Image

സ്‌നേഹത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്- കെ.എ. ബീന)

കെ.എ. ബീന Published on 28 October, 2013
സ്‌നേഹത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്- കെ.എ. ബീന)
ചില മനുഷ്യര്‍ എപ്പോഴാണ് മനസ്സിലേക്കും ജീവിതത്തിലേക്കും വന്നു കയറുക എന്ന് നിശ്ചയിക്കുക പ്രയാസം.  ഒരിക്കല്‍ കയറി വന്നു കഴിഞ്ഞാല്‍ പിന്നീടൊരുനാളും നഷ്ടപ്പെടാത്തവര്‍, നഷ്ടപ്പെടാനാകാത്തവര്‍ - ഗീതേച്ചി എനിയ്ക്കങ്ങനെയാണ്.

എന്‍.ഇ. ഗീത, ഗീത ബലറാം, ഗീത നസീര്‍ (കേരളത്തിലെ ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എന്‍.ഇ. ബലറാമിന്റെ പുത്രി.  പ്രമുഖ സി.പി.ഐ നേതാവും പി.എസ്.സി. അംഗവുമായിരുന്ന എം.നസീറിന്റെ ഭാര്യ) ഇങ്ങനെ പേരുകള്‍ പലതാകാം പലര്‍ക്കും - എനിക്ക് പക്ഷെ ഗീതേച്ചി, ഗീതേച്ചി മാത്രമാണ്.  പത്തരമാറ്റുള്ള സ്‌നേഹം, ആത്മാര്‍ത്ഥത, ഉത്തരവാദിത്വം, പ്രതിബദ്ധത അതൊക്കെയാണ് ഗീതേച്ചി. 

ഗീതേച്ചിയെ ആദ്യം കണ്ടത് എന്നായിരുന്നു?  1976 ലാണെന്നാണ് ഓര്‍മ്മ.  ഞാനന്ന് ആറാം ക്ലാസ്സിലാണ്.  ബാലവേദി പരിപാടികള്‍ക്കിടയില്‍ കണ്ടുമുട്ടിയ ഗീതേച്ചി പെട്ടന്ന് എനിക്കൊരു വിഗ്രഹമായി, ആരാധനയുടെ, ബഹുമാനത്തിന്റെ നിറങ്ങളില്‍ തിളങ്ങി നിന്ന വിഗ്രഹം.
ചുറുചുറുക്കും, നേതൃപാടവവും, ചെയ്യുന്ന കാര്യങ്ങള്‍ക്ക് നല്‍കുന്ന അമിതശ്രദ്ധയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് ഗീതേച്ചിയെ ഞാന്‍ ''മാതൃക'' യാക്കി.  കാണാന്‍ എന്തൊരു ചന്തമുള്ളൊരു ചേച്ചി.  കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചനേരങ്ങളില്‍ ഗീതേച്ചിയെ പിന്‍തുടര്‍ന്ന് ഗവണ്‍മെന്റ് വിമന്‍സ് കോളേജിലും വഴുതക്കാട് ജംഗ്ഷനിലുമൊക്കെ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയിരുന്നത് ഓര്‍ക്കുമ്പോള്‍ ഇന്ന് അമ്പരപ്പ് തോന്നുന്നു.  പെണ്‍പള്ളിക്കുടത്തിന്റെ പരിമിതികളെ കാറ്റില്‍പ്പറത്തി വിയറ്റ്‌നാം യുദ്ധഫണ്ട് പിരിക്കാനെത്തിയെ അമര്‍ജിത് കൗറിനെ കാണാനും, കൂട്ടുകാരികളില്‍ നിന്ന് പിരിച്ചെടുത്ത ചെറിയ സംഭാവന ഏല്‍പ്പിക്കാനുമൊക്കെ പോയതിന് പിന്നലെ ചേതോവികാരം ഇന്നും അജ്ഞാതം.  ഗീതേച്ചി മുന്നിലുണ്ടെങ്കില്‍ പിന്നാലെ പോയിരിക്കണം എന്നൊരു ശാഠ്യം അന്നേ ഉണ്ട്, ഒട്ടും കുറയാതെ അതിന്നും ബാക്കി. 

മനസ്സ്  വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് പായുകയാണ്.  1997 നവംബര്‍ 8, 9, 10 - ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്.  അതിന് മുമ്പൊരിക്കലും നേരില്‍ കാണാത്തവര്‍, കേരളത്തിന്റെ നാനാ കോണുകളിലിരുന്ന് ആത്മാവിഷ്‌ക്കാരം നടത്തിയിരുന്നവര്‍ പരസ്പരം അറിയുകയായിരുന്നു, കണ്ടെത്തുകയായിരുന്നു, എന്നന്നത്തേയ്ക്കുമായി കാത്തുവയ്ക്കാന്‍ സ്‌നേഹം പങ്കിടുകയായിരുന്നു - മലയാളത്തിലെ എഴുത്തുകാരികളുടെ വിപുലമായ രീതിയിലുള്ള ആദ്യ സംഗമമായിരുന്നു അത് - തിരുവനന്തപുരത്ത് കുതിരമാളികയില്‍ നടന്ന ആ സംഗമം പല എഴുത്തുകാരികളുടെ ജീവിതത്തിലും പുതിയ ദിശാബോധം കൊണ്ടു വന്നു. നസീറേട്ടന്റെ ആശയമായിരുന്നു എഴുത്തുകാരികളുടെ സംഗമം.
ഗീതേച്ചി സംഘടിപ്പിക്കാനുണ്ടെങ്കില്‍ നിഴലായി നില്‍ക്കാന്‍ പണ്ടേ ഇഷ്ടമുള്ളതു കൊണ്ട്  ഓടി നടന്നു - എഴുത്തുകാരികളെ ക്ഷണിക്കാന്‍, കുതിരമാളിക ബുക്കു ചെയ്യാന്‍, അവിടം ഒരുക്കാന്‍, സ്‌പോണ്‍സര്‍മാരെ കണ്ടുപിടിക്കാന്‍ - രാപകലില്ലാതെ ഗീതേച്ചി ഓടി നടന്നു, ഞാന്‍ കൂടെ ഓടി.  എല്ലാത്തിനും വഴി കാട്ടി, എല്ലാത്തിനും തുണയായി ഗീതേച്ചീടെ നസീറേട്ടനും.

ആരൊക്കെയാണ് അന്ന് കുതിരമാളികയില്‍ വന്നത്.  സുഗതകുമാരി, ഹൃദയകുമാരി, വിജയലക്ഷ്മി, റോസി തോമസ്, സാറാ തോമസ്, ഗ്രേസി, അഷിത, എം.ഡി. രത്‌നമ്മ, റോസ്‌മേരി, കെ. ആര്‍. മല്ലിക, സി.എസ്. ചന്ദ്രിക, എസ്. സരസ്വതിയമ്മ, പി.ആര്‍. ശാരദ, ലളിതാ ലെനിന്‍,  വി.എം.ഗിരിജ, അനിതാ തമ്പി, ഷൈലാ. സി. ജോര്‍ജ്ജ്, വിമലാ മേനോന്‍, ഇന്ദിരാ കൃഷ്ണന്‍, ദേവി, ആര്‍. പാര്‍വ്വതീദേവി, ഡോ. സുലേഖ, ഡോ. ലേഖ, സി.കെ. ലില്ലി, സുധാ വാര്യര്‍, ടി. ഗിരിജ, ആശാ കൃഷ്ണന്‍, പി. ഇന്ദിര.  ഒന്നിച്ച് നില്‍ക്കാനും സൗഹൃദത്തോടെ സ്‌നേഹത്തോടെ മുന്നോട്ടു പോകാനുമുള്ള ഒരു അദ്ധ്യായം അവിടെ തുറക്കപ്പെടുകയായിരുന്നു. 

അശ്വതി തിരുനാള്‍ തമ്പുരാട്ടി ആയിരുന്നു മൂന്നു ദിവസത്തെ സംഗമം ഉദ്ഘാടനം ചെയ്തത്.  ആ ഉദ്ഘാടന യോഗത്തിന്റെ അദ്ധ്യക്ഷയായിരുന്നു ഞാനെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു ജാള്യത.  ഗീതേച്ചിയാണ് സ്വാഗതം പറഞ്ഞത്.  കഥ, കവിത, നോവല്‍, ചിത്രരചന, ദൃശ്യമാധ്യമരംഗം തുടങ്ങി നിരവധി സെഷനുകളില്‍ ചര്‍ച്ചകള്‍ നടന്നു.  ദൃശ്യമാധ്യമ രംഗത്തെക്കുറിച്ചുള്ള പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കാന്‍ ഗീതേച്ചി എന്നില്‍ കടുത്ത സമ്മര്‍ദ്ദം തന്നെ ചെലുത്തി.  കുടുംബജീവിതത്തിന്റെ നീരാളിപ്പിടുത്തത്തില്‍ കുരുങ്ങി എഴുത്തില്‍ നിന്ന്, അക്ഷരങ്ങളില്‍ നിന്ന് ഒക്കെ വളരെ അകലെ കഴിഞ്ഞിരുന്ന എന്നെപ്പോലെ നിരവധി പേര്‍ക്ക് തിരിച്ച് വരണമെന്ന ചിന്ത ഉണര്‍ത്താന്‍ ആ സംഗമം വഴിയൊരുക്കി.

പത്രങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ''എഴുത്തുകാരികളുടെ സംഗമം'' കണ്ടത്.
''കേരളകൗമുദി'' എഴുതി - ''എഴുത്തുകാരികളുടെ സംഗമത്തില്‍ പെണ്ണെഴുത്തിനോട് വിയോജിപ്പ്.  പെണ്ണെഴുത്ത്, സ്ത്രീ സാഹിത്യം എന്ന വേലി കെട്ടുകള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് എഴുത്തുകാരികള്‍ അഭിപ്രായപ്പെട്ടു.''

''മാതൃഭൂമി'' സാഹിത്യരംഗത്തെ സ്‌ത്രൈണ ശക്തിയുടെ ഉണര്‍വ്വിന്റെ സൂചനയായാണ് സംഗമത്തെ വിശേഷിപ്പിച്ചത്.  വന്നു ചേര്‍ന്നവരൊക്കെ ആഹ്ലാദിച്ചത് ഒത്തു ചേരലിന്റെയും പങ്കു വയ്ക്കലിന്റെയും അപൂര്‍വ്വ അവസരമേകിയ ധന്യത ഓര്‍ത്തായിരുന്നു.  അന്ന് പിരിഞ്ഞിട്ടും ഇന്നും തുടര്‍ന്നു പോകുന്നു സൗഹൃദബന്ധങ്ങള്‍.  ഒത്തുചേരലുകളുടെ ചന്തം കുതിരമാളികയില്‍ വച്ച് അവസാനിപ്പിച്ചില്ല.  അവസരം കിട്ടുമ്പോഴൊക്കെ തിരുവനന്തപുരത്ത് എഴുത്തുകാരികള്‍ ഒത്തുകൂടുന്നു, ഇന്നും. 

അവസരങ്ങള്‍ പലതാണ്.  സാറാ തോമസിന് സമഗ്രസംഭാവനയുടെ സാഹിത്യ അക്കാദമി അവാര്‍ഡ്, ലളിതാ ലെനിന്റെ ഷഷ്ഠിപൂര്‍ത്തി, ഉദ്യോഗമാറ്റമായി ഞാന്‍ അസമിന് പോകുമ്പോള്‍, മടങ്ങി വരുമ്പോള്‍, മാധവിക്കുട്ടി മരിച്ചപ്പോള്‍ അവരുടെ ചരമവാര്‍ഷികങ്ങളില്‍ പുസ്തകപ്രകാശനങ്ങള്‍ നടക്കുമ്പോള്‍.  ചിലപ്പോള്‍ ഹോട്ടലുകളില്‍ മറ്റ് ചിലപ്പോള്‍ ഹാളുകളില്‍, അല്ലെങ്കില്‍ വീടുകളില്‍ - ഒന്നിച്ചിരിക്കാനും, ഭക്ഷണം കഴിക്കാനും, പാട്ടു പാടാനും, കഥകള്‍ വായിക്കാനും, കവിത ചൊല്ലാനുമൊക്കെ കിട്ടുന്ന ഒരവസരവും പാഴാക്കാന്‍ ഗീതേച്ചി അനുവദിക്കാറില്ല.  സ്‌കൂള്‍ കാലത്തെ പോലെ ഗീതേച്ചിയുടെ സാരിത്തുമ്പില്‍ തൂങ്ങി എല്ലാം സംഘടിപ്പിക്കാന്‍ ഞാനിന്നും റെഡി.  സങ്കടങ്ങളിലും ഒപ്പമാണ് ഞങ്ങള്‍.  ഗീതേച്ചിയുടെ നസീറേട്ടന്‍ (പ്രമുഖ സി.പി.ഐ നേതാവും 1957-ലെ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ടി.എ. മജീദ് സാറിന്റെ മകന്‍ എം. നസീര്‍ ഗീതേച്ചിയെ നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ജീവിത പങ്കാളിയാക്കിയത്) ക്യാന്‍സര്‍ ബാധിതനായപ്പോള്‍ ഒപ്പം തേങ്ങാനും മരിക്കുമ്പോള്‍ നെഞ്ച് പൊടിഞ്ഞ് കരയാനും ഒപ്പമുണ്ടായിരുന്നു .  നിരാശയുടെ പടുകുഴിയില്‍ നിന്ന് ഗീതേച്ചിയെ മടക്കി കൊണ്ടു വരാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഞാന്‍ പരീക്ഷിച്ച് നോക്കിയത്.  ഒടുവില്‍ ഗീതേച്ചി എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും സംഘടനാ പ്രവര്‍ത്തനത്തിലേക്കും മടങ്ങിയെത്തി, തിരുവനന്തപുരത്തെ എഴുത്തുകാരികള്‍ക്ക് ഊര്‍ജ്ജസ്രോതസ്സായി.  (കൈരളി ചാനലിലെ പെണ്‍മലയാളം എന്ന പരിപാടിയുടെ അവതാരികയായിരുന്നു ഗീതേച്ചി.  കെ.പി.എ.സി നിര്‍മ്മാണം നിര്‍വ്വഹിച്ച ഏണിപ്പടികള്‍ എന്ന സിനിമയില്‍ ഗീതേച്ചി അഭിനയിച്ചിട്ടുണ്ട്.)ഗീതേച്ചിയുടെ മൂത്തമകന്‍ നെഗിന്‍ സിനിമാസംവിധായകനാണ്.  ഇളയ മകന്‍ സേതു പുതിയ തലമുറയില്‍ അപൂര്‍വ്വമായ സാമൂഹ്യബോധവും അസാധാരണമായ  ധിഷണയുമുള്ള ഒരു ചെറുപ്പക്കാരനാണ്.
ബി.എ. പഠനം കഴിഞ്ഞ് ജനയുഗത്തിലാണ് ഗീതേച്ചി പത്രപ്രവര്‍ത്തനമാരംഭിച്ചത്.  ജനയുഗം പൂട്ടിയപ്പോള്‍ അവസാനിപ്പിച്ച പത്രപ്രവര്‍ത്തന ജീവിതം ഈയിടെ വീണ്ടും പുനരാരംഭിച്ചു.
''ചന്ദ്രപ്പന്‍ സഖാവ് (സി.കെ. ചന്ദ്രപ്പന്‍) ആവശ്യപ്പെട്ടതാണ്,ജനയുഗത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് .. ചെയ്യാതിരിക്കാനാവില്ല.''

ഗീതേച്ചിയുടെ രാഷ്ട്രീയ ലേഖനങ്ങളിലും കവിതകളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നതും ഈ പ്രതിബദ്ധതയാണ്, മനുഷ്യരോടും, മനുഷ്യബന്ധങ്ങളോടും അതേ പ്രതിബദ്ധത ഗീതേച്ചിക്കുണ്ട്.  വളന്തക്കാടിന് തീപിടിക്കുമ്പോള്‍, കൂടങ്കുളത്തിന് പൊള്ളുമ്പോള്‍, കിളിരൂര്‍ പെണ്‍കുട്ടിയുടെ കഥയറിയുമ്പോള്‍ - മനുഷ്യത്വത്തിനും, മനുഷ്യനുമെതിരെ നടക്കുന്ന എന്തും ഗീതേച്ചിയുടെ  രക്തം ചൂടാക്കും, അവിടേക്ക് പാഞ്ഞെത്തും, കൂടെ ആര്‍ക്കും കൂടാം, രാഷ്ട്രീയ, സാമുദായിക ഭേദങ്ങളൊന്നും കൂടാതെ - ഗീതേച്ചി ഒരു പ്രതീകമാണ്, സംരക്ഷിക്കപ്പെടേണ്ട പ്രത്യയശാസ്ത്രമാണ്.  മനുഷ്യവംശത്തില്‍ അവശേഷിക്കുന്ന പ്രതീക്ഷയാണ്, എല്ലാത്തിനുമുപരി എനിക്ക് തളരുമ്പോള്‍ ചായാനുള്ള തോളും അണയാന്‍ പോകുമ്പോള്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്ന ഊര്‍ജ്ജവുമാണ്.
ഈ ഭൂമി ഇത്രമേല്‍ മനോഹരിയാകുന്നത് നിങ്ങള്‍ അതിന്മേല്‍ വസിക്കുന്നത് കൊണ്ട് എന്ന്  എന്നും പറയാന്‍ തോന്നുന്ന ഒരാളാണ് ഗീതേച്ചി.

സ്‌നേഹത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്- കെ.എ. ബീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക