Image

അമര്‍സിങ്ങിന് ജാമ്യം

Published on 24 October, 2011
 അമര്‍സിങ്ങിന്  ജാമ്യം
ന്യൂഡല്‍ഹി: വിവാദമായ വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണിത്. ജാമ്യ തുകയായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും തതുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കാനും കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. സിങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജ്യംവിട്ടുപോകില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സിങ് ഉറപ്പ് നല്‍കിയാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം നിഷേധിച്ചതിനെതിരെ അമര്‍സിങ്ങ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.

കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. ബി.ജെ.പി. അംഗങ്ങളായ അശോക് അര്‍ഗലും കുലസ്‌തെയും ഭഗോറയും തങ്ങള്‍ക്കു കിട്ടിയ കോഴപ്പണമെന്ന പേരില്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ വിശ്വാസ വോട്ടെടുപ്പു ദിവസം ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു കേസിന്റെ തുടക്കം. സപ്തംബര്‍ ആറിന് അറസ്റ്റിലായ സിങ്ങിനെ കോടതി റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ സപ്തംബര്‍ 28 ന് കോടതി തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക