന്നു വന്നു. ഞാന്‍ വന്ന വിവരം അയാള്‍ തിരക്കി. പട്ടച്ചാരായം ഇതിനോടകം എന്നെയൊരു തന്റേടിയാക്കി മാറ്റി. അത് എന്റെ സിരകളില്‍ കൂടെ അതിവേഗം പാഞ്ഞു. കുറച്ചു മര്യാദയായി തന്നെ വന്ന വിവരം  ഞാന്‍ അറിയിച്ചു.

വായില്‍ കിടന്ന വെറ്റിലയും, പുകയിലയും ഒന്നു കൂടെ അലക്ഷ്യമായി ചവച്ചിട്ടു അയാള്‍ എന്നെ അടിമുടിയൊന്നു നോക്കി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒരു വെള്ളിടി വെട്ടി.
വീണ്ടും കുറെ നേരത്തെ മൗനത്തിനു ശേഷം അയാള്‍ ഒന്നുകൂടെ എന്നെ നോക്കിയിട്ട് ജാലകവിടവുകള്‍ക്കിടയിലൂടെ മുറ്റത്തേക്കു നീട്ടിതുപ്പി. എന്നിട്ടു ചൂരല്‍കസേരയില്‍ വന്നമര്‍ന്നിരുന്നു. സ്വല്‍പം പരുക്കന്‍ സ്വരത്തില്‍ അയാള്‍ താക്കീതു ചെയ്തു.

ഞാന്‍ ചിരിച്ചു നോക്കി, കരഞ്ഞു നോക്കി, ഗര്‍ജ്ജിച്ചു നോക്കി, ഭയപ്പെടുത്തി നോക്കി…
സിംഗപ്പൂരില്‍ സായിപ്പിനോടു പടവെട്ടി ജയിച്ചു വന്ന അയാള്‍ കുറെ നേരത്തെ മൗനത്തിനു ശേഷം വീട്ടിനുള്ളിലേക്കു നടന്നു. അടുക്കളയില്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയുരുമ്മുന്ന ശബ്ദം. എന്റെ നിലപാടില്‍ മാറ്റമില്ലെന്നു മനസിലാക്കി അയാള്‍ ഭാര്യയുമായി ആലോചിക്കാന്‍ പോയതായിരിക്കും? മനുഷ്യമനസല്ലേ, അതങ്ങോട്ടോ, ഇങ്ങോട്ടോ മാറിക്കൂടാവതില്ലെന്നുണ്ടോ? എന്റെ ആത്മഗതം! കൂടാതെ അഭിപ്രായം ഇരമ്പുലക്കയല്ലന്നല്ലെ പഴഞ്ചൊല്ല്. ചിലപ്പോള്‍ ഭാവി ജാമാതാവിനു ഊണു തന്നുവിടുന്നതിനേപറ്റി ആലോചിക്കാന്‍ പോയതായിരിക്കും? കുറെ നേരമായിട്ടും ആരേയും കണ്ടില്ല.
മഴ ചെറുതായി ചെയ്തു കൊണ്ടേയിരുന്നു. അടുക്കളയില്‍ അടക്കിപ്പിടിച്ചുള്ള സംസാരവും മറ്റു കേള്‍ക്കാം. അല്പനേരത്തെ നിശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്ന റൂമിലേക്ക് അര്‍ദ്ധ നഗ്നനും ദീര്‍ഘകായനുമായ ദാവീദ് എന്ന പണിക്കാരന്‍ കയറി വന്നു. അവന് പാടത്തെ ചേറിന്റെ മണം, തൂമ്പാ പിടിച്ചു തഴമ്പിച്ച അവന്റെ രണ്ടു കൈകളും എന്നെ പൊക്കിയെടുത്തു വീടിന്റെ പിറകിലുള്ള സിമന്റു തറയില്‍ കൊണ്ടുനിര്‍ത്തി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ വീണ്ടുമൊരു വെള്ളിടി വെട്ടി.

വേലക്കാരി പെണ്ണുങ്ങള്‍ പാത്രം കഴുകിക്കൊണ്ടിരിക്കുന്നു. മൂന്നാലു പണിക്കാര്‍ തല്‍ക്കാലം വന്ന വെയിലില്‍ വൈക്കോല്‍ നിരത്തികൊണ്ടിരിക്കുന്നു.

ദാവീദു എന്നെയും കൊണ്ടു പ്രവേശിക്കുന്നതുകണ്ടിട്ടാവണം വൈക്കോല്‍ നിരത്തികൊണ്ടിരുന്നവര്‍ എന്റെ ഇമികിലേക്കു നടന്നടുത്തു. അവരുടെ ഓരോ ചുവടുവെയ്പ്പും ഞാന്‍ ശ്രദ്ധിച്ചു.

ദാവീദിന്റെ ഇരുമ്പുമുഷ്ടികള്‍ എന്റെ നെഞ്ചില്‍ പതിച്ചു. 'അമ്മേ… 'എന്നു വിളിക്കണമെന്നാഗ്രഹമുണ്ടായിരുന്നു; ശബ്ദം പുറത്തു വന്നില്ല. പെക്ടറല്‍ഗേഡില്‍ തകരുന്ന ശബ്ദം ആ കുന്നില്‍ ചെരുവിലെങ്ങും മാറ്റൊലികൊണ്ടു. ആരു കേള്‍ക്കാനാണ്? ആ പ്രദേശമെല്ലാം സൂപ്രണ്ട് തീറെഴുതി വാങ്ങിയതാണ്.

ഇരുമ്പുമുഷ്ടികളുടെ താഡനം തുടര്‍ന്നുകൊണ്ടേയിരുന്നു. അബോധാവസ്ഥയിലെങ്കിലും, ഉപബോധമനസില്‍ അവളുടെ തേങ്ങല്‍ ജനാലയുടെ വിടവില്‍ കൂടെ കേള്‍ക്കാമായിരുന്നു. അവളുടെ ഏങ്ങിയേങ്ങിയുള്ള തേങ്ങല്‍ അകന്നകന്നു പോകുന്നതായി തോന്നി…. എന്നിലെ പ്രേമരോഗിമരിച്ചു….! എന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് എന്റെ കുഴിമാടത്തില്‍ അവള്‍ ഒരു മെഴുകുതിരി കത്തിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക