Image

ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദം: ഡി. ബാബുപോള്‍

Published on 26 October, 2013
 ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദം: ഡി. ബാബുപോള്‍
ഭാരതത്തില്‍ അഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നു പറയുന്നത് അഹിന്ദുക്കളല്ലാത്തവരൊക്കെ ഹിന്ദുക്കളാണെന്ന് വാറന്‍ ഹേസ്റ്റിങ്സ് പറഞ്ഞതുകൊണ്ടാണ്. മുഗള്‍ ഭരണകാലത്ത് അമുസ്ലിംകള്‍ ആരൊക്കെയായാലും അവര്‍ പുനര്‍വിഭജിക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് കൗതുകമുണ്ടായിരുന്നില്ല. സായിപ്പ് വന്നപ്പോള്‍ ആധുനികരീതിയിലുള്ള കണക്കുകള്‍ ഉണ്ടായി. ബുദ്ധമതക്കാര്‍ എത്ര, മുസ്ലിംകള്‍ എത്ര, പാഴ്സികള്‍ എത്ര, ക്രിസ്ത്യാനികള്‍ എത്ര എന്നിങ്ങനെ. അതിലൊന്നുംപെടാത്ത എല്ലാ ഭാരതീയരെയും ഹിന്ദുക്കള്‍ എന്ന് വിവരിച്ചു തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദര്‍ശനങ്ങളിലും സൂക്തങ്ങളിലുമൊക്കെ ഇത്രയേറെ വൈവിധ്യവും പലപ്പോഴും വൈരുധ്യവും പുലര്‍ത്തുന്നവരെയെല്ലാം ഹിന്ദുക്കള്‍ എന്നു വിളിക്കാന്‍ ഇടയായത് അങ്ങനെയാണ്. അതുകൊണ്ടാണ് രാമകൃഷ്ണ മിഷന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണത്തിന് തങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് വ്യാഖ്യാനിച്ച് കോടതിയില്‍ പോയതും ആദ്യപടി ജയിച്ചതും.
അതുപോകട്ടെ. ഫലത്തില്‍ നിയമദൃഷ്ട്യാ ഇന്ന് അഹിന്ദുക്കളാണ് ന്യൂനപക്ഷം. അതുകൊണ്ടുതന്നെ സംരക്ഷണവും അവര്‍ക്കാണ് വേണ്ടത്. ഈ ന്യൂനപക്ഷത്തില്‍ ഗണ്യമായ വിഭാഗം മുസ്ലിംകളാണ്. മുസ്ലിം രാജ്യങ്ങളില്‍ അമുസ്ലിംകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ മുന്തിയ പരിഗണന ഭാരതത്തില്‍ മുസ്ലിംകള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും -ഏത് മുസ്ലിം രാജ്യത്താണ് ഒരു അമുസ്ലിം പ്രസിഡന്‍േറാ ചീഫ് ജസ്റ്റിസോ സൈന്യാധിപനോ ഒക്കെ ആകുന്നത്? ഒരു സമുദായം എന്ന നിലയില്‍ മുസ്ലിംകള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ പിന്നിലാണ്. അതുകൊണ്ടാണ് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് എടുത്ത ചില നടപടികളെക്കുറിച്ച് യാദൃച്ഛികമായി വായിക്കാനിടയായ ചില പരാതികള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തേണ്ടതുണ്ട് എന്നു തോന്നുന്നു. ‘ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷാവകാശമില്ളേ?’ എന്നാണ് ശീര്‍ഷകം. പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍, ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിനും ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതിനും പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുമുള്ള ഉത്തരവുപ്രകാരം 1000 ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അംഗീകാരമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായായിരിക്കണം പ്രവര്‍ത്തനപരിധി നിശ്ചയിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. പഞ്ചായത്തില്‍ ഒരു പ്രമോട്ടര്‍ എന്ന നിര്‍ദേശമാണ് ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,18,38,619. 2011ല്‍ 3,33,87,677. 2011ലെ ജനസംഖ്യയുടെ ജില്ലകള്‍ തിരിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ലഭ്യമാണ്. സമുദായങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവ ഒൗദ്യോഗികമായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടില്ല. സാമുദായിക വിശദാംശങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിസ്ഥാനമാക്കുന്നത് 2001ലെ സെന്‍സസാണ്. ഇതുപ്രകാരം സമുദായങ്ങള്‍ തിരിച്ചുള്ള ജനസംഖ്യ ഇപ്രകാരമാണ്.
ഹൈന്ദവ സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ ആകെ ജനസംഖ്യ 56.02 ശതമാനം, മുസ്ലിം വിഭാഗം 24.7 ശതമാനം, ക്രൈസ്തവ വിഭാഗങ്ങള്‍ 19.2 ശതമാനം. ന്യൂനപക്ഷങ്ങള്‍ എന്ന ലേബലില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ പദ്ധതികളുടെ ഭാഗമായി ഏതാനും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ ഒഴികെ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളില്‍നിന്നും ന്യൂനപക്ഷ വിഭാഗത്തില്‍ സംസ്ഥാനത്ത് 44 ശതമാനം വരുന്ന ക്രൈസ്തവ സമുദായത്തെ ഒഴിവാക്കിയിരിക്കുന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 903 ന്യൂനപക്ഷ പ്രമോട്ടര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. സമുദായം തിരിച്ചു വ്യക്തമാക്കിയാല്‍ 760 പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നും 143 പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നും. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 24.7 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 84.14 ശതമാനം പ്രമോട്ടര്‍മാര്‍. ആകെ ജനസംഖ്യയുടെ 19.02 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 15.83 ശതമാനം പ്രമോട്ടര്‍മാര്‍. ജില്ലകള്‍ തിരിച്ചുള്ള നിയമന വിശദാംശങ്ങള്‍ പങ്കുവെക്കട്ടെ. 100 പഞ്ചായത്തുകളുള്ള മലപ്പുറം ജില്ലയില്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് 114 പേരെയാണ് ന്യൂനപക്ഷ പ്രമോട്ടര്‍മാരായി നിയമിച്ചിരിക്കുന്നത്. ജില്ലയിലെ മുസ്ലിം ജനസംഖ്യ 24,84,576, ക്രൈസ്തവര്‍ 80,650. ക്രൈസ്തവ വിഭാഗത്തില്‍നിന്ന് ഒരു പ്രമോട്ടറെപ്പോലും നിയമിച്ചിട്ടില്ല. കോഴിക്കോട് ജില്ലയില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്ന് അഞ്ചുപേര്‍ മാത്രം. വയനാട് ജില്ലയിലെ മുസ്ലിം ക്രൈസ്തവ ജനസംഖ്യാനുപാതം 2,09,758:1,75,495 എന്നതാണ്. 28 പേരെ നിയമിച്ചപ്പോള്‍ ക്രൈസ്തവര്‍ ആറുപേര്‍ മാത്രം. 81 പഞ്ചായത്തുകളുള്ള കണ്ണൂരില്‍ 99 പേരെയും 38 പഞ്ചായത്തുകളുള്ള കാസര്‍കോട്ട് 46 പേരെയും നിയമിച്ചപ്പോള്‍ ക്രൈസ്തവ സമുദായത്തെ പിന്തള്ളി. ക്രൈസ്തവ ന്യൂനപക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലകളിലെ നിയമനങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയില്‍ 4,31,512 മുസ്ലിംകളും 5,95,563 ക്രിസ്ത്യാനികളുമുള്ള തിരുവനന്തപുരത്ത് 73 പഞ്ചായത്തുകളില്‍ 55 പേരെ നിയമിച്ചപ്പോള്‍ 10 പേര്‍ മാത്രമാണ് ക്രൈസ്തവര്‍. കൊല്ലം ജില്ലയില്‍ 70 പഞ്ചായത്തുകളിലായി 46 പേരെ നിയമിച്ചപ്പോള്‍ മൂന്നുപേര്‍ മാത്രമാണ് ക്രൈസ്തവര്‍. പത്തനംതിട്ടയില്‍ 54 പഞ്ചായത്തുകളില്‍ 53 പേരെ നിയമിച്ചപ്പോള്‍ 4,81,602 ജനസംഖ്യയുള്ള ക്രൈസ്തവ വിഭാഗത്തില്‍നിന്ന് 14 പേരും വെറും 56,457 ജനസംഖ്യക്കാരില്‍നിന്ന് 39 പേരും. ആലപ്പുഴ ജില്ലയിലെ മുസ്ലിം-ക്രൈസ്തവ അനുപാതം 2,08,042:4,41,643 എന്നതാണ്. ജില്ലയിലെ 73 പഞ്ചായത്തുകളില്‍ 50 പേരെ നിയമിച്ചപ്പോള്‍ 12 പേര്‍ മാത്രമാണ് ക്രൈസ്തവര്‍. കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 8,71,371 ക്രിസ്ത്യാനികളും 1,16,686 മുസ്ലിംകളുമാണുള്ളത്. ജില്ലയില്‍ 73 പഞ്ചായത്തുകളില്‍ 55 നിയമനങ്ങള്‍ നടത്തിയിരിക്കുമ്പോള്‍ 22 പേര്‍ മാത്രം ക്രൈസ്തവര്‍. ഇടുക്കിയിലെ നിയമനങ്ങളും ഞെട്ടിക്കുന്നതാണ്.
സാമുദായിക ജനസംഖ്യ പ്രകാരം 4,80,108 ക്രിസ്ത്യാനികളും 81,222 മുസ്ലിംകളുമാണ് ജില്ലയിലുള്ളത്. 53 പഞ്ചായത്തുകളില്‍ ഇതിനകം 45 പേരെ നിയമിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ വെറും 10. എറണാകുളം ജില്ലയില്‍ 4,51,764 മുസ്ലിം, 12,04,471 ക്രിസ്ത്യന്‍ എന്നതാണ് ജനസംഖ്യ. ആകെയുള്ള 84 പഞ്ചായത്തുകളില്‍ 64 പേരെ നിയമിച്ചപ്പോള്‍ 17 ക്രൈസ്തവര്‍ മാത്രം.
ക്രൈസ്തവരില്‍നിന്ന് വേണ്ടത്ര അപേക്ഷകള്‍ ലഭിച്ചില്ളെന്ന പ്രചാരണം വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കല്ലുവെച്ച നുണയാണെന്ന് തെളിഞ്ഞു. ഉദാഹരണത്തിന് ആലപ്പുഴ ജില്ലയില്‍ പ്രമോട്ടര്‍മാരാകാന്‍ ലഭിച്ച 411 അപേക്ഷകളില്‍ 316ഉം ക്രൈസ്തവരുടേതായിരുന്നു. എന്നാല്‍, 38 മുസ്ലിംകളെ നിയമിച്ചപ്പോള്‍ 12 പേരാണ് ക്രൈസ്തവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു ജില്ലകളിലും ഏതാണ്ട് ജനസംഖ്യാനുപാതികമായിത്തന്നെ ക്രൈസ്തവരില്‍നിന്ന് അപേക്ഷകരുണ്ടായിരുന്നു. ഇത്രയുമാണ് ഞാന്‍ വായിച്ചത്.
ക്രിസ്ത്യാനികള്‍ അഞ്ചുലക്ഷം, മുസ്ലിംകള്‍ ഒരുലക്ഷം, നിയമനം വന്നപ്പോള്‍ ക്രിസ്ത്യാനികള്‍ 10, മുസ്ലിംകള്‍ 35. അത് ഇടുക്കിയില്‍. എറണാകുളത്ത് ക്രിസ്ത്യാനികള്‍ 12 ലക്ഷം, മുസ്ലിംകള്‍ നാലര ലക്ഷം. നിയമനത്തില്‍ ക്രിസ്ത്യാനി 17, മുസ്ലിം 47. അപേക്ഷകരുടെ എണ്ണം കുറവായിട്ടല്ല. ആലപ്പുഴയില്‍ ആകെ അപേക്ഷ 411. അപേക്ഷിച്ച ക്രിസ്ത്യാനികള്‍ 316. നിയമനം കിട്ടിയത് 12 പേര്‍ക്ക്. ബാക്കി മുസ്ലിംകള്‍.
വിദ്യാഭ്യാസ വകുപ്പിനെയും അബ്ദുറബ്ബിന്‍െറ ഓഫിസിനെയും കുറിച്ചാണ് ഇത്തരം പരാതികള്‍ കേട്ടുവന്നത്. ഇപ്പോള്‍ വിവരാവകാശനിയമം ഉണ്ടെന്ന് ഓര്‍ക്കാത്ത അവസ്ഥ മഞ്ഞളാംകുഴി അലിയുടെ ഓഫിസിലും ഉണ്ടെന്നു വരുന്നത് അലിയെപ്പോലെ സംസ്കൃതചിത്തനായ ഒരു മന്ത്രിക്ക് ഭൂഷണമല്ല.
എല്ലാം ന്യൂനപക്ഷങ്ങള്‍ കൊണ്ടുപോകുന്നു എന്നാണ് സുകുമാരന്‍ നായരുടെ പരാതി. അതിനിടെ, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു പരാതിക്ക് വഴി വെക്കുന്നത് ബുദ്ധിശൂന്യതയാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പിന്നാക്കമല്ല എന്ന് സമ്മതിക്കുന്നു. എന്നാല്‍, ഈ പരാതി ന്യൂനപക്ഷാവസ്ഥയോട് ബന്ധപ്പെട്ടാണ്, പിന്നാക്കാവസ്ഥയോട് ബന്ധപ്പെട്ടല്ല. അലി ശ്രദ്ധിക്കണം. കുഞ്ഞാലിക്കുട്ടിയും ശ്രദ്ധിക്കണം. തങ്ങളും ശ്രദ്ധിക്കണം. ഒഴിവാക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കുമെങ്കില്‍ ശത്രുവിന് ആയുധം കൊടുക്കുന്നത് അത്രകണ്ട് ഒഴിവാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക