Image

വി.എസ്സിനും രണ്ട് ചാനലുകള്‍ക്കുമെതിരെ കേസ് കൊടുക്കും: ലീഗ്

Published on 24 October, 2011
വി.എസ്സിനും രണ്ട് ചാനലുകള്‍ക്കുമെതിരെ കേസ് കൊടുക്കും: ലീഗ്
മലപ്പുറം: 'ഐസ്‌ക്രീം' കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

 ലീഗ് നേതാക്കള്‍ക്കെതിരായ അപവാദങ്ങള്‍ ചെറുക്കാനും വിശദീകരിക്കാനും നവംബര്‍ 15 മുതല്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും കെ.പി.എ. മജീദും പറഞ്ഞു. ലീഗിനെതിരെ ബോധപൂര്‍വം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത് ചില മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡയായിരിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ സത്യവിരുദ്ധമായ യക്ഷിക്കഥകളാണ് മെനയുന്നത്. ഇത് മാധ്യമങ്ങളുടെ സദാചാര ലംഘനമാണ്. ഈ പ്രവണത ചെറുക്കും. സി.പി.എമ്മിനെതിരെയല്ല ഞങ്ങള്‍ കേസ് കൊടുക്കുന്നത്, അതിലെ വ്യക്തികള്‍ക്കെതിരെയാണ്- ബഷീര്‍ പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയാണോ അവയിലെ ലേഖകന്‍മാര്‍ക്കെതിരെയാണോ കേസുകൊടുക്കുക എന്ന ചോദ്യത്തിന് അക്കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്റെ മറുപടി.

''തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെയും നിയമനടപടി സ്വീകരിക്കും. ഇന്ത്യാവിഷനുമായി എം.കെ. മുനീറിന് ബന്ധമുണ്ടോ എന്നകാര്യം പാര്‍ട്ടിക്ക് നോക്കേണ്ടതില്ല. രചനാത്മകമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും- ബഷീര്‍ പറഞ്ഞു. കോഴിക്കോട്ട് ആത്മഹത്യചെയ്ത കുട്ടികളുടെ അച്ഛനമ്മമാരുടെ വെളിപ്പെടുത്തലിന് ഒരു വിലയും ഇല്ലെന്നാണോ?- അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവയിലേക്കുള്ള ലീഗ്പ്രതിനിധികളെ ഈ മാസാവസാനത്തോടെ നിയമിക്കും. ലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെടാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാറിന്റെ പ്രകടനം തൃപ്തികരമാണെന്നും പാര്‍ട്ടി വിലയിരുത്തി. സമസ്തയുമായി ലീഗിന് ഒരു ഭിന്നതയുമില്ല. എന്തെങ്കിലും ഉണ്ടെന്ന് സമസ്ത ഔദ്യോഗികമായി ലീഗിനെ അറിയിച്ചിട്ടുമില്ല- അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, സംസ്ഥാന ട്രഷറര്‍ അഡ്വ. ഹമീദലി ശംനാട്, വൈസ് പ്രസിഡന്റുമാരായ കല്ലടി മുഹമ്മദ്, അഡ്വ. എ. മുഹമ്മദ്, കെ.വി. മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ ടി.പി.എം. സാഹിര്‍, എം.സി. മായിന്‍ഹാജി, എം.ഐ. തങ്ങള്‍, അഡ്വ. പി.എം.എ. സലാം, മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, പി.വി. അബ്ദുല്‍വഹാബ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക