Image

പഹയന്റെ കണ്ടുപിടുത്തങ്ങള്‍ (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 03 November, 2013
പഹയന്റെ കണ്ടുപിടുത്തങ്ങള്‍ (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
'കുഞ്ഞബ്‌ദു മുതലാളീന്റെ പുന്നാരമോള്‌ ഖദീജേനെ കാണാണ്ടായപ്പോ, ഓള്‌ ഒളിച്ചു കുത്തിയിരുന്ന പൊരേലോട്ടുള്ള ബഴി കണ്ടുപിടിച്ചതാരാ......ത്‌ ഈ ഞമ്മള്‌...'

പഹയന്‍ ഇസ്‌മയിലിന്റെ കണ്ടുപിടുത്തങ്ങളുടെ നീളുന്ന പട്ടികയിലെ ഇമ്മിണി ചെറിയ കണ്ടുപിടുത്തമാണ്‌ ഖദീജേന്റെ ഒളിപ്പൊര. ഇസ്‌മയിലിന്‌ നാട്ടുകാരിട്ട ഓമനപ്പേരാണ്‌ പഹയന്‍. ഒളിഞ്ഞും തെളിഞ്ഞും കുട്ടികളടക്കം എല്ലാവരും ഇസ്‌മയിലിനെ വിളിക്കുന്നത്‌ അങ്ങനെ തന്നെ. ചിലപ്പോള്‍ ഇസ്‌മയില്‍ സ്വയം ഇനിഷ്യലായും ഇതുപയോഗിക്കും. പഹയന്‍ ഇസ്‌മയില്‍.

ഖദീജയുടെ കഥ ഇങ്ങനെയാണ്‌.

കുഞ്ഞബ്‌ദു മുതലാളിയുടെ കശാപ്പുശാലയിലെ വെട്ടുകാരാണ്‌ ഇസ്‌മയിലും നാസറും. നാസര്‍ പാര്‍ട്ട്‌ ടൈം ജീവനക്കാരനാണ്‌. രാവിലെ നാലുമുതല്‍ എട്ടുവരെ. വെട്ടിംഗും, കട്ടിംഗും കഴിഞ്ഞ്‌ ഒരു പൊതി ആടിന്റെ തലച്ചോറും വലിയ ഒരു പൊതി സൂപ്പെല്ലും മുതലാളിയുടെ വീട്ടിലെത്തിച്ച്‌ നൂറ്റമ്പതു രൂപ കൂലിയും വാങ്ങി നാസര്‍ ബ്‌ര്‍ബ്‌ര്‍ എന്ന ഒച്ചയുള്ള ബൈക്കില്‍ പറന്നുപോകും. കൂലി കൊടുക്കുന്നതും പൊതികള്‍ വാങ്ങുന്നതും മുതലാളീന്റെ പുന്നാരമകള്‍ ഖദീജയാണ്‌. നിക്കബിനു വെളിയിലെ രണ്ടു ചെറിയ തിളക്കങ്ങളെ ചിരിച്ചുകാട്ടി നാസര്‍ പായുന്നത്‌ പാരലല്‍ കോളേജിലേയ്‌ക്കാണ്‌. പക്കാവടയും മിക്‌സ്‌ചറും വീടുതോറും വില്‍ക്കുന്ന ഉമ്മുക്കൊല്‍സുവിന്റെ ഏക സന്താനമാണ്‌ നാസര്‍. നാസറിനെ കലക്‌ടറാക്കാനാണ്‌ ഉമ്മുകൊല്‍സു പക്കാവട വില്‍ക്കുന്നത്‌. കോളേജില്‍ രാഷ്‌ട്രമീമാംസ പഠിപ്പിക്കുന്ന ശേഖരന്‍പിള്ളസാര്‍ ഉമ്മുകൊലുസുവിന്‌ മകനെക്കുറിച്ച്‌ ഒരു പ്രതീക്ഷ കൊടുത്തിട്ടുണ്ട്‌ ?ഓന്‌ പരീഷക്ക്‌ റാങ്ക്‌ കിട്ടുമെന്നാ രാഷ്‌ട്രമാംസം പഠിപ്പിക്കണ മാഷമ്മാര്‌ പറേന്നേ...?

ഉമ്മുകൊല്‍സു ഇത്രയും പറയുമ്പോഴേയ്‌ക്കും പക്കാവടയുടെ മെലിവും കരുവാളിപ്പും എല്ലാവരും മറക്കും.

ചന്തക്കവലയില്‍ പഴയ പുസ്‌തകങ്ങള്‍ വില്‍ക്കുന്ന ലത്തീഫാണ്‌ നാസറിന്റെ അടുത്ത ചങ്ങാതി. ഇറച്ചിക്കടയില്‍ കറിയെല്ലോ കുടലോ വാങ്ങിക്കാനെത്തുമ്പോള്‍ മാക്‌സിംഗോര്‍ക്കിയെക്കുറിച്ചും പൈലോ കൊയ്‌ലോയെ കുറിച്ചും നാസറും ലത്തീഫും സംസാരിക്കും. ഏതോ കളിയാക്കി പേരു പോലെയാണ്‌ ഇസ്‌മയില്‍ അവരെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. ലത്തീഫിനെ ഇസ്‌മയില്‍ ഇപ്പോള്‍ വിളിക്കുന്നത്‌ പൈലോ കൊയ്‌ലോ ലത്തീഫ്‌ എന്നാണ്‌.

'കൊടല്‌ തിന്നാണ്ട്‌ എറച്ചി തിന്നിനെടാ പൈലോ കൊയ്‌ലോ '

ഇറച്ചിപ്പൊതി കയ്യില്‍ കൊടുക്കുമ്പോള്‍ ഇസ്‌മയില്‍ ലത്തീഫിനോട്‌ സ്വകാര്യമായി പറയും. ?നെന്റെ തള്ളയ്‌ക്ക്‌ ത്തിരി പള്ളയിറച്ചി പഹയനിതില്‌ പൂത്തിട്ടൊണ്ടെന്നു പറീന്‍.?

പുസ്‌തക കടയോട്‌ ചേര്‍ന്നാണ്‌ ചാക്കോ മാപ്ലേടെ മരക്കറികട. ചാക്കോ മാപ്ലയ്‌ക്ക്‌ മാപ്ലേന്റെ മണമല്ല, നല്ല അസ്സല്‌ പച്ചമല്ലിയെലേന്റെ മണമാണെന്നാണ്‌ ഇസ്‌മയിലിന്റെ അഭിപ്രായം. കടയുടെ മൂലയില്‍ അടുക്കി വച്ചിരിക്കുന്ന അന്തിപത്രങ്ങള്‍ക്കും മല്ലിയിലയുടെ മണമുണ്ടെന്ന്‌ നാസറിനും തോന്നിയിട്ടുണ്ട്‌. എന്തു തന്നെയായാലും നാസര്‍ വായിച്ചതിനു ശേഷമേ പഴം പൊതിയാന്‍ മാപ്ല ആ പത്രം ഉപയോഗിക്കാറുള്ളൂ. അതിരമ്പുഴയിലേയും മുട്ടുചിറയിലേയും വിശേഷങ്ങള്‍ മാപ്ലയ്‌ക്ക്‌ ഉറക്കെ വായിച്ചു കേള്‍ക്കണം. വെട്ടാനും വില്‍ക്കാനും റബ്ബറില്ലെങ്കിലും റബറിന്റെ വിലയും ജാതിപത്രിയുടെ വിലയും മാപ്ല ചര്‍ച്ച ചെയ്യും. റബറിന്റെ വില കൂടിക്കൂടി കോട്ടയത്തുകാര്‌ സായിപ്പ്‌മാരെപ്പോലെയാണ്‌ ജീവിക്കുന്നതെന്ന്‌ മഞ്ചേരിയിലെ മരക്കറികടയിലിരുന്ന്‌ കുശുമ്പ്‌ പറയുകയും ചെയ്യും.

ആഴ്‌ചയില്‍ നൂറു തേങ്ങ പൊതിച്ച്‌ മാപ്ലേടെ കടയില്‍ എത്തിച്ചുകൊടുക്കുന്നത്‌ നാസറിന്റെ ജോലിയാണ്‌. മഞ്ചേരിയില്‍ വന്ന കാലം മുതല്‍ തുടങ്ങിയതാണ്‌ തേങ്ങാക്കച്ചവടം. ചാക്കോമാപ്ലയുടെ പേരു കേട്ട ഈ തേങ്ങാ പുരയിലാണ്‌ ഖദീജ ഒളിച്ചുകുത്തിയിരുന്നത്‌. ഓള്‍ക്ക്‌ നാസറിനോട്‌ പെരുത്ത പൂതിയാത്രെ. നിക്കബ്‌ മാറ്റി, തട്ടോം ഇല്ലാണ്ട്‌ കുഞ്ഞബ്‌ദു മുതലാളീന്റെ മുന്നീക്കൂടെ നടന്നുപോയിട്ടും മൂപ്പര്‍ക്ക്‌ പുന്നാരമോള്‌ ഖദീജേനെ പുടികിട്ടിയില്ല. ഏതോ കാഫിറിച്ചി കൊപ്രാ പൊരേല്‌ പണിക്കു വന്നു പോയതാണെന്നേ കരുതിയുള്ളൂ.

'മൂന്നു കൊല്ലായി ങ്ങളെ മാത്രം കിനാവ്‌ കാണണ ഖദീജേനെ ങ്ങള്‌ അറീല്ല്യ.'

തേങ്ങാ പൊതിച്ചുകൊണ്ടുനിന്ന നാസറിനു മുമ്പിലെത്തിയ പതിനേഴുകാരിയുടെ ശബ്‌ദവും കണ്ണും തിരിച്ചറിയാന്‍ വീണ്ടും ചില സംഭാഷണങ്ങള്‍ തന്നെ വേണ്ടി വന്നു.

'ദെവസോം ങ്ങക്ക്‌ ഖദീജ തന്നത്‌ നൂറ്റമ്പതുറുപ്പ്യല്ല്യാ, ഈ ഖദീജേന്റെ ഖല്‍ബാണ്‌ തങ്കം പോലുള്ള ഖല്‍ബ്‌...'

നിക്കബിനുള്ളില്‍ എന്നും ചിരിച്ചുകാട്ടുന്ന തിളക്കമുള്ള രണ്ടു കണ്ണുകള്‍. കുഞ്ഞബ്‌ദു മുതലാളീന്റെ പുന്നാരമകള്‍ ഖദീജ.

ആളെ മനസിലായതും മൂന്നാലു മുഴുവന്‍ തേങ്ങയില്‍ തട്ടിമറിഞ്ഞു നാസര്‍ പുറകോട്ട്‌ മലക്കം മറിഞ്ഞു ?ന്റെ പൊന്നേ ങ്ങള്‌ ബേജാറാവല്ലേ ? ഖദീജ രണ്ടുകൈയും കൊണ്ട്‌ നാസറിനെ പിടിച്ചുപൊക്കി.

'റബ്ബേ മുതലാളി അറിഞ്ഞാ രണ്ടാളേം വെട്ടിയരിഞ്ഞ്‌ ഇറച്ചിക്കടേല്‌ തൂക്കും. എന്റെ പൊന്നു ഖദീജ, നീ പൊരേലോട്ട്‌ പോ.അടുത്ത മാസം നിന്റെ നിക്കാഹല്ലേ..'

'ല്ല്യ, ഞാന്‍ പോവില്ല്യാ, നിക്ക്‌ കലക്‌ടര്‍ടെ ഭാര്യയാവണം. നാസറ്‌ കലക്‌ടറുടെ ബീവി. അതെന്റെ പൂതിയാ പൊന്നെ ങ്ങ്‌ള്‌ തടസം പറേല്ല്യേ.'

ഖദീജാ നെനക്ക്‌ പ്‌രാന്താണ്‌. എനിക്ക്‌ നെന്നോട്‌ സ്‌നേഹോല്ല്യ. പൂതിയില്ല്യാ. ബിസ്‌മില്ല ജമീലായ തമ്പുരാനെയോര്‍ത്ത്‌ നീ പൊരേലോട്ട്‌ പോ...

ഖദീജ നിശ്ചയിച്ചുറച്ചപോലെ തേങ്ങ പുരയ്‌ക്കുള്ളിലേയ്‌ക്കു കയറിയപ്പോള്‍ പൊതിക്കാനുള്ള നാല്‍പ്പത്തിനാലു മുഴുവന്‍ തേങ്ങയെ സാക്ഷിയാക്കി നാസര്‍ നാടുവിട്ടു.

കാണാണ്ടായ ഖദീജേനെ പിന്നീട്‌ പഹയന്‍ ഇസ്‌മായേലാണ്‌ നിലാവത്ത്‌ തേങ്ങപ്പുരയില്‍ നിന്ന്‌ കണ്ടുപിടിച്ചത്‌. താമസിയാതെ ഖദീജയുടെ നിക്കാഹ്‌ കഴിഞ്ഞു. അതും കഴിഞ്ഞ്‌ കുറെ നാളുകള്‍ക്കു ശേഷമാണ്‌ ന്‌സര്‍ മടങ്ങിവന്നത്‌. ഉമ്മുക്കൊല്‍സു അപ്പോഴേയ്‌ക്കും പക്കാവട കച്ചവടം നിറുത്തിയിരുന്നു.

പഹയന്‍ ഇസ്‌മയിലിന്റെ മറ്റൊരു വലിയ കണ്ടുപിടിത്തമായിരുന്നു പാത്തുമ്മാന്റെ വീട്ടില്‍ നടപ്പാക്കിയ കൊതുകുനിവാരണ പദ്ധതി.

തോട്ടിലെ ചീഞ്ഞ വെള്ളത്തില്‍ നിന്നും കൂട്ടത്തോടെ കയറിവരുന്ന കരിവണ്ടുപോലുള്ള കൊതുകുകളായിരുന്നു പ്രശ്‌നക്കാര്‍. പാത്തുമ്മാന്റെ അപ്പനില്ലാത്ത നാലു കൊച്ചുമക്കളെയും കുത്തിക്കുത്തി കുരുക്കളുണ്ടാക്കി കൊതുകുകള്‍ മഴക്കാലം ആഘോഷിച്ചു. നനഞ്ഞ കരിയില കൂട്ടിയിട്ടു കത്തിച്ചും ഇല്ലാത്ത കാശുണ്ടാക്കി കുന്തിരിക്കം വാങ്ങി പുകച്ചും പാത്തുമ്മ പ്രതികരിച്ചു. ഒന്നിനും ഫലം കണ്ടില്ല. തള്ളകൊതുകുകള്‍ കാണുന്ന വെള്ളത്തിലൊക്കെ മുട്ടയിട്ടു. മുട്ട വിരിഞ്ഞ്‌ കൊതുകുകുട്ടികള്‍ കൂട്ടമായി വെള്ളത്തില്‍ കൈകാലിട്ടടിച്ചു കളിച്ചു. പറക്കാറായപ്പോള്‍ മത്സരിച്ചു പറന്ന്‌ കണ്ടവരെയൊക്കെ കുത്തി. പാത്തുമ്മാന്റെ കൊച്ചുമക്കളുടെ മിനുത്ത തൊലിമേല്‍ കുഞ്ഞു കുഞ്ഞു കൂനകള്‍ പൊന്തി വന്നുകൊണ്ടിരുന്നു.

?ന്റെ പാത്തുമ്മാ, ങ്ങള്‌ അഞ്ചാറു താറാക്കുഞ്ഞുങ്ങളെ വാങ്ങി മുറ്റത്തോട്ടു വിടീന്‍. കാണുന്ന വെള്ളത്തില്‌ തലേട്ട്‌ ത്‌ങ്ങള്‌ കൊതുകു മുട്ട തിന്നൂന്ന്‌. അട്ടേനേം കൊതുകിനേം ഒക്കെ തിന്നൂലേ...?

പാത്തുമ്മ ആറല്ല, പത്തു താറാക്കുഞ്ഞുങ്ങളെ വാങ്ങി. മുറ്റത്ത്‌ ബ്‌ളാബ്‌ളാന്ന്‌ താറാങ്ങള്‌ തൂറ്റിയിട്ടെങ്കിലും പാത്തുമ്മ അവരെ ചീത്ത പറഞ്ഞില്ല. കൊതുകുമുട്ടകള്‍ തിന്നുകയും തള്ളകൊതുകുകളെ നിര്‍ദ്ദയം കൊല്ലുകയും ചെയ്യുന്ന മിടുക്കരായ താറാക്കുട്ടികള്‍ക്ക്‌ പാത്തുമ്മ കയ്യയച്ച്‌ ഗോതമ്പു വാരിയിട്ടുകൊടുത്തു.

വേനല്‍ക്കാലം എത്തി.

എല്ലാ കൊതുകുകളെയും കൊന്നൊടുക്കി താറാക്കുട്ടികള്‍ വലിയ താറാമ്മകളായി. പാത്തുമ്മാന്റെ കൊച്ചുമക്കളുടെ കൈയ്യും മേലും വീണ്ടും മിനുങ്ങി. അങ്ങനെ പഹയന്‍ ഇസ്‌മയിലിന്റെ കണ്ടുപിടിത്തത്തിന്റെ പട്ടികയില്‍ കൊതുകുനിവാരണ താറാവുമാര്‍ഗ്ഗവും എഴുതിചേര്‍ത്തു, കൂട്ടില്‍ കിടക്കുന്ന ഇണങ്ങാത്ത കിളികളെ ഇണക്കാന്‍ കുറച്ചു തുളസിയിലയും പനിക്കൂര്‍ക്കയിലയും കൊടുത്താ മതിയത്രെ. മീന്‍ വെട്ടുമ്പോ കയ്യില്‌ ഉളുമ്പുമണം വരാണ്ടിരിക്കാന്‍ കയ്യിലിത്തിരി നാളികേരത്തിന്റെ എണ്ണ തൂത്തുനോക്കിന്‍. ഇതെല്ലാം ഇസ്‌മയേല്‍ നാട്ടുകാര്‍ക്കുവേണ്ടി മാത്രം കണ്ടുപിടിച്ച സൂത്രവിദ്യകളാണ്‌.

പരീക്കുട്ടിക്കും കയറുനിസയ്‌ക്കും വേണ്ടി പഹയന്‍ ഇസ്‌മായേല്‍ കണ്ടുപിടിച്ചത്‌ മനശാസ്‌ത്രപരമായ ഒരു കണ്ടുപിടിത്തമായിരുന്നു. മൂക്കിന്റെ തുമ്പത്തും മൂക്കു പൊതിഞ്ഞും കോപമുള്ള പൊക്കക്കാരനാണ്‌ പരീക്കുട്ടി. ഊശാന്‍താടി തടകുമ്പോഴും തലേക്കട്ടഴിക്കുമ്പോഴും മൂപ്പര്‍ കോപിക്കും

'കയറൂ, ടീയിബലീസേ ന്റെ പറിച്ചിട്ട കൈലിയെബിടെ.....

ഈ ശെയ്‌ത്താന്റെ കരച്ചില്‌ നിറുത്തിന്‍.......'

'ഇതാ ഇപ്പ പുകില്‌. ശെയ്‌ത്താന്റെ കുട്ട്യോള്‌ ശെയ്‌ത്താന്‍ കുട്ട്യോള്‌ തന്നാ. ഇങ്ങളെപ്പോലെ ങ്ങടെ ശെയ്‌ത്താന്‍ കുട്ട്യോള്‌ അവിടെക്കിടന്ന്‌ ബഹളിക്കട്ടെ.'

പിള്ളേര്‍ടെ കരച്ചിലിനും പരീക്കുട്ടിയുടെയും കയറവിന്റെയും ഒച്ചപ്പാടിനും ഇസ്‌മയില്‍ ഒരു ഒറ്റമൂലി കണ്ടുപടിച്ചുകൊടുത്തു.

'ന്റെ കയറൂ... നീ പരീക്കുട്ടീന്റെ മനസ്സു കാണാണ്ടിട്ടല്ലേ യീ പ്രശ്‌നങ്ങള്‌. ഓന്‍ കൊച്ചുവെളുപ്പാന്‍ കാലം തൊട്ട്‌ ഈ വാഴക്കൊലേം ചൊമന്ന്‌ ചന്തേല്‌പ്പോണത്‌ എന്തിനാണെന്ന്‌. നെന്നേം നെന്റെയേഴു മക്കളേം പോറ്റാനല്ലേ. നെനക്ക്‌ നെയ്‌ച്ചോറു വെച്ച്‌തിന്ന്‌ പൊരേലിരുന്നാപ്പോരേ.നീയിത്തിരി സന്തോശായിട്ട്‌.. സ്‌നേഹായിട്ട്‌ പെരുമാറിന്‍. ഓന്റെ മനസ്സു നീയൊന്ന്‌ കാണ്‌ കയറൂ..'

പുറകില്‍ ഒഴുകുന്ന പുഴ നോക്കി ഇക്കാന്റെ മനസ്സറിയണ വേല കയറു വേഗം പഠിച്ചു.

പരീക്കുട്ടി വരുന്ന നേരത്ത്‌ കുളിച്ച്‌ മുല്ലപ്പൂവിന്റെ അത്തറു പൂശി പൊഴേ പോയി നോക്കും. പൊഴ വെള്ളത്തിന്‌ പച്ച നിറമാണെങ്കില്‍ ഇക്കാന്റെ മനസ്സ്‌ പൊന്നു പോലായിരിക്കും. വരുമ്പൊഴെ അടുത്ത്‌ ചെന്ന്‌ കൈ പിടിച്ചു പറയും. ?ഇങ്ങടെ മനസ്സ്‌ പൊന്നാണ്‌. ഇക്കാന്റെ മനസ്സിന്‌ ഭാരം കൂടുമ്പോള്‍ പൊഴവെള്ളം ചുവക്കും. ഇക്കാ എന്തു പറഞ്ഞാലും കയറു മിണ്ടാതെ നില്‍ക്കും.? ?ങ്ങടെ മനസ്സിന്‌ വല്ലാത്ത ഭാരാണല്ലേ.. ഒക്കെ പടച്ചോന്‍ നേരെയാക്കും...? ഒച്ച വെക്കണ പരീക്കുട്ടീന്റെ കയ്യില്‍ കയറു പതിയെ തലോടും.

പത്തു വാഴക്കുല കാണാതായ അന്നും പുഴവെള്ളത്തിന്‌ ചുവപ്പുനിറമായിരുന്നു. പലതിനും കലി തുള്ളിയ ഇക്കാന്റെ ഇരുമ്പു പോലുള്ളകൈയില്‍ കയറുന്നിസ തലോടി.

സാരോല്ല്യ, ഒക്കെ പടച്ചോന്‍ നേരേയാക്കും...

ന്റെ കയറൂ.. നെന്നെപ്പോലെ ഒരു ഹൂറിയുള്ളപ്പോള്‌ പത്തു വാഴക്കൊല പോയീന്ന്‌ ബച്ച്‌ യീ പരീക്കുട്ടി എന്തിനാ ബേജാറാവണതെന്ന്‌...

പരീക്കുട്ടിയുടെ കോപശീലം കയറുവിന്റെ അത്തറുമണത്തില്‍ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായി.

ചാക്കോ മാപ്ലയുടെ വീട്ടിലെ ഐസുപെട്ടിയിലാണ്‌ ഇസ്‌മയിലിന്റെ ഇറച്ചിപങ്ക്‌ രാത്രി വരെ സൂക്ഷിക്കുന്നത്‌. മാപ്ലേടെ കൊച്ചുമകന്‍ ടോണിക്കുട്ടന്‍ പല സംശയങ്ങളും ചോദിക്കണത്‌ ഇസ്‌മയിലിനോടാണ്‌.

'പഹയനിക്കാ, വെള്ളത്തിന്റെ ഖരരൂപം എന്താണെന്നറിയാമോ.'

ഫ്രിഡ്‌ജിലെ ഐസുകട്ടകള്‍ വായിലേയ്‌ക്ക്‌ വെച്ച്‌ ടോണിക്കുട്ടന്‍ ചോദിച്ചു.

'ല്ല്യാ'

ഐസ്‌ വെള്ളം തണുപ്പിച്ചാല്‍ ഐസാവും. തിളപ്പിച്ചാല്‍ നീരാവിയാകും.

അതിപ്പോ ആര്‍ക്കാ പുള്ളേയറിയാത്തെ. എന്നാല്‌ ഈ ചോര തെളപ്പിച്ചാല്‌ എന്താണെന്ന്‌ ടോണിക്കുട്ടനറിയ്യ്വോ.

ഇല്ല.

ചോര തെളപ്പിച്ചാല്‌ മാംസം ഉണ്ടാവും. ബാക്കി വെള്ളവും. തെളപ്പിച്ചുനോക്കിന്‍.

മാപ്ലേടെ പട്ടിക്കു ചേമ്പിന്‍ താളില്‍ പൊതിഞ്ഞു കൊണ്ടുവന്ന വേസ്റ്റിറച്ചിയില്‍ നിന്നും പിഴിഞ്ഞെടുത്ത ചോര ചാക്കോ മാപ്ലേടെ അടുക്കളയിലെ ഗ്യാസില്‍ ചൂടായിക്കൊണ്ടിരുന്നു. ചോരയുടെ നിറം നഷ്‌ടപ്പെട്ട വെള്ളത്തില്‍ മാംസക്കഷണങ്ങള്‍ ഇളകിമറിഞ്ഞപ്പോള്‍ ടോണിക്കുട്ടന്‍ പറഞ്ഞു.

'ചോരയുടെ ഖരരൂപം മാംസം..'

പഹയന്‍ ഇസ്‌മയിലിന്റെ കണ്ടുപിടുത്തത്തിലെ ഇമ്മിണി വലിയ കണ്ടുപിടിത്തമായി നാട്ടുകാര്‍ ഇതും എഴുതിചേര്‍ത്തു.
പഹയന്റെ കണ്ടുപിടുത്തങ്ങള്‍ (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
benny kurian 2013-11-13 11:36:49
hello sheela, malabar bhasha... congrats!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക