Image

നന്ദിയോടെന്നുമീ ജന്മം (സരോജാ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 24 November, 2013
നന്ദിയോടെന്നുമീ ജന്മം (സരോജാ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
ലോകത്തിലുള്ള എല്ലാ മനുഷ്യരും സര്‍വ്വശക്‌തനായ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു. പ്രകടമായി അങ്ങനെ ചെയ്യാത്തവരും അവരുടെ മനസ്സില്‍ അങ്ങനെ ചിന്തിക്കുന്നുണ്ടായിരിക്കും. ബൈബിളില്‍ ദൈവത്തിനു നന്ദി പറയുന്ന അനവധി വചനങ്ങള്‍ കാണാവുന്നതാണ്‌. ഏശയ്യ പ്രവാചകന്റെ വചനം ഇങ്ങനെ പറയുന്നു: രക്ഷയുടെ കിണറ്റില്‍ നിന്ന്‌ നീ സന്തോഷത്തോടെ ജലം കോരിയെടുക്കും. ആ നാളില്‍ നീ പറയും കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ദൈവത്തിന്റെ വരദാനമായ ഈ ജന്മം അവനു നന്ദി പറഞ്ഞ്‌ കൊണ്ട്‌ ജീവിച്ച്‌ തീര്‍ക്കുന്നത്‌ അനുഗ്രഹപ്രദമാണ്‌. `നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്ന്‌ കര്‍ത്താവ്‌ പറഞ്ഞത്‌ അനുസരിക്കുന്ന ഒരാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നത്‌ തന്റെ കര്‍ത്തവ്യമായി കരുതും. പരസ്‌പര സ്‌നേഹത്തോടെ ജീവിക്കുന്ന ഒരു സമൂഹം ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്‌ടിക്കുന്നു.ദൈവത്തിന്റെ ഉദ്ദേശ്യവും അതു തന്നെ.

ആതുരശുഷ്രൂഷാരംഗത്ത്‌അനവധി വര്‍ഷം സേവനം അനുഷ്‌ഠിച്ചതിനുശേഷം വിരമിച്ചപ്പോള്‍ ഒരുശൂന്യത തോന്നി. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയില്‍ കഴിയുന്ന എത്രയോ രോഗികളെ പ്രതിദിനം കണ്ടു. ചിലര്‍ക്കെല്ലാം ഈ ലോകത്തില്‍ ചുരുങ്ങിയ നിമിഷങ്ങളെയുള്ളു എന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതുന്നത്‌ മനസ്സിലാക്കുന്ന ഞങ്ങള്‍ മനോവേദനയോടെ അവരെ സമാശ്വസിക്കുമ്പോള്‍ ജീവിതത്തിന്റെ ക്ഷണികതെയെക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ചു.ഡോക്‌ടര്‍മാരേയും നഴ്‌സുമാരേയും ഈശ്വരനെപോലെ കരുതുന്ന രോഗികള്‍, അവര്‍ക്ക്‌ രോഗവിമുക്‌തി കിട്ടുമ്പോള്‍ പ്രകടിപ്പിക്കുന്ന നന്ദി. അതെല്ലാം ജീവിതത്തിലെ എത്രയോ ഉദാത്തമായ നിമിഷങ്ങളാണ്‌.

ഞാന്‍ കരുതുന്നത്‌ നന്ദി എന്ന വാക്ക്‌ ഈശ്വരനാണെന്നാണ്‌. ഒരാള്‍ ചെയ്‌ത നന്മയുടെ ഫലമനുഭവിക്കുമ്പോള്‍ മറ്റൊരാള്‍ അയാളെ ഈശ്വരനായി കരുതി കൈ തൊഴുന്നു, നന്ദി പറയുന്നു. പ്രതിഫലേച്‌ഛ കൂടാതെ ചെയ്‌ത കര്‍മ്മമാണെങ്കിലും നന്ദി എന്ന വാക്കുളവാക്കുന്ന ആനന്ദം കര്‍മ്മ ചെയ്‌തവനിലും ഉണ്ടാകും. വാസ്‌തവത്തില്‍ ആ വാക്കില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം അപാരമാണ്‌. അമേരിക്കയില്‍ വളരെ വിശുദ്ധിയോടെ ആരംഭിച്ച ഈ `നന്ദി പറയല്‍ ദിവസം' ഇപ്പോഴും നിര്‍വിഘ്‌നം തുടരുന്നുണ്ടെങ്കിലും ആത്മാര്‍ത്ഥത കുറഞ്ഞുപോയതായി കാണാം. അതിനു കാരണം നന്ദി വെറും ഒരു ഔപചാരിക ചടങ്ങായി മാറിപോയതായിരിക്കും. ഒരു കടമപോലെ നന്ദി പറഞ്ഞ്‌പോകുന്ന ഈ കാലത്ത്‌ ഇത്തരം ആഘോഷങ്ങള്‍ വെറും ഒരു നേരമ്പോക്കായി ചുരുങ്ങിപോകുന്നു.

നന്ദി സല്‍ക്കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. നന്മകള്‍ ചെയ്യാന്‍ അത്‌ പ്രേരണ നല്‍കുന്നു. ഒരാളുടെ സല്‍ക്കര്‍മ്മം മറ്റൊരാളുടെ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ വരുത്തിയേക്കാം. കടമകളും കടപ്പാടുകളുമായി മനുഷ്യജീവിതം ഒരു സുദൃഢപാശത്താല്‍ ബന്ധപ്പെടുന്നു. അങ്ങനെ ഒരുമയോടെ ഒരു സമൂഹം നിലകൊള്ളുമ്പോള്‍ അവര്‍ക്ക്‌ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിയും.

നമുക്ക്‌ ജന്മം നല്‍കിയ മാതാപിതാക്കളെ, എപ്പോഴും താങ്ങും തണലുമായ്‌ നിന്ന നല്ല സ്‌നേഹിതരെ ഇണ-തുണകളെ സര്‍വ്വോപരി സര്‍വ്വ ശക്‌തനായ ദൈവത്തിനെ എന്നും നന്ദിപൂര്‍വ്വം സ്‌മരിക്കുക.

ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും അനുഗ്രഹപ്രദമായ ഒരു `താങ്ക്‌സ്‌ ഗിവിംഗ്‌' നേരുന്നു.
നന്ദിയോടെന്നുമീ ജന്മം (സരോജാ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക