Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കള്ളക്കളികളും- ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 19 November, 2013
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കള്ളക്കളികളും- ബാബു പാറയ്ക്കല്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടുകൂടി ജനങ്ങള്‍ അതിനെതിരായി സമരമാര്‍ഗ്ഗങ്ങളുമായി ഇറങ്ങി. എല്‍.ഡി.എഫും കത്തോലിക്കാസഭയും ഈ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. എല്‍.ഡി.എഫും കത്തോലിക്കാസഭയും ഈ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി.  ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെരുവിലേക്കിറങ്ങി. പോലീസുമായി ഏറ്റുമുട്ടി. അധികാരികലെ തടഞ്ഞുവച്ചു. പൊതുമുതല്‍ നശിപ്പിച്ചു. അക്രമാസക്തമായ സമരങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിച്ചു മുന്നിട്ടിറങ്ങി. തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കിയാല്‍ അധികം താമസിയാതെ കേരളംതന്നെ ഇല്ലാതാക്കുമെന്നും രാഷ്ട്രീയ മതനേതാക്കള്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടെ കൂടെ നില്‍ക്കാത്തവരെ അടുത്ത തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്നു വിളംബരം ചെയ്ത് ഇടയലേഖനം ഇറക്കി. അതോടെ മിക്കവാറും എല്ലാ പാര്‍ട്ടികളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുയാതൊരു കാരണവശാലും നടപ്പിലാക്കരുതെന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കയാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്നറിയില്ല എന്നതാണ് സത്യം. എന്താണു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്? എന്തുകൊണ്ടാണു കത്തോലിക്കാ സഭ എല്‍.ഡി. എഫുമായി കൈകോര്‍ത്ത് തുറന്ന സമരത്തിനിറങ്ങിയിരിക്കുന്നത്? ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെന്താണ്? ഇതിന്റെ അണിയറയിലേക്കൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.

കിഴക്കുസഹ്യാദ്രിമലനിരകളും പടിഞ്ഞാറി നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍തിട്ട പ്രദാനം ചെയ്തിരിക്കുന്ന പ്രശാന്തമായ കടല്‍ത്തീരവും ചെറിയ കുന്നുകളും മലകളും നദികളും അനേകം ജലാശയങ്ങളും നിറഞ്ഞ മദ്ധ്യഭാഗവും കൂടി കേരളത്തെ നയനാന്ദകരമായി പ്രകൃതിരമണീയതകൊണ്ട് അണിയിച്ചൊരുക്കി ഒരു നവോത്ഥതയെപ്പോലെ മനോഹരിയാക്കിയാണ് ദൈവം നമുക്കു നല്‍കിയത്. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ടു ചെറിയ കുന്നുകളും മലകളും ഇടിച്ചു നിരത്തി ഗ്രാമാന്തരീക്ഷത്തെ വികൃതമാക്കി പടിഞ്ഞാറുള്ള വിശാലമായ പാടശേഖരങ്ങള്‍ നികത്തിയെടുത്തു കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. നദികളിലെ മണല്‍വാരി അതിന്റെ ആഴം വര്‍ദ്ധിപ്പിക്കയും അനേകം കുഴികളും ചുഴികളും സൃഷ്ടിക്കയും ചെയ്തു. കിഴക്ക് സഹ്യാദ്രി സാനുക്കളില്‍ നിന്നും ഉര്‍ന്നു വീഴുന്ന ഉറവകളായിരുന്നു നമ്മുടെ നദികളുടെ ജലസ്രോതസ്. ആ വനപ്രദേശങ്ങള്‍ ജനങ്ങള്‍ കയ്യേറി താമസമുറപ്പിച്ചു. വനം കൃഷിയിടങ്ങളാക്കി, അല്ലെങ്കില്‍ വലിയ റിസോര്‍ട്ടുകള്‍ പണിത് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി. ഉറവകള്‍ ഇല്ലാതായി. നദികള്‍ വറ്റി വരണ്ടു. നാട്ടിന്‍പുറങ്ങളിലെ കിണറുകളില്‍ വെള്ളമില്ലാതായി. അറബിക്കടലില്‍ നിന്നും വരുന്ന കാറ്റിനെ തടഞ്ഞുനിര്‍ത്തുവാന്‍ ചെറിയ കുന്നുകളില്ലാതായതോടെ ഗ്രാമാന്തരീക്ഷങ്ങളിലെ ചൂടു വര്‍ദ്ധിച്ചു. ജനജീവിതം ദുസഹമായി മാറി. പരിസ്ഥിതി സംരക്ഷിക്കണമെന്നു സാധാരണ ജനങ്ങളില്‍ നിന്നും മുറവിളി ഉയര്‍ന്നു.

ഇതിനുപുറമെയാണ് ക്വാറി വ്യവസായം വര്‍ദ്ധിച്ചത്. ഭൂവിഭാഗത്തെ ബാലന്‍സുചെയ്തിരിക്കുന്ന വന്‍പാറകൂട്ടങ്ങള്‍ വെട്ടിപ്പൊളിച്ച് നിരത്തിയതോടെ പരിസ്ഥിതിയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചു.  അമ്പതിനായിരത്തില്‍ പരം ബുള്‍ഡോസറുകളും രണ്ടുലക്ഷത്തില്‍ പരം ടിപ്പര്‍ ലോറികളും 365 ദിവസവും നിരന്തരമായി പ്രവര്‍ത്തിച്ചാണ് ഭൂമിദേവിയുടെ ഉയര്‍ന്ന ഭാഗങ്ങള്‍ വെട്ടിനിരത്തി കശാപ്പുചെയ്യുന്നത്. ഈ അവസരത്തില്‍ പ്രകൃതിയെ സംരക്ഷിക്കാനാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. എന്നാല്‍ അതിലെ ചില വ്യവസ്ഥകള്‍ അല്‍പ്പം അതിരുകടന്നുപോയി എന്നു മനസ്സിലാക്കിയാണ് കസ്തൂരിരംഗനെ കമ്മീഷനായി നിയോഗിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രധാനമായും അഞ്ചുവ്യവസ്ഥകള്‍ മുമ്പോട്ടുവച്ചു. പശ്ചിമഘട്ടത്തിലും അതിനോടനുബന്ധിച്ച 123 മലയോരമേഖലകളിലും പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചുകൊണ്ട് ത്വരിതവികസനം മരവിപ്പിച്ചു. രണ്ടുലക്ഷത്തില്‍പരം ചതുരക്ര അടിയിലുള്ള കെട്ടിടങ്ങള്‍ നിരോധിക്കുക, ക്വാറി വ്യവസായത്തിനുവേണ്ടി വിശാലമായ രീതിയില്‍ പാറപൊട്ടിക്കുവാന്‍ പാടില്ല. വന്‍കെട്ടിടങ്ങള്‍ പണിയുന്നതിനുമുമ്പ് പരിസ്ഥിതി പഠനം വിധേയമാക്കുക(സാധാരണ വീടുകള്‍ക്ക് ഇതു ബാധകമല്ല), തെര്‍മല്‍ പവര്‍പ്ലാന്റുകള്‍ നിരോധിക്കുക. വനം കയ്യേറി അനധികൃതമായി തോട്ടം നിര്‍മ്മിക്കുന്നതു തടയുക മുതലായവയാണ് റിപ്പോര്‍ട്ടു ശുപാര്‍ശചെയ്യുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് കത്തോലിക്കാസഭ വാലിനു തീപിടിച്ചതുപോലെ ഇതിനെതിരായി ചാടിപുറപ്പെട്ടത്?
പശ്ചിമഘട്ടത്തിലെ വനമേഖലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ കഞ്ചാവുകൃഷി നടത്തുന്നവരും ആയിരക്കണക്കിനു വരുന്ന ക്വാറി വ്യവസായം കുത്തകയാക്കിയവരും വനപ്രദേശങ്ങള്‍ അനധികൃതമായി കയ്യേറി റിസോര്‍ട്ടുകള്‍ പണിയുന്നവരും നദികളുടെ അടിവയര്‍വരെ മാന്തി മണല്‍ വാരുന്നവരും തുടങ്ങി അനേക സാമൂഹ്യവിരുദ്ധരായ അച്ചായന്മാര്‍ സഭയുടെ കുഞ്ഞാടുകളാണ്. അവരുടെ ലോബി അതിശക്തമാണ്. മെത്രാന്മാരുടെയും സഭയുടെ തന്നെ ശക്തിസ്‌ത്രോതസ്സായ ഇവര്‍ക്കുവേണ്ടി തെരുവിലിറങ്ങാതിരിക്കാന്‍ സഭയ്ക്കു കഴിയില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കാണിക്കുന്ന എല്‍.ഡി.എഫിന് സുവര്‍ണ്ണാവസരം കൈവന്നിരിക്കയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സര്‍വ്വസമരങ്ങളും ചീറ്റിപ്പോയി. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കിട്ടിയിരിക്കുന്നത് ശക്തിയേറിയ പന്നിപ്പടക്കമാണ്. ഇതില്‍ ഉമ്മന്‍ചാണ്ടി വീണേക്കാം. ഈ മന്ത്രിസഭ താഴെ വീണാല്‍ കേരള കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ എല്‍.ഡി.എഫിനു കഴിയും. എന്നാല്‍ ബുദ്ധിശാലിയായ പിണറായി ഉടനെ മുഖ്യമന്ത്രിയാകുകയില്ല. അതുമാണിസാറിനു നല്കും. ആ കേസരകണ്ടു കെ.എം.മാണി എന്ന മാണിസാര്‍ പനിക്കാന്‍ തുടങ്ങിയിട്ടു നാളെത്രയായി!

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നു കാണിച്ച് പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് പാവം മനുഷ്യരെ തെരുവിലിറക്കി ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത ക്രൈസ്തവ ദൗത്യത്തെപ്പറ്റി ചിന്തിക്കുന്നവരെ ഞെട്ടിക്കുന്നതാണ്. മതമേലദ്ധ്യക്ഷന്മാര്‍ നാടിന്റെ ഭരണചക്രം തിരിക്കുന്ന സാഹചര്യം ആപത്ക്കരമാണ്. സാമൂഹ്യമായ അവരുടെ പ്രതിബദ്ധത സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ ബലാല്‍സംഗം ചെയ്യുന്ന സാമൂഹ്യവിരുദ്ധരായ കുമ്പേരന്‍മാര്‍ക്കു ചൂട്ടുപിടിക്കുന്ന രീതിയിലേക്ക് അധഃപതിക്കുന്ന സാഹചര്യമുണ്ടായാല്‍ ക്രൈസ്തവജനസംഖ്യ ഭൂരിപക്ഷമല്ലെങ്കിലും നിര്‍ണ്ണായകമായ കേരളത്തിനെ അതുദോഷകരമായി ബാധിക്കുമെന്നതിനു സംശയമില്ല.

കേരളത്തിന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതു മറന്ന് താല്‍ക്കാലികനേട്ടത്തിനു വേണ്ടി തെരുവിലിറങ്ങുന്ന മതനേതാക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. ഭാവിയിലെ പ്രകൃതിദുരന്തം നിങ്ങള്‍ ചോദിച്ചു വാങ്ങുകയാണ്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ തീരദേശവും നമുക്കു നഷ്ടമാകുമെന്നു മറക്കരുത്. വരും തലമുറകളില്‍ ആയിരക്കണക്കിനു കുഞ്ഞാടുകള്‍ ഒലിച്ചു പോകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ നിങ്ങളെ ശപിക്കും. അതിനിടയാകാതിരിക്കട്ടെ. വോട്ടു ബാങ്കു മാത്രം ലക്ഷ്യം വച്ചിറങ്ങുന്ന നെറികെട്ട രാഷ്ട്രീയക്കാരപ്പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലേക്കിറക്കി അവരെ തമ്മില്‍ തല്ലിച്ചാല്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ളോഹയുടെ വെണ്‍മയില്‍ അന്ധരായി നില്‍ക്കുന്ന അതേ ജനം നിങ്ങള്‍ക്കെതിരായി മാറും എന്ന സത്യം മറക്കരുത്.


Join WhatsApp News
Ninan Mathulla 2013-11-21 06:00:48
Point to ponder. Most of the people who moved to the the Eastern Ghats and settled there and made the land productive, sacrificing their lives, and thus prospered were people from the Christian community. Many political manuering took place in the past at the state level by vested interests to destroy their prosperity and strength, though none succeeded. Now, these people hired the their North Indian colleagues to write this report, thus achieve with the stroke of a pen, what they couldn't achieve at the state level.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക