Image

തുര്‍ക്കി ഭൂകമ്പം: മരിച്ചവരുടെ എണ്ണം 360 കവിഞ്ഞു

Published on 25 October, 2011
തുര്‍ക്കി ഭൂകമ്പം: മരിച്ചവരുടെ എണ്ണം 360 കവിഞ്ഞു
അങ്കാറ: തുര്‍ക്കിയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 360 കവിഞ്ഞുവെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം. 1300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിയവരെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ എറിസ് ജില്ലയിലാണ് ഞായറാഴ്ച വൈകിട്ടോടെ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഈ മേഖലയില്‍ ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. 970 കെട്ടിടങ്ങള്‍ നിലംപൊത്തി. എറിസ് നഗരത്തില്‍ 80 കെട്ടിടങ്ങള്‍ തകര്‍ന്നു. ഗ്രാമീണമേഖലയിലെ മണ്‍വീടുകളില്‍ താമസിക്കുന്നവരാണ് അപകടത്തിനിരയായവരിലേറെയുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂകമ്പം നാശം വിതച്ച വാന്‍ മേഖല പ്രധാനമന്ത്രി റീസെപ് തയ്യിപ്പ് എര്‍ദോഗാന്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. 680 അംഗ മെഡിക്കല്‍ സംഘമുള്‍പ്പെടെ 2400 പേര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക