Image

പുകയില നിയന്ത്രണ നടപടികള്‍ക്ക് ദേശീയ തലത്തില്‍ പ്രത്യേക സമിതി

ബി.എസ്. നിസാമുദ്ദീന്‍ Published on 20 October, 2011
പുകയില നിയന്ത്രണ നടപടികള്‍ക്ക് ദേശീയ തലത്തില്‍ പ്രത്യേക സമിതി
അബൂദബി: പുകയില ഉല്‍പന്നങ്ങള്‍ക്കതിരെ നടപടി ശക്തമാക്കാന്‍ ദേശീയ തലത്തില്‍ പ്രത്യേക സമിതി രൂപവല്‍ക്കരിക്കുന്നു. പുകവലിക്ക് അടിമകളായവരെ ഇതില്‍നിന്ന് മോചിപ്പിക്കാന്‍ വിവിധ രീതികളില്‍ സഹായം നല്‍കും. ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പുകവലിക്കും പുകയില ഉല്‍പന്നങ്ങള്‍ക്കുമെതിരെ ആരോഗ്യ മന്ത്രാലയത്തോടൊപ്പം രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റും ചേര്‍ന്ന് യോജിച്ച പോരാട്ടമാണ് ലക്ഷ്യമിടുന്നത്.

പുകയില ഉല്‍പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പെടുത്തുന്ന നിയമം ഏറെ താമസിയാതെ പ്രാബല്യത്തില്‍ വരും. നിയമത്തിന്‍െറ കരട് ആരോഗ്യ മന്ത്രാലയം തയാറാക്കി, മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പിച്ചിട്ടുണ്ട്. ഈ നിയമത്തിലെ പ്രധാന വ്യവസ്ഥയാണ് ദേശീയ തലത്തില്‍ പ്രത്യേക സമിതി രൂപവല്‍ക്കരണം. പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെയും ജനങ്ങളെ പുകവലിയില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമിതി മേല്‍നോട്ടം വഹിക്കും. വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യും.

ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആഭ്യന്തര, നീതിന്യായ, പരിസ്ഥിതി-ജല മന്ത്രാലയങ്ങള്‍, ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, എമിറേറ്റ്സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി എന്നിവയുടെയും മുനിസിപ്പാലിറ്റികളുടെയും പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. അതേസമയം, ഈ സമിതി ആരോഗ്യ മന്ത്രാലയത്തിന്‍െറ ഭാഗമായാണുണ്ടാവുക. സമിതിക്ക് പ്രത്യേക ജീവനക്കാര്‍, ഓഫിസ് സംവിധാനം, പ്രവര്‍ത്തന ഫണ്ട് തുടങ്ങിയവ അനുവദിക്കും.
പുകവലി മുക്തരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി രോഗ നിര്‍ണയവും തുടര്‍ ചികില്‍സയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്വദേശികള്‍ക്ക് സൗജന്യമായി നടത്താം. വിദേശികള്‍ക്ക് രോഗനിര്‍ണയ പരിശോധന സൗജന്യമാണെങ്കിലും ചികില്‍സ പൂര്‍ണമായും സൗജന്യമാവില്ല. എന്നാല്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും സൗജന്യ ചികില്‍സ ലഭിക്കും.

രാജ്യത്തെ വലിയൊരു ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ പുകവലിക്ക് അടിമകളാണെന്നതിനാല്‍ ഇവരെ ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിന്‍ നടത്തും. പുതുതായി വരുന്ന നിയമത്തില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കര്‍ശന വ്യവസ്ഥകളുണ്ടാകും. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തും.

പ്രത്യക്ഷമായോ പരോക്ഷമായോ പുകവലി, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന പരസ്യങ്ങള്‍ നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറുന്നതും നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. രാത്രി 12ന് ശേഷം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നതും നിരോധിക്കും. പത്രങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ടി.വി-റേഡിയോ ചാനലുകള്‍ തുടങ്ങിയവയില്‍ പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പാടില്ല. പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ഒന്നും അനുവദനീയമല്ല. ഇത് പ്രത്യക്ഷത്തിലായാലും പരോക്ഷമായാലും നിയമ വിരുദ്ധമാണ്. ഇത്തരം പരസ്യങ്ങള്‍ ഏജന്‍സികള്‍ തയാറാക്കരുത്.

ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഈ രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ കൈമാറുകയോ ചെയ്യുന്നതും വിലക്കും. ഇവയിലൂടെ കൈമാറുന്ന വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ഇത് ബാധകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക