Image

എയര്‍ ഇന്‍ഡ്യ: ഒരു അനുസ്‌മരണം (തോമസ്‌ കെ. ഏബ്രഹാം)

Published on 20 November, 2013
എയര്‍ ഇന്‍ഡ്യ: ഒരു അനുസ്‌മരണം (തോമസ്‌ കെ. ഏബ്രഹാം)
പാനാം,സബീന,കെ.എല്‍.എം,എയര്‍ ഫ്രാന്‍സ്‌, ബിഓഎസി തുടങ്ങി മുന്‍നിര കമ്പനികളുമായി മത്സരിച്ച്‌ എയര്‍ ഇന്ത്യ വായുമണ്ഡലം കീഴടക്കി കടലുകള്‍ കടന്നിരുന്ന കാലം. എസ്‌.കെ.കൂക്കയുടെ മഹാരാജാവായിരുന്നു കമ്പനിയുടെ ഭാഗ്യചിന്നം. എയര്‍ ഹോസ്റ്റസുമാര്‍ സുന്ദരികളായിരുന്നു. ഇടതുര്‍ന്ന മുടിയും,വടിവൊത്ത ശരീരവും അവരുടെ ട്രേഡ്‌ മാര്‍ക്ക്‌ ആയിരുന്നു. അതിലവര്‍ക്ക്‌ പേറ്റന്റ്‌ ഉണ്ടായിരുന്നു. നമസ്‌കാരം, ശുഭയാത്ര, ധന്യവാദ്‌ എന്നൊക്കെ പറഞ്ഞവര്‍ നാട്ടുകാരോടും,സായിപ്പന്‍മാരോടും രാജ്‌കപൂര്‍, വൈജയന്തിമാല, സൈറാബാനു, ടാറ്റാ,ബിര്‍ള,നെഹ്‌റു,ഗുജറാത്തി, മറാത്തി,മാര്‍വാഡി മാത്രമല്ല വത്സമ്മയേയും,സിസ്സിലിയേയും, ആലീസിനേയും, പദ്‌മിനിയെയും അമേരിക്കയിലും,ഇഗ്ലണ്ടിലും, റോമിലും, പേര്‍ഷ്യയിലും, ലേഗോസിലും സുരക്ഷിതമായി കൊണ്ടുവിട്ടു.

നല്ല ഒന്നാംതരം തന്ദൂരിയും, നാനും, വീഞ്ഞും കൊടുത്തവര്‍ കരളും,ഹൃദയവും കവര്‍ന്നു.ഡ്രൈവര്‍മാരും,സാറുമ്മാരും, ഡോക്ടര്‍മാരും, നേഴ്‌സ്‌മ്മാരുമയക്കുന്ന പാര്‍സലും, എയര്‍ഓഗ്രാമും, ഡ്രാഫ്‌റ്റും സുരക്ഷിതമായി നാട്ടിലെത്തിച്ചു. ബോയിംഗ്‌ 707 വിമാനങ്ങള്‍ പറത്തിയിരുന്ന പൈലറ്റന്‍മാര്‍ക്ക്‌ കിഴക്ക്‌ ടോക്കിയോയും,വടക്ക്‌ മോസ്‌ക്കോയും,തെക്ക്‌ സിഡ്‌നിയും, പടിഞ്ഞാറ്‌ സാന്‍ഫ്രാന്‍സിസ്‌കോയും വരെയുള്ള വഴികള്‍ കാണാപ്പാഠമായിരുന്നു.

സാന്താക്രൂസില്‍ കൂടി സ്‌ട്രോളി ബാഗും വലിച്ച്‌, എയര്‍ ഹോസ്റ്റുകളുടെ അകമ്പടിയോടെ വിമാനംപറത്താനുള്ള ആ പോക്ക്‌ ഒരു കാഴ്‌ച തന്നെയായിരുന്നു. വിമാനങ്ങള്‍ക്ക്‌ മൌര്യ, ഗുപ്‌ത, ചോള, മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ ആയിരുന്നു. വിമാനങ്ങളുടെ അകവും പുറവും നല്ല കലാ ബോധമുള്ളവര്‍ രൂപകല്‌പന ചെയ്‌തവയും, ദിവസവും തൂത്തുവാരി തേച്ചുമിനുക്കി സര്‍വീസ്‌ നടത്തുന്നവയും ആയിരുന്നു. കണ്ടാല്‍ തന്നെ ഒരു ഉമ്മ കൊടുക്കാന്‍ തോന്നും.

അന്തര്‍ദേശീയ ഫ്‌ളൈറ്റുകള്‍ മിക്കവയും പരപരാ വെളുക്കുന്നതിനു മുന്‍പ്‌ സ്ഥലം വിടുമായിരുന്നു. മറ്റു വിമാന കമ്പനിക്കാര്‍ പല്ല്‌തേച്ച്‌, കുളികഴിഞ്ഞ്‌ വരുമ്പോളേക്കും ഇന്ത്യന്‍ വിമാനങ്ങള്‍ ഗള്‍ഫും,മലേഷ്യയും, ഹിമാലയവും കടന്നിട്ടുണ്ടാകും. ബോംബെ സഹര്‍ !ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിരുന്നാല്‍ ആര്‍തര്‍ ഹെയ്‌ ലിയുടെ പുസ്‌തകത്തില്‍ നിന്നെടുത്ത ഒരു അധ്യായ മാണന്നെ തോന്നു. ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക്‌ പറക്കാനിരിക്കുന്നവരെ മണിക്കുട്ടികള്‍ ഉച്ചഭാഷിണിയിലൂടെ വിവിധ സെക്യൂരിറ്റി ഗേറ്റുകളിലേക്ക്‌ പറഞ്ഞയച്ചുകൊണ്ടിരിക്കും. സുരക്ഷപരിശോധന, സൂഷമപരിശോധന, ഇമിഗ്രേഷന്‍, ചെക്കിന്‍ കഴിഞ്ഞ്‌ വിശാലമായ ഹാളില്‍ കാത്തിരിക്കുമ്പോള്‍ വല്ല്യ പരിഷ്‌ക്കാരമില്ലാത്ത അമ്മച്ചിമാരുണ്ടോന്നു നോക്കിക്കോണം. സീറ്റ്‌ ഒഴിവുണ്ടെങ്കില്‍ അടുത്ത്‌ പോയി ഇരിക്കണം. ആദ്യം ശ്രദ്ധിക്കാത്തപോലെ അഭിനയിക്കണം. യാത്രക്കാരെ കയറ്റാനുള്ള ബസ്‌ അനൗണ്‍സ്‌മെന്റ്‌ വരുമ്പോള്‍ അമ്മച്ചിയെ സഹായിക്കുന്നതായി അഭിനയിച്ചാല്‍ പിന്നെ ഗുണം വരാം. രണ്ടമ്മച്ചിയെ കിട്ടിയാല്‍ ജാക്ക്‌പോട്ട്‌. വിമാനത്തില്‍കയറിയാല്‍ അമ്മച്ചിമാരെ സൈഡ്‌സീറ്റില്‍ കൊണ്ടിരുത്തി സഞ്ചി, ബാഗ്‌,കുട,വടി മുതലായ സാധനസാമിഗ്രികള്‍ സീറ്റിനു മുകളിലത്തെ സ്‌റ്റോറെജ്‌ ക്യാബിനില്‍ വച്ചു കൊടുക്കണം.!

റിലാക്‌സ്‌ ചെയ്‌ത്‌ ഇരിക്കാന്‍ പറയണം. നൈസായിട്ടു പെരുമാറിയാല്‍ അവരുടെ അടുത്ത്‌ ഇടനാഴിയോട്‌ ചേര്‍ന്ന സീറ്റില്‍ ഇരിക്കാം. വെളുപ്പിനെ വിമാനത്താവളം പ്രഭാപൂരിതമായിരിക്കും. ജനാല വഴിയുള്ള കാഴ്‌ചകള്‍ അമ്മച്ചിമാരെ കാണിച്ചു കൊടുക്കണം. വിമാനം ഉരുളന്‍ തുടങ്ങുമ്പോള്‍ എയര്‍ ഹോസ്റ്റസ്‌മാര്‍ കോറിഡോറില്‍ നിന്ന്‌ കയ്യും മെയ്യും കണ്ണും കാലും ഉപയോഗിച്ച്‌ അടിയന്തര സാഹചര്യം വന്നാല്‍ എങ്ങനെ നേരിടണമെന്ന്‌ പറഞ്ഞു തരും. ഡോറിനടുത്തആണ്‌ സീറ്റെങ്കില്‍ എങ്ങനെ ഡോര്‍ തുറക്കാമെന്ന്‌ കാണിച്ചു തരും.വിമാനം സ്‌പീഡ്‌എടുത്തു്‌ മൂളി പായാന്‍ തുടങ്ങും. വയറ്റില്‍ ഒരു കാറ്റനുഭവപെട്ടാല്‍ സംഗതി പൊങ്ങിയെന്നു മനസിലാക്കി കൊള്ളണം. താഴേക്ക്‌ നോക്കിയാല്‍ ബോംബെ തുറമുഖത്തേക്ക്‌വരുകയും പോവുകയും ചെയ്യുന്ന അനേകംകപ്പലുകള്‍ കാണാം.

ഇതിനിടയില്‍ അമ്മചിമാരോട്‌ എന്താഹാരം വേണമെന്നുചോദിച്ച്‌ വച്ചേക്കണം. എയര്‍ഹോസ്റ്റസ്‌ വരും. `ഗുഡ്‌ മോര്‍ണിംഗ്‌ ലേഡീസ്‌ആന്‍ഡ്‌ ജെന്‌ടില്‍മാന്‍ ,വാട്ട്‌ വില്‍ യു ഹാവ്‌ ഫോര്‍ ബ്രേക്ക്‌ഫാസ്റ്റ്‌, വെജിറ്റേറിയന്‍,ഓര്‍ നോണ്‍വെജിറ്റേറിയന്‍.' `വീ വില്‍ ഹാവ്‌ നോണ്‍വെജ്‌, മിസ്സ്‌' ഭക്ഷണം കൊണ്ടുവരും. ആര്‍ത്തിപിടിക്കരുത്‌. ക്ഷമയോടെ ഇരിക്കണം.കുറച്ചു കഴിഞ്ഞു മിനിയേച്ചര്‍ ബോട്ടിലില്‍ `വാട്ടീസ്‌' സുസ്‌മേമേരവദനയായി മണിമണി ചോദിക്കും `ഹൗ വില്‍ യു ലൈക്‌ യുവര്‍ ഡ്രിങ്ക്‌? ഓണ്‍ ദി റോക്ക്‌സ്‌,ഓര്‍ വിത്ത്‌ സോഡാ?' `ത്രീ ഓഫ്‌ അസ്‌ വില്‍ ഹാവ്‌ ഇറ്റ്‌ വിത്ത്‌ സോഡാ ആന്‍ഡ്‌ വാട്ടര്‍.' അമ്മച്ചിമാര്‍ ആസ്സാമികളാണെങ്കില്‍ കുഴഞ്ഞത്‌ തന്നെ. മിന്നല്‍ പോലെ ജോണികുട്ടനും, ഷിവാസും,ക്യാമുസും ലേഡിസ്‌ ബാഗിനുള്ളിലാകും. മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ഒത്തു കിട്ടിയാല്‍ ഇരുണ്ട ഭൂഖണ്‌ഡത്തിലേക്ക്‌ കടക്കുന്നതിനു മുന്‍പ്‌ ഒരു പരുവമാകാം. നാലഞ്ചുമണിക്കൂര്‍ പറന്നാല്‍ ആഫ്രിക്കയുടെ തീരങ്ങള്‍ ദൃശ്യമാകും. സ്വാഗതം, ആഫ്രിക്കയിലേക്കു സ്വാഗതം.

തോമസ്‌ കെ. ഏബ്രഹാം, കണ്ടനാട്ട്‌, റാന്നി
എയര്‍ ഇന്‍ഡ്യ: ഒരു അനുസ്‌മരണം (തോമസ്‌ കെ. ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക