Image

മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും: സക്കറിയ

സക്കറിയ Published on 26 October, 2013
മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും: സക്കറിയ
അങ്ങനെ നരേന്ദ്രമോഡി എന്ന വംശഹത്യാവിദഗ്ധന്‍ കേരള സമൂഹത്തെ ലജ്ജിപ്പിച്ചുകൊണ്ട് അതിന്‍െറ സാംസ്കാരികവും ആധ്യാത്മികവുമായ ആധാരശിലയായ ശിവഗിരിയെത്തന്നെ കൈയേറ്റം ചെയ്തു, മലിനീകരിച്ചു. മോഡി പ്രതിനിധാനംചെയ്യുന്ന ഹിന്ദുഭീകരതക്ക് കേരളത്തിലേക്ക് ഒരു കൈത്തോട് വെട്ടിയതിനൊപ്പം അയാളെ പ്രധാനമന്ത്രിയാക്കാനുള്ള ശിലാന്യാസാഭ്യാസത്തിന്‍െറ കല്ലുകളിലൊന്നാണ് ശിവഗിരിയുടെ പാവനമായ മണ്ണില്‍ അടിച്ചുതാഴ്ത്തിയത്- ശ്രീനാരായണാദര്‍ശങ്ങളുടെ ചോരയില്‍ മുക്കിയെടുത്ത ഒരു കറുത്തകല്ല്.  മാനവികവും മതേതരവും ജനാധിപത്യപരവുമായ കേരളീയ നവോത്ഥാനത്തിനെതിരെ മാധ്യമങ്ങളും ജാതി-മത ശക്തികളും ചേര്‍ന്ന് നടത്തിപ്പോന്ന കുരിശുയുദ്ധത്തിലെ ഏറ്റവും പുതിയ കൂടോത്രമാണ് മോഡിയുടെ ശിവഗിരി കൈയേറ്റം. മലയാളിസമൂഹം നിസ്സഹായമായി ഇരയായിത്തീര്‍ന്ന ഈ അശ്ശീലഗോഷ്ടിക്ക് കൂട്ടുനിന്ന സന്ന്യാസിമാര്‍ക്കും ജാതി-മത മാഫിയക്കും രാഷ്ട്രീയ അവസരവാദികള്‍ക്കുമുള്ള ചരിത്രത്തിന്‍െറ തിരിച്ചടിക്ക് നമ്മുടെ കാലത്തുതന്നെ നാം സാക്ഷിനില്‍ക്കേണ്ടിവരുമെന്നതിന് സംശയമില്ല. ചിലപ്പോള്‍ ചരിത്രവും ക്ഷമ കൈവിടും.
ആരാണ് ഹിന്ദുഭീകരതയുടെ ഈ പുതിയ മിശിഹ? ‘‘കൊല്ലനുമറിഞ്ഞില്ല , കൊല്ലത്തിയുമറിഞ്ഞില്ല, തിത്തൈ എന്നൊരു കൊച്ചരിവാള്‍’’ എന്ന കടങ്കഥപോലെയാണ്, പെട്ടെന്നൊരുനാള്‍, സ്വാതന്ത്ര്യാനന്തരഭാരതം കണ്ട ഏറ്റവും വലിയ ആസൂത്രിത നരഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനിടയുണ്ട് എന്ന വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്. കടങ്കഥയിലെ കൊല്ലനും കൊല്ലത്തിയും ഇവിടെ ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. മോഡിയുടെ പ്രധാനമന്ത്രിപദവിതേടിയുള്ള രംഗപ്രവേശം മറ്റാരെക്കാളും ഞെട്ടിപ്പിച്ചത് അവരെയാണ്. അദ്വാനി മുതല്‍  സുഷമസ്വരാജ് വരെയുള്ള വര്‍ഗീയവാദികള്‍ തയ്പ്പിച്ച പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ എത്രയെണ്ണം വെളിച്ചം കാണാന്‍ കാത്തിരിക്കുന്നു!
 ഒരു കണക്കിനുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ കഥ വളരെ ലളിതമാണ്. ഇന്ത്യയിലെ പതിനായിരക്കണക്കിന് നിര്‍ഭാഗ്യവാന്മാരെപ്പോലെ, ചെറുപ്പത്തിലേ ആര്‍.എസ്.എസിന്‍െറ മസ്തിഷ്ക പ്രക്ഷാളനത്തിനിരയായി, വര്‍ഗീയഭ്രാന്തനായി വളര്‍ന്ന്, നീണ്ടകാലം മതവിദ്വേഷത്തിന്‍െറ പ്രചാരക് ആയി പ്രവര്‍ത്തിച്ച് എന്നെന്നേക്കുമായി മനസ്സ് തുറുങ്കിലടയ്ക്കപ്പെട്ട മറ്റൊരു മനുഷ്യജീവി മാത്രമാണ് അയാള്‍. സൂത്രശാലിത്തംകൊണ്ട് പരിവാരശ്രേണികളിലൂടെ തലപ്പത്തേക്ക് പിടിച്ചുകയറി. മുസ്ലിം കുരുതിക്ക് ഒരു നല്ല ആര്‍.എസ്.എസുകാരനെപ്പോലെ നേതൃത്വം കൊടുത്തു. അയാള്‍ എങ്ങനെയോ പ്രദര്‍ശിപ്പിച്ച ശരാശരി കാര്യക്ഷമത മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ അയാളുടെ പി.ആര്‍ വിദഗ്ധര്‍ ഊതിവീര്‍പ്പിച്ചു. ആര്‍.എസ്.എസ് അടിമത്തത്തില്‍പെട്ടില്ലായിരുന്നെങ്കില്‍ അയാള്‍ ഒരു തരക്കേടില്ലാത്ത  അധ്യാപകനോ പൊലീസുകാരനോ വ്യാപാരിയോ ആകുമായിരുന്നിരിക്കാം. നല്ലയൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍പോലും ആകുമായിരുന്നിരിക്കാം (ഇവിടെയാണ് മഹാകവി അക്കിത്തത്തിന്‍േറതുപോലെയുള്ള ജീവിതപരിണാമങ്ങള്‍ അതിശയിപ്പിക്കുന്നത്. പുരോഗമനാശയങ്ങളുമായി ആദ്യ ചുവടുകള്‍ വെക്കാന്‍ ഭാഗ്യമുണ്ടായ അക്കിത്തം ഹിന്ദു വര്‍ഗീയവാദ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു. പ്രഫ.എം.കെ. സാനു, ഞെട്ടിപ്പിക്കുന്ന മറ്റൊരുദാഹരണമാണ്. എത്രയോ കാലമായി അദ്ദേഹം ഹിന്ദുവര്‍ഗീയതാവേദികളിലെ സ്ഥിരം അതിഥിയാണ്. ഒരുപക്ഷേ, ആ നാണംകെട്ട പാതയിലെ ഇത$പര്യന്തമുള്ള മഹനീയ മുഹൂര്‍ത്തം അദ്ദേഹം ഈയിടെ വിശ്വഹിന്ദുപരിഷത്തിന്‍െറ മുഖ്യമനോരോഗിയായ അശോക് സിംഗാളിനും ആര്‍.എസ്.എസ് മേധാവി മോഹന്‍ഭഗവതിനും കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗകനായി പങ്കെടുത്തതാണ്. പക്ഷേ, സാനു ഇന്നും ഇടതുപക്ഷക്കാരനായിട്ടാണ് അറിയപ്പെടുന്നത് എന്നതാണ്  കേരളബുദ്ധിജീവി/മാധ്യമ/രാഷ്ട്രീയ കാപട്യങ്ങളുടെ മഹിമ! കണ്ണടച്ചുകൊണ്ട് വര്‍ഗീയതയുടെ പാല്‍കുടിച്ചാസ്വദിക്കുന്ന മറ്റൊരു ‘ഇടതുപക്ഷ’ക്കാരനായ വി.ആര്‍. കൃഷ്ണയ്യരോട് ഒരു വാക്ക് ഉരിയാടാതെ നരേന്ദ്രമോഡി കേരളമണ്ണിനെ വിട്ടുപിരിഞ്ഞില്ല എന്നതും രസകരമാണ്. മോഡിയുടെ കേരളത്തിലെ ഭാവി ബ്രഹ്മസ്ഥാനാധിപതികളിലൊരാള്‍ സ്വാമിയാവാനാണ് വഴി).
ബി.ജെ.പി എന്ന കൊല്ലനെയും ആര്‍.എസ്.എസ് എന്ന കൊല്ലത്തിയെയും നടുക്കിക്കൊണ്ടാണ് നരേന്ദ്രമോഡിയുടെ പേര് ഇന്ത്യന്‍ പ്രധാനമന്ത്രിപദവുമായി ബന്ധപ്പെടുത്തപ്പെട്ടത്. അതികുശാഗ്രമായ ഒരു പങ്കാണ് മാധ്യമങ്ങള്‍ അതില്‍ നിര്‍വഹിച്ചത്. രാഷ്ട്രീയ കുശുകുശുപ്പിന്‍െറ സ്വഭാവമുള്ള വാര്‍ത്താശകലങ്ങളുടെ രൂപത്തിലാണ് ആദ്യമവര്‍ മോഡിയെ തങ്ങളുടെ പേജുകളിലേക്കും ന്യൂസ് ബുള്ളറ്റിനുകളിലേക്കും കൊണ്ടുവന്നത്- അവരുടെ വിരല്‍ത്തുമ്പുകളിലിരിക്കുന്ന ഒരു ഒടിവിദ്യ. പടിപടിയായി മോഡിക്കു ചുറ്റുമുള്ള ചര്‍ച്ചകളുടെ ശബ്ദം ഉച്ചത്തിലായി; അവക്കുവേണ്ടി നീക്കി വെക്കുന്ന പത്രസ്ഥലവും ബുള്ളറ്റിന്‍ സമയവും പലമടങ്ങ് വര്‍ധിച്ചു. നോവലിസ്റ്റ് ചേതന്‍ഭഗത്തിനെപ്പോലെയുള്ളവര്‍ മോഡിക്കുവേണ്ടി രംഗപ്രവേശം ചെയ്തു. ഭഗത്തിന്‍െറ കുലത്തില്‍പെട്ട ഐ.ടി മേഖലയിലെ വര്‍ഗീയ ക്ഷുദ്രജീവികള്‍ ഇന്‍റര്‍നെറ്റില്‍ വമ്പിച്ച കോലാഹലങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. മുഖ്യധാരാപത്രങ്ങളില്‍ നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുകയും അതേസമയം എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയായിക്കൂടാ എന്ന ചോദ്യം സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്യുന്ന എഡിറ്റോറിയലുകള്‍ പ്രത്യക്ഷപ്പെട്ടു. മോഡി എന്ന ഭാവിപ്രധാനമന്ത്രിയെപ്പറ്റി ടോക്ഷോകള്‍ കത്തിക്കയറി. ദേശീയതലത്തില്‍ ഇത് സംഭവിക്കുമ്പോള്‍ വര്‍ഗീയതയുടെ തോളില്‍ കൈയിടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത മലയാള മുഖ്യധാരാമാധ്യമങ്ങള്‍, അവരുടെ നിഴല്‍ക്കുത്തുകളും കുഴലൂത്തുകളുംകൊണ്ട് മോഡിക്കു വേണ്ടിയുള്ള അവരുടെ എളിയ സേവനം നിര്‍വഹിച്ചു.
 മോഡിക്കുവേണ്ടിയുള്ള ഈ ബഹുമുഖ ആഞ്ഞടിക്കുപിന്നാലെ, മോഡിയെ വംശഹത്യയുടെ പേരില്‍ ബഹിഷ്കരിച്ചിരുന്ന ചില പാശ്ചാത്യരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍, ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ട ചില വിദേശികള്‍ എന്നിങ്ങനെ ഒരു വാടകക്കെടുത്ത പട മോഡിയുടെ ആരാധകരായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം മാധ്യമങ്ങളിലെ വെട്ടിത്തിളങ്ങുന്ന വാര്‍ത്തകളായി മാറി. തുടര്‍ന്ന് മോഡി ദല്‍ഹിയിലെ ഒരു പ്രമുഖ ബിസിനസ് കോളജിലും ഇന്ത്യന്‍ വ്യവസായികളുടെ കേന്ദ്രസംഘടനയായ ഫിക്കിയിലും ഒരു ഷാരൂഖാന് ലഭിക്കുന്ന താരപരിവേഷത്തോടെ പ്രഭാഷണങ്ങള്‍ നടത്തി. അവ ചില ചാനലുകള്‍ തത്സമയസംപ്രേഷണം നടത്തി. പത്രങ്ങള്‍ക്ക് തത്സമയം (നമ്മുടെ ഭാഗ്യവശാല്‍) സാധിക്കാത്തതിനാല്‍ മോഡിയെ ഒന്നാംപേജിലെ ഒന്നാമനാക്കി തൃപ്തിയടഞ്ഞു.
 അമ്പരന്നുനില്‍ക്കാനല്ലാതെ ഈ മാധ്യമപ്പടപ്പുറപ്പാടിന് ഒരു ചെറുതടവെക്കാന്‍പോലും ആര്‍.എസ്.എസിനോ ബി.ജെ.പിയിലെ മോഡി വിരുദ്ധര്‍ക്കോ കഴിഞ്ഞില്ല. അവരുടെ മോഡിക്കെതിരെയുള്ള മുക്കലുകളും മൂളലുകളും മാധ്യമങ്ങളുണ്ടാക്കിയ മോഡിവാര്‍ത്താകുത്തൊഴുക്കില്‍ ഒലിച്ചുപോയി. ജയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ജയിക്കുന്നവന്‍െറയൊപ്പം എന്ന തത്ത്വമനുസരിച്ച് ബി.ജെ.പി പ്രവര്‍ത്തിച്ചു. അദ്വാനിയുടെയും സുഷമ സ്വരാജിന്‍െറയുമെല്ലാം ആത്മവേദനകള്‍ ബാക്കിനില്‍ക്കെ ആര്‍.എസ്.എസ് മാത്രം വിഷം മണക്കാനുള്ള (പരത്താനുമുള്ള) അതിന്‍െറ ചരിത്രപരമായ വൈദഗ്ധ്യംകൊണ്ട് ആപത്ത് മണത്തറിഞ്ഞ് മോഡിക്കെതിരെയുള്ള മുറുമുറുപ്പ് തുടരുന്നു.
അതിന് കൃത്യമായ കാരണമുണ്ട്. ആര്‍.എസ്.എസ് മണത്തറിഞ്ഞ വിഷം കാളകൂടമാണ്. മോഡി എന്ന നവീന ഹിറ്റ്ലറുടെ, ഇന്ന് അയാളുടെ പിന്നിലെ ശക്തികള്‍ ആവിഷ്കരിക്കുന്ന രീതിയിലുള്ള ഒരു ബീഭത്സമായ സര്‍വാധികാരം ഇന്ത്യയില്‍ ഉണ്ടായാല്‍ ഇന്ന് നാമറിയുന്ന ആര്‍.എസ്.എസോ ബി.ജെ.പിയോ ബാക്കിയുണ്ടാവുക സംശയമാണെന്ന് സംഘ്പരിവാറിലെ ചിതല്‍പ്പുറ്റുകള്‍ക്കറിയാം. കാര്യങ്ങള്‍ മോഡിയുടെ പാപ്പാന്മാര്‍ ആസൂത്രണം ചെയ്യുംവിധം മുന്നോട്ടുപോയാല്‍ നാം സാക്ഷ്യംവഹിക്കാന്‍ പോകുന്ന പുതിയ മഹാഭാരത യുദ്ധം ആര്‍.എസ്.എസും മോഡിയും തമ്മിലായിരിക്കും. ബി.ജെ.പിയാണ് മോഡിയുടെ അടിസ്ഥാന മേല്‍വിലാസം. ബി.ജെ.പി വാജ്പേയിയുടെ പ്രശസ്തമായ വിവരണമുപയോഗിച്ചു പറഞ്ഞാല്‍ വെറുമൊരു ‘മുഖോട്ട’ - മുഖംമൂടി- മാത്രമാണെന്ന് നമുക്കറിയാം.  (തപസ്യയും ബാലഗോകുലവുംപോലെയുള്ള മുഖംമൂടിയുടെ മുഖംമൂടികളെ ഓര്‍ത്തുപോകുന്നു. അവിടെ വണങ്ങിനമസ്കരിക്കുന്ന നമ്മുടെ സാംസ്കാരിക നായിക-നായകന്മാരെയും!) ബി.ജെ.പി യെ ചവറ്റുകുട്ടയിലെറിയാന്‍ ആര്‍.എസ്.എസിന് ഒരൊറ്റ ദിനം മതി - ഒരു വാര്‍ത്താസമ്മേളനം. ആര്‍.എസ്.എസിന് വഴങ്ങാത്ത ഒരു നരേന്ദ്രമോഡി ഇന്ത്യയിലെ ഹിന്ദു വര്‍ഗീയ -ഭീകരവാദങ്ങളുടെ തലപ്പത്ത് സ്വയം സ്ഥാനാരോഹണം ചെയ്താലുണ്ടാവുന്ന സ്ഥിതിവിശേഷം എന്തിലേക്കാണ് നയിക്കുക എന്ന് അറിഞ്ഞുകൂടാ. ഗാന്ധിജി എന്ന അബ്രാഹ്മണന്‍ - ശൂദ്രന്‍ -  മന$പൂര്‍വമോ അല്ലാതെയോ ഇന്ത്യന്‍ സമൂഹത്തിന്‍െറ തലപ്പത്ത് എത്തിപ്പറ്റിയതിന് ആര്‍.എസ്.എസ് നല്‍കിയ ശിക്ഷ നമുക്കറിയാം-താന്‍ സനാതന ഹിന്ദുവാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുപോലും.
പക്ഷേ, മോഡിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ ചില്ലറക്കാരല്ല. ആരാണവര്‍? ഇന്ത്യന്‍ വ്യവസായ-വ്യാപാര മേഖലയുടെ മുടിചൂടാമന്നന്മാരായ ബിസിനസ് പ്രഭുക്കളാണ് മോഡിയുടെ അദൃശ്യരായ ഉടമകള്‍. അവര്‍ വിലയ്ക്കുവാങ്ങിയ വെള്ളപൂശിയെടുത്ത ഒരു കരാള ബിംബമാണയാള്‍. ഇപ്പോള്‍ ഇതില്‍ സ്വര്‍ണചായമടിക്കുന്നു.
നയതന്ത്രപ്രതിനിധികളുടെയും സെനറ്റര്‍മാരുടെയും മറ്റും മോഡി സന്നിധാനത്തിലേക്കുള്ള തീര്‍ഥയാത്രകളുടെ പിന്നിലെ കോടിക്കണക്കിനുള്ള കോഴകള്‍ - പണവും സുഖഭോഗങ്ങളും ഒരുപോലെ- അവരുടെ സംഭാവനകളാണ്. മാധ്യമങ്ങളുടെ ചരട് പിടിക്കുന്നതും അവര്‍തന്നെ. കാരണം, അവര്‍തന്നെയാണ് അവയില്‍ നിരവധിയുടെയും ഉടമകള്‍. മോഡി എന്ന ഗുജറാത്ത് ഭീകരതയെ തങ്ങളുടെ കൊളുത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു ഇന്ത്യന്‍ ഹിറ്റ്ലറാക്കാനുള്ള അവരുടെ മോഹമാണ് അഖിലേന്ത്യാ മാധ്യമങ്ങളില്‍ കേരളംപോലെയുള്ളയിടങ്ങില്‍നിന്നുള്ള മാധ്യമങ്ങളുടെ എളിയ കര്‍സേവയോടെ -  തരംഗങ്ങള്‍  സൃഷ്ടിച്ചത്. ഏതു നരാധമനെ ഉപയോഗിച്ചും ഇന്ത്യയുടെ മേല്‍ സര്‍വാധികാരം സ്ഥാപിക്കാന്‍ അവര്‍ തയാറാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യമായി തുടരാതിരിക്കുകയാണ് അവരുടെ ആവശ്യങ്ങള്‍ക്ക് സൗകര്യം. അവരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനായി ഇന്ത്യയെ ഹിന്ദുഭീകരതക്കല്ല ഏത് കാപാലികതക്കും തീറെഴുതിക്കൊടുക്കാന്‍ അവര്‍ തയാറാണ്. ഒരു ദിവസം അവര്‍ താലിബാനെ ക്ഷണിച്ചുവരുത്തിയാലും അദ്ഭുതപ്പെടേണ്ട.
ഇന്ത്യന്‍ മുതലാളിത്തത്തിന്‍െറ, ഇന്ത്യയോടും ഇന്ത്യക്കാരോടും കൂറില്ലാത്ത അടിസ്ഥാന സ്വഭാവത്തിന്‍െറ മറനീക്കിയ ചിത്രമാണ് അംബാനിയും ടാറ്റയും ബജാജും മറ്റും നരേന്ദ്രമോഡിയിലൂടെ ഒരു അശ്ളീല പ്രദര്‍ശനംപോലെ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പിക്കുന്നത്. അതിന് പ്രചാരണം നല്‍കാനായി പാശ്ചാത്യമുതലാളിത്തത്തിന്‍െറ നാലാംകിട ഏജന്‍റുമാരെ - വെള്ളത്തൊലി മാത്രമാണ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് - ഇവിടെ കൊണ്ടുവന്ന് പൊട്ടന്‍തെയ്യം കെട്ടിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമ്മാനങ്ങളും ‘സൗകര്യങ്ങളും’ സമ്പാദിച്ച് ദേശദ്രോഹത്തിന്‍െറ കുഴലൂത്തുകാരായി നൃത്തംചെയ്യുന്നു. അണ്ണാ ഹസാരെ എന്ന ബലൂണിനെ ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി ഊതിവീര്‍പ്പിച്ച ശക്തികള്‍തന്നെയാണ് മോഡിയെ വീര്‍പ്പിക്കുന്നത്, പൊട്ടുംവരെ വീര്‍പ്പിക്കാന്‍  പോകുന്നതും. പക്ഷേ, ഹസാരെയുടെ പൊട്ടല്‍പോലെയാവില്ല, അതൊരു വന്‍ വെടിക്കെട്ടുതന്നെയായിരിക്കും.
ഈ ആസൂത്രിതമായ ആക്രമണത്തിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ കശാപ്പുശാലയിലെ അറവുമൃഗത്തെപോലെ മിഴിച്ചുനില്‍ക്കുന്നു. ഇടതുപക്ഷമാവട്ടെ സ്വന്തം കാലില്‍ നില്‍ക്കാന്‍പോലുമുള്ള ശേഷിയില്ലാതെ ഏതോ ജുറാസിക് യുഗത്തില്‍ കാലയാപനം നടത്തുന്നു.
വാസ്തവത്തില്‍, ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്ക് ഇന്ത്യന്‍ മുതലാളിത്തത്തിന് മറ്റൊന്നുകൂടി ചെയ്യാം. മോഡിയെ അവര്‍ ഒരു ബ്രാന്‍ഡ് നെയിം - സര്‍ഫ്, കാമസൂത്ര, മാരുതി, മില്‍മ ഒക്കെപ്പോലെ- ആക്കിമാറ്റിയിട്ടുണ്ട്. ഇനി അയാളെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒരു കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഓഹരി വില്‍പന നടത്തുന്നതിലെന്ത് തെറ്റ്? ഇന്ത്യന്‍ മുതലാളികള്‍ ഓഹരിവിപണിയിലൂടെ എത്രയോ കോടി ഇന്ത്യക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഒരു വഞ്ചനകൂടി ചരിത്രംപോലും ക്ഷമിക്കും.
ഈ  അതിക്രമങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍, കൃത്യമായി തിരിച്ചടിനല്‍കാന്‍ അവസാനം ഒരാളേ ഉണ്ടാവൂ: സാധുവായ ഇന്ത്യന്‍ പൗരന്‍. അവനെ വിലയ്ക്കെടുക്കാന്‍ ടാറ്റക്കും അംബാനിക്കും ഇനിയും കഴിഞ്ഞിട്ടില്ല. പാവമായ അവന്‍ പ്രവചനാതീതനാണ്. കാരണം, അവന് പത്രം വാങ്ങാനോ ടെലിവിഷന്‍ വാങ്ങാനോ പണമില്ല. അതുകൊണ്ട്, അവനും അവന്‍െറ മന$സാക്ഷിയും രക്ഷപ്പെടുന്നു. ഒപ്പം, അവന്‍െറ ദാരിദ്ര്യത്തിലൂടെ അവന്‍ ഇന്ത്യയെയും രക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ഈ രാഷ്ട്രത്തിന്‍െറ അതിശയനീയമായ വിരോധാഭാസം - ഒരു കറുത്ത ഫലിതം. മോഡിയെപ്പോലെയുള്ള ഒരു ബലൂണിനു മുന്നില്‍  മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയപാര്‍ട്ടികളും, കുറുക്കന്‍െറ മുന്നില്‍ മയങ്ങുന്ന പിടക്കോഴിയെപ്പോലെ പെരുമാറുമ്പോള്‍ കൈവീശി തിരിച്ചടിക്കുക ഇന്ത്യയുടെ ദരിദ്രപൗരജനതയായിരിക്കും.
http://www.madhyamam.com/weekly/2187
മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും: സക്കറിയ
Join WhatsApp News
Georgi 2013-10-27 06:23:38
There is no surprise here. Modi and BJP may be following the same formula they have implemented in Gujarat that was to radicalize the backward castes with Hindutva ideology and use them to commit atrocities against minorities. Actual killings and mayhem were perpetrated in Gujarat riots in 2002 were primarily carried out by the people belonging to the backward castes under the direction of higher castes. There should not be any surprise if they target Shivagiri with some nefarious designs!! May God help Kerala!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക