Image

ടൈറ്റാനിയം അഴിമതി: അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നു

Published on 25 October, 2011
ടൈറ്റാനിയം അഴിമതി:  അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നു
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു. പന്ത്രണ്ട് മണി മുതല്‍ നടക്കുന്ന ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇപ്പോള്‍ പുറത്തു വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ടി.എം. തോമസ് ഐസക്കാണ് നോട്ടീസ് നല്‍കിയത്. ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നും അതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷ ആരോപണം. അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രനും ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

പതിമൂന്നാം നിയമസഭയില്‍ ഇതാദ്യമായാണ് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നത്. നേരത്തെ നിരവധി പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതൊന്നും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് നിന്ന് വി.എസ്. അച്യുതാനന്ദന്‍, എളമരം കരീം, ഡോ. തോമസ് ഐസക്, വി.ശിവന്‍കുട്ടി, സി.കെ.നാണു, സി.കെ.ശശീന്ദ്രന്‍ എന്നിവരും ഭരണപക്ഷത്ത് നിന്ന് പി.സി.വിഷ്ണുനാഥ്, ടി.എന്‍. പ്രതാപന്‍, പി.സി.ജോര്‍ജ്, കെ.എന്‍.എ. ഖാദര്‍ എന്നിവരും പങ്കെടുത്തു സംസാരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക