Image

തീപാറുന്ന സംവാദങ്ങളുമായി പ്രസ്‌ ക്ലബ്‌ സമ്മേളനത്തിനു തുടക്കം

Published on 02 November, 2013
തീപാറുന്ന സംവാദങ്ങളുമായി പ്രസ്‌ ക്ലബ്‌ സമ്മേളനത്തിനു തുടക്കം
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: തീപാറുന്ന സംവാദങ്ങളും ആഴത്തിലുള്ള ചര്‍ച്ചകളും ശ്രദ്ധേയമാക്കിയ സെമിനാറുകളോടെ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാം കണ്‍വെന്‍ഷന്റെ പ്രഥമ ദിനം ശ്രദ്ധേയമായി.

സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ സമ്മേളനം ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌ത കെ.എന്‍. ബാലഗോപാല്‍ എം.പി പ്രവാസികള്‍ക്ക്‌ അടുത്തകാലത്തായി ഇന്ത്യയോടും ഭാഷയോടുമൊക്കെ സ്‌നേഹം കൂടിയിട്ടുണ്ടെന്ന്‌ പറഞ്ഞു. സാങ്കേതികവിദ്യയുടെ വികാസമാകാം ഇതിനു കാരണം. അകലങ്ങള്‍ ഇപ്പോള്‍ അകലങ്ങളല്ലാതായി.

പത്രപ്രവര്‍ത്തനത്തേയും ഇന്ത്യയേയും ഗൗരവപൂര്‍വ്വം കാണുന്ന മാധ്യമ പ്രവര്‍ത്തകരാണ്‌ അമേരിക്കയിലുള്ളതെന്നത്‌ ചാരിതാര്‍ത്ഥ്യജനകമാണ്‌. കെട്ടിലും മട്ടിലുമൊക്കെ മികവു പുലര്‍ത്തുന്ന പ്രസിദ്ധീകരണങ്ങള്‍ ഇവിടെയുണ്ട്‌. അമേരിക്കയില്‍ കിട്ടുന്ന നാടന്‍ മീന്‍കറി കേരളത്തില്‍ ഇപ്പോള്‍ കിട്ടുമോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന മലയാളിയും ഉഗാണ്ടയില്‍ ജീവിക്കുന്ന മലയാളിയും മലയാളം കുട്ടികളെ പഠിപ്പിക്കുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി കണ്ട്‌ അത്ഭുതം തോന്നിപ്പോയി- അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരില്‍ നിന്ന്‌ സ്വാതന്ത്ര്യം കിട്ടി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക്‌ എടുത്തെറിയപ്പെട്ട രാജ്യമാണ്‌ ഇന്ത്യ- വി.ടി
ബല്‍റാം എം.എല്‍.എ ചൂണ്ടിക്കാട്ടി. എങ്കിലും സാമൂഹിക വ്യവസ്ഥിതി ഫ്യൂഡലിസത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നില്ല. ഈ ഫ്യൂഡല്‍ സമൂഹത്തെ എങ്ങനെ ജനാധിപത്യ സമൂഹമാക്കാമെന്നതാണ്‌ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ചിന്തിക്കേണ്ടത്‌.

കേരളം എത്ര പ്രിയപ്പെട്ട സ്ഥലമാണെന്ന്‌ വിദേശ മലയാളികളുടെ കേരളത്തോടുള്ള സ്‌നേഹം കാണുമ്പോഴാണ്‌ ബോധ്യമാകുക. ഇവിടെ നടന്ന ചര്‍ച്ചകളും വ്യത്യസ്‌തമായി. പ്രസക്തമായ കാര്യങ്ങളെപ്പറ്റി കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതാണ്‌ സ്ഥിതി.

മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന ലോകമാണ്‌ ഇപ്പോള്‍ രാഷ്‌ട്രീയത്തെ തന്നെ നിന്ത്രിക്കുന്നത്‌. അജണ്ട മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. അതിനു വ്യത്യസ്‌തമായി ചിന്തിക്കാന്‍ ശ്രമിക്കാറുണ്ട്‌.

എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി മാധ്യമങ്ങളും മാറുന്ന കാഴ്‌ചകളാണ്‌ നാം കാണുന്നത്‌. സര്‍ക്കാര്‍ മാത്രമാണ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ എന്ന ചിന്താഗതി ശരിയല്ല. ഇന്ത്യയിലെഏറ്റവും വലിയ എസ്റ്റാബ്ലിഷ്‌മെന്റ്‌ മതമാണ്‌. അവയ്‌ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ല. മാധ്യമങ്ങളിലൂടെയാണ്‌ അന്ധവിശ്വാസങ്ങള്‍ ശക്തിപ്പെടുന്നതെന്ന ദുസ്ഥിതിയുമുണ്ട്‌. ചവറ്റുകുട്ടയിലേക്ക്‌ എറിഞ്ഞുകളഞ്ഞ ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന്‌ വലിയ ശക്തിയോടെ തിരിച്ചുവരുന്നു. ഇതിനെതിരേ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ല.

ആറ്റുകാല്‍ പൊങ്കാല പത്തുവര്‍ഷം മുമ്പ്‌ ഒരു ചെറുകിട ഉത്സവമായിരുന്നു. ടിവിയും മറ്റും തത്സമയം സംപ്രേഷണവുമൊക്കെയായി ഇതിനെ മഹാസംഭവമാക്കി. അക്ഷയ ത്രിതീയ ഏതാനും ജുവലറി മുതലാളിമാരുടെ സ്വര്‍ണ്ണം വില്‍ക്കാനുള്ള താത്‌പര്യത്തില്‍ നിന്നുള്ളവയാണെന്ന്‌ ജനം തിരിച്ചറിയുന്നില്ല. ഇതൊക്കെ കേരളത്തെ പിന്നോട്ടു നയിക്കുന്നു.

ആള്‍ദൈവങ്ങള്‍ക്കുവരെ സ്വന്തം ചാനലുകള്‍ ഉള്ളതുകൊണ്ടാകാം പരസ്‌പരം വിമര്‍ശിക്കണ്ട എന്ന്‌ മറ്റ്‌ മാധ്യമങ്ങള്‍ കരുതുന്നത്‌. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റും ചെറുപ്രായത്തില്‍ തന്നെ പുരുഷമേധാവിത്വത്തിലേക്ക്‌ സ്‌ത്രീയെ തള്ളിവിടുന്ന അവസ്ഥ സൃഷ്‌ടിക്കുന്നു.

പര്‍ദയ്‌ക്കെതിരേ ഇന്ത്യാ വിഷന്‍ ഈയിടെ ഒരു പരിപാടി അവതരിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷമ പറഞ്ഞത്‌ നാം കണ്ടതാണ്‌. ഇത്തരം പ്രവണതകള്‍ക്ക്‌ നിര്‍ലജ്ജം കീഴ്‌പ്പെടുന്ന മാധ്യമങ്ങളാണുള്ളതെന്നതില്‍ സങ്കടമുണ്ട്‌.

പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക്‌ മുന്നോട്ടുപോകാനുള്ള അവസരമൊരുക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണം. എല്ലാം മാധ്യമങ്ങള്‍ ചെയ്യണം എന്നൊന്നും ഇതില്‍ അര്‍ത്ഥമാക്കേണ്ടതില്ല- ബലറാം പറഞ്ഞു.

മറ്റൊരു ഹരിത എം.എല്‍.എ ആയ വി.ഡി. സതീശന്‍ ,
ബല്‍റാമിനോട്‌ പൂര്‍ണ്ണമായി യോജിച്ചില്ല. രാഷ്‌ട്രീയ നേതൃത്വം ശരിക്ക്‌ നയിക്കുന്നവരാകാത്തതാണ്‌ മാധ്യമങ്ങള്‍ക്കു പിന്നാലെ പോകേണ്ട സ്ഥിതിയുണ്ടാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉദാഹരണം സോളാര്‍ വിഷയം തന്നെ. നാലു മാസം കഴിഞ്ഞിട്ടും അതില്‍ ചുറ്റിക്കറങ്ങുന്ന മാധ്യമങ്ങളെ അതില്‍ നിന്നു മാറ്റാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനാകുന്നില്ല. രാഷ്‌ട്രീയ അജണ്ട രാഷ്‌ട്രീയ നേതൃത്വം തന്നെ നിശ്ചയിക്കണം.

അട്ടാപ്പാടിയില്‍ ഒട്ടേറെ ശിശുക്കള്‍ മരിച്ചു. അതു ശിശുമരണമല്ല, കൊലപാതകമാണെന്ന്‌ താന്‍ പറയും. അവിടെ സംവിധാനങ്ങള്‍ക്ക്‌ കുറവില്ല. പക്ഷെ
സംവിധാനങ്ങള്‍ എത്തേണ്ടിടത്ത്‌ എത്തിയില്ല. നമ്മുടെ കുഴപ്പം എന്താണെന്ന്‌ നാം തന്നെ മനസിലാക്കണം.

പണ്ടൊക്കെ വിശപ്പു മാറിയാല്‍ ദാരിദ്ര്യം മാറി എന്നു കരുതുമായിരുന്നു. എന്നാല്‍ നല്ല വെള്ളം കിട്ടിയില്ലെങ്കില്‍, നല്ല വിദ്യാഭ്യാസ സൗകര്യങ്ങളില്ലെങ്കില്‍, നല്ല ആരോഗ്യ സംരക്ഷണ സംവിധാനമില്ലെങ്കില്‍ അതൊക്കെ ദാരിദ്ര്യലക്ഷണമാണ്‌. സമുദായങ്ങള്‍ക്കെതിരേ ശബ്‌ദിക്കാന്‍ ആര്‍ക്കും ആവുന്നില്ല. മുട്ടുവിറയ്‌ക്കും. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സമുദായ നേതൃത്വം രാഷ്‌ട്രീയ നേതൃത്വത്തെ വെല്ലുവിളിക്കുന്ന സ്ഥിതി വന്നു. സമുദായങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന രീതിയാണിപ്പോള്‍. അതു മാറിയേ തീരൂ- സതീശന്‍ പറഞ്ഞു.

കേരളത്തില്‍ 180 വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിംഗ്‌ സംവിധാനത്തിലൂടെയാണ്‌ ടിവി പരിപാടികളുടെ റേറ്റിംഗ്‌ തീരുമാനിക്കുന്നതെന്ന്‌ ശ്രീകണ്‌ഠന്‍ നായര്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വനിത ആരോപണമുന്നയിക്കുന്നത്‌ ഏഷ്യാനെറ്റില്‍ കാണിച്ചപ്പോള്‍ അന്നത്തെ ഉടമ ഡോ. റെജി മേനോന്‍ അതിനെ തടയുകയാണ്‌ ചെയ്‌തത്‌. വ്യഭിചാരം ലോകത്തെവിടേയും ഉണ്ടെന്നും അതൊന്നും വാര്‍ത്തയാക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. പിറ്റേന്ന്‌ ഏഷ്യാനെറ്റ്‌ പണം വാങ്ങിയോ അല്ലാതയോ വാര്‍ത്ത തമസ്‌കരിച്ചു എന്നായിരുന്നു ആരോപണം.

കെ. കരുണാകരന്‍ മരിച്ചപ്പോള്‍ നേതാക്കള്‍ കണ്ണീരുമായി ഓടിയെത്തി. അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അദ്ദേഹം ഇന്റന്‍സീവ്‌ കെയര്‍ യൂണീറ്റില്‍ കിടക്കുമ്പോള്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. കരുണാകരന്‍ മരിക്കുന്നതിനു തലേന്നാണ്‌ തന്റെ അമ്മ അതേസ്ഥലത്ത്‌ മരണപ്പെട്ടത്‌. അതിനാല്‍ സദാ സമയം അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഇതു പറയുന്നത്‌.

രാഷ്‌ട്രീയരംഗത്തെ വൃത്തികേടൊക്കെ മാധ്യമരംഗത്തുമുണ്ട്‌. കൈക്കൂലി വാങ്ങി വാര്‍ത്ത കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതുമൊക്കെ ഉണ്ടാകുന്നു- ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.

സ്‌നേഹത്തിന്റെ ഒരു തുരുത്തായി പ്രസ്‌ ക്ലബ്‌ നിലകൊള്ളുന്നതില്‍ പയനിയര്‍ പത്രത്തിലെ ജെ. ഗോപീകൃഷ്‌ണന്‍ അഭിനന്ദനം പ്രകടിപ്പിച്ചു. മാധ്യമരംഗത്തെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കിയ മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറം പ്രസ്‌ ക്ലബിന്‌ ഭാവികങ്ങള്‍ നേര്‍ന്നു.

പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒത്തുകൂടാനും അറിവുകള്‍ നേടാനുമുള്ള എളിയ സംരംഭമാണ്‌ ഇത്തരം കോണ്‍ഫറന്‍സുകളെന്ന്‌ മാത്യു വര്‍ഗീസ്‌ പറഞ്ഞു. പ്രതിസന്ധികളും പ്രശ്‌നങ്ങളുമുണ്ടായപ്പോഴും സംയമനത്തോടെ സംഘടനയെ നയിക്കാനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌.

ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറര്‍ സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ റെജി ജോര്‍ജ്‌, കണ്‍വെന്‍ഷന്‍ ചെയര്‍ ജോര്‍ജ്‌ ജോസഫ്‌, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജോര്‍ജ്‌ തുമ്പയില്‍, കൃഷ്‌ണകിഷോര്‍ എന്നിവരായിരുന്നു പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.

കേരളത്തില്‍ കാല്‍ ഇല്ലാത്തവര്‍ക്ക്‌ കൃത്രിമ കാല്‍ എത്തിക്കാനുള്ള ഫൊക്കാനയുടെ ശ്രമങ്ങള്‍ മറിയാമ്മ പിള്ള വിവരിച്ചു. ഫോമയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ നല്‍കിയ പങ്കിനെ ജോര്‍ജ്‌ മാത്യു നന്ദിയോടെ സ്‌മരിച്ചു.

(ശ്രദ്ധേയമായ സംവാദങ്ങളുടെ റിപ്പോര്‍ട്ട്‌ വരും ദിവസങ്ങളില്‍).
തീപാറുന്ന സംവാദങ്ങളുമായി പ്രസ്‌ ക്ലബ്‌ സമ്മേളനത്തിനു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക