Image

നഴ്‌സുമാര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണം - പോള്‍ കറുകപ്പിള്ളില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 October, 2011
നഴ്‌സുമാര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണം - പോള്‍ കറുകപ്പിള്ളില്‍
ന്യൂയോര്‍ക്ക്‌: മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെ അധികൃതരും പോലീസും നടത്തിയ ആസൂത്രിതവും നിന്ദ്യവുമായ അതിക്രമത്തിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളോട്‌ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍  ആഹ്വാനം ചെയ്‌തു.

ആതുരസേവന രംഗത്തെ മാലാഖമാരെന്ന്‌ വിശേഷിപ്പിക്കുന്ന നഴ്‌സുമാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇത്‌ ആദ്യത്തെ സംഭവമല്ല. മാഫിയാ സംഘങ്ങളെപ്പോലും വെല്ലുന്ന രീതിയില്‍ ആശുപത്രികളിലെ ഭരണം കൈയ്യാളുന്ന വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ആശുപത്രികളിലും മലയാളി നഴ്‌സുമാരാണ്‌ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കിരകളാകുന്നത്‌.

നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച്‌ അമിത ജോലി ചെയ്യിക്കുകയും, പറഞ്ഞുറപ്പിച്ച ശമ്പളം നല്‍കാതെ അവരെ മാനസികമായി പീഡിപ്പിക്കുകയും, പ്രതികരിക്കുന്നവരെ ഗുണ്ടകളേയും പോലീസിനേയും വിട്ട്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ്‌ ഡല്‍ഹിയിലും മുംബൈയിലും മറ്റുമുള്ള ആശുപത്രി അധികൃതര്‍ ചെയ്‌തുവരുന്നത്‌. ഈ അരക്ഷിതാവസ്ഥയില്‍ ബലിയാടുകളാകുന്നതോ മലയാളി നഴ്‌സുമാരും.

മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന തൊടുപുഴ സ്വദേശിനി ബീന ബേബിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്‌ അവര്‍ ജോലി ചെയ്‌തിരുന്ന ഹാര്‍ട്ട്‌ ആശുപത്രി അധികൃതരുടെ പീഡനമാണ്‌. ഇതേത്തുടര്‍ന്ന്‌ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ച്‌ മലയാളി നഴ്‌സുമാര്‍ സമരത്തിനിറങ്ങുകയും അവരുടെ നേരെ പോലീസ്‌ അക്രമങ്ങള്‍ അഴിച്ചുവിട്ടതുമെല്ലാം ആസൂത്രിതമാണെന്ന്‌ പോള്‍ കറുകപ്പിള്ളില്‍ ആരോപിച്ചു.

2010-ല്‍ ഡല്‍ഹിയിലും സമാനമായ സംഭവങ്ങളുണ്ടായത്‌ പോള്‍ കറുകപ്പിള്ളില്‍ ഓര്‍മ്മിപ്പിച്ചു. അന്ന്‌ ഫൊക്കാനയും പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ (പിയാനോ) എന്ന സംഘടനയും സംയുക്തമായി സമരക്കാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയും ധനസഹായം എത്തിക്കുകയുമുണ്ടായി. നിയമപരമായി ആ പ്രശ്‌നം നേരിടാനും പോള്‍ കറുകപ്പിള്ളില്‍  രംഗത്തുണ്ടായിരുന്നു. പിയാനോ പ്രസിഡന്റ്‌ ബ്രിജിറ്റ്‌, ഭര്‍ത്താവ്‌ വിന്‍സന്റ്‌ ഇമ്മാനുവേല്‍ എന്നിവര്‍ കോടതി മുഖേന നഴ്‌സുമാര്‍ക്ക്‌ അനുകൂലമായ വിധി സമ്പാദിക്കുകയും ഡല്‍ഹിയിലെ നഴ്‌സുമാര്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം കാണുകയും ചെയ്‌തിരുന്നു. ബഹു. ആന്റോ ആന്റണി എം.പി.യുടെ ശക്തമായ ഇടപെടല്‍ മൂലം ആശുപത്രി അധികൃതരുടെ ബോണ്ട്‌ സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ ഏറെ സഹായിച്ചു എന്ന്‌ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു.

മുബൈയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതും ആന്റോ ആന്റണി എം.പി.യും പി.ടി. തോമസ്‌ എം.പി.യുമാണെന്നതും, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ മലയാളിയായ ശങ്കരനാരായണന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതും ഒരു നിമിത്തമാകാം. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കുകയും ചെയ്‌തിരിക്കാം. പക്ഷേ, ഇതേ പ്രശ്‌നം നാളെ മറ്റൊരു സംസ്ഥാനത്ത്‌ ഉടലെടുക്കുകയില്ലെന്ന്‌ എന്താണുറപ്പ്‌  പോള്‍ കറുകപ്പിള്ളി ചോദിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ അംഗം കൂടിയായ ആന്റോ ആന്റണിയുമായി ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തുകയും, ഒരു ഏകീകൃത നിയമം കൊണ്ടുവരണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുമെന്ന്‌ പോള്‍ കറുകപ്പിള്ളി പ്രസ്‌താവിച്ചു. മേലില്‍ ഇന്ത്യയിലെ ഏതൊരു ആശുപത്രിയിലും ഭയാശങ്കകളില്ലാതെ മലയാളി നഴ്‌സുമാര്‍ക്ക്‌ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌? പോള്‍ കറുകപ്പിള്ളില്‍ കൂട്ടിച്ചേര്‍ത്തു.
നഴ്‌സുമാര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണം - പോള്‍ കറുകപ്പിള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക