Image

മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം

പി.പി.ചെറിയാന്‍ Published on 21 November, 2013
മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം
മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷീകാഘോഷം ന്യൂജേഴ്‌സിയിലുള്ള സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പരാമസില്‍ വെച്ച് 2014 ജനുവരി 4ന് സമുചിതമായി ആഘോഷിക്കുവാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.

അദ്ധ്യാത്മീകതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 10 വര്‍ഷക്കാലമായി, മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തെ വഴി നടത്തിയ ഇടയ ശ്രേഷ്ഠന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍, അര്‍പ്പണബോധവും നിസ്തുല സഭാ സേവനവും, കൈവെടിയാതെ, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ നിന്നും, അണുവിട വ്യതിചലിക്കാതെ തന്നെ, പുതുതലമുറയെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അഹോരാത്രം ശ്രമിക്കുന്ന സ്‌നേഹനിധിയും, അതിലേറെ വിനയാന്വിതനുമായ ഒരു ആത്മീയ പിതാവിനെയാണ് അഭിവന്ദ്യ തിരുമേനിയിലൂടെ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്.

അഭിവന്ദ്യ തിരുമേനിയുടെ ദീര്‍ഘവീക്ഷണത്തിന്റേയും, സ്ഥിരോത്സാഹത്തിന്റേയും, സര്‍വ്വോപരി ദൈവാശ്രയത്തിന്റേയും, ഫലമായി ഭദ്രാസനത്തിന്റെ വികസനത്തിനും, ഭാവി തലമുറയുടെ കെട്ടുറപ്പിനുമായി വിവിധങ്ങളായ പദ്ധതികള്‍ ഇതിനോടകം നടപ്പാക്കുവാന്‍ സാധിച്ചുവെന്നുള്ളത് അഭിനന്ദനീയമാണ്.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയിട്ടുള്ള അഭിവനദ്യ തിരുമേനി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും B ed ഡിഗ്രിയും നേടിയിട്ടുണ്ട്.

വെട്ടിക്കല്‍ ഉദയഗിരി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ന്യൂയോര്‍ക്ക് സെന്റ് വ്‌ളാഡിമിര്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1970 ജൂലൈ 22ന് പെരുമ്പാവൂര്‍ പാത്തിങ്കല്‍ കുടുംബത്തില്‍ ജനിച്ച അഭിവന്ദ്യ തിരുമേനി, 1982 ഒക്‌ടോബര്‍ 28ന് കടവില്‍ പൗലോസ് മാര്‍ അത്താസ്യോസ് തിരുമേനിയില്‍ നിന്നും 'കോറൂയോ' സ്ഥാനം സ്വീകരിച്ച് പൗരോഹിത്വത്തിന്റെ ആദ്യപടിയിലേക്ക് പ്രവേശിച്ചു. 1998 സെപ്തംബര്‍ 26ന്, മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും റബ്ബാന്‍ സ്ഥാനം സ്വീകരിക്കുകയും, 1999 സെപ്തംബര്‍ 5ന് പ.പിതാവില്‍ നിന്നു തന്നെ പൗരോഹിത്യസ്ഥാനം സ്വീകരിക്കുകയും ചെയ്തു. 2004 ജനുവരി 4ന് പ.പാത്രിയര്‍ക്കീസ് ബാവ 'യല്‍ദൊ മാര്‍ തിത്തോസ്' എന്ന നാമധേയത്തില്‍, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ മെത്രാപോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായി വാഴിച്ചയക്കുകയും ചെയ്തു.

സ്ഥാനാരോഹണ വാര്‍ഷികത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി വെരി.റവ. ഇടത്തറ മാത്യൂസ് കോര്‍ എപ്പിസ്‌ക്കോപ്പായുടേയും ട്രഷറര്‍ ശ്രീ.സാജു പൗലോസ് മാരോത്തിന്റെയും ഇതര ഭദ്രാസന കൗണ്‍സില്‍ മെംമ്പേഴ്‌സിന്റെയും നേതൃത്വത്തില്‍ സഭയിലെ ആത്മീയ പ്രസ്ഥാനമായ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

പത്താമത് വാര്‍ഷീകാഘോഷത്തിന്റെ സ്മരണക്കായി, സാധു ജനങ്ങള്‍ക്കായുള്ള ഭവനനിര്‍മ്മാണ പദ്ധതിക്ക് രൂപം കൊടുത്തുവരുന്നു.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക