Image

ഹാലോവിന്‍ ആഘോഷങ്ങള്‍ക്ക്‌ അയര്‍ലന്‍ഡ്‌ ഒരുങ്ങി

ജയ്‌സണ്‍ കിഴക്കയില്‍ Published on 22 October, 2011
ഹാലോവിന്‍ ആഘോഷങ്ങള്‍ക്ക്‌ അയര്‍ലന്‍ഡ്‌ ഒരുങ്ങി
ഡബ്‌ളിന്‍. ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ്‌ ഒരുങ്ങി. ഒക്‌ടോബറിലെ അവസാന രാത്രിയാണ്‌ ഹാലോവിന്‍. ഗെയിലി കാലത്ത്‌ പുരാതന ഐറിഷ്‌ ഉല്‍സവമായ സാംഹെയിനില്‍ നിന്നുമാണ്‌ ഹാലോവിന്‍ ആഘോഷങ്ങള്‍ ഉടലെടുത്തത്‌. `ആള്‍ ഹാലോവ്‌സ്‌ ഡേ' എന്ന പേരില്‍ നവംബര്‍ ഒന്നിനാണ്‌ സകല വിശുദ്ധരുടേയും തിരുനാള്‍. ഇതിനു തലേദിവസമായ ഒക്‌ടോബര്‍ 31 ന്‌ ആരംഭിക്കുന്ന ആഘോഷമായതിനാലാണ്‌ ഇതിന്‌ ഹാലോവിന്‍ എന്നു പേര്‍ ലഭിച്ചത്‌. ആള്‍ ഹാലോവ്‌സ്‌ ഈവ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ ഹാലോവിന്‍.

പാതാളത്തിലുള്ളവര്‍ ഭൂമിയിലേക്ക്‌ വരുന്നതിനെ അനുസ്‌മരിക്കുന്നത്‌ ആഘോഷത്തിന്റെ ഭാഗമാണ്‌. ഇതിന്റെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും പ്രേത പിശാചുക്കളുടേയും മന്ത്രവാദികളുടേയും മറ്റും വേഷമണിയും. രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും ചെയ്യും. കോസ്റ്റ്യൂം പാര്‍ട്ടി, ട്രിക്ക്‌ ഓര്‍ ട്രീറ്റ്‌, മത്തങ്ങയില്‍ മുഖത്തിന്റെ വികൃത രൂപങ്ങളുണ്‌ടാക്കി ഇതിനുള്ളില്‍ തിരി കത്തിച്ചു വയ്‌ക്കുക തുടങ്ങിയവ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്‌.

വീടുകളില്‍ ആഘോഷങ്ങള്‍ക്കിടെ പരമ്പരാഗത ഹാലോവിന്‍ കേക്കായ ബാംബ്രാക്ക്‌ മുറിക്കും. കേക്കില്‍ ഓരോ തുണിക്കഷണവും കോയിനും മോതിരവും ഉണ്‌ടാകും. കേക്ക്‌ കഴിക്കുതിനിടെ തുണി ലഭിക്കുന്നയാള്‍ക്ക്‌ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക അഭിവ്യദ്ധി അനിശ്ചിതത്തിലാവുമെന്നാണ്‌ വിശ്വാസം. കോയിന്‍ ലഭിക്കുന്നയാള്‍ സമസ്‌ത മേഖലയിലും വിജയിയാവുമെന്നും മോതിരം ലഭിക്കുയാള്‍ക്ക്‌ പ്രണയം ആസന്നമായെന്നുമാണ്‌ ഐറിഷ്‌ വിശ്വാസം.

ഹാലോവിന്റെ ഭാഗമായി രാജ്യത്ത്‌ ഒക്‌ടോബറിലെ അവസാന തിങ്കളാഴ്‌ച്ച പൊതു അവധി ദിവസമാണ്‌. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഒരാഴ്‌ച അവധിയാണ്‌. ഹാലോവിന്‍ ഉത്‌്‌ഭവസ്ഥലം അയര്‍ലന്‍ഡാണെങ്കിലും ലോകത്ത്‌ മറ്റിടങ്ങളിലും ആഘോഷിക്കുന്നുണ്‌ട്‌. ചൈനയില്‍ ഗോസ്റ്റ്‌ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഇതിനു സമാനമായ ആഘോഷമുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക