Image

ജനന സര്‍ട്ടിഫിക്കറ്റില്ല: ഫൗജയുടെ മാരത്തണ്‍ ഓട്ടം പാഴായി

Published on 25 October, 2011
ജനന സര്‍ട്ടിഫിക്കറ്റില്ല: ഫൗജയുടെ മാരത്തണ്‍  ഓട്ടം പാഴായി
ടൊറന്റൊ: പ്രായത്തെ തോല്‍പിച്ച് ഗിന്നസ് ബുക്കിലേയ്ക്ക് ഓടിക്കയറാനുള്ള നൂറു വയസ്സുകാരന്‍ ഫൗജസിങ്ങിന്റെ ശ്രമം പാഴായി. ഫൗജയുടെ പ്രകടനത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, ഫൗജയ്ക്ക് വയസ്സു തെളിയിക്കാന്‍ ഒരു ജനന സര്‍ട്ടിഫിക്കറ്റില്ല. അതുകൊണ്ട് തന്നെ ഫൗജയെ ലോകത്തെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരനായി അംഗീകരിക്കാനും കഴിയില്ല-ഗിന്നസ് വേള്‍ക്ക് റെക്കോഡ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡി അറിയിച്ചു.

ഒക്‌ടോബര്‍ പതിനാറിന് സ്‌കോട്ടിയബാങ്ക് ടൊറന്റൊ വാട്ടര്‍ഫ്രണ്‍ഡ് മാരത്തണ്‍ ഓടി ഫിനിഷ് ചെയ്താണ് ഫൗജ റെക്കാഡ് പുസ്തകത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത്. 42 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ടാണ് ഫൗജ താണ്ടിയത്. ഏറ്റവും അവസാനക്കാരനായാണ് ഫൗജ ഫിനിഷ് ചെയ്തത്. സിങ്ങിന്റെ എട്ടാമത്തെ മാരത്തണ്‍ ആയിരുന്നു ഇത്.

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അനുസരിച്ച് ഫൗജയുടെ ജനനതീയതി 1911 ഏപ്രില്‍ ഒന്നാണ്. ഈ പാസ്‌പോര്‍ട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ അഭിനന്ദന സന്ദേശവും ഒരു അയല്‍ക്കാരന്റെ സാക്ഷ്യപത്രവുമാണ് ഫൗജ ഗിന്നസ് അധികൃതര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. എന്നാല്‍ പ്രായത്തിനുള്ള തെളിവായി ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗിന്നസ് അധികൃതരുടെ നിലപാട്. 1911ലെ ജനനം സംബന്ധിച്ച യാതൊരുവിധ രേഖകളും രാജ്യത്ത് നിലവിലില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക