Image

മലമുകളിലെ മാതാവ്‌ (കഥ: റീനി മമ്പലം)

Published on 11 October, 2013
മലമുകളിലെ മാതാവ്‌ (കഥ: റീനി മമ്പലം)
കറുത്ത പുഴപോലെ റോഡ്‌ ഇടക്കിടെ വളഞ്ഞു കിടന്നു. ട്രാഫിക്കുള്ളതിനാല്‍ ആക്‌സിലറേറ്ററിലും ബ്രേക്കിലും മാറിമാറി കാലമര്‍ന്നു.ഡ്രൈവറുടെ സഹായമില്ലാതെതന്നെ വഴിയറിയാമെന്ന മട്ടില്‍ ഈ കാര്‍ എത്രയോതവണ ഇതേ റോഡിലൂടെ ഓടിയിരിക്കുന്നു, എന്നും ഒരേസമയത്ത്‌, മിക്കവാറും ഒരേവേഗത്തില്‍....ഇന്ന്‌ കരിങ്കല്ലില്‍ പണിതിരിക്കുന്ന പള്ളിയോടടുക്കുമ്പോള്‍ വലത്തോട്ടുള്ള റോഡിലേക്ക്‌ തിരിയണം. കയറ്റം കയറിയാല്‍ മഗ്‌നോളിയമരങ്ങള്‍ പൂത്തുനില്‌ക്കുന്ന െ്രെഡവേ ചെന്നവസാനിക്കുന്ന കെട്ടിടത്തില്‍, നിശബ്ദവേദനകള്‍ കടിച്ചമര്‍ത്തി, മൗനം മാറാലകെട്ടിയ മനസുമായി മറ്റുകുട്ടികള്‍ക്കൊപ്പം അവനുണ്ടാവും.

അന്‍പതുദിവസം നോമ്പ്‌നോക്കി, കുമ്പസാരിച്ച്‌ കുര്‍ബാന സ്വീകരിച്ച്‌, നോമ്പ്‌ അവസാനിക്കുന്നയന്ന്‌ എന്തുതിന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ സമാധാനത്തിന്റെ സന്ദേശവുമായി ഈസ്റ്റര്‍ദിവസം എത്തിയത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പായിരുന്നു. ഈസ്റ്ററിന്റെ ബാക്കിയായ അലങ്കാരങ്ങള്‍, പ്ലാസ്റ്റിക്ക്‌ ഈസ്റ്റര്‍ബണ്ണികളും പലനിറങ്ങളിലുള്ള പ്ലാസ്റ്റിക്ക്‌ മുട്ടകളും വീടുകള്‍ക്കുമുന്നിലുള്ള ചെറുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്നു. ഈസ്റ്റര്‍ വസന്തത്തിന്റെ വരവിനെ അറിയിക്കുന്നു. വസന്തത്തിന്റെ പ്രതീകമായ ഈസ്റ്റര്‍ബണ്ണികള്‍, ഈസ്‌റ്റെര്‍മുട്ടകള്‍ വീടിനുള്ളിലും പുല്‍ത്തകിടികളിലും ഒളിപ്പിച്ചുവെക്കുമെന്നാണ്‌ ഐതീഹ്യം.

ആരോ പിന്നില്‍നിന്നും െ്രെഡവര്‍സീറ്റില്‍ ആഞ്ഞ്‌ ചവുട്ടിയോ? തിരിഞ്ഞുനോക്കി. ആരുമില്ല. പിന്നിലത്തെ സീറ്റില്‍ ചിതറിക്കിടക്കുന്ന കുറച്ചുപുസ്‌തകങ്ങളും അവന്റെ ജാക്കറ്റും.

`ആര്‍ വി ദെയര്‍ യെറ്റ്‌' വീണ്ടും തിരിഞ്ഞുനോക്കാതിരിക്കുവാന്‍ ശ്രമിച്ചു. ഇല്ല, ജാക്കറ്റ്‌ സംസാരിക്കുകയില്ല. പുസ്‌തകങ്ങള്‍ ഒച്ചയില്ലാത്ത ശബ്ദത്തില്‍ മാത്രം ആശയവിനിമയം നടത്തുന്നു.

അവന്റെ ആദ്യത്തെ ഈസ്റ്റര്‍ മനസ്സില്‍ തെളിഞ്ഞു. `ഹി ഈസ്‌ സോ ക്യൂട്ട്‌, ഹി ലുക്‌സ്‌ ജസ്റ്റ്‌ ലൈക്ക്‌ ഹിസ്‌ മാം' ഒക്കത്തിരുന്ന അവനെ നോക്കി ഒരു മദാമ്മ പറഞ്ഞു. കറുത്ത മുടിയും കറുത്ത കണ്ണുകളും മാത്രം ബന്ധങ്ങളുടെ ബയോളജി സ്ഥിരീകരിക്കുന്നു. അവരുടെ കണ്ണുകളില്‍ എല്ലാ ഇന്ത്യക്കാരും ഒരുപോലെ. അവള്‍ അവരെ നോക്കി ഊറിച്ചിരിച്ചതേയുള്ളു. അപരിചിതര്‍ക്ക്‌ വിശദീകരണം കൊടുക്കേണ്ടതില്ലല്ലോ. ചോക്കലേറ്റ്‌ അലിഞ്ഞിരുന്ന ചുണ്ടുകള്‍ കോട്ടി അവനും മദാമ്മയെ നോക്കി ചിരിക്കുവാന്‍ ശ്രമിച്ചു. റോട്ടറിക്ലബ്ബിന്റെ ഈസ്റ്റര്‍എഗ്ഗ്‌ ഹണ്ടിങ്ങ്‌ നടന്ന ദിവസമായിരുന്നുവന്ന്‌. പുല്‍ത്തകിടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചോക്കലേറ്റ്‌ മുട്ടകള്‍ കയ്യിലിരുന്ന ചെറിയ ബാസ്‌ക്കറ്റില്‍ അവന്‍ ശേഖരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ചില്‍ഡ്രന്‍സ്‌ സെന്ററിന്റെ മുറ്റത്ത്‌ നില്‌ക്കുമ്പോള്‍ തലേന്ന്‌ പെയ്‌തമഴയുടെ ഈര്‍പ്പം ചരലില്‍ തണുത്തിരുന്നു. മുറിയില്‍ കളിത്തൊട്ടിലില്‍ ഇരുന്ന അവന്റെ മുഖത്ത്‌ കണ്ണീരിന്റെ നനവുണ്ടായിരുന്നു. അവന്റെ നേരെ നീട്ടിയ കൈകളിലേക്ക്‌ അവന്റെ കൈകളും നീളുകയായിരുന്നു, ജന്മാന്തരങ്ങളായി അടുപ്പമുള്ളതുപോലെ. ആ കൈയില്‍നിന്നാണ്‌ ചോരയൊഴുകി ബോധമറ്റനിലയില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ അവനെ ബാത്ത്‌റൂമില്‍ കണ്ടെത്തിയത്‌. ഓര്‍ക്കുമ്പോള്‍ മുള്ളുവേലിയില്‍ ഇഴഞ്ഞ പാമ്പിനെപ്പോലെ ഹൃദയം നീറുന്നു.

അവന്‍ പലപ്പോഴും അടച്ചിട്ട മുറിക്കുള്ളില്‍ ഇരുന്നപ്പോള്‍ കൗമാരപ്രായത്തിലെത്തിയ ഏതൊരു ആണ്‍കുട്ടിയെയും പോലെ സ്വകാര്യത തേടിയാണന്നും അകാരണമായുള്ള ദേഷ്യം അവന്റെ പ്രായത്തിന്റെ പ്രതീകരണമാണന്നും അവള്‍ വിശ്വസിച്ചു. അവള്‍ വളരുമ്പോള്‍ ഡിപ്രഷന്‍ ഉള്ള കുട്ടികള്‍ അവള്‍ക്ക്‌ അപരിചിതരായിരുന്നു.

മക്കള്‍ ഓലപ്പന്തുകള്‍പോലെയാണ്‌. മെടഞ്ഞെടുക്കാന്‍ പഠിക്കണം. തറയിലേക്ക്‌ ഉരുട്ടിയെറിഞ്ഞാല്‍ ഏണുകളും കോണുകളുംകൊണ്ട്‌ ഉദ്ദേശ്യ സ്ഥലത്ത്‌ എത്തിച്ചേരുവാന്‍ സമയമെടുക്കും. തിരികെയെടുത്ത്‌ വീണ്ടും എറിയുവാനവസരം തരാതെ എവിടെയൊക്കെയോ എത്തിയെന്നും വരാം

സൈഡ്‌ റോഡിലേക്ക്‌ തിരിഞ്ഞ കാര്‍ എന്തോ ആന്തരികപ്രേരണപോലെ പള്ളിവളപ്പില്‍ കയറ്റി. പള്ളിയില്‍ നിറഞ്ഞുനിന്ന നിശബ്ദതയും ആത്മീയതയും അവളെ വിഴുങ്ങി. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം ചൊരിഞ്ഞ മെഴുതിരികളുടെ ചൂടേറ്റിട്ടാവാം മാതാവിന്റെ കാലുകള്‍ ചുവന്നിരിക്കുന്നുവെന്ന്‌ അവള്‍ക്കുതോന്നി. ജീവിതവ്യഥകള്‍ ചുമക്കുന്ന ചുമലുകള്‍ താഴ്‌ത്തി മാതാവിന്റെ കാല്‌ക്കല്‍ വണങ്ങി. നോമ്പുനോക്കിയ അന്‍പതുദിവസങ്ങളിലെ ഭക്തിയുടെ ഭാണ്ഡം അവള്‍ ഇറക്കിവെച്ചു. നീ കാണുന്നില്ലേ എന്റെ ദുഃഖം?ചൂടുള്ള കണ്ണീര്‍ ചോദ്യഭാവത്തിലൊഴുകി. `എനിക്കൊന്നുമറിയില്ലായിരുന്നു' അവള്‍ തേങ്ങിക്കരഞ്ഞു.

ആരോ സ്‌പര്‍ശിച്ചു. `ഗീതേ' പിടിച്ചെഴുന്നേല്‌പ്പിച്ച കയ്യില്‍ പിടിവിടാതെ മുറുകെപ്പിടിച്ചു. അവര്‍ നടന്നു. വഴിയരുകിലെ പൂക്കള്‍ കടലാസുപൂക്കളെയോര്‍പ്പിച്ചു. ഒലീവ്‌ മരങ്ങളില്‍ ചെറുപ്രാവുകള്‍ കുറുകി. മാതാവേ, നീ കാണുന്നില്ലേ എന്റെ ദുഖം ഒഴുകിയ കണ്ണീര്‍ ചോദ്യം ആവര്‍ത്തിച്ചു. സംസാരിക്കുവാന്‍ അവളുടെ ശബ്ദം ഉയര്‍ന്നില്ല. മാതാവ്‌ മലമുകളിലേക്ക്‌ കയറിത്തുടങ്ങി. അവരുടെ നീളമുള്ള മേല്‍വസ്‌ത്രത്തില്‍ ചവുട്ടാതിരിക്കുവാന്‍ അവളല്‌പ്പം പുറകെയായി നടന്നു. ഒരുപക്ഷേ നീയെന്റെ ദുഃഖം കാണുന്നില്ലായിരിക്കാം അവളുടെ മനസ്സുവായിച്ചറിഞ്ഞതുപോലെ മാതാവ്‌ തിരിഞ്ഞുനോക്കി. കണ്ണുകളില്‍ ആര്‍ദ്രഭാവത്തോടൊപ്പം ചിരിയുടെ തിളക്കമുണ്ടായിരുന്നു.

`നിന്റെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. ഞാനും ഒരു അമ്മയല്ലേ? മുപ്പതിലേറെ വര്‍ഷങ്ങള്‍ ഞാന്‍ വളര്‍ത്തിയ എന്റെ പൊന്നുമകനെ, ദേഹത്ത്‌ ആണികള്‍ തറച്ച്‌ കുരിശില്‍ തൂക്കിയില്ലേ? ഞാനതെല്ലാം കണ്ടുകൊണ്ട്‌ നിസ്സഹായതയോടെ നോക്കി നിന്നില്ലേ?' മാതാവിന്റെ കണ്ണുകളില്‍ ഉപ്പുരസം നിറഞ്ഞു തുളുമ്പി.

`അവനൊടുവില്‍ വേദന തിന്ന്‌ മരിച്ചു' മാതാവ്‌ തേങ്ങിക്കരഞ്ഞു. `എല്ലാവരും അവരുടെ ദുഃഖവുമായി എന്റടുത്തെത്തും. എനിക്ക്‌ എന്തെങ്കിലും ദുഃഖമുണ്ടോ എന്ന്‌ അവരാരും ഇന്നുവരെ ചോദിച്ചിട്ടില്ല. എന്റെ പുത്രന്‍ കാരുണ്യവാനും ദയാശീലനുമായിരുന്നു. എന്റെ പിതാവെ, ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ക്ക്‌ അറിയില്ലാത്തതിനാല്‍ ഇവരോട്‌ ക്ഷമിക്കേണമെ എന്നവന്‍ കുരിശില്‍ കിടക്കുമ്പോള്‍ പ്രാര്‍ഥിച്ചു. അത്തിപ്പഴത്തിന്റെ കാലമല്ലാതിരുന്നതിനാല്‍ പഴമില്ലാതിരുന്ന അത്തിമരത്തിനെ മാത്രം ഒരിക്കല്‍ അവന്‍ ശപിച്ചു. അത്‌ വിശപ്പുകൊണ്ടായിരുന്നു. ഭൂമിയില്‍ പിറന്നാല്‍ വിശക്കില്ലേ?'

`അമ്മാ, ഐ ആം സോറി. എന്റെ വേദനകളില്‍നിന്നൊരു വിടുതല്‍ മാത്രം ഞാന്‍ ആഗ്രഹിച്ചു. എന്റെ പ്രവൃത്തി, എന്നെ സ്‌നേഹിക്കുന്നവരില്‍ നിന്നും എന്നേക്കുമായി വിടുവിച്ച്‌ അവരെ വേദനിപ്പിക്കുമന്ന്‌ ഞാന്‍ ചിന്തിച്ചതേയില്ല. ആ നിമിഷത്തില്‍ ഞാന്‍ എന്റെ കാര്യം മാത്രം നോക്കിയൊരു തന്‍കാര്യക്കാരനായിരുന്നു . പറഞ്ഞറിഞ്ഞ അനാഥത്വവും ഓര്‍മ്മയില്‍ തങ്ങാത്ത മാതാപിതാക്കളും ആത്മാവിനെ വ്രണപ്പെടുത്തുമെന്ന്‌ നിങ്ങള്‍ അറിഞ്ഞില്ല. അംഗീകാരത്തിനുവേണ്ടിയുള്ള എന്റെ ശ്രമങ്ങള്‍ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തകരപ്പാട്ടക്കുള്ളില്‍ ഇഴയുന്ന അനേകം പുഴുക്കളിലൊന്നുപോലെ ഞാനും വികാരങ്ങളുടെ വലയത്തില്‍നിന്ന്‌ വെളിയിലേക്കിറങ്ങുവാന്‍ ശ്രമിച്ച്‌ തളര്‍ന്നുതുടങ്ങിയത്‌ നിങ്ങള്‍ കണ്ടില്ല. അമ്മാ, ഐ ആം റിയലി, റിയലി സോറി'. തലേന്ന്‌ ആശുപത്രിയിലെ പുല്‍ത്തകിടിയില്‍ നടക്കുമ്പോള്‍ അവന്‍ കരഞ്ഞു.

ആത്മഹത്യ പ്രണയംപോലൊരു വികാരമാണ്‌. നൊമ്പരപ്പെടുന്ന മനസിന്‌ വ്രണപ്പെട്ട ആത്മാവിനോടൊന്നിക്കുവാന്‍ മോഹം. ശരീരം വെടിഞ്ഞ്‌ മനസ്‌ ആത്മാവിനെ പ്രാപിക്കുന്നു. അലൗകീകമായൊരാനന്ദം

തരുന്നതിലേറെ അവന്‌ തിരികെ കൊടുത്തു. വാങ്ങാവുന്നതിലേറെ അവന്‍ വാങ്ങി, സ്‌നേഹവും ലാളനവും, എല്ലാമെല്ലാം. ആ കൊച്ചുമനസ്സിന്റെ കോണില്‍ ഒട്ടിയിരുന്ന അനാഥത്വം അവള്‍ അറിഞ്ഞില്ല.

`ഒരമ്മയുടെ ദുഃഖമറിയാവുന്ന നീ എന്തുകൊണ്ട്‌ എന്നെ ദുഃഖിപ്പിക്കുന്നു? എന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല?' ഒരു വീട്ടില്‍ നിന്ന്‌ മറ്റൊരു വീട്ടിലേക്ക്‌ അണ്ണാറക്കണ്ണന്റെ വേഗത്തില്‍ അവനെക്കുറിച്ച്‌ പരക്കുന്ന വാര്‍ത്തകള്‍ അവള്‍ക്കു സഹിക്കാനായില്ല.

`മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ പിന്നീട്‌ ദുഃഖത്തിനിടയാക്കാം. ചിലവഴികള്‍ തിരിഞ്ഞുനടക്കാനാവാത്തവിധം എന്നേക്കുമായി അടയുന്നു. ഭൂമിയില്‍ പിറന്ന മനുഷ്യന്‌ ഒന്നും മുന്‍കൂട്ടി കാണുവാന്‍ കഴിയില്ലല്ലോ'? മാതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ ഹൃദയം വീണ്ടും മുള്ളുവേലിയില്‍ ഇഴഞ്ഞ പാമ്പായി.

അവള്‍ കണ്ണുകള്‍ തുടച്ചു. മാതാവിനടുത്തേക്ക്‌ ചെന്നു. `മാതാവെ, നിങ്ങളുടെ കണ്ണുനീര്‍ തുടക്കുവാന്‍ എനിക്ക്‌ യോഗ്യതയില്ല'

`എനിക്കും നിനക്കും തമ്മില്‍ എന്ത്‌ വ്യത്യാസം? കന്യക ഗര്‍ഭിണിയായതിന്റെ ഏഷണികള്‍ ഞാനും കേട്ടതല്ലേ? ഭൂമിയില്‍ പിറന്നതിനാല്‍ ജീവിച്ചിരിക്കും കാലമത്രയും ഭൂമിയിലുള്ള ദുഃഖം നീയും അനുഭവിച്ചേ തീരു'. മാതാവിന്റെ കണ്ണുകളില്‍ ദുഃഖം തിരയടിച്ചു.

`സ്‌ത്രീയുടെ മനസിന്‌ ഈ മലയിലെ പാറകളുടെ ഉറപ്പുണ്ടാവണം. സ്‌ത്രീ, ചൂടേറുന്നദിവസങ്ങളില്‍ ഒലീവ്‌ വൃക്ഷങ്ങള്‍ക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ആശ്വാസം പകരണം, ഭൂമിയില്‍ നിറഞ്ഞൊഴുകുന്ന വായുവിന്റെ ശാന്തതയുണ്ടാവണം. ജീവിതത്തിന്‍ അനുഭവങ്ങളുടെ തീച്ചൂളകളും മലമുകളിലെ മഞ്ഞിന്റെ മരവിപ്പും ഉണ്ടാവാം, അതിനാല്‍ താന്‍ അബലയെന്നു സ്‌ത്രീക്ക്‌ പലപ്പോഴും തോന്നും'.

സുനാമിത്തിരകള്‍ ഒഴുക്കിക്കളഞ്ഞ വേളാങ്കള്ളി ഭക്തരുടെ മരണം ഭൂമിയിലെ ദുഃഖങ്ങളില്‍ ഒന്നായിരുന്നു. യേശുവിനെപ്പോലെ അങ്കിയണിഞ്ഞ്‌, താടിയും മുടിയും വളര്‍ത്തി മരുഭൂമിയിലൂടെ നടന്ന ബിന്‍ലാഡനും `നയന്‍ ഇലവനില്‍' നിരപരാധികളായ അനേകായിരങ്ങളുടെ മരണവും ഭൂമിയിലെ അനവധി ദുഃഖങ്ങളില്‍ പലതായിരുന്നു. ഉത്തരം കിട്ടാതെ കിടന്നിരുന്ന പലചോദ്യങ്ങള്‍ ഉരുകിയില്ലാതായി.

`നീ പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‌ക്കുന്ന സര്‍വ്വശക്തിയെ അറിയു. എല്ലാം നേരിടാനുള്ള ശക്തി അപ്പോള്‍ ആര്‍ജിക്കും'.

അസ്‌തമന സൂര്യന്റെ വെളിച്ചത്തില്‍ മാതാവിന്റെ മുഖം വീണ്ടും പ്രസന്നമായി. മാതാവ്‌ മലഞ്ചരിവിലൂടെ തിരിച്ചു നടന്നു. ആട്ടില്‍ പറ്റത്തെ നയിച്ചുകൊണ്ട്‌ ഇടയച്ചെറുക്കന്മാര്‍ മടങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിത്തുടങ്ങിയതിനാല്‍ ഇടയന്റെ പിന്നാലെ വഴിയറിഞ്ഞ്‌ അവര്‍ മലയിറങ്ങി.

വാതില്‍തുറക്കുന്ന ശബ്ദം കേട്ട്‌ കണ്ണുകള്‍ തുറന്നപ്പോള്‍ മെഴുതിരികളുടെ വെളിച്ചത്തില്‍, രൂപക്കൂടിനുള്ളിലെ മാതാവിന്റെ കാലുകള്‍ കൂടുതല്‍ ചുവന്നിരിക്കുന്നതായും മുഖം ക്ഷീണിച്ചിരിക്കുന്നതായും അവള്‍ കണ്ടു.

റീനി മമ്പലം
reenimambalam@gmail.com
മലമുകളിലെ മാതാവ്‌ (കഥ: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക