Image

രജനി ഇന്ത്യയിലെ ആദ്യ സൂപ്പര്‍ഹീറോ: ഷാരൂഖ്‌ ഖാന്‍

സാദിഖ്‌ കാവില്‍ Published on 25 October, 2011
രജനി ഇന്ത്യയിലെ ആദ്യ സൂപ്പര്‍ഹീറോ: ഷാരൂഖ്‌ ഖാന്‍
ദുബായ്‌: സ്വസതസിദ്ധമായ ശൈലികളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച രജനീകാന്താണ്‌ ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്ന്‌ ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാന്‍. തന്റെ പുതിയ ചിത്രമായ റാ വണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട്‌ ദുബായിലെത്തിയ കിങ്‌ ഖാന്‍ വാര്‍ത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു.

റാവണ്ണില്‍ രജനീകാന്ത്‌ കുറച്ചു സീനുകളില്‍ റോബോട്ടിലെ പ്രധാന കഥാപാത്രമായ ചിട്ടിയായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. ചിത്രത്തിലേക്ക്‌ അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ വളരെ താത്‌പര്യപൂര്‍വമാണ്‌ സ്വീകരിച്ചത്‌. ആദ്യ സൂപ്പര്‍ ഹീറോയ്‌ക്കുള്ള ആദരവായാണ്‌ റാ വണ്‍ ടീം ഈ ക്ഷണത്തെ കണ്ടത്‌. എന്നാല്‍, റോബോട്ടില്‍ നിന്ന്‌ ചിത്രം വളരെയേറെ വ്യത്യസ്‌തമാണ്‌. സ്വാര്‍ഥതയില്ലാതെ ആരെയും ഏതു സമയത്തും സഹായിക്കുന്നവരാണ്‌ സൂപ്പര്‍ ഹീറോകള്‍. റാ വണ്ണിലെ സൂപ്പര്‍ ഹീറോയായ ജി വണ്ണും ഇത്തരത്തിലുള്ള നായകന്‍ തന്നെയാണ്‌. ചിത്രം പൂര്‍ത്തിയാക്കുന്നതിനായി എല്ലാവരും വളരെ ക്ലേശങ്ങള്‍ സഹിച്ചു. അതിന്‌ ഫലമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ- ഷാരൂഖ്‌ പറഞ്ഞു.

നടി കരീനാ കപൂര്‍, നടന്‍ അര്‍ജുന്‍ റാംപാല്‍, ശബ്‌ദലേഖകന്‍ റസൂല്‍പൂക്കുട്ടി, നടി ഷഹാന ഗോസ്വാമി, റാഷിദ്‌ ആശുപത്രി ഡയറക്‌ടര്‍ അഹമദ്‌ ഖൂരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അറബ്‌ സ്വദേശികളടക്കം നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയിരുന്നു.

പിന്നീട്‌, താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഗ്രാന്‍ഡ്‌ സിനി പ്ലക്‌സിന്‌ മുന്‍പില്‍ ചുവന്ന പരവതാനി വിരിച്ച്‌ സ്വീകരണം നല്‍കി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്ന അഞ്ച്‌ ഹാളുകളും നിറഞ്ഞു കവിഞ്ഞിരുന്നു. ഇവിടങ്ങളില്‍ ഷാരൂഖ്‌ സന്ദര്‍ശനം നടത്തിയത്‌ ആരാധകര്‍ക്ക്‌ ആവേശം പകര്‍ന്നു. ചിത്രം തുടങ്ങി പത്ത്‌ മിനിറ്റ്‌ കഴിയും മുന്‍പേ അടിപൊളി എന്ന അഭിപ്രായം ട്വിറ്ററിലൂടെ പ്രവഹിച്ചുതുടങ്ങി. ഇന്ത്യയില്‍ ബുധനാഴ്‌ചയാണ്‌ ചിത്രം പുറത്തിറങ്ങുന്നത്‌.
രജനി ഇന്ത്യയിലെ ആദ്യ സൂപ്പര്‍ഹീറോ: ഷാരൂഖ്‌ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക