Image

നഴ്‌സുമാരുടെ സമരം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published on 21 October, 2011
നഴ്‌സുമാരുടെ സമരം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മുംബൈ:ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരത്തെക്കുറിച്ച് ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ആരോഗ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പൃഥിരാജ് ചൗഹാനുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നും മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. നാളെ നടക്കുന്ന നേഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ആന്റോ ആന്റണി എം.പിയും അറിയിച്ചിട്ടുണ്ട്.

ആസ്പത്രി അധികൃതരുടെ പീഡനങ്ങളില്‍ പ്രതിഷേധിച്ചാണ് ആസ്പത്രിയിലെ 250 ഓളം മലയാളി നേഴ്‌സുമാര്‍ സമരം നടത്തുന്നത്. മൂന്നു ദിവസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി രാവിലെ ആസ്പത്രി ഉപരോധിക്കാന്‍ ശ്രമിച്ച നഴ്‌സുമാരെ പോലീസ് തടയുന്നതിനിടെ മൂന്ന് നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. അനില, ശ്രീജി, ബിന്‍സി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 
ഇതിനെത്തുടര്‍ന്ന് നഴ്‌സുമാര്‍ ആസ്പത്രിക്കു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ ജോലി ചെയ്തിരുന്ന നഴ്‌സ് തൊടുപുഴ സ്വദേശിനി ബീനാ ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആസ്പത്രി അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് മരണമെന്നാണ് ആരോപണം.

ജോലി വിട്ടു പോയാല്‍ 50,000 രൂപ നല്‍കണമെന്ന ബോണ്ട് നിയമം പിന്‍വലിക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്നും ബീനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ ഈ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരത്തിലായിരുന്നു. ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്ന് സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചുവെങ്കിലും ഉറപ്പില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയതിനാല്‍ ഇന്നു മുതല്‍ സമരം വീണ്ടും ശക്തമാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക