Image

അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)

Published on 23 October, 2013
അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)
രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതേടെ ഗള്‍ഫ്‌ മലയാളികള്‍ കടം വാങ്ങിയും നാട്ടിലേക്ക്‌ ഡോളര്‍ റെമിറ്റന്‍സ്‌ നടത്തുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ നാട്ടിലെ വീടും പുരയിടവും തോട്ടവും വിറ്റ്‌ കുടിയേറ്റഭൂമിയിലേക്കു കടത്തിക്കൊണ്ടിരിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. മറ്റാരുമല്ല, കുടിയേറ്റത്തെപ്പറ്റി ആധികാരിക പഠനം നടത്തിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസി(സി.ഡി.എസ്‌)ന്റേതാണ്‌ ഈ കണ്ടെത്തല്‍.

കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്‌ ഈ പ്രവണത ഏറ്റവും പ്രകടമായി കാണുന്നതെന്നാണ്‌ സി.ഡി.എസിന്റെ പഠനം തെളിയിക്കുന്നത്‌. `ഇമലയാളി' ഈ ജില്ലകളില്‍ നടത്തിയ പഠനപര്യടനത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സി.ഡി.എസ്‌ ആരോപിക്കുന്നതുപോലെ അത്‌ സാര്‍വത്രികമായൊരു പ്രവണതയല്ലെന്ന നിഗമനത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌.

വഴിയോരങ്ങളില്‍ കോടികള്‍ മുടക്കി പണിതുയര്‍ത്തിയിരിക്കുന്ന രമ്യഹര്‍മങ്ങളും അവിടവിടെയായി വാങ്ങിക്കൂട്ടിയിരിക്കുന്ന റബര്‍ത്തോട്ടങ്ങളുമാണ്‌ അമേരിക്കക്കാര്‍ വിറ്റ്‌ ഡോളറായി മാറ്റി കടത്തിക്കൊണ്ടു പോകുന്നതെന്നാണ്‌ ആരോപണം. എന്നാല്‍, ഇത്തരം വസ്‌തുവകകള്‍ വാങ്ങുന്നതും അതിനുവേണ്ടി ഡോളര്‍ മുടക്കുന്നതും അമേരിക്കക്കാരും ഗള്‍ഫുകാരുംതന്നെയാണെന്നുള്ളതാണ്‌ ഏറ്റം വലിയ തമാശ. ഇന്ത്യയുട വിദേശനാണ്യ ശേഖരത്തില്‍നിന്നാണ്‌ ഈ ഭീമമായ ചോര്‍ച്ചയുണ്ടാകുന്നതെന്നതാണ്‌ മ റ്റൊരു ദുര്യോഗം. പല ഇടപാടുകളും ഡോളര്‍ ഇന്ത്യയിലെത്താതെ വിദേശത്തുതന്നെ കൈമാറ്റം ചെയ്യപ്പെടുന്നു.

വിദേശത്തുനിന്ന്‌ ഏറ്റവുമധികം നിക്ഷേപം ലഭിക്കുന്ന രാജ്യം എന്ന ബഹുമതി ഇക്കൊല്ലം ഇന്ത്യക്കു കൈവന്നിരിക്കുകയാണ്‌ - 7100 കോടി ഡോളര്‍! ഇതില്‍ അഞ്ചിലൊന്നും വിദേശമലയാളികളുടെ സംഭാവനയാണെന്ന്‌ സി.ഡി.എസ്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിപക്ഷവും ഗള്‍ഫിലെ മലയാളികളുടെ വകയാണെന്ന്‌ എന്‍.ആര്‍.ഐ റെമിറ്റന്‍സിനെക്കുറിച്ച്‌ വര്‍ഷങ്ങളായി പഠനം നടത്തുന്ന സി.ഡി.എസ്‌ പ്രൊഫസര്‍ എസ്‌. ഇരുഡയരാജന്‍ പറയുന്നു.

വിദേശമലയാളികള്‍ ഇക്കൊല്ലം ജന്മനാട്ടിലേക്കയച്ച മൊത്തം സമ്പാദ്യം ഏകദേശം 75,000 കോടി രൂപ വരുമെന്നാണ്‌ പ്രൊഫസര്‍ രാജന്റെ കണക്കാക്കല്‍. ഇന്ത്യക്കു പുറത്ത്‌ ഏകദേശം 23 ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ മാത്രമായി ജോലിചെയ്യുന്നു. വിദേശത്തെ കേരളീയരുടെ സമ്പാദ്യത്തില്‍ 90 ശതമാനത്തിലേറെയും ഗള്‍ഫില്‍നിന്നു മാത്രമാണു വരുന്നത്‌. കഴിഞ്ഞ വര്‍ഷം വിദേശത്തുനിന്നു കേരളത്തിലേക്ക്‌ 62,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ഒഴുകിയെത്തിയതെന്നു കണക്കാക്കപ്പെടുന്നു. അതിനു മുന്‍വര്‍ഷം ഇത്‌ 50,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ 2013ല്‍ മൊത്തം 75,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നാണു പ്രതീക്ഷ.

ലോകത്തില്‍ ഏറ്റവുമധികം നിക്ഷേപം കിട്ടുന്ന രാജ്യമെന്ന പദവി ചൈനയെ പിന്തള്ളിയാണ്‌ ഇന്ത്യ കരസ്ഥമാക്കിയതെന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഇറക്കിയ വേള്‍ഡ്‌ ബാങ്കിന്റെ `മൈഗ്രേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ബ്രീഫ്‌' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയ്‌ക്കു ലഭിച്ചത്‌ 6100 കോടിയും ഇന്ത്യയുടേത്‌ 7100 കോടിയും. ഇക്കൊല്ലത്തെ നിക്ഷേപം 7100 കോടിയാകുമ്പോള്‍ അത്‌ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 200 കോടി ഡോളര്‍ കൂടുതലായിരിക്കും. ഗള്‍ഫിലെ കേരളീയരുടെ സംഭാവനയാണ്‌ ഇതില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നതെന്ന്‌ പ്രൊഫസര്‍ രാജന്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ത്തന്നെ സൗദി അറേബ്യയും യുണൈറ്റഡ്‌ ആരബ്‌ എമിരേറ്റ്‌സും മുന്‍പന്തിയില്‍ നില്‍ക്കുന്നു.

അമേരിക്കയില്‍ നല്ലൊരു പങ്ക്‌ കേരളീയരുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകളായതിനാല്‍ റെമിറ്റന്‍സിന്റെ കാര്യത്തില്‍ ഗള്‍ഫിലെ മലയാളികളോടു കിടപിടിക്കാനാവില്ല. അക്കൂട്ടരില്‍ ബഹുഭൂരിപക്ഷവും അവിടെത്തന്നെ സ്ഥിരതാമസം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണു താനും. തന്മൂലം ജന്മനാട്ടില്‍ സമ്പാദ്യം സ്വരുക്കൂട്ടുന്നതിനു പകരം ഉള്ളതു വിറ്റുപെറുക്കി കടത്തിക്കൊണ്ടുപോകാനാണ്‌ അവര്‍ക്കു താത്‌പര്യം. അതേസമയം, ഗള്‍ഫിലെ മലയാളികളാകട്ടെ ഏതെങ്കിലും ഒരു ദിവസം സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിവരാന്‍ നോക്കിപ്പാര്‍ത്തിരിക്കുന്ന യഥാര്‍ത്ഥ `പ്രവാസികള്‍' ആണുതാനും.

ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ക്രമാനുഗതമായി കുറഞ്ഞുവരുകയാണ്‌. അതേസമയം, വടക്കും വടക്കുകിഴക്കുമുള്ള സംസ്ഥാനങ്ങളില്‍നിന്ന്‌ കേരളത്തിലേക്കുള്ള കുടിയേറ്റം ഭയാനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ``കേരളം ഇതു മനസിലാക്കിയില്ലെങ്കില്‍ മറ്റാരു ശ്രദ്ധിക്കും? പക്ഷേ, അമേരിക്ക ശ്രദ്ധിക്കുന്നുണ്ടാവും. അതുകൊണ്ടായിരിക്കാം അവര്‍ സ്ഥിരമായി നാടുവിടാന്‍ ആഗ്രഹിക്കുന്നത്‌!'' -പ്രൊഫസര്‍ രാജന്‍ പറയുന്നു.
അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക