Image

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസ പരിശീലകര്‍ക്ക്‌ പഠനശിബിരം

ജോയിച്ചന്‍ പുതുക്കുളം Published on 09 October, 2013
ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസ പരിശീലകര്‍ക്ക്‌ പഠനശിബിരം
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ 30 ഇടവകകളിലും 37 മിഷനുകളിലുമായി മതബോധനം നടത്തുന്ന 6500 -ല്‍പ്പരം കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിശ്വാസപരിശീലകര്‍ക്ക്‌ നല്‍കപ്പെടുന്ന പഠനശിബിരം ശ്രദ്ധേയമാകുന്നു.

സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍ നേതൃത്വം നല്‌കുന്ന പഠന ശിബിരത്തില്‍ വിശ്വാസപരിശീലനത്തിന്റെ വിവിധ മാനങ്ങള്‍, സഭാകേന്ദ്രത്തില്‍ നിന്നും നല്‍കപ്പെട്ടിരിക്കുന്ന പാഠ്യക്രമത്തിന്റെ ഉള്ളടക്കം, മാതൃകാ ക്ലാസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. രക്ഷകനായ മിശിഹായെ അറിഞ്ഞ്‌, സ്‌നേഹിക്കുവാനും, അവിടുന്നുമായി വ്യക്തിബന്ധം സ്ഥാപിക്കാനും കുഞ്ഞുങ്ങളെ സഹായിക്കുക എന്ന വിശ്വാസ പരിശീലനത്തിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ അദ്ധ്യാപകരെ സഹായിക്കുക എന്നതാണ്‌ പഠനശിബിരത്തിലൂടെ ലക്ഷ്യംവെയ്‌ക്കുന്നത്‌. ഷിക്കാഗോ, ഹൂസ്റ്റണ്‍, ഗാര്‍ലന്റ്‌, ലോസ്‌ആഞ്ചലസ്‌, സാന്റാഅന്ന, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഡിട്രോയിറ്റ്‌ എന്നിവിടങ്ങളിലെ ഇടവകകള്‍ കേന്ദ്രീകരിച്ച്‌ നടത്തപ്പെടുന്ന പരിശീലന പരിപാടികള്‍ക്ക്‌ അദ്ധ്യാപകരില്‍ നിന്നും ആവേശകരമായ പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

സഭയുടെ വിശ്വാസം അതിന്റെ തനിമയില്‍ ഇളംതലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുന്നതില്‍ അദ്ധ്യാപകരുടെ താത്‌പര്യവും അര്‍പ്പണ മനോഭാവവും ത്യാഗസന്നദ്ധതയും പ്രശംസനീയമാണ്‌. ആയിരത്തില്‍പ്പരം അദ്ധ്യാപകരാണ്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

മാതൃസഭയോടൊത്ത്‌, അതിന്റെ പാഠ്യക്രമമനുസരിച്ച്‌, വിശ്വാസ പരിശീലനം കാര്യക്ഷമമായി നടത്തുമ്പോള്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങള്‍ കുഞ്ഞുങ്ങളില്‍ അടിയുറയ്‌ക്കുമെന്നും അതിനായി രൂപതയിലെ പ്രഥമ വിശ്വാസ പരിശീലകനായ അഭിവന്ദ്യ പിതാവിനോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ വൈദീകരും മതാധ്യാപകരും തങ്ങള്‍ക്ക്‌ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ വിശ്വാസ രൂപീകരണത്തില്‍ തത്‌പരരും ബദ്ധശ്രദ്ധരുമാകണമെന്ന്‌ ബഹു. ജോര്‍ജ്‌ അച്ചന്‍ ആഹ്വാനം ചെയ്‌തു. സീറോ മലബാര്‍ സഭയുടെ 30 രൂപതകളിലും ഇന്ത്യയ്‌ക്കു പുറത്തുള്ള സഭാതനയരുടെ കുടിയേറ്റ കേന്ദ്രങ്ങളിലും `വിശ്വാസപരിശീലനം- സീറോ മലബാര്‍ സഭയില്‍' എന്ന വിഷയത്തെ അധികരിച്ച്‌ ക്ലാസുകള്‍ നയിച്ച്‌ സഭയുടെ മതബോധന രംഗത്തെ പ്രബുദ്ധമാക്കുന്ന ബഹു. ജോര്‍ജ്‌ അച്ചന്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മതബോധനത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള വ്യക്തിയാണ്‌.
ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസ പരിശീലകര്‍ക്ക്‌ പഠനശിബിരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക