Image

മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 12 November, 2013
മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
ഭാഗം മൂന്ന്
പര്യവേക്ഷണം


23. ഹിന്ദുസ്ഥാനത്തിന്റെ പഴയ ഭൂപടങ്ങള്‍

ഹിന്ദുസ്ഥാനത്തിന്റെ
പഴയ ഭൂപടങ്ങള്‍-
അവയില്‍ ഹിമാലയത്തിലെ
ഗിരിനിരകള്‍
ലോലമായ രേഖകളാണ്.
വളഞ്ഞുതിരിഞ്ഞു പോകുന്ന
അതിരുകല്ലുകള്‍
മഞ്ഞച്ചുപോയിരിക്കുന്നു.
ഇതിന്റെ പ്രസാധനം
ഉപകാരപ്രദമായ ഒരു വിജ്ഞാനം
വ്യാപിപ്പിക്കാന്‍ വേണ്ടി.
ഗംഗയ്ക്കകത്തെ ഇന്ത്യ
ഗംഗയ്ക്കതീതമായ ഇന്ത്യ
നമുക്ക് എത്തിപ്പെടേണ്ട
ധ്രുവരേഖകളൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്.
കൈയ്ക്ക് നിറം കൊടുത്ത വിധവകളും
അനാഥരായ ശിശുക്കളും
സ്ഥടികത്തിലൂടെ, വിചിത്രമായ കോണുകളിലൂടെ
എന്നെത്തുറിച്ചുനോക്കുന്നു.
സാര്‍ത്ഥവാഹകസംഘങ്ങളുടെ
യാത്രാപഥങ്ങള്‍ അടയാളപ്പെടുത്തിയും
ചൂടേറിയ സമതലങ്ങളിലേയ്ക്കുള്ള
എളുപ്പവഴി കണ്ടെത്തിയും
കൂര്‍ത്ത കരിങ്കല്ല് നിറഞ്ഞ
കുന്നുംപുറങ്ങള്‍ തിരിച്ചറിഞ്ഞും-
പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള
വരവുകളുടെ
യഥാര്‍ത്ഥ സംഭവങ്ങളെ
അടുത്തു കാണിക്കുന്ന
നന്മ നിറഞ്ഞ വര്‍ണനകള്‍.
മിനുസമേറിയ ചരല്ക്കല്ലും
മണലും എങ്ങനെയാണ് രൂപാന്തരപ്പെട്ടതെന്ന
ദീര്‍ഘദീര്‍ഘമായ കഥകള്‍.
ആ പഴയ ഭൂപടത്തില്‍
എണ്ണിപ്പറഞ്ഞ കാരണങ്ങളാല്‍
എന്റെ കൈക്കുടന്നയിലിരുന്ന്
ആ കഥകള്‍ വിയര്‍ക്കുകയാണ്.

24. 1857-ലെ ബിംബങ്ങള്‍

പഴയ ഫോട്ടോകള്‍
ഞെട്ടിപ്പിക്കുന്ന വെളിപാടുകള്‍
തരുന്നു.
അതു വളരെ പ്രകടം.
അരങ്ങള്‍ നിന്നേടത്ത്
ഭൂമി നിരപ്പായി,
അതിനെ ആരോ കാര്‍ന്നു തിന്നു;
അവിടെ വസൂരിക്കലകള്‍ ബാക്കിനിന്നു.
അതിന്റെ പരിസമാപ്തിയില്‍
ശിപായിമാര്‍ പീരങ്കികളുടെ മുകളില്‍നിന്ന്
എടുത്തെറിയപ്പെട്ടു.
ടെലിഗ്രാഫ് വാര്‍ത്തകള്‍ വഹിച്ചുകൊണ്ടുപോയി.
ശാസ്ത്രം
പച്ചയായ വികാരങ്ങള്‍ക്കുമേല്‍ ആധിപത്യം നേടി.
ഇപ്പോഴെന്ത് ബാക്കിയായി?
കാവല്‍പ്പടയുടെ
ഉപരോധത്തിന്റെ
കരിമ്പുള്ളികള്‍ വീണ ബിംബങ്ങള്‍.
മുറ്റിക്കറുത്ത രാവിനെതിരെ
വില്ലാളികളുടെ ഉജ്വലമായ മുന്നേറ്റം.
എന്നിട്ടും
രക്തത്തിന്റെയും സ്വാതന്ത്ര്യഗീതത്തിന്റെയും
കണക്കില്‍ വരേണ്ടവരുടെ
പേര് വഴിപ്പട്ടിക
അപൂര്‍ണമാണ്.

25. പട്ടം

കടും നിറങ്ങള്‍ തേച്ചവ
ഞാന്‍ പറത്തി വിടും.
ദുര്‍ദേവതകളുടെ അടയാളങ്ങളുമായി
വിമാനാകൃതിയില്‍ മൂന്നെണ്ണം
അച്ഛനും മകനും
കുറ്റം പറച്ചില്‍ ഉപകരണമാക്കി
ആളൊഴിഞ്ഞ
വിനോദവേദികളായ പാര്‍ക്കുകള്‍ക്കുമേലെ
ചോപ്പ്, നീല, വെള്ള
നിറങ്ങളില്‍ ഞാന്‍ പറത്തിവിടും.
എന്റെ ചിറകുകള്‍
സ്ഫുട്‌നിക് ടവറിന്റെ സൂചിമുനയുടെ
മുകളറ്റം തൊടുംവരെ
പിന്നെ
കാറ്റിന്റെ കുഴലൂത്തുമായി
കെട്ടുപിണഞ്ഞ്
അലസമായി, തലകീഴായി
വായുതരംഗങ്ങളിലൂടെ തഴോട്ട്.


മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി) മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക