Image

ദുബായില്‍ ജീവനൊടുക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നു റിപ്പോര്‍ട്ട്‌

Published on 25 October, 2011
ദുബായില്‍ ജീവനൊടുക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നു റിപ്പോര്‍ട്ട്‌
ദുബായ്‌: ദുബായില്‍ ജീവനൊടുക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നു ദുബായ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. ഇക്കൊല്ലം 35 ആത്മഹത്യകളാണ്‌ എമിറേറ്റിലുണ്ടായതെന്നു ദുബായ്‌ സിഐഡി ഉപമേധാവി കേണല്‍ ജമാല്‍ അല്‍ജല്ലാഫ്‌ അറിയിച്ചു. സ്വയം ജീവനൊടുക്കുന്നതില്‍ 90 ശതമാനവും ഏഷ്യന്‍ രാജ്യക്കാരാണ്‌.

വാഹനാപകടങ്ങളുണ്ടാക്കുന്നതില്‍ മുന്‍നിരയിലുള്ള ഇന്ത്യക്കാര്‍ തന്നെയാണ്‌ ആത്മഹത്യ ചെയ്യുന്നതിലും മുന്നിലെന്നു പൊലീസ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. 35 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ 37 പേര്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ച്‌ ആശുപത്രിയിലായിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കൊല്ലത്തെ ആത്മഹത്യകളില്‍ നേരിയ കുറവു മാത്രമാണുണ്ടായത്‌. മൊത്തം ക്രിമിനല്‍ കേസുകളെ അപേക്ഷിച്ച്‌ ആത്മഹത്യാ കേസുകള്‍ എമിറേറ്റില്‍ ഒരു ശതമാനം മാത്രമാണെന്ന്‌ അല്‍ജല്ലാഫ്‌ വെളിപ്പെടുത്തി.

കുടുംബ സാഹചര്യങ്ങളാണു പലരെയും ജീവന്‍ നശിപ്പിക്കുന്നതിലേക്കു നയിക്കുന്നത്‌. കുട്ടി കെട്ടിടത്തില്‍ വീഴുന്നതിനു സാക്ഷിയായ ഇറാനീ അമ്മ ആത്മഹത്യചെയ്‌ത സംഭവം ഞെട്ടിക്കുന്നതായിരുന്നു. കൗമാരത്തിലെത്തിയ മകന്‍ വാഹനാപകടത്തില്‍ പെട്ടു മരിച്ചതില്‍ മനംനൊന്തു ശരീരത്തില്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചു കെട്ടിട ജനലിലൂടെ ചാടി അറബ്‌ ദേശക്കാരിയായ മാതാവു മരിച്ച സംഭവവും നടുക്കുന്നതായിരുന്നു. ഒരു വിദ്യാര്‍ഥിനി വിദ്യാഭ്യാസ സ്‌ഥാപനത്തില്‍ ആത്മഹത്യ ചെയ്‌ത സംഭവവും ഇക്കൊല്ലത്തെ കേസുകളില്‍ പ്രധാനമാണ്‌.

സ്വദേശികളില്‍ ഒരാള്‍ മാത്രമാണ്‌ ഇക്കൊല്ലം ആത്മഹത്യ ചെയ്‌തത്‌. 2009, 2010 വര്‍ഷങ്ങളില്‍ മൂന്നു പേര്‍ സ്വയം ജീവനൊടുക്കിയിരുന്നു. ഏഷ്യന്‍ രാജ്യക്കാരാണ്‌ ആത്മഹത്യ ചെയ്യുന്നവരില്‍ 90 ശതമാനമെങ്കിലും ഇതില്‍ 74 ശതമാനവും ഇന്ത്യക്കാരാണെന്നു കേണല്‍ അല്‍ജല്ലാഫ്‌ സൂചിപ്പിച്ചു. ബംഗ്ലദേശികള്‍ 7 ശതമാനവും പാക്കിസ്‌ഥാനികള്‍ 5.6 ശതമാനവും മാത്രമാണ്‌ ആത്മഹത്യാ തോത്‌. പോയവര്‍ഷം ആത്മഹത്യ ചെയ്‌തവരില്‍ 90 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന കാര്യവും അല്‍ജല്ലാഫ്‌ ചൂണ്ടിക്കാട്ടി.

സാമൂഹിക, സാമ്പത്തിക സമ്മര്‍ദങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ചു സ്‌ത്രീകള്‍ക്കു കുറവായതിനാല്‍ ആത്മഹത്യാ നിരക്കില്‍ സ്‌ത്രീകള്‍ പിറകിലാണ്‌. കുടുംബഭാരം പുരുഷന്മാരുടെ ചുമലിലായതും ജീവന്‍ നശിപ്പിക്കുന്നവരുടെ നിരക്കു കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ്‌ വിലയിരുത്തല്‍. കെട്ടിത്തൂങ്ങിയും അതിലേറെ പരുഷമായ രീതിയുമാണ്‌ പുരുഷന്‍മാര്‍ ജീവന്‍ അവസാനിപ്പിക്കാന്‍ സ്വീകരിക്കുന്നതെങ്കില്‍, വിഷം കഴിച്ചും അമിത ഡോസില്‍ ഔഷധങ്ങള്‍ ഉപയോഗിച്ചുമുള്ള ലളിത മാര്‍ഗങ്ങളിലൂടെയാണ്‌ സ്‌ത്രീകള്‍ മരണം തിരഞ്ഞെടുക്കുന്നത്‌. ക്ലാസ്‌ മുറിയില്‍ ജീവന്‍ നശിപ്പിച്ച യുവതി അമിത തോതില്‍ മരുന്നു കഴിച്ചാണ്‌ മരണം വരിച്ചത്‌.

പകല്‍മുഴുവന്‍ പണിയെടുത്തിട്ടും ജീവിതാവശ്യങ്ങള്‍ നികത്താന്‍ കഴിയാത്തതാണ്‌ തൊഴിലാളികളുടെ പ്രശ്‌നം. ജീവനൊടുക്കുന്നതു ദുരിതങ്ങള്‍ക്കുള്ള അന്തിമ പരിഹാരവും ശാശ്വത സമാധാനവുമാകുമെന്ന ധാരണയിലാണ്‌ ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നത്‌. കുടുംബപ്രശ്‌നം, പ്രേമനൈരാശ്യം, ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകള്‍, കടുത്ത സാമ്പത്തിക ബാധ്യത, മാറാരോഗം എന്നിവ ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും സിഐഡി ഡിപ്പാര്‍ട്ട്‌മെന്റിലെ നിരീക്ഷണകാര്യ വിഭാഗം തലവന്‍ കൂടിയായ അല്‍ജല്ലാഫ്‌ പറഞ്ഞു.

2006ല്‍ ഭേദഗതി ചെയ്‌ത യുഎഇ ഫെഡറല്‍ ശിക്ഷാ നിയമപ്രകാരം ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക്‌ ആറു മാസത്തില്‍ കുറയാത്ത തടവോ അയ്യായിരം ദിര്‍ഹം പിഴയോ ശിക്ഷ ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഇരു ശിക്ഷകളും ഒന്നിച്ചു നല്‍കണമെന്നും നിയമത്തിലുണ്ട്‌. ആത്മഹത്യ പ്രേരണാ കുറ്റത്തിനും സമാന ശിക്ഷ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക