Image

ആത്മഹത്യക്ക്‌ പാളങ്ങള്‍ (കവിത: ജോസഫ്‌ നമ്പിമഠം)

Published on 23 October, 2013
ആത്മഹത്യക്ക്‌ പാളങ്ങള്‍ (കവിത: ജോസഫ്‌ നമ്പിമഠം)
ദുരിത ജീവിതത്തിന്റെ പാളങ്ങള്‍
സമാന്തരമായി നീണ്ടു പോകുന്നുണ്ട്‌
അതിലൂടെ, യാഥാര്‍ത്യത്തിന്റെ തീവണ്ടി
സമയം തെറ്റാതെ ഓടുന്നുണ്ട്‌
തീയും പുകയും ചുമച്ചുതുപ്പി
കതച്ചുകൊണ്ട്‌, കിതച്ചുകൊണ്ട്‌
ഓടുന്ന ഒരു പഴയകാല തീവണ്ടിയാകാം
നിശബ്ദമായി അതിവേഗത്തില്‍
ഓടുന്ന ഒരു പുതിയ വണ്ടിയുമാകാം

ദുരിത ജീവിതത്തിന്റെ അന്ത്യം കാണാന്‍
ഒരു കാല്‍നടയാത്രക്കാരന്‍
ആ പാളത്തിലൂടെ നടന്നു പോകുന്നുണ്ട്‌
കൂട്ടി മുട്ടാത്ത പാളങ്ങളെ
എങ്ങിനെ യോജിപ്പിക്കാമെന്ന്‌
ഞാനും ചിന്തിക്കാറുണ്ട്‌, അവനും ചിന്തിക്കാറുണ്ട്‌
ഞാന്‍ തോറ്റിടത്ത്‌, അവന്‍ ജയിച്ചിരിക്കുന്നു

പാളങ്ങളെ തമ്മില്‍ യോജിപ്പിച്ച്‌ കൊണ്ട്‌
അവന്‍, അവയുടെമേല്‍ തലവച്ചു കിടന്നു
സമയം തെറ്റാത്ത വണ്ടി
ഒരു ദുരിതജീവിതത്തെ കശാപ്പു ചെയ്‌ത്‌
മുന്നോട്ടോടി, ഒട്ടും സമയം കളയാതെ

ഉരുക്ക്‌ പാളങ്ങള്‍
മരണത്തിന്റെ കറ കഴുകി കളഞ്ഞ്‌
അടുത്ത ദുരിത ജീവിതക്കാരനെ നോക്കി
നിശ്ശബ്ദം കാത്തു കിടക്കുന്നുണ്ട്‌.
സമാന്തര രേഖകള്‍
കൂട്ടി യോജിപ്പിക്കാനുള്ളവയല്ല എന്ന്‌
ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌.
പാളങ്ങളിലും പാഠങ്ങള്‍ എഴുതിയിട്ടുണ്ട്‌
എന്ന്‌ ഓര്‌മിപ്പിച്ചു കൊണ്ട്‌.

ഇതാ, ഇപ്പോള്‍ ഒരാള്‍
ആ പാളങ്ങളിലൂടെ നടന്നു പോകുന്നുണ്ട്‌
അത്‌ ഞാനുമല്ല അവനുമല്ല
സമയം തെറ്റാതെ ഓടുന്ന വണ്ടിയുടെ സ്വരം
അകലത്തായി കേള്‍ക്കുന്നുമുണ്ട്‌
ആത്മഹത്യക്ക്‌ പാളങ്ങള്‍ (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക