Image

ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 03 November, 2013
ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌
ഫിലാഡല്‍ഫിയ: സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധന്മാരെയും വണങ്ങി അനുസ്‌മരിക്കുന്നതിനുവേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന ആള്‍ സെയിന്റ്‌സ്‌ ഡേ ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ മൂന്നാംതിയതി ഞായറാഴ്‌ച്ച ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്‌തരെയും അനുസ്‌മരിച്ചു പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.

ദിവ്യബലിക്കുമുമ്പ്‌ വിശുദ്ധരുടെ വേഷമണിഞ്ഞ 60 ല്‍ പരംമതബോധനസ്‌കൂള്‍ കുട്ടികള്‍ നിരനിരയായി കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയത്‌ കാണികളില്‍ കൗതുകമുണര്‍ത്തി. വിശ്വാസവര്‍ഷാചരണത്തിന്റെ സമാപ്‌തിയിലെത്തിനില്‍ക്കുന്ന അവസരത്തില്‍ വിശ്വാസപ്രഘോഷണത്തിനും, വിശ്വാസസംരക്ഷണത്തിനുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക നമ്മുടെ യുവതലമുറയ്‌ക്ക്‌ പ്രചോദനമാകണമെന്ന്‌ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ യുവജനങ്ങളെ അനുസ്‌മരിപ്പിച്ചു. മാലാഖമാരുടെയും, വിശുദ്ധഗണങ്ങളുടെയും വേഷമിട്ട കുട്ടികളൊത്ത്‌ ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗത്തിലെ സകല മാലാഖാമാരും, വിശുദ്ധഗണങ്ങളും ഭൂമിയിലെ മര്‍ത്യഗണത്തോടൊപ്പം ഒത്തൊരുമിച്ച്‌ ബലിയില്‍ സ്‌തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു എന്നുള്ളതിന്റെ ബാഹ്യമായ അനുസ്‌മരണംകൂടിയാണിതെന്ന്‌ റവ. ഡോ. മാത്യുമണക്കാട്ട്‌ എടുത്തുപറഞ്ഞു.

കുര്‍ബാനയ്‌ക്കുശേഷം സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സെയിന്റ്‌സ്‌ പരേഡ്‌ വളരെ മനോഹരമായിരുന്നു. പ്രീകെ മുതല്‍ 12ാം ക്ലാസ്‌ വരെയുള്ള ഏതാണ്ട്‌ 60 ല്‍ പരം കുട്ടികള്‍ തങ്ങളുടെ പേരിനുകാരണമായവിശുദ്ധന്റെ/വിശുദ്ധയുടെ വേഷമണിഞ്ഞു സ്റ്റേജിലെത്തി. ചില കുട്ടികള്‍അവര്‍ക്കേറ്റം ഇഷ്ടപ്പെട്ട സെയിന്റിന്റെ വേഷമിട്ടു. എല്ലാവരും ഒരുമിച്ച്‌ വിശുദ്ധരെ അനുകരിച്ച്‌ സ്റ്റേജില്‍ അണിനിരന്നപ്പോള്‍ മാതാപിതാക്കളും മറ്റു സദസ്യരും തുടര്‍ച്ചയായുള്ള കയ്യടിയാല്‍ അവരെ പ്രോല്‍സാഹിപ്പിച്ചു. സീറോമലബാര്‍ സഭയുടെ പ്രഥമവിശുദ്ധ അല്‍ഫോന്‍സാമ്മ, വി. കൊച്ചുത്രേസ്യാ, അമേരിക്കന്‍ വിശുദ്ധ റോസ്‌ ഓഫ്‌ ലിമാ, റാഫേല്‍ പ്രധാന മാലാഖ, സെ. മേരി, സെ. ജോസഫ്‌, വാഴ്‌ത്തപ്പെട്ട മദര്‍ തെരേസാ, സെ. ആന്റണി ഓഫ്‌ പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധന്‍ സെ. ജോണ്‍ ന്യൂമാന്‍ തുടങ്ങിയുള്ള എല്ലാ വിശുദ്ധാല്‍മാക്കളും മാലാഖാമാരാല്‍ അനുഗതരായി സദസ്സിനുമുമ്പില്‍ മിന്നിമറഞ്ഞുപോയപ്പോള്‍ അതൊരു സ്വര്‍ഗീയാനുഭൂതി പകര്‍ന്നുനല്‍കി. വിശുദ്ധരെക്കുറിച്ചുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷനും ഉണ്ടായിരുന്നു.

സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ്‌ കുറിച്ചി, അസോസിയേറ്റ്‌ ഡയറക്ടര്‍മാരായ ജോസ്‌ മാളേയ്‌ക്കല്‍, ജോസഫ്‌ കെ. ജെയിംസ്‌, മോഡി ജേക്കബ്‌, മലിസ, സലിന, ജയ്‌സണ്‍, ഡയാന്‍, മോനിക്ക, റോസ്‌, മതാദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച്‌ കട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു.
ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌ഫിലാഡല്‍ഫിയയില്‍ നിറപ്പകിട്ടാര്‍ന്ന സെയിന്റ്‌സ്‌ പരേഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക