Image

അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍

ഡോ. മുരളീരാജന്‍ Published on 03 November, 2013
അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍
ആരും അതിശയിച്ചുപോകുന്ന ഒരു യഥാര്‍ത്ഥ പ്രണയ കഥ ഉടന്‍ വെള്ളിത്തിരയിലെത്തുന്നു. കാഞ്ചനമാല എന്ന കാമുകി, മൊയ്‌തീന്‍ എന്ന കാമുകനുവേണ്ടി സെല്ലുലോയ്‌ഡില്‍ ഒരുക്കുന്ന പ്രണയ സ്‌മാരകം കൂടിയാണിത്‌. ചലച്ചിത്രത്തിന്റെ പേര്‌ `എന്നു നിന്റെ മൊയ്‌തീന്‍'.

1960-കളില്‍ കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ്‌ സിനിമയാകുന്നത്‌. മുക്കത്ത്‌ സുല്‍ത്താന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ്‌ ഈ പ്രണയകഥയിലെ നായകനും നായികയും.

പൃഥ്വിരാജും, പാര്‍വതി മേനോനുമാണ്‌ വെള്ളിത്തിരയിലെ നായകനേയും നായികയേയും അനശ്വരമാക്കുന്നത്‌. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌ ആര്‍.എസ്‌. വിമല്‍. ന്യൂട്ടന്‍ മൂവീസിന്റെ ബാനറില്‍ സുരേഷ്‌ രാജ്‌ (വാഷിംഗ്‌ടണ്‍), ബിനോയ്‌ ശങ്കരത്ത്‌ (വാഷിംഗ്‌ടണ്‍) എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്തന്‌.

കാമുകനുവേണ്ടി ഒരു മനുഷ്യായുസ്‌ മുഴുവന്‍ കാത്തിരിക്കുന്ന കാഞ്ചനമാലയും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്ന മൊയ്‌തീന്റേയും പ്രണയകഥ നമുക്ക്‌ കേട്ടുകേഴ്‌വി പോലുമില്ലാത്തവിധമാണ്‌. വ്യത്യസ്‌തമായ സമുദായക്കാരാണെങ്കിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു ഉണ്ണിമൊയ്‌താന്‍ സാഹിബും കൊറ്റങ്ങള്‍ അച്യുതനും. അക്കാലത്ത്‌ മതത്തെ അവഗണിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാഗ്രഹിച്ച കാഞ്ചനയും മൊയ്‌തീനും പിന്നീട്‌ പ്രണയം തന്നെ ഒരു യഥാര്‍ത്ഥ മതമാക്കി മാറ്റുകയായിരുന്നു.

മകള്‍ക്ക്‌ പഠിക്കാന്‍ അടുത്തെങ്ങും സ്‌കൂള്‍ ഇല്ലാതിരുന്ന കാലത്ത്‌ അച്യുതന്‍ സ്വന്തമായി സ്‌കൂള്‍ തുടങ്ങി. അവിടെയാണ്‌ കാഞ്ചനമാല പഠിച്ചത്‌. മൊയ്‌തീനും അതേ സ്‌കൂളില്‍തന്നെയായിരുന്നു. അങ്ങനെ ഒരു ദിവസം പച്ച നിറമുള്ള സി.ഡബ്ല്യു.എം.എസ്‌ ബസിന്റെ സൈഡ്‌ മിററില്‍ കാഞ്ചന രണ്ട്‌ വെള്ളാരംകണ്ണുകള്‍ തന്നെ നോക്കിയിരുന്നത്‌ ശ്രദ്ധിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ കാഞ്ചനയെ തന്നെ നോക്കിയിരുന്ന മൊയ്‌തീന്‍. ഇരുവരുടേയും പ്രണയ യാത്ര അവിടെ തുടങ്ങി. പ്രണയ വിവരം അറിഞ്ഞ്‌ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ മകനെ വീട്ടില്‍ നിന്നും പുറത്താക്കി. നാട്ടില്‍ ഭൂകമ്പമായി. കാഞ്ചനയുടെ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ വീട്ടുതടങ്കലിലാക്കി.

അക്കാലത്തെ സാമൂഹിക വ്യവസ്ഥികള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തിയ രണ്ട്‌ റിബലുകളായിരുന്നു കാഞ്ചനയും മൊയ്‌തീനും. നേതാജിയുടെ ആരാധകനായിരുന്നു മൊയ്‌തീന്‍. സ്‌പോര്‍ട്‌സ്‌ ഹെറാള്‍ഡ്‌ എന്ന മൊയ്‌തീന്റെ സ്‌പോര്‍ട്‌സ്‌ മാസിക അക്കാലത്ത്‌ പ്രകാശനം ചെയ്‌തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. സ്‌പോര്‍ട്‌സ്‌ ലേഖകനും ഫുട്‌ബോള്‍ താരവുമായിരുന്ന മൊയ്‌തീന്‍ സിനിമാ നിര്‍മാതാവും നടനുമായിരുന്നു. ജയന്‍ നായകനായ `അഭിനയം' എന്ന ഹിറ്റ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ മൊയ്‌തീനാണ്‌. എം.ടി, തീക്കൊടിയന്‍, എം.പി മുഹമ്മദ്‌, പുനത്തില്‍ കുഞ്ഞബ്‌ദുള്ള, പഴവിള രമേശന്‍, പി.ആര്‍ കുറുപ്പ്‌ തുടങ്ങി വന്‍ സുഹൃദ്‌വലയം മൊയ്‌തീനുണ്ടായിരുന്നു. ചുരുക്കത്തില്‍ മൊയ്‌തീന്‍ ഇല്ലാതെ മുക്കത്ത്‌ ഒന്നുമില്ല. ഇരുവഴിഞ്ഞിപ്പുഴയുടെ ഇതിഹാസമായിരുന്നു മൊയ്‌തീന്‍.

ഇതുതന്നെയാണ്‌ കാഞ്ചനമാലയും. കോളജിലെ ജാതിവ്യവസ്ഥയ്‌ക്ക്‌ എതിരേയും ഒരേ പന്തിയിലെ ഭക്ഷണത്തിന്റെ വിവേചനത്തിനുമൊക്കെ എതിരേ ശബ്‌ദമുയര്‍ത്തി അധികാരികളുടെ കണ്ണിലെ കരടായി മാറിയ ആളാണ്‌ കാഞ്ചനമാല. പക്ഷെ വീട്ടുതടങ്കലിലായതോടെ മൊയ്‌തീന്റെ ഓര്‍മ്മകള്‍ മാത്രമായി കാഞ്ചനയ്‌ക്ക്‌ കൂട്ട്‌.

25 വര്‍ഷമാണ്‌ കാഞ്ചനയ്‌ക്ക്‌ വീട്ടുതടങ്കലിലില്‍ കഴിയേണ്ടിവന്നത്‌. മൊബൈലും ഇന്റര്‍നെറ്റും ഇല്ലാതിരുന്ന അക്കാലത്ത്‌ ആശയവിനിമയം നടത്താന്‍ കാഞ്ചന അവര്‍ക്കുവേണ്ടി മാത്രം ഒരു ലിപി കണ്ടുപിടിച്ചതാണ്‌ അവരുടെ പ്രണയ ജീവിതത്തിലെ മറ്റൊരു അത്ഭുതം. ആ ലിപി അവര്‍ക്കുമാത്രമേ അറിയാവൂ.

മാനുഖാക്ക എന്നാണ്‌ മുക്കത്തുകാര്‍ മൊയ്‌തീനെ വിളിക്കുക. അവര്‍ വിളിച്ചാല്‍ ഏതു ലോകത്താണെങ്കിലും മൊയ്‌തീന്‍ പാഞ്ഞെത്തും. 1982 ജൂലൈ 15-ലെ ഒരു മാമ്പഴക്കാലത്ത്‌ തോണി മറിഞ്ഞ്‌ പുഴ തന്റെ ജീവനെടുക്കുംവരെ മുക്കത്തുകാര്‍ക്കുവേണ്ടി ജീവിച്ചു മരിച്ച ആളാണ്‌ മൊയ്‌തീന്‍. ഒടുവില്‍ മരണാനന്തരം മൊയ്‌തീനെ ഇന്ത്യന്‍ രാഷ്‌ട്രപതി ധീരതയ്‌ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചതും മുക്കത്തുകാര്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.

ജീവിത്തില്‍ ഒരിക്കലും ഒരുമിക്കാത്തവരാണ്‌ കാഞ്ചനയും മൊയ്‌തീനും. പക്ഷെ 74 വയസുള്ള കാഞ്ചന ഇന്ന്‌ അറിയപ്പെടുന്നത്‌ മൊയ്‌തീന്റെ വിധവയായിട്ടാണ്‌. മൊയ്‌തീന്‍ മരിച്ചശേഷം കാഞ്ചന അന്ന്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നു. പക്ഷെ അന്ന്‌ അത്‌ അവര്‍ ചെയ്‌തിരുന്നെങ്കില്‍ ഒരു സാധാരണ പൈങ്കിളി പ്രണയകഥ മാത്രമാകുമായിരുന്നു കാഞ്ചനയുടേയും മൊയ്‌തീന്റേയും ജീവിതം. ഇന്ന്‌ കാഞ്ചന മൊയ്‌തീന്റെ പേരില്‍ നിരവധി സാമൂഹിക സന്നദ്ധ സംഘടനകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. മുക്കത്തെ ബി.പി മൊയ്‌തീന്‍ സേവാന്ദിര്‍, ബി.പി. മൊയ്‌തീന്‍ ലൈബ്രറി, നേതാജി അന്ത്യോദയ കേന്ദ്രം, അനിത ചില്‍ഡ്രന്‍സ്‌ ക്ലബ്‌, അനിത ടെയ്‌ലറിംഗ്‌ ക്ലാസ്‌, സ്‌ത്രീ രക്ഷാകേന്ദ്രം, മോചന വിമന്‍സ്‌ ക്ലബ്‌, പരിസ്ഥിതി വിദ്യാലയം, ഫാമിലി കൗണ്‍സിലിംഗ്‌ സെന്റര്‍ ....അങ്ങനെ നിരവധി പ്രസ്ഥാനങ്ങള്‍ നടത്തുന്നു.

സാമൂഹിക നന്മകളിലൂടെ ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാന്‍ കഴിയാത്ത കാമുകനെ ഓര്‍ത്ത്‌ ജീവിക്കുന്ന ലോകത്തെ ഏക കാമുകി ഒരുപക്ഷെ കാഞ്ചനയായിരിക്കും, മുക്കത്തെ മൊയ്‌തീന്റെ മണമുള്ള ഇത്തിരി മണ്ണില്‍ ഒരു സ്‌മാരകം പണിയുകയാണ്‌ കാഞ്ചനയുടെ ഇപ്പോഴത്തെ ഉദ്യമം. ഇനിയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ഈ സ്‌മാരകം കേന്ദ്രീകരിച്ചായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ `ജലംകൊണ്ട്‌ മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററിയിലൂടെ കാഞ്ചനയുടേയും മൊയ്‌തീന്റേയും പ്രണയകഥ ചിത്രീകരിച്ച ആര്‍.എസ്‌ വിമല്‍ തന്നെയാണ്‌ ഈ ചലച്ചിത്രത്തിന്റേയും സംവിധായകന്‍. ഡോക്യുമെന്ററിയും തിരക്കഥയും കണ്ട പൃഥ്വിരാജ്‌ മൊയ്‌തീന്റെ വേഷം അണിയാന്‍ സമ്മതിക്കുകയായിരുന്നു. ഭരത്‌ ബാലയുടെ സംവിധാനത്തില്‍ ധനുഷ്‌ നായകനായ `മരിയാന്‍' എന്ന തമിഴ്‌ ചിത്രത്തിലെ നായികയായ പാര്‍വതി മേനോന്‍ കാഞ്ചന ആകാനുള്ള തയാറെടുപ്പിലാണ്‌. കൂടാതെ മലയാളത്തിലെ ഒരു വന്‍ താരനിര തന്നെ `എന്നു നിന്റെ മൊയ്‌തീന്‍' എന്ന ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ മഴ ഒരു പ്രധാന കഥാപാത്രമായതിനാല്‍ ജൂണില്‍ ചിത്രീകരണം ആരംഭിക്കും.

റഫീഖ്‌ അഹ്‌മദിന്റെ വരികള്‍ക്ക്‌ രമേശ്‌ നാരായണ്‍ ആണ്‌ സംഗീതം നല്‍കുന്നത്‌. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, രമേശ്‌ നാരായണ്‍, ടെജി മണലേല്‍ (വാഷിംഗ്‌ടണ്‍) എന്നിവരാണ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യുസര്‍മാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.ഡി. ശ്രീകുമാര്‍.
അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍അനശ്വര പ്രണയത്തിന്റെ ലിപി `എന്നു നിന്റെ മൊയ്‌തീന്‍' വെള്ളിത്തിരയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക