Image

മനഃശാസ്‌ത്രം (കഥ: കെ.എം.രാധ)

Published on 25 October, 2013
മനഃശാസ്‌ത്രം (കഥ: കെ.എം.രാധ)
`ഭാര്യക്ക്‌ മനോരോഗമുണ്ടെങ്കില്‍ ചികിത്സിച്ച്‌ ഭേദമാക്കണം. അല്ലാതെ, ഉപേക്ഷിക്കലല്ല പോംവഴി'

മരപലക കട്ടിലില്‍ നീണ്ടു നിവര്‍ന്ന്‌ കിടക്കുന്ന ചന്ദന, ഹരിപ്രിയക്ക്‌ കേള്‍ക്കാവുന്ന സ്വരത്തില്‍ പറഞ്ഞു.......

നട്ടെല്ലിനകത്ത്‌ ആഞ്ഞുതള്ളും നോവ്‌!. പിടയും മനസ്സില്‍ കര്‍മബന്ധങ്ങളൊരുക്കും ചിന്തകള്‍.!
സ്വര്‍ണ്ണത്തിന്‌ മോതിരം, വള, മാലയായി അനേക രൂപമാറ്റം സംഭവിക്കും പോലെ ഒരിക്കലും നശിക്കാത്ത ആത്മാവ്‌ പുല്ല്‌, പുഴു, ചെടികളിലൂടെ ഉയിരുകള്‍ താണ്ടി, ഒടുവില്‍ മനുഷ്യജന്മം!.....

ഹരിപ്രിയ, ചന്ദനയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
`ടീച്ചര്‍ '

`അച്ഛനെപ്പറ്റി നീ എന്താണ്‌ ചിന്തിക്കാത്തത്‌? ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  അമ്മ മരിച്ചു. വേണമെങ്കില്‍ നിന്റച്ഛന്‌ വേറെ വിവാഹം കഴിക്കാം. ആ ബന്ധത്തില്‍ കുഞ്ഞുങ്ങളുണ്ടായാല്‍, നിന്നോടുള്ള സ്‌നേഹപരിചരണം കുറയും. അക്കാര്യം നിഷേധിക്കാനവുമോ?''

ഹരിപ്രിയ മൗനത്തില്‍....

`വീട്ടില്‍ അല്‌പ്പം പോലും സ്വാതന്ത്ര്യമില്ല. കെട്ടുമുറുക്കുള്ള ജീവിതമാണ്‌..ടീച്ചര്‍'

`മോളേ... ടിവി കാണാന്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍, ഫെയ്‌സ്‌ബുക്ക്‌ ചങ്ങാതികളുമായി കളിതമാശകള്‍ക്ക്‌, മൊബയില്‍ ഫോണ്‍ വര്‍ത്തമാനത്തിന്‌ അച്ഛന്‍ അനുവദിച്ചത്‌ നിന്നോടുള്ള അമിത സ്‌നേഹവിശ്വാസം കൊണ്ട്‌! പിതൃ വാത്സല്യം അത്ര പെട്ടെന്ന്‌ തട്ടിയെറിയാനാവുമോ? .''
`പ്രേമിച്ച പുരുഷനുമായി കല്യാണം ആഗ്രഹിക്കുന്നത്‌ തെറ്റോ'
`ഒരിക്കലുമല്ല' പക്ഷേ രണ്ടു നിക്കാഹ്‌ കഴിച്ചുഅതില്‍ ഏഴ്‌ മക്കളുള്ള ഒരു വ്യക്തി മൊഴി ചൊല്ലി മൂന്നാമതും നിന്നെ പ്രണയപരിണയത്തിന്‌ പ്രേരിപ്പിക്കുന്നത്‌ തെറ്റ്‌. ആ ചതികുഴിയില്‍ വീഴരുത്‌.'
`ടീച്ചര്‍.നമ്മുടെ ഹിന്ദു മതത്തിലും ധാരാളം വിവാഹമോചനങ്ങളും രണ്ടാം കെട്ടും നടക്കുന്നു..''

`ശരിയാണ്‌.. അങ്ങനെ സംഭവിക്കുന്ന പക്ഷം ഏഴ്‌ കുഞ്ഞുങ്ങള്‍ക്കും രണ്ടു ഭാര്യമാര്‍ക്കും ജീവിതചിലവ്‌ കൊടുക്കാന്‍ കൂടി അയാള്‍ ബാധ്യസ്ഥന്‍.... .ഇല്ലെങ്കില്‍ അവന്‍ അഴിയെണ്ണി കാലം കഴിക്കും. അതുകൊണ്ടല്ലേ, ഹിന്ദുക്കളില്‍ പണമുള്ളവര്‍ പോലും, സ്വകാര്യബന്ധങ്ങള്‍ മാത്രം ആഗ്രഹിക്കുന്നത്‌.''

`നിനക്ക്‌ പതിനെട്ട്‌ വയസ്സ്‌ തികഞ്ഞതേയുള്ളു. ഡിഗ്രി ഒന്നാം വര്‍ഷം, ആദ്യം, ബിരുദം നേടൂ. എന്നിട്ട്‌ പോരെ?'

ഹരിപ്രിയ ,''DEEP HEAT''ലേപനമെടുത്ത്‌, ചന്ദനയുടെ പുറത്തും, കൈകാലുകളിലും പുരട്ടി.

`ഫാത്തിമയെ ഓര്‍മയുണ്ടോ?''

`ഉവ്വ്‌. ടീച്ചറുടെ മാനസപുത്രി. എപ്പോഴും, അവളുടെ ബുദ്ധി, മിടുക്ക്‌ പറയാനല്ലേ ടീച്ചര്‍ക്ക്‌ നേരമുണ്ടായിട്ടുള്ളൂ. വിജേഷിനും, മറ്റ്‌ കുട്ടികള്‍ക്കും ടീച്ചറോട്‌ ദേഷ്യമായിരുന്നു.'

ഞരമ്പുകള്‍ വലിയുന്നു. വേദനയ്‌ക്കിടയിലും അവള്‍ ചിരിച്ചു.

`വിജേഷ്‌ മിടുമിടുക്കന്‍.!പ്രശസ്‌ത കാര്‍ഡിയോളജിസ്റ്റ്‌. ഈയിടെ കണ്ടു. നിങ്ങളെല്ലാം സാമാന്യം പഠിക്കുന്നവര്‍., വീട്ടില്‍ നിന്ന്‌ പ്രോത്സാഹനം ലഭിക്കുന്നു..ഫാത്തിമക്ക്‌ അതില്ല. അവളെ പുകഴ്‌ത്തിയാല്‍ ക്ലാസ്സിലുള്ള അനേകം ഫാത്തിമമാരുടെ നിദ്രയിലാണ്ട കഴിവുകള്‍ ഉണരും. അതൊന്നും മനസ്സിലാക്കാനുള്ള പക്വത നിങ്ങള്‍ക്കാര്‍ക്കും ഇല്ല. എല്ലാവരും, ഞാന്‍ പക്ഷപാതം കാണിക്കുന്നുവെന്ന്‌ കുറ്റപ്പെടുത്തുന്നത്‌ അപ്പപ്പോള്‍ ഫാത്തിമ വിവരം തരാറുണ്ട്‌.'

അരുതാത്തതെന്തോ കേട്ടത്‌ പോലെ ഹരിപ്രിയ,ചന്ദനയെ നോക്കി.
..
`ഇക്കാലം വരെ ജീവിച്ച ചുറ്റുപാട്‌, ക്ഷേത്ര ദര്‍ശനം, ഭക്ഷണ രീതി, വസ്‌ത്രധാരണം ഇതെല്ലാം ഒരു നിമിഷം കൊണ്ട്‌ മായ്‌ക്കാന്‍ കഴിയുമോ.?'

ചന്ദനയുടെ മനസ്സില്‍, വിഷാദത്തിന്‍റെ ചാരനിറം പുരണ്ട നേര്‍ത്ത ആവരണത്തില്‍, തട്ടമിട്ട അനേകം പെണ്‍കുട്ടികളുടെ ദയനീയത തെളിഞ്ഞു....

`ഇതര മതങ്ങളില്‍ നിന്ന്‌ ധനം, സുഖ സൌകര്യങ്ങള്‍ കണ്ടു മോഹിച്ച്‌ പോയവരൂടെ മക്കള്‍ പിന്നീടു യത്തീമുകളായിതീരുന്നു. അവരെ ഒരിക്കലും അന്തസ്സും, അഭിമാന ബോധവും ഉള്ള യാഥാസ്ഥിതിക മുസല്‍മാന്‍മാര്‍ അംഗീകരിക്കില്ല. മനസ്സിലാകുന്നുണ്ടോ?

`അതൊക്കെ ടീച്ചറുടെ അബദ്ധ ധാരണകള്‍.ലോകം വളരെയേറെ മാറിപ്പോയി. ''

`ആകാം.പക്ഷേ.,, യഥാര്‍ത്ഥ പേര്‌പോലും മറച്ചു വെച്ച ഒരാളെ...''

`ഓ...അതൊക്കെ ഞാന്‍ എപ്പഴേ മറന്നു. ജീവിതം, മറക്കാനും, ക്ഷമിക്കാനും, പിന്നെ., വെല്ലുവിളിയോടെ പൊരുതി നല്ല വഴിക്ക്‌ പോകണമെന്നല്ലേ ടീച്ചറുടെ ആദര്‍ശ മൊഴികള്‍.അതാണ്‌ മൃത്യുഞ്‌ജയന്‍ അമീറിനെ മാപ്പ്‌സാക്ഷിയാക്കിയത്‌!'

ചന്ദന,എന്ത്‌ പറയണമെന്നറിയാതെ. ഒരു നിമിഷം .........

`ടീച്ചര്‍...എന്നോടുള്ള സ്‌നേഹ കൂടുതല്‍ കൊണ്ടാണ്‌, മതം, വിവാഹമോചിതന്‍ അങ്ങനെ കാര്യങ്ങള്‍ മറച്ചുവെച്ചതെന്ന്‌ അമീര്‍ പറഞ്ഞു. പാവം'

`മനസ്സിലായില്ല'

`അതൊക്കെ അറിയുമ്പോള്‍ എന്‍റെ മനസ്സ്‌ വിഷമിക്കും. അമ്മയില്ലാത്ത കൊച്ചല്ലേ, പിന്നെ, ഞാന്‍ വിട്ടു പോയാല്‍ അമീറിന്‌ വേറെയാരും ഇല്ല എന്നൊക്കെ പറഞ്ഞ്‌ പൊട്ടിക്കരഞ്ഞു. ഇപ്പോഴെങ്കിലും എന്നെ അമീറിന്‌ ജീവനാണെന്ന്‌ വിശ്വസിക്കൂ '

`ഇല്ല. ഒരിക്കലും. ഇല്ല.'

ചന്ദനയുടെ ഒട്ടും മയമില്ലാത്ത സ്വരം ....

`മനുഷ്യര്‍ കാര്യം സാധിക്കാന്‍ പല സില്‍ക്ക്‌ മിനുസത്തില്‍ നേര്‍ത്ത കുരുക്കിടും. പ്രത്യേകിച്ച്‌ കാമുകീകാമുകന്മാര്‍!'

`അതൊക്കെ ടീച്ചറുടെ ഭ്രാന്തന്‍ സങ്കല്‌പ്പങ്ങളാണ്‌. സാഹിത്യം തലച്ചോറിനെ വിഴുങ്ങിയാല്‍ പിന്നെ രക്ഷയില്ല. ഭാവനയില്‍ എല്ലാം പൊലിപ്പിച്ച്‌ കാണും. ഞങ്ങള്‍ ഇരുവരും മരണം വരെ ഒന്നായി ജീവിക്കും. തീര്‍ച്ച'
ഹരിപ്രിയ പൊട്ടിച്ചിരിച്ചു.

വരിയടുപ്പിച്ച മുല്ലപ്പൂക്കളില്‍ പടരും ചിരിയ്‌ക്ക്‌ എന്ത്‌ ഭംഗി!

`ആ വ്യക്തി എന്നെ വല്ലാതെ പ്രണയിക്കുന്നു. വിട്ടു പോരാനാവില്ല.ടീച്ചര്‍'

ഹരിപ്രിയയുടെ വാക്കുകളില്‍, തെല്ല്‌ വിഷമമുണ്ട്‌

സ്‌നേഹവാല്‍സല്യം നിഴലായി വരിഞ്ഞ പിതാവ്‌, മകളെ കോളേജിലേക്ക്‌ ഒരു കുടക്കീഴില്‍ കൊണ്ടു പോകുന്നത്‌ എത്ര വട്ടം കണ്ടതാണ്‌!.

`സ്‌നേഹം, ദ്വേഷമാകാന്‍ നിമിഷങ്ങള്‍ മതി'

ചന്ദന സ്വരം കടുപ്പിച്ചു.

`നീ ചെല്ലുന്നിടത്ത്‌ നിക്കാഹ്‌ സ്വപ്‌നങ്ങളുമായി കാത്തിരിക്കുന്ന ആയിരക്കണക്കിന്‌ പെണ്‍പൂക്കളുണ്ട്‌. അവരെന്നും എന്‍റെ മക്കള്‍!. മതാചാരങ്ങളുടെ ഇരുമ്പ്‌ വേലി തകര്‍ത്ത്‌ വരാനാകാതെ, ഭീതിയില്‍ കഴിയുന്ന ആ പെണ്‍മനസ്സുകളുടെ ശാപം ആഞ്ഞു തറച്ചാല്‍ മതി ജീവിതം ചില്ല്‌ കണ്ണാടിയായി ഉടഞ്ഞ്‌ തകരാന്‍'

`ടീച്ചര്‍ , എന്നെ പിരാകുന്നു.അതെനിക്ക്‌ സഹിക്കാനാവില്ല..'

`ഇല്ല.ഒരിക്കലുമല്ല. വരും വരായ്‌കകള്‍ ഓര്‍മിപ്പിച്ചു. അത്ര മാത്രം. '

ഈയിടെ, നാല്‌പ്പത്തഞ്ചുകാരന്‍ വിവാഹമോചിതന്‍ യത്തീംഖാനയിലെ ഇരുപതുകാരിയെ നിക്കാഹ്‌ കഴിച്ചുവെന്ന്‌ പത്രത്തില്‍ വായിച്ചു. എല്ലാ മതങ്ങളിലും മനുഷ്യനിര്‍മിതമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. പെട്ടെന്ന്‌ തീരുമാനം എടുക്കരുത്‌.

ഹരിപ്രിയ ,ചിന്തയിലാണ്‌.

`അച്ഛനെ വിഷമിപ്പിക്കരുത്‌. ലാളന കൂടിയാലും കുഴപ്പങ്ങള്‍ !'

ഹരിപ്രിയ പോയപ്പോള്‍,മനസ്സ്‌, ആഴകടലില്‍ പേമാരിയും കൊടുങ്കാറ്റും തിമിര്‍ത്ത്‌ ആടിയുലഞ്ഞ്‌ ഒറ്റപ്പെട്ട പോയ പായ്‌കപ്പലായി മാറി

ആഴ്‌ച രണ്ട്‌ കഴിഞ്ഞിട്ടും. എത്രയൊക്കെ മരുന്ന്‌ വിഴുങ്ങിയിട്ടും, വീണ്ടും നോവിന്‍ നീറ്റല്‍ അവളെ അലട്ടി.

അകലങ്ങളില്‍, കുടുംബമായി കഴിയുന്ന മക്കളെ നെറ്റിലൂടെ നേരില്‍ കണ്ട്‌ സംസാരിക്കാനുള്ള സൗകര്യം, വിദേശത്ത്‌ നിന്ന്‌ ഭര്‍ത്താവിന്റെ സുഖാന്വേഷണം, വീട്ടുകാവലിന്‌, ശുശ്രൂഷയ്‌ക്ക്‌ ഒരാള്‍...

വല്ലപ്പോഴും വരുന്ന ബന്ധുക്കള്‍, കൂട്ടുകാരികള്‍..

എന്നിട്ടും ,ഏകാന്തയുടെ ഇരുട്ടിന്‍ തുരുത്തില്‍ ഒരു ചെറു വെട്ടത്തിനായ്‌ കാത്തിരുന്നു.! ....

ചന്ദന ,ചാരുകട്ടിലില്‍ ചെരിഞ്ഞ്‌ കിടന്ന്‌ വിദൂര നിയന്ത്രണമാപിനി അമര്‍ത്തി. ടെലിവിഷന്‍ ചാനലുകള്‍ മാറി മാറിവന്നു

പെട്ടെന്ന്‌ , വാര്‍ത്താവിതരണ ചാനലില്‍ കൈയാമം വെയ്‌ക്കപ്പെട്ട പരിചിത മുഖം., ഒപ്പം ഒരു ചെറുപ്പക്കാരനും!

കാമുകി, പിതാവിനെ കാമുകനൊപ്പം ചേര്‍ന്ന്‌, കൊലപ്പെടുത്തി വയലില്‍ ചെളിയില്‍ ചവുട്ടി താഴ്‌ത്തി.

പിതാവിന്റെ പേരിലുള്ള ഇരുപത്തഞ്ച്‌ സെന്റ്‌ സ്ഥലം, മകളുടെ പേര്‍ക്ക്‌ എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചതിനായിരുന്നു....പകപോക്കല്‍.

ഹരിപ്രിയയ്‌ക്ക്‌ ഇങ്ങനൊരു ക്രൂരതയ്‌ക്ക്‌ അരു നില്‌ക്കാനെങ്ങനെ കഴിഞ്ഞു?..

ചന്ദന, കണ്ണീര്‍ നനവില്‍.ഒരു നിമിഷം അനക്കമറ്റു. അവള്‍ക്കു ചുറ്റുപാടും കറങ്ങുന്നതായി തോന്നി...

സ്വല്‌പം കഴിഞ്ഞ്‌, ചന്ദന ടിവി നിശ്ശബ്ദമാക്കി, നീണ്ടു നിവര്‍ന്നു കിടന്നു.

എന്നെങ്കിലും ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്ന ഹരിപ്രിയയെ കാണണം..

ചോദിക്കണം ...

പക്വത വന്ന പെണ്‍കുട്ടി ചിന്താശേഷി മായ്‌ഞ്ഞ നിമിഷം ...എന്തിന്‌? എന്തിന്‌? ഒരു കൊലയാളിയായി മാറി..? ഇടവഴിയില്‍, വിതറിയ ഇരുമ്പാണികളില്‍ ഏറ്റവും മൂര്‍ച്ച രാകിയതെടുത്ത്‌ സ്വന്തം പിതാവിന്‍റെ നെറുകയില്‍ ആഞ്ഞടിച്ചല്ലോ! ഇതെന്ത്‌ ചോര മനഃശാസ്‌ത്രം?

പിതാവിനെ കൊന്നവള്‍ക്ക്‌ ..മാപ്പില്ല..!...
മനഃശാസ്‌ത്രം (കഥ: കെ.എം.രാധ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക