Image

നഴ്‌സുമാരുടെ സമരം തീര്‍ന്നു

Published on 22 October, 2011
നഴ്‌സുമാരുടെ സമരം തീര്‍ന്നു
മുംബൈ: ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിക്ക് മുന്നില്‍ നാലു ദിവസമായി സമരം ചെയ്തുവന്ന മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു.യാതൊരു ഉപാധികളുമില്ലാതെ എല്ലാവരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാമെന്നും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ആസ്പത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കുടിശിഖ നല്‍കാനുള്ളവര്‍ക്ക് നല്‍കുമെന്നും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആസ്പത്രി അധികൃതര്‍ ഉറപ്പ് നല്‍കി.

എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവര്‍ ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ. എന്നാല്‍ ഇന്നു നടത്തിയ ചര്‍ച്ചയില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നഴ്‌സിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിചയ സര്‍ട്ടിഫിക്കറ്റും അല്ലാത്തവര്‍ക്ക് എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റുമായിരിക്കും നല്‍കുക.

ബോണ്ട് സംവിധാനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സമരം നടത്തുന്നവര്‍ ഇനിയും ജോലി ചെയ്യണമെങ്കില്‍ 10,000 രൂപ നിക്ഷേപമായി നല്‍കണമെന്നും മാസം തോറും ശമ്പളത്തില്‍ നിന്ന് 1000 രൂപ പിടിക്കുമെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. സമരത്തിലുള്ള 192 നേഴ്‌സുമാരും രാജിവെക്കാനിടയുള്ളതുകൊണ്ടാണ് മാനേജ്‌മെന്റിന്റെ ഈ നിലപാടിന് വഴങ്ങിയതെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക