Image

എക്യൂമെനിക്കല്‍ കമ്യൂണിറ്റി സെന്ററിനെക്കുറിച്ചുള്ള ആലോചനായോഗം നവംബര്‍ 24ന്

ജീമോന്‍ ജോര്‍ജ്‌ Published on 16 November, 2013
എക്യൂമെനിക്കല്‍ കമ്യൂണിറ്റി സെന്ററിനെക്കുറിച്ചുള്ള ആലോചനായോഗം നവംബര്‍ 24ന്
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരമായ ഫിലാഡല്‍ഫിയായിലെയും പരിസപ്രദേശങ്ങളിലെയും മലയാളി ക്രിസ്തീയ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ  ആഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കമ്യൂണിറ്റി സെന്ററിനെക്കുറിച്ചുള്ള ആലോചനായോഗം നവംബര്‍ 24ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനം (നോര്‍ത്ത് ഈസ്റ്റ്) മെത്രാപ്പോലീത്ത അഭി. സക്കറിയാസ് മോര്‍ നിക്കോളാവാസ് അധ്യക്ഷത വഹിക്കും.

കാല്‍നൂറ്റാണ്ടുകള്‍ക്കു മുമ്പായി ഏകദേശം 800 കുടുംബങ്ങളിലാരംഭിച്ച ഈ ഫെലോഷിപ്പ് ഏകദേശകണക്കനുസരിച്ച് 21 ദേവാലയങ്ങളിലായി 3000 കുടുംബങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ക്രിസ്തുവിന്റെ ജനനപെരുന്നാള്‍ ആഘോഷിക്കുകയും കഴിഞ്ഞകാലങ്ങളില്‍ നാട്ടിലും അമേരിക്കയിലുമായ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും കണ്‍വന്‍ഷന്‍, യൂത്ത് മീറ്റിംഗ്, വിമന്‍സ് കോണ്‍ഫറന്‍സ്, വേള്‍ഡ് ഡേ പ്രയര്‍ തുടങ്ങി ക്രിസ്തീയ കൂട്ടായ്മകള്‍ എല്ലാ വര്‍ഷവും നടത്തി വരികയും ചെയ്യുന്നു.

അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ നാഴികല്ലായേക്കാവുന്ന ഈ സംരംഭം ഇപ്പോഴുള്ളവര്‍ക്കും വരും തലമുറയ്ക്കായും ദൂരവ്യാപകമായ കാഴ്ചപ്പാടുകള്‍ കണ്ടു കൊണ്ടുള്ളതാണെന്ന് കമ്യൂണിറ്റി കേന്ദ്രത്തിന്റെ പ്രോജക്ട് എന്ന് കോഓര്‍ഡിനേറ്റര്‍ ഫാ. എം.കെ കുരിയാക്കോസ് അറിയിച്ചു.

അമേരിക്കയില്‍ ആളോഹരി സാമ്പത്തിക വരുമാനം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യക്കാരോടൊപ്പം തല ഉയര്‍ത്തിനില്‍ക്കുന്ന ഭരതീയരില്‍ മലയാളികളും അതിലുപരി നമ്മുടെ ഇടയില്‍ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കാനുള്ള സാഹചര്യവും കമ്യൂണിറ്റി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വഴി സംജാതമാകുകയും ചെയ്യും.

ആദ്യകാലങ്ങളില്‍ സ്വന്തമായി ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ മലയാളികള്‍ വെമ്പല്‍ കൊണ്ടതുപോലെ പരമ്പരാഗതമായ ക്രിസ്തീയ പാരമ്പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ജീവിത സായാഹ്നത്തില്‍ പ്രവാസി മണ്ണില്‍ മാതാപിതാക്കന്മാര്‍ക്ക് ഒത്തുകൂടുവാനുള്ള സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കേണ്ട സമയം സമാഗതമായിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ മലയാളി കുടിയേറ്റക്കാരില്‍ ഒരു പക്ഷേ പ്രഥമ സംരംഭമായിരിക്കും ഈ കേന്ദ്രം. സാമൂഹിക സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായസഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത് ബുദ്ധിപരമായി നാം ഉപയോഗിക്കേണ്ടതുമാണ്.

ഇതൊരു നൂതന പദ്ധതിയായതുകൊണ്ട് അനേകം ആളുകളുടെ ഇടയില്‍ ഈ സംരംഭത്തെക്കുറിച്ച് ആശങ്കകളുണ്ടാകുന്നത് സ്വാഭാവികത മാത്രം. ഒന്നിച്ചു നിന്നാല്‍ പലതും സാധിക്കുമെന്ന് ഇതിനോടകം നമ്മള്‍ തെളിയിച്ചിട്ടുള്ളതുമാണ്. മലയാളി കമ്യൂണിറ്റിയില്‍ വിവിധ മേഖലകളില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ അനിവാര്യമായ സാഹചര്യത്തില്‍ അവരുടേതായ സഹായവും ലഭ്യമാണ്. സ്ത്രീകള്‍ക്കും യുവതി, യുവാക്കള്‍ക്കും മുന്‍ നിരയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ഥ സാമ്പത്തിക സാഹചര്യങ്ങളിലുള്ളവര്‍ക്ക് പങ്കാളികളാകുവാനുള്ള സൗകര്യത്തിലാണ് ഈ കമ്യൂണിറ്റി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആലോചന യോഗത്തില്‍ കമ്യൂണിറ്റി സെന്ററിന്റെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സാഹചര്യമുണ്ടായിരിക്കും.

വയോജന ശ്രദ്ധാകേന്ദം, യുവജന കേന്ദ്രം, വിദ്യാകേന്ദ്രം, കായിക സൗകര്യം, ശിശുശ്രദ്ധാ കേന്ദ്രം, സിമ്മിംഗ് പൂള്‍ തുടങ്ങിയ ധാരാളം സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്യൂണിറ്റി സെന്ററയാണ് വിഭാവന ചെയ്തുവരുന്നത്. ഇന്ത്യന്‍ ക്രിസ്ത്യന്‍ സാംസ്‌കാരിക കേന്ദ്രം പൂര്‍ണമായും ഫെലോഷിപ്പിന്റെ പ്രവര്‍ത്തനപരിധിയില്‍ ആയിരിക്കും. ആയതിലേക്ക് എല്ലാ വൈദീക ശ്രേഷ്ടരേയും പൗരപ്രമുഖരേയും മലയാളി സുഹൃത്തുക്കളെയും ഈ ആലോചനായോഗത്തിലേക്ക് ദൈവനാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

എക്യൂമെനിക്കല്‍ കമ്യൂണിറ്റി സെന്ററിനെക്കുറിച്ചുള്ള ആലോചനായോഗം നവംബര്‍ 24ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക