Image

പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: സെമിനാര്‍ വിഷയങ്ങളായി

ജോര്‍ജ്ജ് തുമ്പയില്‍ Published on 22 October, 2011
പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: സെമിനാര്‍ വിഷയങ്ങളായി
ന്യൂയോര്‍ക്ക് : പല സംസ്ഥാനങ്ങളിലായി ചിതറിക്കിടന്ന മലയാള മാധ്യമരംഗത്തെ ഒന്നിച്ചണി നിരത്തി, ചുരങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു.

വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളുടെ രൂപരേഖ തയാറായതായി സെമിനാറുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന കണ്‍വീനര്‍ ജോസ് കണിയാലി അറിയിച്ചു. 'ദൃശ്യ - മാധ്യമ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് ജോണ്‍ ബ്രിട്ടാസ് (ഏഷ്യാനെറ്റ്) സംസാരിക്കും. വാര്‍ത്തകള്‍ക്കു പിന്നിലെ വാര്‍ത്തകളെ കുറിച്ച് ബി.സി. ജോജോ (കേരളാ കൗമുദി), പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ചും ഇത് രാഷ്ട്രീയ മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡി. വിജയമോഹന്‍ (മലയാള മനോരമ) എന്നിവര്‍ പ്രതിപാദിക്കും. വിഷ്വല്‍ ജേര്‍ണലിസത്തിലെ നീതി വിഷയമായ പ്രശ്‌നങ്ങള്‍ക്കും വ്യതിചലിക്കുന്ന ഗതിവിഗതികളും എന്ന പ്രമേയം റോയി മാത്യു (സൂര്യാ ടിവി) അവതരിപ്പിക്കും.

ശനിയാഴ്ച വൈകിട്ട് നടക്കുന്ന കലാപരിപാടി എം.ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യാ പ്രസ് ക്ലബിന്റെ ഒന്‍പത് ചാപ്റ്ററുകളില്‍ നിന്നുള്ള ഡെലിഗേറ്റുകള്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന് എത്തും. താഴെ പറയുന്നവരാണ് ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ :

കാനഡ: ജിമ്മി (സികെടിവി ടൊറന്റോ)
വാഷിങ്ടണ്‍ : ഷിബു സാമുവല്‍
ഫ്‌ളോറിഡ: സുനില്‍ തൈമറ്റം
ഒക്‌ലഹോമ: ശങ്കരന്‍കുട്ടി
ലൊസാഞ്ചല്‍സ് : മനു തുരുത്തിക്കാടന്‍
ഫിലഡല്‍ഫിയ: ഫാ. ഷേബാലി
ചിക്കാഗോ: ബിജു സഖറിയ
ടെക്‌സസ് : ഏബ്രഹാം തോമസ്
ന്യൂയോര്‍ക്ക്: സുനില്‍ ട്രൈസ്റ്റാര്‍

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് വേദിയായ സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ എത്തിച്ചേരും. വൈകിട്ട് പ്രസ് ക്ലബ് അംഗങ്ങളും നാട്ടില്‍ നിന്നു വരുന്ന വിശിഷ്ടാതിഥികളും മാത്രം പങ്കെടുക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനാണ്. പരസ്പരം പരിചയപ്പെടുവാനും കോണ്‍ഫറന്‍സിന്റെ ഗ്രൗണ്ട് റൂള്‍സ് മനസിലാക്കുന്നതിനുള്ള വേദിയാണിത്. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്നേ വരെയുള്ള പുരോഗതി അവലോകനം ചെയ്യുകയും പിറ്റേന്ന് രാവിലെ മുതല്‍ തുടങ്ങുന്ന കോണ്‍ഫറന്‍സിന്റെ നടത്തിപ്പ്, വിശാലമായ കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് ഔപചാരികമായി കൈമാറുകയും ചെയ്യും.

സംഘാടക മികവിന് പുതിയ ഭാഷ്യം രചിച്ച ഇന്ത്യാ പ്രസ് ക്ലബിന്റെ നാലാമത് ദേശീയ കോണ്‍ഫറന്‍സിന് ന്യൂജഴ്‌സിയില്‍ തിരി തെളിയുമ്പോള്‍ സ്വര്‍ണ്ണപ്രഭ പകരുവാന്‍ മലയാള മണ്ണില്‍ നിന്നെത്തുന്ന രാഷ്ട്രീയ - മാധ്യമ - സാംസ്‌കാരിക രംഗങ്ങളിലെ ആചാര്യരെ വരവേല്‍ക്കുവാന്‍ സംഘാടക സമിതിയുടെ തുയിലുണര്‍ത്ത് പാട്ടിന് ഇനി കാതോര്‍ക്കുക.
പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: സെമിനാര്‍ വിഷയങ്ങളായി പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: സെമിനാര്‍ വിഷയങ്ങളായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക