Image

വി.ഡി. സതീശനും അപ്പൂപ്പന്‍ താടിയും; ഫാസിസം വരുന്ന വഴിയെപ്പറ്റി ആശങ്കയുമായി ബല്‍റാം

Published on 03 November, 2013
വി.ഡി. സതീശനും അപ്പൂപ്പന്‍ താടിയും;  ഫാസിസം വരുന്ന വഴിയെപ്പറ്റി ആശങ്കയുമായി ബല്‍റാം
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: ഗൗരവതരമായ വിഷയങ്ങളും അതേപ്പറ്റി ഗഹനമായ ചര്‍ച്ചകളും കൊണ്ട്‌ വ്യത്യസ്‌തമായ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാമത്‌ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം കേരളത്തിലെ നവോത്ഥാന വക്താക്കളില്‍ പ്രമുഖനായ വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.

മനോഹരമായ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന സന്തോഷത്തോടെയാണ്‌ താന്‍ നാട്ടിലേക്ക്‌ മടങ്ങുകയെന്നദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘടന പൊട്ടലും ചീറ്റലുമില്ലാതെ ഒത്തൊരുമയില്‍ മുന്നേറുന്നത്‌ തികച്ചും മാതൃകാപരമാണ്‌. സംഘടനകള്‍ വിജയിക്കണമെങ്കില്‍ വിട്ടുവീഴ്‌ചയും സൗഹൃദ സമീപനവുമൊക്കെ അനിവാര്യമാണ്‌.

പരസ്‌പരം ഒന്നിച്ചു പോകുക എന്ന ചിന്താഗതിയുള്ളവരല്ല പൊതുവെ മലയാളികള്‍. എല്ലാവര്‍ക്കും അവസരമുണ്ടാകുമെന്ന ധാരണ വന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകും.

നമ്മുടെ നാട്ടില്‍ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ മാറ്റം ഉണ്ടാകുന്നത്‌ പെട്ടെന്നാണ്‌. സമൂഹത്തിലെ അപചയം എല്ലാ രംഗത്തും പ്രതിഫലിക്കും. സാമൂഹിക പ്രതിബദ്ധത പത്രക്കാര്‍ക്ക്‌ വേണ്ട എന്നാരും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വ്യവസായങ്ങളായി. റേറ്റിംഗും സര്‍ക്കുലേഷനും മാത്രമായി അവരുടെ ചിന്ത.

എല്ലാ കാര്യങ്ങളും കച്ചവടമാക്കാനുള്ള ശ്രമം എല്ലാ രംഗത്തുമുണ്ട്‌. അത്‌ അംഗീകരിക്കാനാവില്ല. പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ നിന്നേ തനിക്ക്‌ പ്രവര്‍ത്തിക്കാനാവൂ. ചട്ടക്കൂട്ടില്‍ നിന്ന്‌ ഒന്നും കഴിയില്ല എന്നു പറയുന്നത്‌ ശരിയല്ല. 32 രൂപയില്‍ കൂടുതല്‍ കിട്ടുന്നവര്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ മുകളിലാണെന്ന്‌ പ്ലാനിംഗ്‌ കമ്മീഷന്‍ പറഞ്ഞപ്പോള്‍ അതിനെ തങ്ങള്‍ ശക്തമായി എതിര്‍ത്തു. യാഥാര്‍ത്ഥ്യബോധമില്ലാത്തയാളേ അത്തരം നിലപാടെടുക്കൂ. അതുപോലെ കേരളത്തില്‍ കൃഷി വേണ്ട പഞ്ചാബില്‍ നിന്ന്‌ അരി കൊണ്ടുവരാമെന്ന്‌ പ്ലാനിംഗ്‌ കമ്മീഷന്‍ ചെയര്‍മാന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ പറഞ്ഞു. പാടങ്ങളില്ലെങ്കില്‍ വെള്ളം എവിടെ സംഭരിക്കപ്പെടും? വെള്ളമില്ലെങ്കില്‍ കേരളത്തിലേക്ക്‌ ആര്‌ വരും? വ്യവസായം വരുമോ?

പശ്ചിമഘട്ടത്തില്‍ നിന്നാണ്‌ 41 നദികള്‍ ഉത്ഭവിക്കുന്നത്‌. അതില്ലായാല്‍ കേരളം വരളും. അതിനാലാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന്‌ നമ്മള്‍ ആവശ്യപ്പെടുന്നത്‌.

ജയിക്കാനുള്ള യുദ്ധത്തിനാണ്‌ ഞങ്ങള്‍ ഇറങ്ങിയിരിക്കുന്നത്‌. തോല്‍ക്കാനല്ല. വ്യാജ ലോട്ടറികളിലൂടെ അന്യസംസ്ഥാനക്കാര്‍ 20,000 കോടി വീതം കൊണ്ടുപോയിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍  നിര്‍ത്തിക്കാനായി. 300 കോടി ഉണ്ടായിരുന്ന കേരള ലോട്ടറി ഇപ്പോള്‍ 2000 കോടി ആയി. കാരുണ്യ ലോട്ടറി ഉണ്ടായി.

5000 രൂപയുടെ മരുന്ന്‌ 45000 രൂപയ്‌ക്ക്‌ വില്‍ക്കുന്നതും, 20,000 രൂപയുടെ സ്റ്റെന്റ്‌ (Stent) ഒന്നരലക്ഷം രൂപയ്‌ക്ക്‌ വില്‍ക്കുന്നതിനേയും ഞങ്ങള്‍ ചോദ്യം ചെയ്‌തു. സര്‍ക്കാര്‍ വെള്ളം വില്‍ക്കാനൊരുങ്ങിയപ്പോള്‍ സര്‌ക്കാരിന്‌ അതിന്‌ അധികാരമില്ലെന്ന്‌ തങ്ങള്‍ വ്യക്തമാക്കികൊടുത്തു.

ചീമേനി
യില്‍  പവര്‍ പ്ലാന്റിന്‌ 1800 ഏക്കര്‍ സ്ഥലം തെരഞ്ഞെടുത്തു. പ്ലാന്റിന്‌ 100 ഏക്കര്‍ മതി. ബാക്കി ഭൂമി കച്ചവടമായിരുന്നു ലക്ഷ്യം. തങ്ങള്‍ ശബ്‌ദമുയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിന്നുതന്നെ മാറ്റം വരുത്താന്‍ കഴിയുമെന്ന്‌ പറഞ്ഞത്‌ മാധ്യമങ്ങള്‍ക്കും ബാധകം.

ശുദ്ധവും ആര്‍ദ്രവുമായ മനസുള്ളവരായിരിക്കണം രാഷ്‌ട്രീയക്കാര്‍. മാധ്യമങ്ങളല്ല അവരുടെ അജണ്ട നിശ്ചയിക്കേണ്ടത്‌. സാമുദായിക സംഘടനകള്‍ നിയന്ത്രിക്കാന്‍ വന്നാല്‍ നടക്കില്ല. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതുകൊണ്ട്‌ ഇലക്ഷനില്‍ തോല്‍
പ്പിക്കുമെന്ന്‌  ഒരു ബിഷപ്പ്‌ പറഞ്ഞു. ആരെങ്കിലും ഊതിയാല്‍ പറന്നുപോകുന്ന അപ്പൂപ്പന്‍താടിയാണ്‌ സതീശന്റെ വിശ്വാസ്യത എങ്കില്‍ അതങ്ങു പോകട്ടെ. ഒരു സമുദായ നേതാവിനെ പോയി കണ്ടാല്‍ മന്ത്രിയാക്കാമെന്ന നിര്‍ദേശം വന്നു. അങ്ങനെ മന്ത്രിയാകേണ്ട എന്നു ഞാനും തീരുമാനിച്ചു.

സരിത ഏഴു കോടിയുടെ തട്ടിപ്പാണ്‌ നടത്തിയത്‌. 300-400 കോടി തട്ടിച്ചവരൊക്കെ സുഖമായി നടക്കുന്നു. സരിത കേസില്‍ കുറച്ചു മസാല കൂടി ഉണ്ടായിപ്പോയി.

കേരളത്തിലുള്ളവരെല്ലാം ദോഷൈദൃക്കുകളൊന്നുമല്ല. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞ്‌ സത്യസന്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ജനം അത്‌ ഏറ്റെടുക്കും.

വാര്‍ത്തകള്‍ ആരെങ്കിലും മനപ്പൂര്‍വ്വം സൃഷ്‌ടിക്കുന്ന സ്ഥിതിയുണ്ട്‌. അത്‌ പരാജയപ്പെടുത്തണം. കേരളത്തിലിപ്പോള്‍ പ്രൊഫഷണലിസത്തിന്റെ കുറവാണുള്ളത്‌. പ്രൊഫസര്‍ 30 വര്‍ഷം മുമ്പ്‌ അയാലുടെ പ്രൊഫസര്‍ പഠിപ്പിച്ച കാര്യങ്ങളാണ്‌ പഠിപ്പിക്കുന്നത്‌. ഡോക്‌ടര്‍ പണ്ട്‌ മെഡിക്കല്‍ കോളജില്‍ പഠിച്ച മരുന്ന്‌ മാത്രമാണ്‌ നല്‍കുന്നത്‌. ആ മരുന്ന്‌ ദോഷകരമാണെന്ന്‌ പിന്നീട്‌ കണ്ടെത്തിയ കാര്യമൊന്നും ഡോക്‌ടര്‍ അറിഞ്ഞിട്ടില്ല. പാലംപണിക്ക്‌ ഒരാള്‍ക്ക്‌ 11 കോടിയുടെ കോണ്‍ട്രക്‌ട്‌ കൊടുത്തു. തമിഴ്‌നാട്ടിലെ ഒരു എന്‍ജിനീയര്‍ അതിന്റെ ബ്ലൂപ്രിന്റ്‌ നോക്കി അതിന്റെ പകുതി ചെലവില്‍ അത്‌ പണിയിക്കാമെന്നു പറഞ്ഞു. പുതിയ ടെക്‌നോളജി ഉപയോഗിക്കണം. നമ്മുടെ എന്‍ജിനീയര്‍മാര്‍ക്ക്‌ പുതിയ ടെക്‌നോളജിയെപ്പറ്റി വിവരമുണ്ടായിട്ടുവേണ്ടേ?

അമേരിക്കയില്‍ വികലാംഗര്‍ക്ക്‌ പ്രത്യേക സൗകര്യങ്ങളുണ്ട്‌. പക്ഷെ കേരളത്തില്‍ ഒരാള്‍ക്ക്‌ വീല്‍ ചെയറില്‍ സെക്രട്ടറിയേറ്റില്‍ കയറാന്‍പോലും പറ്റില്ല. അതിനായി താന്‍ ബില്‍ അവതരിപ്പിച്ചു. ഏതു രംഗത്തായാലും വേറിട്ട ചിന്താഗതയും കാഴ്‌ചപ്പാടും ആവശ്യമാണ്‌- സതീശന്‍ പറഞ്ഞു.

കേരളത്തില്‍ നടക്കാത്ത ചര്‍ച്ചകളാണ്‌ ഇവിടെ നടക്കുന്നതെന്ന്‌ ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.

കേരളത്തെപ്പറ്റിയുള്ള പ്രവാസികളുടെ ധാരണയില്‍ മാറ്റമുണ്ടാകണമെന്ന്‌ കെ.എന്‍. ബാലഗോപാല്‍ എം.പി പറഞ്ഞു. സതീശനും മറ്റും നടത്തുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനംകൊണ്ട്‌ കാര്യങ്ങള്‍ പൂര്‍ണ്ണമാകില്ല.

ഇന്ത്യ സമ്പന്ന രാജ്യമാണ്‌. പക്ഷെ ഇന്ത്യക്കാര്‍ ദരിദ്രരും. ഇന്ത്യയുടെ സ്വത്തില്‍ നല്ലൊരു പങ്ക്‌ വിദേശത്ത്‌ കള്ളപ്പണമായി കടത്തപ്പെടുന്നു. കെ.ജി ബേസി
നില്‍  നിന്ന്‌ പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ 4.2 ഡോളര്‍ ഒരു യൂണീറ്റിനു സര്‍ക്കാര്‍ റിലയന്‍സിന്‌ കൊടുക്കുന്നു. അമേരിക്കയില്‍ മൂന്നു ഡോളറേയുള്ളു. എന്നിട്ടും അത്‌ ഇരിട്ടിയാക്കണമെന്നാവശ്യപ്പെട്ട്‌ മുതലാളി ഉത്‌പാദനം കുറച്ചു. അങ്ങനെ ഗ്യാസ്‌ ക്ഷാമം വന്നു. കോര്‍പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കഴിയുന്നു. സോളാര്‍ കേസ്‌ ഏഴു കോടിയുടേതല്ല. വലിയ കുംഭകോണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌.

രാഷ്‌ട്രീയക്കാരെ ഇന്ന്‌ ജനം പുച്ഛത്തോടെയാണ്‌ നോക്കുന്നതെന്ന്‌ വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. യുവാക്കളുടെ മനസ്‌ അരാഷ്‌ട്രീയവത്‌കരിക്കപ്പെടുന്നു. ഇത്‌ ആശങ്കാജനകമാണ്‌. ഇത്തരം സ്ഥിതിയിലാണ്‌ ഫാസിസം കടന്നുവരുന്നത്‌. ഫാസിസത്തിനു പച്ചപ്പരവതാനി വിരിക്കുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌. അതിന്‌ ഏറ്റവും വലിയ പിന്തുണ കിട്ടുന്നത്‌ അമേരിക്കക്കാരില്‍ നിന്നാണ്‌.

അവര്‍ അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുകയും സാങ്കല്‍പ്പിക ശത്രുവിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും. അവയെ താങ്ങിനിര്‍ത്തുന്നത്‌ മാധ്യമങ്ങളാണ്‌. ഒരു എതിര്‍ ചോദ്യം ചോദിക്കാന്‍ പോലും മാധ്യമങ്ങള്‍ക്കാവുന്നില്ല.- ബല്‍റാം ചൂണ്ടിക്കാട്ടി.

മാറ്റത്തിനായുള്ള സുവര്‍ണ്ണ ചിന്തകള്‍ പ്രസരിപ്പിച്ചുകൊണ്ടാണ്‌ സമ്മേളനം സമാപിക്കുന്നതെന്ന്‌ മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറം വിലയിരുത്തി. ലോക മാധ്യമങ്ങളുടെ മുദ്രാവാക്യം തന്നെ `എല്ലാം മാറ്റുക. മൂല്യങ്ങളൊഴിച്ച്‌ എല്ലാം' എന്നാണ്‌.

പ്രസ്‌ ക്ലബിന്റെ ഐക്യം തന്നെ അതിശയപ്പെടുത്തുന്നതാണെന്ന്‌ പയനിയര്‍ പത്രത്തിന്റെ
സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌   ജെ. ഗോപീകൃഷ്‌ണന്‍ പറഞ്ഞു.

മാധ്യമങ്ങളാണ്‌ സതീശന്റേയും ഹരിത എം.എല്‍.എമാരുടേയും പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയത്‌. സതീശനെ മന്ത്രിയാക്കാതിരുന്നപ്പോള്‍ ശക്തമായ പ്രതികരണം അഴിച്ചുവിടുകയും ചെയ്‌തത്‌ മറക്കരുതെന്ന്‌ ഏഷ്യാനെറ്റിലെ
സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി. ജോണ്‍ ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന ലോട്ടറി നിര്‍ത്തലാക്കിയത് അച്യുതാനന്ദന്‍ സര്‍ക്കാരാണ്‌. ഹരിത രാഷ്ട്രീയക്കാരല്ല.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക്‌ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. കൂടെ നില്‍ക്കുന്നവര്‍ ചെയ്യുന്നത്‌ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്തരമൊരാള്‍ മുഖ്യമന്ത്രിയായാല്‍ ശരിയാകുമോ എന്ന ചോദ്യം വരും. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിച്ചു എന്നുവരുമ്പോള്‍ എന്തുകൊണ്ട്‌ എന്ന ചോദ്യം ഉയരും.

എന്തായാലും ഇതെച്ചൊല്ലി തനിക്കെതിരേ ചിലര്‍ രോക്ഷാകുലരായി. അമേരിക്ക എന്നു കേട്ടപ്പോള്‍ ഓടി വന്നു എന്നും മറ്റും മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. മാന്യമായ ശമ്പളം വാങ്ങി മാന്യമായ രീതിയില്‍ ജീവിക്കുന്ന തന്നേപ്പോലുള്ളവര്‍ക്ക്‌ അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ ഓടി വരേണ്ട കാര്യമില്ല. അതുപോലെ തന്നെ ഭീഷണയും വിലപ്പോകില്ല- വിനു പറഞ്ഞു.

ചടങ്ങില്‍ നിയുക്ത പ്രസിഡന്റ്‌ ടാജ്‌ മാത്യുവിന്‌ അധികാരം കൈമാറുന്നതിന്റെ സൂചനയായി പ്രസിഡന്റ്‌  മാത്യു
വര്‍ഗീസ്‌ ദീപം കൈമാറുകയും ടാജ്‌ മാത്യു അത്‌ നിലവിളക്കില്‍ കത്തിക്കുകയും ചെയ്‌തു.
ഡിസംബര്‍ 31-നാണു നിലവിലുള്ള ഭാരവാഹികള്‍ സ്ഥാനമൊഴിയുക

ഫൊക്കാനാ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ഫോമാ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിവരിച്ചു. vമികച്ച കണ്‍വെന്‍ഷന്‍ നടത്താന്‍ വലിയ അംഗബലമുള്ള സംഘടന വേണമെന്നൊന്നുമില്ല. അര്‍പ്പണ ബോധവും ഐക്യവുമാണ്‌ പ്രധാനം. തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഭിന്നതയ്‌ക്കും വഴക്കിനുമൊന്നും പ്രസ്‌ ക്ലബില്‍ പ്രസക്തിയില്ലെന്നു ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര പറഞ്ഞു. ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക്‌ സംഘടനയില്‍ സ്ഥാനമില്ല.

ട്രഷറര്‍ സുനില്‍ തൈമറ്റം, വൈസ്‌ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ റെജി ജോര്‍ജ്‌, എന്നിവരും സംസാരിച്ചു. ജോര്‍ജ്‌ തുമ്പയില്‍, ഡോ. കൃഷ്‌ണകിഷോര്‍ എന്നിവരായിരുന്നു എം.സിമാര്‍.

ചടങ്ങില്‍ അതിഥികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു.
പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌, സെക്രട്ടറി മധു കൊട്ടാരക്കര മറ്റ്‌ ഭാരവാഹികള്‍ക്കും ഉപഹാരം
അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ റെജി ജോര്‍ജ്‌, മുന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി എന്നിവര്‍ സമ്മാനിച്ചു.
വി.ഡി. സതീശനും അപ്പൂപ്പന്‍ താടിയും;  ഫാസിസം വരുന്ന വഴിയെപ്പറ്റി ആശങ്കയുമായി ബല്‍റാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക