Image

മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ അനുരഞ്ജന പ്രഹസനം അപലപനീയം - സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍

Published on 22 October, 2013
മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ അനുരഞ്ജന പ്രഹസനം അപലപനീയം - സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോലഞ്ചേരി സെന്റ് പോള്‍സ് സെന്റ് പീറ്റര്‍ പള്ളി സംബന്ധിച്ചുള്ള തര്‍ക്ക വിഷയങ്ങളില്‍ മാര്‍ത്തോമ്മ സഭാ നേതൃത്വം , യാക്കോബായ വിഭാഗവുമായി  ചേര്‍ന്നു നടത്തുന്ന മദ്ധ്യസ്ഥ പ്രഹസനം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലേയും, യൂറോപ്പിലേയും, ആഫ്രിക്കയിലുമുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ പ്രസ്ഥാവിച്ചു.

ഇന്ത്യക്കു പുറത്തുള്ള മാര്‍ത്തോമ്മ - ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ സൗഹൃദമായ സാഹോദത്യത്തിലാണ് വര്‍ത്തിക്കുന്നതെന്നു കേരളത്തിലെ രാഷ്ട്രീയ പ്രേരിതമായ കപട സമാധാന ദൗത്യം, “പുരക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്ന” സമീപനമാണ്. വ്യവഹാരങ്ങള്‍ ഉണ്ടായപ്പോള്‍ കോടതി വിധികള്‍ മാനിച്ച് അന്തസ്സുകാട്ടിയവരാണ് മാര്‍ത്തോമ്മ സഭാ വിശ്വാസികള്‍, മഹാരഥന്മാര്‍ നേതൃത്വം കൊടുത്തിരുന്ന മാര്‍ത്തോമ്മ സഭാ നേതൃത്വത്തോട് ആദരവോടെ വീക്ഷിച്ചിരുന്ന കാലത്തെ വിസ്തൃതിയിലാഴ്ത്തി, കവല കസര്‍ത്തു കാട്ടുന്ന  സമര ആഭാസത്തെ അപലപിക്കുന്നതിനു പകരം, പിന്‍താങ്ങുന്ന സമീപനം “ആട്ടിന്‍ തോല്‍ ധരിച്ച ചെന്നായുടെ” സമീപനമാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിച്ചു. ഒരു സാധാരണ മാര്‍ത്തോമ്മ വിശ്വാസിയുടെ മനസ്സല്ല ഇവിടെ പ്രകടിപ്പിക്കുന്നത് . വൈരുദ്ധ്യ സമീപനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ഇരു ക്രിസ്തീയ വിഭാഗങ്ങളുടെ വൈര്യത്തെ ആളിക്കത്തിക്കാനുള്ള  ശ്രമമായി ഈ നടപടി വീക്ഷിക്കാനാവൂ.

ജനാധിപത്യ മുറവിളികൂട്ടുന്ന യാക്കോബായ വിഭാഗം , ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിത്തറ പാകുന്ന ജുഡീഷ്യറിയെ അപഹസിച്ച്, മദ്ധ്യസ്ഥക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ ക്രൈസ്ത സുവിശേഷം പോഷിക്കുന്ന മാര്‍ത്തോമ്മ സഭാ അദ്ധ്യക്ഷന്‍ എന്തു സാക്ഷ്യമാണ് പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കണം . രണ്ടു വര്‍ഷം മുമ്പ് പരി. ബാവ  നിരാഹാരവൃതം അനുഷ്ഠിച്ചു എങ്കില്‍ അത് കോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രേഷ്ഠ ബാവ നടത്തുന്ന സമരം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ വേണ്ടിയാണ്. ജനഹിത പരിശോധന നടത്തി വീതം വയ്ക്കണമെന്നു പറയുന്നത് ബാലിശമായ പരാമര്‍ശമാണ്.

ഓരോ ഞായറാഴ്ചയും ഹിത പരിശോധന നടത്തി ഓരോ ദേവാലയവും ഏതു സഭയില്‍ നില്‍ക്കണമെന്നു തീരുമാനിച്ചു എങ്ങനെ ഒരു സഭയ്ക്കു നില നില്‍ക്കാനാവും ? ഒരു ഇടവകയിലെ ജനങ്ങള്‍ ഭൂരിപക്ഷം , ഒരു ഞായറാഴ്ച ഇതര മതത്തില്‍ ചേരണമെന്നു തീരുമാനിച്ചാല്‍ , ആ പള്ളിയും അതിന്റെ എല്ലാ പൈതൃകങ്ങളും വീതം വച്ചു പിരിയാനൊക്കുമോ ? ഒരു സഭയുടെ നേതൃത്വത്തോടു അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നീതിന്യായ വ്യവസ്ഥിതി പ്രകാരം , നീതി നടത്തിയെടുക്കുകയോ അല്ലെങ്കില്‍ സ്വയം പുറത്തു പോകയോ ആണ് വേണ്ടത് .

അല്ലാതെ, ജനാധിപത്യം പുകഴ്ത്തുകയും, അതു നിലനില്‍ക്കേണ്ട നീതിന്യായ വ്വവസ്ഥിതിയെ പുച്ഛിക്കുകയും, വിശ്വാസികളെ ആക്രമണത്തിനു പ്രേരിപ്പിക്കയും ചെയ്യുന്ന പൊറാട്ടു നാടകങ്ങള്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്. അന്ത്യോഖ്യയില്‍ പോലും അടിവേരുകള്‍ നഷ്ടപ്പെട്ട സുറിയാനി സഭ നേതൃത്വം ഇന്നു പാലായനത്തിന്റെ പാതിയിലാണ്. സ്വയം അസ്ഥിത്വവും അധികാരവും, ഇല്ലാതെ ഒരു ദുര്‍ബ്ബല വിദേശ സഭയുടെ കീഴില്‍ അടിമയാവാന്‍ വെമ്പുന്ന ഒരു സമൂഹത്തില്‍ എന്ത് അന്തസ്സാണ് പ്രകടിപ്പിക്കുവാനുള്ളത് ? പരി. പാത്രിയര്‍ക്കീസ്  ബാവയെയും അദ്ദേഹം നയിക്കുന്ന സുറിയാനി സഭയെയും ആദരിക്കയും ബഹുമാനിക്കയും ചെയ്യുന്നതില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യാതൊരു വൈമുഖ്യവുമില്ല. എന്നാല്‍ മാര്‍ത്തോമ്മന്‍ പൈതൃക-സത്വവും ,സ്വയശീര്‍ഷകത്വവും, ഭാരതീയതയും വേറൊരു വിദേശ സഭയ്ക്കും അടിയറ വയ്ക്കാന്‍ തയ്യാറല്ല. ഇവിടെ വീതം ചോദിച്ചു  അടിച്ചു പിരിയാനല്ല ക്രൈസ്തവ നേതാക്കള്‍ ശ്രമിക്കേണ്ടത് .

തെറ്റിനെ തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള ആത്മബോധമാണ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താക്ക്  ഉണ്ടാവേണ്ടതെന്ന്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍ (ന്യൂയോര്‍ക്ക്), തോമസ് രാജന്‍ (ഡാലസ്), പി,ഐ.ജോയി (അറ്റ്‌ലാന്റ), ഡോ.ജോര്‍ജ് തേമസ് (സൗത്ത് ആഫ്രിക്ക), വി. ഓ. ജോസ്, പാപ്പച്ചന്‍ ഗീവര്‍ഗ്ഗീസ് (യു.കെ), എന്നിവര്‍ ഒരു സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക