Image

മേക്കപ്പ് വേണ്ടാത്ത ലോകത്തിലേക്ക് റ്റാലിയ പോയി

ജോസ് പിന്റോ സ്റ്റീഫന്‍ Published on 26 October, 2013
മേക്കപ്പ് വേണ്ടാത്ത ലോകത്തിലേക്ക് റ്റാലിയ പോയി

ഇന്ന് യൂറ്റിയൂബില്‍ കണ്ട ഒരു വീഡിയോ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഫ്‌ളോറിഡാക്കാരി റ്റാലിയ ജോയി കാസ്റ്റനല്ലോ എന്ന പതിമൂന്നുകാരിയുടെ ജീവിതം . പതിനാല് തികയുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പ് ഈ ലോകം വിട്ട് അനന്തതയിലേക്ക് പറന്ന് പറന്ന് പറന്ന് പോയ ഒരു പെണ്‍കുട്ടി .
ഏകദേശം രണ്ടു വര്‍ഷത്തോളമായി  ഗൗരവമായി ഒന്നും തന്നെ എഴുതുവാന്‍ കഴിയാതിരുന്ന എനിക്ക് ആ കുട്ടിയെക്കുറിച്ച്  എഴുതുവാന്‍ ശക്തമായ പ്രചോദനം എവിടെ നിന്നോ ലഭ്യമായി.
അവളുടെ കഥ നിങ്ങളെയും സ്പര്‍ശിക്കുമെന്നു എനിക്കുറപ്പുണ്ട്.

 എഴുത്തിന്റെ മാസ്മരിക ലോകത്തില്‍ വീണ്ടും പ്രവേശിക്കുവാന്‍ എനിക്ക് പ്രചോദനമായി മാറിയ റ്റാലിയയെ  നന്ദിപൂര്‍വ്വം സ്മരിച്ചു കൊണ്ട് ഞാന്‍ ആ കഥ നിങ്ങള്‍ക്കായി പറയട്ടെ ! റ്റാലിയ ജീവനോടിരുന്നപ്പോള്‍, അവളെ പരിചയപ്പെടാന്‍ കഴിയാതിരുന്നതില്‍ എനിക്ക് പ്രയാസമുണ്ട്. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഞാനവള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു.
1999 ആഗസ്റ്റ് 18 - ന് ഫ്‌ളോറിഡയില്‍ ഓര്‍ലാണ്ടോയിലായിരുന്നു റ്റാലിയ ജനിച്ചത് . അമ്മ ഡിസൈറി സാസ്റ്റലാനോയോടൊപ്പം ഫ്‌ളോറിഡയിലും അച്ചന്‍ മാര്‍ക് വിന്‍ത്രോപ്പിലോടൊപ്പം ന്യൂയോര്‍ക്കിലും മാറി മാറി താമസിച്ചുകൊണ്ടായിരുന്നു ജീവിതം. കേറ്റലിന്‍, ജാക്‌സണ്‍, മാറ്റിലാ എന്നിങ്ങനെ മൂന്നു സഹോദരങ്ങളാണുള്ളത്.

ഏഴു വയസ്സായപ്പോള്‍ അവള്‍ രോഗിയായി. കുട്ടികളില്‍ അപൂര്‍വ്വമായി ഉണ്ടാകാറുള്ള ന്യൂറോ ബ്ലാസ്റ്റോമാ എന്ന ക്യാന്‍സര്‍ രോഗമാണ് അവളെ ഗ്രസിച്ചത്. നിരവധി ടെസ്റ്റുകള്‍ക്കും ചികില്‍സകള്‍ക്കും ശേഷം ഒരു ഘട്ടത്തില്‍ അവള്‍ക്ക് പരിപൂര്‍ണ രോഗവിമുക്തി ലഭിച്ചതാണ്. എന്നാല്‍ അധികം താമസിയാതെ ന്യൂറോ ബ്ലാസ്റ്റോമായോടൊപ്പം മൈനോഡിസ് പ്ലാസ്റ്റിക് സിന്‍ഡ്രം എന്ന മറ്റൊരിനം ക്യാന്‍സറും അവളെ പിടികൂടി കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി .

മെഡിക്കല്‍ രംഗത്തെക്കുറിച്ച് അധികം വിവരിക്കുന്നില്ല. ക്യാന്‍സറുമായി ഏകദേശം ഏഴുവര്‍ഷം മല്ലിട്ടതിനുശേഷം ഫ്‌ളോറിഡായിലെ ആര്‍നോള്‍ഡ് പാര്‍മര്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സക്കിടെ വേണ്ടപ്പെട്ടവരെയെല്ലാം വിട്ടകന്ന് മരണമെന്ന നിഗൂഡതയിലേക്ക് അവള്‍ യാത്രയായി. 14 വയസ്സ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം ബാക്കി വച്ച് 2013 ജൂലൈ 16 ന് അവള്‍ പോയി.

കേവലം 14 വയസ്സുവരെ ജീവിച്ച റ്റാലിയ ഏങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയത് ? ഏഴുവയസ്സുവരെ സാധാരണ കുട്ടിയായിരുന്നു അവള്‍. അസുഖ ബാധിതയായ ശേഷം കുടുംബ സുഹൃത്തും ക്യാന്‍സര്‍ സര്‍വൈവറുമായ റ്റാമി ഡിലറോസയുമായി കൂടുതല്‍ അടുത്തിട പഴകേണ്ടി വന്നതാണ്  അവള്‍ക്ക് വഴി തിരിവായി മാറിയത്.

ഈ കാലത്ത് മേയ്ക്കപ്പ് എന്ന കലയില്‍ റ്റാലിയ പ്രാവീണ്യം നേടി. ക്യാന്‍സര്‍ രോഗികള്‍ക്ക് മേയ്ക്കപ്പ് എന്തുമാത്രം സഹായകരമാണ് എന്ന് പറയേണ്ടല്ലോ. മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടാന്‍ വേണ്ടി ക്രേയ്‌സി ഐ ലൈനര്‍ എന്ന് പേരില്‍ ഒരു മേയ്ക്കപ്പ് റ്റിയൂറ്റോറിയല്‍ വീഡിയോ ഉണ്ടാക്കി യൂറ്റിയൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് റ്റാലിയ ഒരു ശ്രദ്ധ കേന്ദ്രമായി മാറിയത്. പതിനായിരക്കണക്കിനാള്‍ക്കാര്‍ ഈ വീഡിയോ കണ്ടു.

തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ യൂറ്റിയൂബിലൂടെ പുറത്തിറക്കിയ വീഡിയോകളിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരെയും ആരാധകരെയും റ്റാലിയായ്ക്ക്  ലഭിക്കുകയുണ്ടായി.

ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്റെ മനം മടുപ്പിക്കുന്ന ശ്യൂന്യതയിലും ഏകാന്തതയിലും വിധിയെ പഴിച്ചുകൊണ്ടുള്ള ഒരു നരകിച്ച ജീവിതം മറ്റ് പലരെയും പോലെ അവള്‍ക്ക് സ്വീകരിക്കാമായിരുന്നു. എന്നാല്‍ രോഗം ഒരു വെല്ലുവിളിയായി കണ്ടു കൊണ്ട് സ്വയം പ്രത്യാശ കണ്ടെത്തുവാനും മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു കൊടുക്കാനുമാണ് റ്റാലിയാ ശ്രമിച്ചത്. അതാണ് അവളെ വ്യത്യസ്തമാക്കുന്നത്. യൂറ്റിയൂബില്‍ റ്റാലിയയ്ക്കു വേണ്ടി തയ്യാറാക്കിയ ചാനല്‍ ഇന്നും അവളുടെ കുടുംബം ശ്രദ്ധാപൂര്‍വ്വം നോക്കി നടത്തുന്നു. ആ വീഡിയോകളിലൂടെ ഇനിയും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമേകി റ്റാലിയ ജീവിക്കും.

റ്റാലിയ രോഗവുമായി മല്ലിടുന്നതിനിടയില്‍ ന്യൂറോ ബ്ലാസ്റ്റോമക്ക് ഫലപ്രദമായ ചികില്‍സ കണ്ടെത്താനുള്ള ഫണ്ട് ശേഖരണം ലക്ഷ്യം വച്ച് റ്റാലിയായുടെ അച്ഛന്‍ മാര്‍ക്ക് വിന്‍ത്രോപ് മറ്റുള്ളവരുമായ ചേര്‍ന്ന് ബാന്റ് ഓഫ് പാരിന്റ്‌സ് എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. അതുപോലെ കുട്ടികള്‍ക്കായുള്ള ബെയിസ് ക്യാമ്പ് ചില്‍ഡ്രന്‍സ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും റ്റാലിയ സമയം കണ്ടെത്തിയിരുന്നു.
രോഗപീഡകള്‍ക്കിടയിലും  വലിയ സ്വപ്നങ്ങല്‍ കാണുവാന്‍ റ്റാലിയക്ക് കഴിയുമായിരുന്നു.

എലന്‍ ഡിജെനറസിനെ കാണുവാനും അടുത്തിട പഴകാനും അവള്‍ ആഗ്രഹിച്ചു. റ്റാലിയായെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് 2012 സെപ്തംബര്‍മാസം തന്റെ റ്റിവി ഷോയില്‍ പ്രത്യേക അതിഥിയായി റ്റാലിയായെ ക്ഷണിച്ചുകൊണ്ട് എലന്‍ ഈ സ്വപ്നം ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റി. ആ ഷോയുടെയിടയില്‍ റ്റാലിയാക്ക് മറ്റൊരു ബഹുമതി കൂടി ലഭിച്ചു. അമേരിക്കയിലെ പ്രസിദ്ധ കോസ്‌മെറ്റിക് ബ്രാന്റായ 'കവര്‍ ഗേള്‍' ഗ്രൂപ്പ് റ്റാലിയായെ  അവരുടെ ഓണറ്റി 'കവര്‍ഗേള്‍' എന്ന സ്ഥാനം നല്‍കി ആദരിച്ചു. അത് റ്റാലിയായെ ഏറെ സന്തോഷിപ്പിച്ചു.

റ്റാലിയായുടെ  മരണം അവളെ ഏറെ സ്‌നേഹിച്ച കുടുംബാംഗങ്ങളെയും ലക്ഷക്കണക്കിന് ആരാധകരെയും കരയിപ്പിച്ചു. റ്റാലിയായുടെ  കുടുംബത്തിനയച്ച പ്രത്യേക സന്ദേശത്തില്‍ എലന്‍ ഇങ്ങനെ രേഖപ്പെടുത്തി,  “ഈ വര്‍ഷം ഏറെ സവിശേഷതകളുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി. ഇന്ന് അവളെ നമുക്ക് നഷ്ടമായിരിക്കുന്നു. ഇതോടൊപ്പം എന്റെ ഹൃദയം റ്റാലിയായുടെ കുടുംബത്തിലേക്ക് അയക്കുകയാണ്. ഞാന്‍ ഏറെ ദുഃഖിതയാണ്”.

ഈ ലഘുജീവചരിത്രം നിങ്ങളെ സ്പര്‍ശിച്ചുകാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കചന്റ ഞാന്‍ ധന്യയായി. അമേരിക്കയിലെ നമ്മുടെ രണ്ടാം തലമുറയ്ക്കുവേണ്ടി ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് അത് ലഭ്യമാക്കാന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഇതോടൊപ്പം രണ്ടു വീഡിയോ ലിങ്കുകളും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റ്റാലിയായുടെ വെബ്‌സൈറ്റും സന്ദര്‍ശിക്കാന്‍ മറക്കരുത്.

www.taliajoy.com




മേക്കപ്പ് വേണ്ടാത്ത ലോകത്തിലേക്ക് റ്റാലിയ പോയിമേക്കപ്പ് വേണ്ടാത്ത ലോകത്തിലേക്ക് റ്റാലിയ പോയി
Join WhatsApp News
Sunil Alex 2013-10-26 13:47:35
ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്‍റെ മനം മടുപ്പിലും ശൂന്യതയിലും ഏകാന്തതയിലും വിധിയെ പഴിക്കാതെ ശിഷ്ടകാലം സ്വയം പ്രകാശിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകരാനും ഈ കൊച്ചു മിടുക്കി റ്റാലിയാ കാസ്റ്റനലോയ്ക്ക് കഴിഞ്ഞു ..... നല്ല എഴുത്തിനു അഭിവാദനങ്ങൾ ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക