Image

`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 29 October, 2013
`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
`വയലാര്‍ ഗര്‍ജിക്കുന്നു' എന്നു പാടിയതു പി. ഭാസ്‌കരനും `മാറ്റുവിന്‍ ചട്ടങ്ങളേ' എന്നു ഗര്‍ജിചത്‌ കുമാരനാശാനുമാണെങ്കില്‍, `ബലികുടീരങ്ങളേ... സ്‌മരണകളിരമ്പും രണസ്‌മാരകങ്ങളേ... ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍...' എന്ന തലമുറകളെ രോമാഞ്ചമണിയിച്ച സാക്ഷാല്‍ വയലാര്‍ രാമവര്‍മയുടെഗാനം കേട്ടുകൊണ്ടാണ്‌ ഞങ്ങള്‍ വയലാറിലെ രക്തസാക്ഷിമണ്‌ഡപത്തിനു മുമ്പിലൂടെ കടന്നുപോയത്‌. എങ്ങും ചുവപ്പു മാത്രം. 67 വര്‍ഷം മുമ്പു നടന്ന വെടിവയ്‌പില്‍ രക്തസാക്ഷികളായവരുടെ സ്‌മരണകള്‍ പൂത്തുനില്‍ക്കുന്ന ആ വളപ്പില്‍ ചുവപ്പുതോരണങ്ങളുടെ നടുവില്‍ നിറയെ ചുവന്ന കസേരകള്‍.

അവിടെനിന്നു കഷ്‌ടിച്ച്‌ അഞ്ഞൂറു മീറ്റര്‍ പോയാല്‍ വയലാര്‍ രവിയുടെ വീടായി്‌. അവിടെ മേഴ്‌സിയുടെയും തൊട്ടടുത്ത്‌ അച്ചുവിന്റെയും കുടീരങ്ങള്‍. അവിടെ കൈതപ്രം എഴുതിയ വരികള്‍ഇങ്ങനെ:`അച്ചുവെങ്ങുംപോയില്ല,വെയിലാറുമന്തിയില്‍ വയലാറിലൊഴുകുന്നോരിളനീര്‍ നിലാവാണച്ചൂട്ടന്‍...'

വയലാര്‍ രാമവര്‍മയുടെ കോവിലകം തലയുയര്‍ത്തി നില്‍ക്കുന്ന രാഘവപ്പറമ്പാണ്‌ അടുത്തത്‌. അവിടെ ഏകമകന്‍ ശരത്‌ചന്ദ്ര വര്‍മ പുതുക്കിപ്പണിയുന്ന വീട്‌. `കുട്ടന്‍' എന്ന്‌ വീട്ടുകാരും നാട്ടുകാരും ഓമനിച്ചു വിളിച്ചിരുന്ന രാമവര്‍മ അമ്പതു വര്‍ഷം മുമ്പു പണിയിച്ച വീട്‌. പുതിയ വീടിന്‌ കാവ്യാത്മകമായ പേരു നല്‍കുമോ എന്നറിയാന്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ കേള്‍ക്കാം: `ചലനം ചലനം ചലനം... മാനജീവിതപരിണാമത്തിന്‍ മയൂരസന്ദേശം...' എന്ന വയലാറിന്റെ `വാഴ്‌വേമായ'ത്തിലെ അനശ്വരഗാനം, യേശുദാസിന്റെ മാന്ത്രികസ്വരത്തില്‍.

വയലാറിന്റെ മുപ്പത്തെട്ടാം ചരമദിനത്തില്‍ (ജീവിച്ചിരുന്നെങ്കില്‍ മാര്‍ച്ച്‌ 25ന്‌ 86 തികയുമായിരുന്നു. 47 വയസ്സിനുള്ളില്‍ 233 ചിത്രങ്ങള്‍, 2000 ഗാനങ്ങള്‍. `പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം' പോലെ വയലാറിന്റെ പുതിയ വരികള്‍ മലയാളിക്ക്‌ വീണ്ടും വീണ്ടും കേള്‍ക്കാനാകുമായിരുന്നു.) കുടുംബം നല്‍കിയ സ്ഥലത്ത്‌ പണിതീരാതെ നില്‍ക്കുന്ന സ്‌മൃതിമന്ദിരം. അവിടെ രാവിലെ മുതല്‍ പുഷ്‌പാര്‍ച്ചന. ആരാധകരിലൊരാള്‍ വയലാര്‍ രവിയുടെ സഹോദരനും ഡി.സി.സി സെക്രട്ടറിയുമായ എം.കെ. ജിനദേവ്‌ ആയിരുന്നു. പിന്നീടെത്തി, തോമസ്‌ ഐസക്‌, പാര്‍ലമെന്റ്‌ അംഗം സി.എസ്‌. സുജാത മുതല്‍ പേര്‍.

വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടി (82) ഹൈദരാബാദില്‍ കൊച്ചുമകളെ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയതേയുള്ളൂ. പ്രിയതമന്റെ ചിത്രത്തിനു മുമ്പില്‍ ഒരു നിമിഷം നിരുദ്ധകണ്‌ഠയായി അവര്‍ നിന്നു. `ഇന്നലെ എന്റെ നെഞ്ചിലെ... കുഞ്ഞുമണ്‍വിളക്കൂതിയില്ലേ... കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ... കുരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്‌ക്കു നിന്നില്ലേ....' എന്നവര്‍ ഓര്‍ത്തിട്ടുണ്ടാവുമെന്നുറപ്പ്‌. മകന്‍ ശരത്തിന്റെ കൂട്ടുകാരനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. 2006ല്‍ `എന്റെ പ്രിയപ്പെട്ട പാട്ടുകള്‍' എന്ന ഗിരീഷിന്റെ സമാഹാരത്തിന്‌ 'ഓര്‍മയിലെ രാത്രിമഴ പോലെ' എന്ന ശീര്‍ഷകത്തിലെഴുതിയ ആമുഖത്തില്‍ മേല്‍പ്പറഞ്ഞ വരികള്‍ ഭാരതി തമ്പുരാട്ടി ഉദ്ധരിച്ചു. എന്നിട്ടു പറഞ്ഞു: ``ഇന്ന്‌ ഈ കാവ്‌ ഇരുണ്ടുകിടക്കുന്നു... പിന്‍വിളികളില്ല. ഊന്നുവടികള്‍ നഷ്‌ടപ്പെട്ട വാര്‍ധക്യം. അകക്കണ്ണില്‍ മാത്രമാണു കണ്ണീര്‍. മുപ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്‌ എരിഞ്ഞടങ്ങിയ ചിതയുടെ ചൂട്‌ നെഞ്ചറിയുന്നു ഈ ഗാനം കേള്‍ക്കുമ്പോള്‍....''

``കുഞ്ഞുങ്ങളുടെ അച്ഛന്റെ കൈയക്ഷരങ്ങള്‍ പതിഞ്ഞ കടലാസുതുണ്ടുകള്‍ രാഘവപ്പറമ്പില്‍ കോവിലകത്ത്‌ ഇല്ലാതായതോടെ പാട്ടിന്റെ ലോകത്ത്‌ റേഡിയോയുടെ സഹായത്തോടെ മാത്രം സഞ്ചരിച്ചിരുന്ന കാലത്താണ്‌ എന്റെ മോന്‍ ശരത്‌ ആദ്യമായെഴുതിയ പുറത്തിറങ്ങിയ എന്റെ പൊന്നുതമ്പുരാന്‍ എന്ന ചിത്രത്തിലെഗാനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന, `ജോര്‍ജൂട്ടി C/o ജോര്‍ജൂട്ടി' എന്ന ചലച്ചിത്രത്തിലെ ഗാനത്തിലൂടെ ഗിരീഷ്‌ പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ ഞാന്‍ ആദ്യം കേള്‍ക്കുന്നത്‌'' - തമ്പുരാട്ടി.പറഞ്ഞു.

തമ്പുരാട്ടി ഇന്ന്‌ ഒറ്റയ്‌ക്കല്ല. 135 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശരത്‌ ഒപ്പമുണ്ട്‌. 27-നു ഞായറാഴ്‌ച ഓര്‍മകള്‍ പുതുക്കാന്‍ പെണ്‍മക്കള്‍ മൂവരും - ഇന്ദുലേഖ, യമുന, സിന്ധു (ആദ്യത്തെ രണ്ടുപേരും പാലക്കാട്‌, സിന്ധു ചാലക്കുടിയില്‍). അവരുടെ മക്കളും എത്തിയിരുന്നു. അവര്‍ സഹോദരന്റെ ഭാര്യ ശ്രീലതയോടും അവരുടെ മകള്‍ സുഭദ്രയോടുമൊത്ത്‌ അമ്മയ്‌ക്കു ചുറ്റും വാല്‍നക്ഷത്രങ്ങളെപ്പോലെ ഓടിക്കളിച്ചു.

ശരത്തിന്റെ ശുക്രനക്ഷത്രം ഉദിച്ചിരിക്കുന്നു. 2010ലും 11ലും ഇന്നിതാ 2013ലും പുരസ്‌കാരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി. ഇക്കൊല്ലം ഏഷ്യാനെറ്റിന്റെ ഏറ്റം നല്ല സിനിമാഗാനത്തിനുള്ള അവാര്‍ഡ്‌ നേടിയത്‌ ശരത്‌ രചിച്ച `അഴലിന്റെ ആഴങ്ങളില്‍...' എന്ന പാട്ടിനാണ്‌. ലാല്‍ ജോസിന്റെ `അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലെ ഈ ഗാനം പാടിയതാകട്ടെ കോട്ടയം സ്വദേശിയും എയര്‍ടെല്‍ സൂപ്പര്‍സിംഗര്‍ അവാര്‍ഡ്‌ ജേതാവുമായ നിഖില്‍ മാത്യു. നിഖില്‍ വയലാറിലെത്തിയിരുന്നില്ല.സംഗീതപരിപാടിയുമായി അമേരിക്കയിലാണ്‌.

പതിവുപോലെ പുരോഗമന കലാസാഹിത്യ സംഘം ചേര്‍ത്തല ഏരിയാ കമ്മിറ്റി, ഇപ്‌റ്റ (ഇന്ത്യന്‍ പീപിള്‍സ തിയേറ്റര്‍ അസോസിയേന്‍) യുവകലാസാഹിതി എന്നിവ ചേര്‍ന്നൊരുക്കിയ `വയലാര്‍ ഗാനാഞ്‌ജലി' കേള്‍വിക്കാരെ പിടിച്ചിരുത്തി. കാക്കിക്കുള്ളില്‍ കലാഹൃദയവുമായി കേരളത്തിലുടനീളം പാടിനടക്കുന്ന എസ്‌. ശശികുമാര്‍ ഐ.പി.എസ്‌ നയിച്ച ആലപ്പുഴയിലെ `സ്വരലയ' ആണ്‌ വയലാറിന്റെ തെരഞ്ഞെടുത്ത 12 പാട്ടുകള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ വ്യാപരിക്കുന്ന വയലാര്‍ സ്‌നേഹികളെക്കൊണ്ടു പാടിച്ചത്‌. എല്ലാം വയലാര്‍-ദേവരാജന്‍ ടീമിന്റേത്‌.

`സുപ്രഭാതം... നീലഗിരിയുടെ സഖികളേ.... ജ്വാലാമുഖികളേ...' (പണിതീരാത്ത വീട്‌), `പൂവും പ്രസാദവും ഇളനീര്‍ കുടവുമായ്‌ കാവില്‍ തൊഴുതു വരുന്നവളേ...' (തോക്കുകള്‍ കഥ പറയുന്നു, രണ്ടും പാടിയത്‌ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പ്രൊഫസര്‍ പി.ഡി. ഉണ്ണിക്കൃഷ്‌ണന്‍ കര്‍ത്താ). `കാറ്റില്‍ ഇളംകാറ്റില്‍ ഒഴുകിവരും ഗാനം...' (ഓടയില്‍നിന്ന്‌), `അഷ്‌ടമിരോഹിണി രാത്രിയില്‍ അമ്പലമുറ്റത്തു നില്‍ക്കുമ്പോള്‍...' (ഓമനക്കുട്ടന്‍) - രണ്ടും പാടിയത്‌ അനില രാജീവ്‌, ഇന്‍ഫോസിസ്‌ തിരുവനന്തപുരം. `പൂവുകള്‍ക്കു പുണ്യകാലം... മെയ്‌മാസ രാവുകള്‍ക്കു വേളിക്കാലം...' (ചുവന്ന സന്ധ്യകള്‍), `കണ്ണു തുറക്കാത്ത ദൈവങ്ങളേ... കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ...' (അഗ്നിപുത്രി - ശ്യാമവിജയന്‍, ആലപ്പുഴ), `ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം' (കൊട്ടാരം വില്‍ക്കാനുണ്ട്‌ - അംബികാ വിധു), `ചലനം... ചലനം... ചലനം... മാനവജീവിതപരിണാമത്തിന്‍ മയൂരസന്ദേശം...' (വാഴ്‌വേ മായം, സലിം ആലപ്പുഴ), `ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി...' (ഗന്ധര്‍വ്വക്ഷേത്രം -സൂരജ്‌) എന്നിങ്ങനെ പോയി പാട്ടുകള്‍.

ഗായകരില്‍ തിളങ്ങിനിന്നയാള്‍ ടീം ലീഡറായ ശശികുമാര്‍ തന്നെ. `വസുമതീ... ഋതുമതീ ഇവിടെ വരൂ... ഇന്ദ്രപുഷ്‌പഹാരമണിയിക്കൂ...' (ഗന്ധര്‍വ്വക്ഷേത്രം), `മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ...' (ചെമ്മീന്‍-മന്നാഡെ), `സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്‌പവുമായ്‌ വന്നു... ആരും തുറക്കാത്ത പൂമുഖ വാതിലില്‍ അന്യനെപ്പോലെ ഞാന്‍ നിന്നൂ...' (രാജഹംസം) യേശുദാസിനൊപ്പം വരുംവിധം ശശികുമാര്‍ ആലപിച്ചപ്പോള്‍ നീണ്ട കരഘോഷം. വയലാര്‍ ഗാനാഞ്‌ജലിക്കു മകുടം ചാര്‍ത്തിയ രണ്ടുപേര്‍കൂടി ഉണ്ടായിരുന്നു. ഒന്ന്‌, പുത്രന്‍ ശരത്‌ചന്ദ്ര വര്‍മ. `സുമംഗലീ നീ ഓര്‍മിക്കുമോ സ്വപ്‌നത്തിലെങ്കിലും ഈ ഗാനം...' (വിവാഹിത-യേശുദാസ്‌) ശരത്‌ പ്രസാദമധുരമായി ആലപിച്ചു - അച്ഛന്‌ മകന്‍ നല്‌കുന്ന തിരുമുല്‍ക്കാഴ്‌ച.

ഒരുകാലത്ത്‌ സംഗീതനാടക സദസ്സുകളില്‍ നിറഞ്ഞുനിന്ന മേദിനി എന്ന `കമ്യൂണിസ്റ്റുകാരി'യുടേതായിരുന്നു ഒടുവിലത്തേത്ത്‌. പ്രശസ്‌ത ചലച്ചിത്ര ഗാനരചയിതാവായിരുന്ന ശാരംഗപാണിയുടെ ഈ സഹോദരിക്ക്‌ വയസ്‌ 82. അവര്‍ പാടിയ `പെരിയാറേ പെരിയാറേ... പര്‍വ്വതനിരയുടെ പനിനീരേ... കുളിരുംകൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ...' സദസ്സിനെ യഥാര്‍ത്ഥത്തില്‍ പെരിയാറിന്റെ ശാദ്വലതീരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി.

ടീം: ആലപി ജോയി (കീബോര്‍ഡ്‌), പാപച്ചന്‍ (തബല).അനില്‍, സലിം (ഗിററാര്‍). അനു (റിധംബോര്‍ഡ്‌)

(തുടരും)
`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)`ഇന്നലെ എന്റെ നെഞ്ചിലെ....' വയലാറില്‍ ഇന്നും എരിഞ്ഞടങ്ങാത്ത കനലുകള്‍ (എക്‌സ്‌ക്ലൂസീവ്‌: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക