Image

മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയിലെ വീഴ്ചയും കേരള സംസ്‌കാരത്തിന്റെ അപചയവും

കോരസണ്‍ വര്‍ഗീസ് Published on 30 October, 2013
മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയിലെ വീഴ്ചയും കേരള സംസ്‌കാരത്തിന്റെ അപചയവും

കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരിലെ ഇടതു പക്ഷ ഉപരോധ സമരത്തില്‍ നിന്നും കല്ലേറു കൊണ്ട് നെറ്റിത്തടത്തിലും നെഞ്ചിലും ക്ഷതം സംഭവിച്ചു എന്നു കേട്ടത് ഞെട്ടലോടെയായിരുന്നു. അതിലേറെ നടുക്കത്തോടെയാണ് ഒരു സുഹൃത്തിന്റെ വിലയിരുത്തല്‍ കേട്ടപ്പോള്‍ . “ഒക്കെ വെറും അഭിനയമല്ലേ ? മാധ്യമശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് , ഉമ്മന്‍ ചാണ്ടി വലിയ ഒരു ഗുണ്ടയാണ്” ചാനല്‍ വിചാരണ അതിലും കടന്നു  - എത്ര വേഗത്തില്‍ ഇടിച്ചാല്‍ കണ്ണാടി പൊട്ടിച്ചിതറും ? അതു നെഞ്ചിലിടിച്ചാല്‍ തെറിച്ചു പോകുമോ, അപ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചെന്താ ലോഹം കൊണ്ടുണ്ടാക്കിയതാണോ - ഇങ്ങനെ വാര്‍ത്തകളും പ്രതികരണവും തുടര്‍ന്നു.

കല്ലിന്റെ ഗതിയും സാങ്കേതികവശം തിരക്കാനായി  വിദഗ്ദരുമായി അഭിപ്രായം തിരയുന്ന അമേരിക്കയിലുള്ള മലയാളി നേതാക്കള്‍ കൂട്ടത്തോടെയും, സ്വന്തമായും നടുക്കം രേഖപ്പെടുത്തി മന്ദഹസിക്കുന്ന ചിത്രങ്ങളുമായി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു നിറയുന്നു. ഏന്തേ മലയാളി മനസ്സിനു ഇത്ര തരം താഴ്ന്ന തീതിയില്‍ ചിന്തിക്കാനും പ്രതികരിക്കാനും സാധിക്കുന്നതെന്ന് അറിയാതെ വ്യസനിച്ചു പോയി. എഴുപതു തികയുന്ന ഒരു വൃദ്ധന്റെ നെഞ്ചിലെ വേദനയും തിരുനെറ്റിയിലെ ചോരയും , സ്വന്തം കുടുംബം നേരിടുന്ന വ്യധയും , സാംസ്‌കാരിക മലയാളിക്ക് ഹൃദയത്തിലേല്‍പ്പിച്ച ഉണങ്ങാത്ത മുറിവും ആരും കണ്ടില്ല.

ആരോ പറയുന്നതു കേട്ടിട്ടുണ്ട് മലയാളിക്ക് ആസ്വദിച്ച് സിനിമ കാണാന്‍ പറ്റില്ല എന്ന്. കാരണം അവന് യുക്തിക്ക് ചേരാത്തത് ആസ്വദിക്കാനൊക്കില്ല, തമിഴനും തെലുങ്കനും സിനിമയില്‍ പറന്നു നടന്നു ശത്രുക്കളെ നിഗ്രഹിക്കുന്ന സിനിമകള്‍ മലയാളിക്ക് ഒരിക്കലും സഹിക്കാനാവില്ല. അവനു ഫാന്റസിയില്ല, അവനു എല്ലാം യുക്തിപരം, എപ്പോഴും അവന്റെ വിരല്‍ ചൂണ്ടി തന്നെയിരിക്കും, ആത്മാര്‍ത്ഥമായി ചിരിക്കാനോ സന്തോഷിക്കാനോ അവന് ജീവിതത്തില്‍ സാധിക്കില്ല. ഇതു നമ്മുടെ സമൂഹത്തിന്റെ ഒരു അപചയമാണെന്നു പറയാതെ വയ്യ !

വ്യക്തിപരമായി ഞാനൊരു ഉമ്മന്‍ ചാണ്ടി ഫാന്‍ അല്ല എങ്കിലും, വ്യക്തിഹത്യയും കുടുംബത്തെപ്പോലും വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുകയും, ജനാധിപത്യപരമായി തിരഞ്ഞെടുത്ത ജനനേതാവെന്ന നിലയില്‍ മത്സരിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ , എന്തേ മിതമായി പ്രതികരിച്ച് അതിശയിപ്പിക്കുന്ന മനസാന്നിദ്ധ്യത്തോടെ മറുപടി പറയുകയും ചെയ്യുന്നത് എന്നത് ആദരവോടെ മാത്രമേ വീക്ഷിക്കാനാവൂ. ഓരോ വാക്കുകള്‍ പോലും ആരെയും മുറിപ്പെടുത്താതെ ആര്‍ദ്രമായി അഭികാമ്യമായി വിക്കി-വിക്കി - പറയുമ്പോഴും ഈ കാലഘട്ടത്തിലെ ഒരു അത്ഭുത പുരുഷനായിട്ടേ ആ വ്യക്തിത്വത്തെ കാണാനാവൂ.

കേരള രാഷ്ട്രീയത്തില്‍ ശ്രീ. പനമ്പളി ഗോവിന്ദമേനോനും, ഇ.എം.എസ്സും , ശ്രീ . അച്ചുത മേനോനും ഒഴികെ പരന്ന വായനയും , ലോകത്തെ ഒന്നാകെ ഒരേ കണ്ണാടിയില്‍ കൂടി വീക്ഷിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ അന്യം നിന്നു പോകുന്ന രീതിയാണ് കണ്ടുവരുന്നത്. .വിശാല വീക്ഷണമുള്ള ഭൗതിക പ്രതിഭകളില്‍ കേരള രാഷ്ട്രീയത്തില്‍ നിന്നും അകന്നു കഴിഞ്ഞു. ശ്രീ. ഉമ്മന്‍ചാണ്ടി ഒരു ഭൗതിക പ്രതിഭ ഒന്നും അല്ല, എന്നാലും നൂറ്റാണ്ടുകള്‍ക്കു മുമ്പ് രാഷ്ട്രീയ വീക്ഷണം നടത്തിയ ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടില്‍ നിര്‍വ്വചിച്ച തന്റെ താത്വികനായ രാജാവ് എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന അതുല്യനായ ജന നേതാവാണ് എന്ന് നിസ്സംശയം പറയാം. പടിപടിയായി വര്‍ഷങ്ങള്‍ നീണ്ടു നിന്ന ജനസമ്പര്‍ക്കത്തിലൂടെയും  സ്വയംഹത്യയിലൂടെയുമാണ് “താത്വിക രാജാവ്” ജനിക്കുന്നത്. അതീവ മനസാന്നിദ്ധ്യത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌ന പരിഹാരം തേടിയ ജനനേതാക്കള്‍ ഇന്ത്യയില്‍ പോലും അത്യപൂര്‍വ്വം.

എന്നാലും അദ്ദേഹത്തെ ചുറ്റിത്തിരിഞ്ഞ ഉപജാപകവൃന്ദം കാട്ടികൂട്ടിയ ചതികൂട്ടുകള്‍ ശ്രദ്ധിക്കാനാവാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ കെടുകാര്യസ്ഥതയിലെ കറുത്ത അദ്ധ്യായമാണ്. നിഴല്‍ പോലെ നിന്നവരെ ഇത്രയും വിശ്വാസിക്കാന്‍ പാടില്ലായിരുന്നു, ഇത്രയും നിഷ്‌കളങ്കനാകാന്‍ പാടില്ലായിരുന്നു എന്നു സാരം. മുഖ്യമന്ത്രി എന്നു മഹനീയസ്ഥാനം ഒരു ജനനേതാവിന്റെ ആല്‍മര ചുറ്റുവട്ടമല്ല, അത് ഭരണഘടന അനുശാസിക്കുന്ന അധികാര ദുര്‍ഗ്ഗമാണെന്ന തിരിച്ചറിവാണ് ഇവിടെ നഷ്ടം വന്നത് എന്ന് അംഗീകരിക്കേണ്ട വസ്തുതയാണ്.

ഇന്നു കേരള രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന അര്‍ബുദം ഗുണ്ടായിസ്സമാണ്. ഇത്രയും ഭീകരരും ഭീരുക്കളും ഉള്ള സമൂഹം എവിടെയും കാണുകില്ല.എല്ലാവരും എല്ലാവരേയും ഭയന്നാണ് ജീവിക്കുന്നത് . നാട്ടു ചട്ടമ്പി മൂത്താണ് രാജാവ് എന്ന പദവി ഉണ്ടാകുന്നതെന്ന്  കേട്ടിട്ടുണ്ട്. പണ്ട് ഹിന്ദി സിനിമയിലെ ഠാകൂര്‍ എന്നത് അവിശ്വസനീയമായി തോന്നിയിരുന്നുവെങ്കിലും ഇന്ന് രാഷ്ട്രീയ-മത മേഖലകളിലെ ഠാകൂര്‍മാരുടെ അധിനിവേശമാണ് കണ്ടു വരുന്നത് . അത് തനി കേരളത്തിന്റെ നേര്‍ക്കാഴ്ചയാണ്.

അഭിപ്രായ സ്വാതന്ത്ര്യമല്ല അഭിപ്രായ ധ്വംസനമാണ് ഇന്ന് കണ്ടുവരുന്നത്. തനിക്ക്  എതിരായ അഭിപ്രായത്തെ വേരോടെ ഇല്ലാതാക്കുന്ന കാടന്‍ സംസ്‌കാരമാണ് ടി.പി.ചന്ദ്രശേഖരന്‍ വധത്തോടെ കേരളത്തില്‍ നടപ്പിലായത്. ശ്രീ. അച്ചുതാനന്ദനെ പാര്‍ട്ടി പുറത്താക്കാത്തത് അദ്ദേഹത്തില്‍ ഉള്ള ജനസമ്മതികൊണ്ട് മാത്രമാണ്. ഇടതു പാര്‍ട്ടിയില്‍ പോലും തെക്കന്‍ കേരളവും വടക്കന്‍ കേരളവും പരസ്പരം മത്സരത്തില്‍ തന്നെയാണ്. ഒരേ സമുദായവും, ഒരേ ഭാഷയും ഒരേ സംസാകാരവും തമ്മില്‍ മത്സരിച്ചു ഇല്ലാതാവുന്നതാണ് കേരളത്തിന്റെ സമകാലിക അപചയം.



മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയിലെ വീഴ്ചയും കേരള സംസ്‌കാരത്തിന്റെ അപചയവും മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയിലെ വീഴ്ചയും കേരള സംസ്‌കാരത്തിന്റെ അപചയവും
Join WhatsApp News
Tom Mathew 2013-10-30 11:16:56
Very good article Korason.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക