Image

രാജയ്ക്കും കനിമൊഴിക്കുമെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി

Published on 22 October, 2011
രാജയ്ക്കും കനിമൊഴിക്കുമെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ മന്ത്രി എ. രാജയ്‌ക്കെതിരെ സിബിഐ പ്രത്യേക കോടതി വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി. ജീവപര്യന്തം ശിക്ഷ വരെ വിധിക്കാവുന്ന കുറ്റമാണ് രാജയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കനിമൊഴിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുപ്രതികളായ 14 പേരും മൂന്ന് കമ്പനികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

ധനമന്ത്രിയായിരുന്ന പി. ചിദംബരത്തെ സാക്ഷിയായി വിളിക്കണമെന്ന് രാജയും സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കാത്ത തനിക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തരുതെന്ന് കനിമൊഴിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

'യൂണിഫൈഡ് ആക്‌സസ് സര്‍വീസ്' ലൈസന്‍സുകളും തുടര്‍ന്ന് 2 ജി സ്‌പെക്ട്രവും വിതരണം ചെയ്തതിലെ ക്രമക്കേടുകള്‍വഴി ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നത്. സ്‌പെക്ട്രം വിതരണംവഴി ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു.

രാജയും മുന്‍ ടെലികോംസെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയും ഉള്‍പ്പെടെ ഒമ്പതുപേരെയും മൂന്ന് ടെലികോംകമ്പനികളെയും പ്രതികളാക്കിയാണ് ഏപ്രില്‍ ഒന്നിന് സി.ബി.ഐ. ആദ്യകുറ്റപത്രം ഫയല്‍ ചെയ്തത്. സ്‌പെക്ട്രം ലേലംചെയ്യുന്നതിനു പകരം 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന നയമാണ് രാജ സ്വീകരിച്ചത്. രാജയുടെ െ്രെപവറ്റ് സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, ഡി.ബി. റിയാല്‍റ്റി ഡയറക്ടര്‍ വിനോദ് ഗോയെങ്ക, യുണീടെക്കിന്റെയും യുണീടെക് വയര്‍ലെസ്സി(തമിഴ്‌നാട്)ന്റെയും എം.ഡി. സഞ്ജയ് ചന്ദ്ര, റിലയന്‍സ് ടെലികോംകമ്പനിയുടെ ഗ്രൂപ്പ് എം.ഡി. ഗൗതം ദോഷി, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്ര പിപാറ, ഹരിനായര്‍ എന്നിവരും റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, യുണീടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളും സി.ബി.ഐ.യുടെ ആദ്യകുറ്റപത്രത്തില്‍ പ്രതികളാണ്.

ഏപ്രില്‍ 25ന് സി.ബി.ഐ. ഫയല്‍ചെയ്ത രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഡി.എം.കെ. നേതാവ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ പേരുള്ളത്. കനിമൊഴിക്കുപുറമെ കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാര്‍, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വയുടെ ബന്ധുവും കുസേഗാവ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സിന്റെ ഡയറക്ടറുമായ ആസിഫ് ബല്‍വ, കമ്പനിയുടെ മറ്റൊരു ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍, സിനിയുഗ് ഫിലിംസിന്റെ കരീം മൊറാനി എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതികള്‍.

രണ്ട് കുറ്റപത്രങ്ങളിലായി ഐ.പി.സി.യുടെ 120 ബി, 420, 468, 471 വകുപ്പുകളും അഴിമതിവിരുദ്ധ നിയമത്തിന്റെ വിവിധവകുപ്പുകളും ഉപയോഗിച്ചാണ് പ്രതികള്‍ക്കെതിരെ സി.ബി.ഐ. കുറ്റംചുമത്തിയത്. പിന്നീട് ജീവപര്യന്തമോ പത്തുവര്‍ഷംവരെ തടവോ ലഭിക്കാവുന്ന ഐ.പി.സി. 409 (വിശ്വാസവഞ്ചന) പ്രകാരം കുറ്റംചുമത്തണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. രാജ ഫിബ്രവരി രണ്ടിനും കനിമൊഴി മെയ് 20നുമാണ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ കേസിലെ പ്രതികള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക