ന്യൂയോര്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 111-ാം ഓര്‍മ്മ പെരുന്നാള്‍ വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. യോങ്കേഴ്‌സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നവംബര്‍ 2,3 തിയതികളില്‍ നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ഷിബു ഡാനിയേല്‍ , ഫാ.ബോബി വര്‍ഗീസ് , ഫാ. എന്‍ .കെ ഇട്ടന്‍ പിള്ള , ഫാ.ദിലീപ് ചെറിയാന്‍ , റവ. ഡീക്കന്‍ വര്‍ഗീസ് കോശി എന്നിവര്‍ നേതൃത്വം നല്‍കി.
നവംബര്‍ 2-ന് ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ഫാ.ഷിബു ഡാനിയേലിന്റെ ധ്യാനപ്രസംഗവും നടത്തപ്പെട്ടു. “ അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ട് പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന് ദൈവമായ കര്‍ത്താവിങ്കലേക്ക് മുഖം തിരിച്ചു” . (ഡാനിയേല്‍ 9:3) എന്നതായിരുന്നു പ്രസംഗ വിഷയം. നിഷ്ഠയുള്ള പ്രാര്‍ത്ഥനയിലൂടെയും കഠിനമായ തപചര്യയിലൂടെയും സാമൂഹിക പ്രതിബദ്ധതയിലൂടെയും സ്വയപരിത്യാഗത്തിലൂടെ സഭയ്ക്ക് ജീവിതമാതൃകയായിരുന്നു , പരിശുദ്ധ പരുമല തിരുമേനിയെന്ന് ഫാ.ഷിബു ഡാനിയേല്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 3-ന് ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് 9-മണിക്ക് ഫാ.ഷിബു ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ.എന്‍ .കെ . ഇട്ടന്‍പിള്ള , ഫാ.ദിലീപ് ചെറിയാന്‍ . റവ. ഡീക്കന്‍ ഗീവര്‍ഗീസ് കോശി എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, പള്ളിയില്‍ നിന്നും തിരിച്ച് അണ്ടര്‍ ഹില്‍ സ്ട്രീറ്റ്, ഗ്രാന്റ് വ്യൂ ബുളവാഡ് വഴി തിരികെ പള്ളിയില്‍ എത്തിയശേഷം കൈമുത്തം തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം ഭക്ത ജനങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സഖറിയ ജോര്‍ജ് , വര്‍ഗീസ് മാമ്പള്ളില്‍ , ചാക്കോ .ടി. ഈശോ, രാജു ഏബ്രഹാം, റജി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.