Image

നഴ്‌സ്‌ സമരം അഞ്ചാം ദിവസത്തിലേക്ക്‌; മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Published on 22 October, 2011
നഴ്‌സ്‌ സമരം അഞ്ചാം ദിവസത്തിലേക്ക്‌; മുഖ്യമന്ത്രി ചര്‍ച്ച നടത്തി
മുംബൈ: മുംബൈയില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്‌ കടന്നു. സമരം അടിയന്തിരമായി ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ടു. അദ്ദേഹം സമരസമിതി പ്രതിനിധികളുമായി ഫോണില്‍ ചര്‍ച്ചയും നടത്തി. നഴ്‌സുമാര്‍ക്കു സംരക്ഷണവും ഭക്ഷണ, താമസ സൗകര്യങ്ങളും ഉറപ്പാക്കാന്‍ മുംബൈയിലെ നോര്‍ക്ക ഓഫിസിനും സുരക്ഷ ഉറപ്പാക്കാന്‍ എഡിജിപിക്കും നിര്‍ദേശമുണ്ട്‌.

മലയാളി നഴ്‌സ്‌ ജീവനൊടുക്കിയതിനെ തുടര്‍ന്നാണ്‌ മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ഇരുന്നൂറിലേറെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്‌. ഇന്നലെ ആശുപത്രിക്കു മുന്നിലെ കുത്തിയിരിപ്പു സമരത്തിനിടെയുണ്ടായ പൊലീസ്‌ ലാത്തിച്ചാര്‍ജില്‍ മൂന്നു നഴ്‌സുമാര്‍ക്കു പരുക്കേറ്റു.

ഇന്നലെ നഴ്‌സുമാരുടെ ഹോസ്‌റ്റലില്‍ നിന്നു 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 26 പേരെ അധികൃതര്‍ പുറത്താക്കി. പ്രശ്‌നത്തില്‍ മഹാരാഷ്‌ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണ്‍ ആരോഗ്യമന്ത്രി സുരേഷ്‌ ഷെട്ടിയോടു റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഗവര്‍ണര്‍ നാളെ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാനുമായും വിഷയം ചര്‍ച്ചചെയ്യും.നഴ്‌സുമാരുടെ പ്രതിനിധികളും പിന്തുണയുമായി എത്തിയ മലയാളി സംഘടനാ പ്രതിനിധികളും ആശുപത്രി അധികൃതരുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആശുപത്രി അധികൃതര്‍ പുതിയ ബോണ്ട്‌ അടക്കം കൂടുതല്‍ വ്യവസ്‌ഥകള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ അറിയിച്ചു. പതിനായിരം രൂപ സ്‌ഥിരനിക്ഷേപമുള്ള ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങണമെന്നും ശമ്പളത്തില്‍ നിന്നു പ്രതിമാസം ആയിരം രൂപ വീതം അക്കൗണ്ടിലേക്കു പിടിക്കുമെന്നുമാണു പുതിയ വ്യവസ്‌ഥ. മുപ്പതിലേറെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്‌തസമിതി നാളെ ബാന്ദ്ര പൊലീസ്‌ കമ്മിഷണര്‍ ഓഫിസിലേക്കു മാര്‍ച്ച്‌ നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക