Image

അമേരിക്കയിലെ മാധ്യമങ്ങളുടെ കണ്ണീര്‍ കഥകള്‍; ഒരു വീട്ടില്‍ ഒരു മലയാളം പത്രം, ഒരു ചാനല്‍ ഉണ്ടാവണം

Published on 04 November, 2013
അമേരിക്കയിലെ മാധ്യമങ്ങളുടെ കണ്ണീര്‍ കഥകള്‍; ഒരു വീട്ടില്‍ ഒരു മലയാളം പത്രം, ഒരു ചാനല്‍ ഉണ്ടാവണം
സോമര്‍സെറ്റ്, ന്യൂജേഴ്‌സി: അമേരിക്കയിലെ പത്രമാധ്യമങ്ങളുടെ പ്രശ്‌നങ്ങളും വിഷമതകളും ചര്‍ച്ച ചെയ്ത "മാറ്റത്തിന്റെ മാധ്യമം' എന്ന സെമിനാര്‍ പ്രസ് ക്ലബ് സമ്മേളനത്തില്‍ കാലികപ്രസക്തമായി

നിയുക്ത പ്രസിഡന്റ് ടാജ് മാത്യു ആയിരുന്നു മോഡറേറ്റര്‍

പതിമൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളം പത്രം ഓരോ ആഴ്ചയും ഇറങ്ങിക്കഴിയുമ്പോള്‍ ഒരു സുഖപ്രസവം കഴിഞ്ഞ അനുഭവമാണ് തോന്നുകയെന്ന് മലയാളം പത്രം
എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ ജേക്കബ് റോയി പറഞ്ഞു. വാര്‍ത്തയും ഫീച്ചറുമൊക്കെ കണ്ട് ജനം വിളിക്കുമ്പോള്‍ സന്തോഷം. പക്ഷെ വരിസംഖ്യയ്ക്ക് കത്തെഴുതുമ്പോള്‍ പിന്നെ മിണ്ടാട്ടമില്ല. വരിസംഖ്യയൊക്കെ തന്ന് പത്രം വാങ്ങുന്ന നിലയിലേക്ക് മലയാളി എന്നെങ്കിലും ഉയരും എന്ന പ്രത്യാശയിലാണ് ഞങ്ങളൊക്കെ പത്രം നടത്തുന്നത്.

സ്റ്റേജ് ഷോകളൊക്കെ മുമ്പ് ഒരു വരുമാനമാര്‍ഗ്ഗമായിരുന്നു. ഇപ്പോള്‍ ഷോ കൊണ്ടുവരുന്ന കച്ചവടക്കാര്‍ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ അത് ഒതുക്കുന്നു. ചുരുക്കത്തില്‍ മാധ്യമങ്ങളുടെ മത്സരത്തെ അവര്‍ മുതലെടുക്കുന്നു.

റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ കുറഞ്ഞു. ഈയിടെ സംഘടനകള്‍ നാട്ടില്‍ പോയി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതാണ് പാരയായത്. അവിടെ പണം പിരിച്ച് കണ്‍വെന്‍ഷന്‍ നടത്തുന്നു. അമേരിക്കയില്‍ സമ്മേളനം നടത്തുമ്പോള്‍ വലിയ നേട്ടങ്ങള്‍ കിട്ടുമെന്ന് വ്യാമോഹിപ്പിച്ചാണ് പണപ്പിരിവ്. എവിടെ കിട്ടാന്‍? ഇപ്പോള്‍ അമേരിക്കയിലേക്ക് പരസ്യങ്ങള്‍ എന്നു കേട്ടാല്‍ രോഷംകൊള്ളുന്നവര്‍ ഏറെയുണ്ട്- ജേക്കബ് റോയി പറഞ്ഞു.

വരിസംഖ്യ പത്രങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്- കേരളാ എക്‌സ്പ്രസ് എഡിറ്റര്‍ ജോസ് കണിയാലി പറഞ്ഞു. 45 ഡോളര്‍ ഒരുവര്‍ഷം മുടക്കാനില്ലാഞ്ഞിട്ടല്ല. പക്ഷെ കൊടുക്കില്ല. സംഘടനകളൊക്കെ മാധ്യമങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്.

അടുത്തയാഴ്ച പത്രമിറക്കാന്‍ പണം എവിടെനിന്ന് എന്ന് സങ്കടപ്പെട്ടിരിക്കുന്ന പത്ര ഉടമകളും ഈ കൂട്ടത്തിലുണ്ടാകാം. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായങ്ങള്‍ ചെയ്യാനാകും. എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കണമെന്ന് ആഗ്രമുണ്ട്. പക്ഷെ കഴിയുന്നില്ല.

ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനമാണ് പത്രം നടത്തിപ്പെന്ന് ആഴ്ചവട്ടത്തിന്റെ പത്രാധിപര്‍ ജോര്‍ജ് കാക്കനാടന്‍ പറഞ്ഞു. വിലാസം മാറിയാല്‍ പോലും ഒരു ഇമെയില്‍ അയയ്ക്കാന്‍ മടിക്കുന്നവരാണ് പലരും. പിന്നെ ഇതൊരു നിയോഗം പോലെ തങ്ങള്‍ കൊണ്ടുപോകുന്നു.

ഇരുപത്തെട്ടു വര്‍ഷമായി ഹൂസ്റ്റണില്‍ നിന്ന് ഇംഗ്ലീഷില്‍ "ഏഷ്യാ വോയ്‌സ്' നടത്തുന്ന കോശി തോമസ് താന്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു. അടുത്ത തലമുറയെ ലക്ഷ്യമിടുന്നതിനാലാണ് ഇംഗ്ലീഷില്‍ പത്രം തുടങ്ങിയത്. കാല്‍ മില്യന്‍ ഡോളറിന്റെ പേ റോള്‍ ഉണ്ട്. ടെക്‌സസില്‍ 150-ല്‍പ്പരം ഇന്ത്യന്‍ സ്റ്റോറുകള്‍ വഴിയാണ് പത്രം വിതരണം ചെയ്യുന്നത്. മലയാള മാധ്യമങ്ങളും ഫോക്കസ് മാറ്റിയാല്‍ ലാഭകരമായി പ്രവര്‍ത്തിക്കാം. ആരെയും പഴിക്കുന്നതില്‍ അര്‍ത്ഥമില്ല- അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ എട്ടു പത്രങ്ങള്‍ ഇപ്പോഴുണ്ടെങ്കിലും അവയൊക്കെ ക്രമേണ ഇല്ലാതാകുമെന്ന് "എമര്‍ജിംഗ് കേരള' പത്രത്തിന്റെ സാരഥികളൊന്നായ സജി കീക്കാടന്‍ പറഞ്ഞു. ഇന്റര്‍നെറ്റിനാണ്
ഭാവി എന്നു കരുതണം. എന്തായാലും പത്രങ്ങള്‍ക്ക് ഇവിടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രിന്റ് മീഡിയയുടെ ചരമഗീതം മുഴങ്ങുന്നുണ്ടെങ്കിലും മലയാളത്തെ സ്‌നേഹിക്കുന്നവരുള്ളിടത്തോളം കാലം മാധ്യമങ്ങള്‍ നിലനില്‍ക്കുമെന്ന് "മലയാളം വാര്‍ത്ത'യുടെ സാരഥി ഏബ്രഹാം മാത്യു പറഞ്ഞു.

കഥകളും ലേഖനങ്ങളും ഒരു പ്രസിദ്ധീകരണത്തിനയച്ചാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് അയയ്ക്കാതിരിക്കണമെന്ന് ജനനി പത്രാധിപര്‍ ജെ. മാത്യൂസ് അഭ്യര്‍ത്ഥിച്ചു. മാസിക പ്രിന്റ് ചെയ്യാന്‍ തുടങ്ങുമ്പോഴായിരിക്കും അതിലുള്ള കഥയോ ലേഖനങ്ങളോ ഇന്റര്‍നെറ്റില്‍ കാണുക. എന്തു ചെയ്യാനാകും?

തങ്ങള്‍ പരസ്യം ലക്ഷ്യമാക്കുന്നില്ല. വരിസംഖ്യയാണ് ആകെയുള്ള വരുമാനം. വരിസംഖ്യ തരാത്തവര്‍ക്ക് ചിലപ്പോള്‍ മാസിക കിട്ടിക്കൊണ്ടിരിക്കണമെന്നില്ല.

മികച്ച പ്രസിദ്ധീകരണങ്ങള്‍ നഷ്ടത്തിലല്ല എന്ന് അക്ഷരം മാസികയുടെ പത്രാധിപര്‍ പ്രിന്‍സ് മാര്‍ക്കോസ് പറഞ്ഞു. അടുത്ത തവണ പരാതികള്‍ കേള്‍ക്കരുത്. എന്തുകൊണ്ട് പത്രങ്ങള്‍ക്ക് പരസ്പരം ലയിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു.

വിഷ്വല്‍ മീഡിയയും പ്രിന്റ് മീഡിയയെപ്പോലെ തുല്യ ദുഖിതയാണെന്ന് വിനീത നായര്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള പരിപാടികള്‍ക്ക് ഒരു പ്രതിഫലവും കിട്ടുന്നില്ല. എല്ലാവരുടേയും ദുഖം ഒന്നുതന്നെ. പ്രസ് ക്ലബില്‍ പുതിയ തലമുറയുടെ പ്രതിനിധ്യമില്ലെന്നു വിനീത ചുണ്ടിക്കാട്ടി.

ടിവി വന്നപ്പോള്‍ റേഡിയോ ഇല്ലാതായി. എങ്കിലും ചില റേഡിയോ കമ്പനികള്‍ ടിവി നിര്‍മ്മിക്കാനാരംഭിച്ചു. ഇതേ മാതൃക ഇവിടുത്തെ മാധ്യമങ്ങളും പിന്തുടരണമെന്ന് ജോയിച്ചന്‍ പുതുക്കുളം ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തനത്തോടും മലയാളത്തോടുമുള്ള സ്‌നേഹമാണ് തന്നെ ഈ രംഗത്തു പിടിച്ചുനിര്‍ത്തുന്നതെന്ന് മൊയ്തീന്‍ പുത്തന്‍ചിറ പറഞ്ഞു.

മലയാളം വായിക്കാനുള്ള ആദ്യകാലത്തെ ദാഹം ഡോ. റോയി തോമസ് അനുസ്മരിച്ചു. മാര്‍ക്കറ്റിംഗ് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മലയാളം പത്രവും ഒരു മലയാളം ചാനലും എല്ലാ മലയാളിയും നിര്‍ബന്ധമായും എടുക്കുന്ന സ്ഥിതി വരണം. കാണാറില്ല, വായിക്കാറില്ല എന്നൊക്കെയുള്ളത് ഒരു എക്‌സ്ക്യൂസ് മാത്രമാണ്.

വായനക്കാരുടെ പരാധീനതകളും പത്രങ്ങള്‍ മനസിലാക്കണമെന്ന് വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ പറഞ്ഞു. എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുത്താല്‍ അവര്‍ ഒന്നിലധികം പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കില്ല.

എങ്കിലും ഇവിടെ ഒട്ടേറെ പേരെ എഴുത്തുകാരാക്കിയത് മാധ്യമങ്ങളാണ്. ഇപ്പോള്‍ വായനാശീലമുള്ളവര്‍ കുറഞ്ഞു. ഏഴു പത്രം താന്‍ വരുത്തുന്നുണ്ട്. 45 ഡോളറില്‍ കൂടുതല്‍ വീതം അയയ്ക്കാറുണ്ട്. ഇതെല്ലാം വായിച്ച് എന്റെ ജീവിതം നശിപ്പിക്കണോ? അദ്ദേഹം ചോദിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍ നമ്മള്‍ പരസ്പരം പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ലെന്ന് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യ
ങ്ങള്‍ മുഖ്യധാരാ സംഘടനകകളുടെയും  പള്ളികളുകളുടെയും വേദികളില്‍ ഉന്നയിക്കണം.

ടിവി രംഗത്ത് 35 ആങ്കര്‍മാരെയെങ്കിലും അവതരിപ്പിക്കാന്‍ തനിക്കായിട്ടുണ്ട്. അല്‍ക്കാ നായരെപ്പോലുള്ളവര്‍ മലയാളം ഇംഗ്ലീഷ്
ലിപിയില്‍ എഴുതി വായിക്കാന്‍ വരെ തയാറാകുന്നു. അവരുടെയൊക്കെ അര്‍പ്പണബോധം കണ്ടില്ലെന്ന് നടക്കാനാവില്ല.

അനില്‍ ആറന്മുള നന്ദി പറ­ഞ്ഞു.
അമേരിക്കയിലെ മാധ്യമങ്ങളുടെ കണ്ണീര്‍ കഥകള്‍; ഒരു വീട്ടില്‍ ഒരു മലയാളം പത്രം, ഒരു ചാനല്‍ ഉണ്ടാവണം
Join WhatsApp News
abljith 2013-11-06 05:28:28
ഹ ...ഹ ....എല്ലാം നല്ല തമാശകൾ ...ഈ പ്രവാസി പത്രങ്ങൾക്കു  വേണ്ടി നാട്ടിൽ  ജോലി ചെയ്യുന്നവർക്ക്  എന്ത് ഉലക്കയ ഇക്കുട്ടർ  കൊടുക്കുന്നത് ....മലയാളം പത്രം ഒഴികെ ഏതു പത്രം, ഓണ്‍ ലൈൻ ,പത്രങ്ങളാണ് നാട്ടിലെ ലേകകർക്ക്  ശമ്പളം കൊടുക്കുന്നത് ..ഇക്കുട്ടരുടെ ശാപം കൊണ്ട് ഇവയെല്ലാം അന്ത്യയാത്രയുടെ വക്കിലാനെന്നതാണ് സത്യം ...
Lukose 2013-11-06 08:05:57
എഴുത്തുകാര്ക്ക് പ്രതിഭലം കൊടുക്കാതെ ചക്കാത്തിൽ വെട്ടി ഒട്ടിച്ച് പത്രം നടത്തി ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന പത്രമുതലാളിമാർ! കഷ്ടം..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക