Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍: ഭാഗം- 3 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 15 November, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍: ഭാഗം- 3 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ മൂന്നാഴ്‌ചകളായി ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ
പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ മൂന്നാം ഭാഗം.

ദാവീദും അബീഗയിലും (3)

`ദാവീദ'നന്തരം പട്ടാഭിഷിക്തനായ്‌
ദൈവാജ്ഞമൂലമതെത്ര, ചിത്രം!

രാജീവനേത്രനു, മാജാനു ബാഹുവും
പൂജ്യനുമായ യിശ്ശായിസുതന്‍!

പേലവരൂപിയാം ദാവീദിതിന്നകം
ശൗലിന്റെ പുത്രിക്കു ഭര്‍ത്താവായി

ദാവീദു പിന്‍ഗാമിയാകുമെന്നായപ്പോള്‍
ആവിലചിത്തനായ്‌ ശൗലുമാറി,

തന്നുടെ പിന്‍ഗാമിയായിത്തന്‍ പുത്രനും
പിന്നീടാ പിന്‍തുടര്‍ച്ചാക്രമത്തില്‍,

എന്നാളും രാജ്യമഭംഗം ഭരിക്കണ
മെന്നല്ലോ ഭൂപാലരാഗ്രഹിപ്പൂ!

ഇത്തരം ദുര്‍മ്മോഹംകൊണ്ടല്ലോ, മന്നവര്‍
വിത്തുനാശത്തിലിന്നെത്തിയതും,

ദാവീദു ചൈതന്യധന്യനായ്‌ ജീവിച്ചാല്‍
ഭാവിക്കതാപത്തായ്‌ ത്തീരുമെന്നും,

ദൈവാഭിഷിക്തനാമായുവകേസരി
സര്‍വ്വവിധായുധ ഭൂഷിതനായ്‌,

തന്നോടു പോരാടുവാന്‍ മടിക്കില്ലെന്നും
തന്നെ നിഷ്‌ക്കാസിതനാക്കുമെന്നും,

വീരനും ശൂരനുമായ ഗോല്യാത്തിനെ
വീറുള്ളൊരേറിനാല്‍ തീര്‍ത്തതോര്‍ത്തും,

ശൗലാകട്ടെപ്പോഴും തന്‍പ്രതിയോഗിയെ
കാലപുരിക്കു പറഞ്ഞയപ്പാന്‍,

നിച്ഛയം ചെയ്‌തല്ലോ, കണ്ടുപായങ്ങളും
സ്വച്ഛമായ്‌ രാജ്യം ഭരിക്കുവാനും,

പിന്നീടാ മന്നവന്‍ നേരം കളയാതെ
സൈന്യത്തെ ശക്തമായ്‌ സജ്ജമാക്കി.

(തുടരും)


എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌
Yohannan.elcy@gmail.com
ദാവീദിന്റെ രണ്ടു മുഖങ്ങള്‍: ഭാഗം- 3 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക