Image

പൂന്തോട്ടത്തിലെ ഗന്ധവും പാവപ്പെട്ട കോടീശ്വരനും; ഫോമാ യൂത്ത് സമ്മിറ്റ് വന്‍ വിജയമായി

Published on 17 November, 2013
പൂന്തോട്ടത്തിലെ ഗന്ധവും പാവപ്പെട്ട കോടീശ്വരനും; ഫോമാ യൂത്ത് സമ്മിറ്റ് വന്‍ വിജയമായി
എഡിസണ്‍, ന്യൂജേഴ്‌സി: ഡോ.  ജാവേദ് ഹസന്റെ നെസ്റ്റ് ഗ്രൂപ്പ് കമ്പനികളുടെ കീഴില്‍ കേരളത്തില്‍ മാത്രം 6000 എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നു. വെറൈസന്റെ (Verizon) ഫയോസിന് (FIOS) ഫൈബര്‍ ഒപ്റ്റിക്കസും മറ്റും അദ്ദേഹത്തിന്റെ കമ്പനിയാണ് നല്കുന്നത്. ബോയിംഗ് ഡ്രീം ലൈനറിനും എയര്‍ ബസിനും കേരളത്തില്‍ നിന്നു ചില സാങ്കേതികവിദ്യകളും കൈമാറുന്നു.

ഇന്ത്യന്‍ നിലവാരത്തില്‍ ശതകോടികളുടെ ഉടമയാണെങ്കിലും താനൊരു "പാവപ്പെട്ടവ'നാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 22-ഉം, 23-ഉം വയസുള്ള പിള്ളേരൊക്കെ നോക്കി നില്‍ക്കെ ഫേസ്ബുക്ക് വഴിയും ട്വിറ്റര്‍ വഴിയുമൊക്കെ ബില്യനര്‍മാരാകുമ്പോള്‍ താനൊരു "പാവപ്പെട്ടവന്‍' തന്നെ.

ഫോമയുടെ വന്‍ വിജയമായ യംഗ് പ്രൊഫഷണല്‍ സമ്മിറ്റില്‍ ടെക്‌നോളജി ട്രാന്‍സ്ഫറിനെപ്പറ്റിയുള്ള പ്രഭാഷണം അദ്ദേഹത്തിന്റെ തന്നെ ജീവിതകഥയായി. 1966-ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്
ബിരുദവുമായെത്തിയ അദ്ദേഹം ഉപരിപഠനശേഷം ഐ.ബി.എമ്മില്‍ ചേര്‍ന്നു. എന്‍ജിനീയറിംഗില്‍ സതീര്‍ത്ഥ്യനായിരുന്ന ഡോ. ബാബു പോള്‍ ഐ.എ.എസിനു ചേര്‍ന്നപ്പോള്‍ ജാവേദ് ഹസന്‍ ഐ.ബി.എമ്മില്‍ ചിപ്പ് വിദഗ്ധനായി. അക്കാലത്ത് സാങ്കേതികവിദ്യയുടെ അവസാനവാക്കാണ് ഐ.ബി.എം. അവിടെ ജോലിക്കു ചേരുന്നതുതന്നെ വലിയ കാര്യം.

പ്രായം 31 ആയപ്പോഴേക്കും 20 പേറ്റന്റുകള്‍. പക്ഷെ കമ്പനിയില്‍ എന്തോ കുഴപ്പമുണ്ടെന്നു ആദ്യമേ തന്നെ തോന്നിയിരുന്നു. കറുത്തവര്‍, യഹൂദര്‍, വനിതകള്‍ എന്നിവരൊന്നും ജോലിക്കില്ല. ഉണ്ടായിരുന്ന ഇന്ത്യക്കാര്‍ താഴെത്തട്ടിലുള്ള എന്‍ജിനീയര്‍മാരാണ്.

20 വര്‍ഷം പിന്നിട്ടു. വ്യക്തിപരമായി കുഴപ്പമൊന്നുമില്ല. എന്നാലും പോരാ. അറുനൂറ് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കവി റൂമി പാടിയതാണ് ഓര്‍മ്മയില്‍. പുഷ്പങ്ങളുടെ ഗന്ധം ആസ്വദിക്കാന്‍ കഴിവില്ലെങ്കില്‍ പൂന്തോട്ടത്തില്‍ പോകരുത്. അമേരിക്കയാകുന്ന പൂന്തോട്ടത്തില്‍ വന്നു.
ഇനി ഗന്ധം ആസ്വദിക്കുകതന്നെ.

കര്‍മ്മരംഗത്ത് ഒരു പോപ്പ് ആകണമെന്നു തീരുമാനിച്ചു. (പോപ്പ് ആകാന്‍ കുറഞ്ഞത് ഒരു കത്തോലിക്കനെങ്കിലും ആകണമെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു!) അങ്ങനെ മറ്റൊരു കമ്പനിയില്‍ ഉന്നത സ്ഥാനത്ത് പത്തുവര്‍ഷം കൂടി. എങ്കിലും തലപ്പത്ത് എത്തുന്നില്ല.

എങ്കില്‍ പിന്നെ സ്വന്തം കമ്പനിയില്‍ പോപ്പ് തന്നെ ആകാമെന്നു വെച്ചു. അങ്ങനെ വ്യവസായി ആയി. കേരളത്തില്‍ 7 മേഖലകളിലുള്ള കമ്പനികളാണു
സ്ഥാപിച്ചത്‌. ടെലികമ്യൂണിക്കേഷന്‍, ഫൈബര്‍ ഒപ്റ്റിക്‌സ്, വയര്‍ ഹാര്‍നെസിംഗ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവ.

യുവതലമുറ
ഇനി  ശ്രദ്ധിക്കേണ്ട ചില മേഖലകളും അദ്ദേഹം ചൂണ്ടിക്കാട്ടി- ക്ലൗഡ് കംപ്യൂട്ടറിംഗ്, ബിഗ് ഡേറ്റ, ഹെല്‍ത്ത് കെയര്‍, എഡ്യൂക്കേഷന്‍ ഇവയിലെല്ലാം വന്‍ വിജയങ്ങള്‍ ഒളിച്ചുകിടപ്പുണ്ട്. കണ്ടെത്തിയാല്‍ വിജയം കൈവരിക്കാം.

വ്യക്തിപരമായി പറഞ്ഞാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ സ്ഥിതിതന്നെയാണ് പറയാനുള്ളത്. ഒരുപാടുപേര്‍ ഒരുപാടു വര്‍ഷം പോരാടിയെങ്കിലും കാര്യമായൊന്നും നേടിയില്ല. തന്നെപ്പോലുള്ളവരുടെ നേട്ടങ്ങളെ പുതിയ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതാണ് ഓര്‍മ്മവരുന്നത്- അദ്ദേഹം പറഞ്ഞു.

സമ്മിറ്റില്‍ പ്രസംഗിച്ച മിക്കവരും കര്‍മ്മരംഗങ്ങളില്‍ വിജയം കൈവരിച്ചവര്‍. എങ്കിലും അവര്‍ നര്‍മം കൈവെടിഞ്ഞിട്ടില്ലെന്നു ഓരോ പ്രസംഗവും വ്യക്തമാക്കി.

മലയാളം മീഡിയത്തില്‍ പഠിച്ച് കേരളത്തില്‍ നിന്നു വന്ന താന്‍ 700 മില്യന്റെ കമ്പനിയുടെ ഉന്നതശ്രേണിയിലെത്തുമെന്ന് കരുതിയില്ലെന്ന് ഡോ. അജിത് നായര്‍ പറഞ്ഞു. ഉയരങ്ങള്‍ സ്വപ്നം കാണാനും പരിശ്രമിക്കാനുമുള്ള മനസ്ഥിതിയാണ് ആദ്യമായി വേണ്ടത്. വിജയത്തിന്റെ ഫോര്‍മുലയും അദ്ദേഹം പറഞ്ഞു- ശരാശരി കഴിവും കഠിനാധ്വാനത്തിനുള്ള മനസും തപസ്യയായി അത് ചെയ്യാനുള്ള താത്പര്യവുമാണത്. ഇതു മൂന്നൂംകൂടി ചേരുമ്പോള്‍ വിജയം കൈവരും. ഇതിലൊന്നെങ്കിലും കുറഞ്ഞാല്‍ വിജയസാധ്യതയും ഇല്ലാതായി.

അതിനു പുറമെ ഗുരുത്വം വേണം. ഭാഗ്യമെന്നും ദൈവാനുഗ്രഹമെന്നുമൊക്കെ ഡോ. ജവേദ് ഹസന്‍ വിശേഷിപ്പിച്ചതും അതുതന്നെ- ഡോ. അജിത് നായര്‍ പറഞ്ഞു.

ഇത്തരമൊരു സമ്മിറ്റും അതോടനുബന്ധിച്ച് ജോബ് ഫെയറും നടത്തിയ ഫോമയെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. "ബ്രിഡ്ജിംഗ് ദി കള്‍ച്ചറല്‍ ഗ്യാപ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. യുവത്വത്തിന്റെ കാലഘട്ടമാണിത്. യുവാവായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഭാരതരത്‌ന നേ
ടുകയും ഡോ. വിവേക് മൂര്‍ത്തി അമേരിക്കയില്‍ സര്‍ജന്‍ ജനറലായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്ത ദിനത്തില്‍ തന്നെയാണ് ഈ യുവജന സമ്മേളനവും എന്നതും എടുത്തു പറയേണ്ടതാണ്.

വൈറ്റ് ആംഗ്ലോ- സാക്‌സസ് പ്രൊട്ടസ്റ്റന്റ് (വാസ്പ്-WASP) സംസ്കാരമാണ് അമേരിക്കയുടെ മുഖമുദ്ര. പക്ഷെ മാറ്റങ്ങള്‍ വരുന്നു. ഇപ്പോള്‍ അമേരിക്ക എല്ലാം ഇഴുകിച്ചേര്‍ന്ന് ഒന്നാകുന്ന രാജ്യമല്ല (മെല്‍റ്റിംഗ് പോട്ട്) മറിച്ച് ഓരോ കഷണവും തനിമ കാട്ടുന്ന സാലഡ് ബൗള്‍ ആണ് അമേരിക്കയിപ്പോള്‍. ഓരോ വിഭാഗത്തിനും സ്വന്തം വ്യക്തിത്വമുണ്ട്.

വ്യക്തിയില്‍ അധിഷ്ഠിതമായ ലോകമാണിത് (ഇന്‍ഡുവിലിസം) എങ്കിലും അവര്‍ സ്വാര്‍ത്ഥരാണെന്നര്‍ത്ഥമില്ല. അമേരിക്കയില്‍ ഒരാളോട് ജാതിയോ മതമോ ജനനസ്ഥലമോ അല്ല ചോദിക്കുന്നത്. എന്താണ് ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്. ജോലിയാണ് അവരുടെ ജീവിതത്തിന്റെ പ്രധാന ഘടകം. അവരുടെ വ്യക്തിത്വവും അതിനനുസൃതമാണ്. അതു പലപ്പോഴും വ്യക്തിജീവിതത്തേയും ബന്ധങ്ങളേയും ബാധിക്കുകയും ചെയ്യുന്നുണ്ട്.

എങ്കിലും വോളന്റിയറിസം അമേരിക്കയില്‍ ഏറെ കാണാം.
ഐ.ഐ.ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതാരാണെന്ന് നമുക്ക് അറിയാന്‍ കഴിഞ്ഞേക്കും. പക്ഷെ ഹാര്‍വാര്‍ഡില്‍ നിന്നോ, യേലില്‍ നിന്നോ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതാരാണെന്ന് പറയാറുണ്ടോ?

ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യം കാട്ടാത്തവര്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലും താത്പര്യം കാണിക്കണമെന്നില്ല. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പിക്കുമെന്നും വരില്ല. മിലിട്ടറി അക്കാഡമിയില്‍ നിന്നാണ് ഒട്ടേറെ നേതാക്കള്‍ ഉണ്ടായിരിക്കുന്നത്. ആദ്യം അനുചരരാകാന്‍ പഠിച്ചവരാണവര്‍. അവര്‍ക്ക് നേതാവാകാനും എളുപ്പം. ആളുകളുമായി ഒത്തുപോകാനുള്ള കഴിവാണ് മറ്റൊന്ന്.

അമേരിക്കയില്‍ ജനജീവിതത്തിന്റെ ഉള്ളുകള്ളികള്‍ മനസിലാക്കി മുന്നേറുമ്പോള്‍ ഇവിടെ വിജയസാധ്യതകളും ഉണ്ടാകുന്നു- അദ്ദേഹം പറഞ്ഞു.

യുവജനയുടെ ശാക്തീകരണത്തെപ്പറ്റി ഡോ. രഘു മേനോനും സംസാരിച്ചു. ഓരോ ശാസ്ത്ര വിഭാഗവും അനുദിനം വികാസം പ്രാപിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 40 വര്‍ഷം മുമ്പ് പഠിച്ച ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗല്ല ഇന്നത്തേത്. അതുപോലെതന്നെ ഉപഭോക്താവിലും മാര്‍ക്കറ്റിലുമൊക്കെ വ്യത്യാസങ്ങള്‍ വന്നു. ഇന്നിപ്പോള്‍ പൂര്‍ണ്ണമായ സുരക്ഷിത ജോലികള്‍ കുറവാണ്. പലതരം ജോലികളും ഇല്ലാതാകുന്നു. സര്‍ക്കാര്‍ ജോലികളും കുറഞ്ഞു. റിയാലിറ്റിയെപ്പറ്റിയുള്ള അവബോധമാണ് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത്.

(കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ നാളെ).
പൂന്തോട്ടത്തിലെ ഗന്ധവും പാവപ്പെട്ട കോടീശ്വരനും; ഫോമാ യൂത്ത് സമ്മിറ്റ് വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക