Image

കന്യാസ്ത്രീ ടാങ്കില്‍ വീണ് മരിച്ച സംഭവം: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

Published on 18 October, 2011
കന്യാസ്ത്രീ ടാങ്കില്‍ വീണ് മരിച്ച സംഭവം: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
കൊച്ചി: കോവളം പൂങ്കുളത്ത് കന്യാസ്ത്രീ ടാങ്കില്‍ വീണ് മരിച്ചതിനെ പറ്റി ഇതിനകം നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സിസ്റ്റര്‍ മേരി ആന്‍സിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദേശം നല്‍കിയത്.

പൂങ്കുളത്ത് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ മേരി ആന്‍സിയെ ആഗസ്ത് 17ന് രാവിലെ എട്ടിനാണ് കോണ്‍വെന്റിന്റെ വെള്ളടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവരം വീട്ടുകാരെ അപ്പോള്‍ അറിയിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വൈദികനെ മാത്രമാണ് അറിയിച്ചത്. രക്തബന്ധമുള്ളവരുടെ സാന്നിധ്യത്തിലല്ല ഇന്‍ക്വസ്റ്റ് നടത്തിയത്. ഇതുമൂലം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും ഇല്ലെന്നാണ് പരാതി. ശരീരത്തില്‍ കണ്ട മുറിവുകളുടെ വിവരം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ പരിക്കുകളെപ്പറ്റി പറയുന്നുണ്ട്.

ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ സിസ്റ്റര്‍ക്കുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമുള്ള മുന്‍വിധിയോടെയാണ് ഇപ്പോഴത്തെ അന്വേഷണം.ഇതിന് തക്ക കാരണങ്ങളോ തെളിവുകളോ ഹാജരാക്കിയിട്ടില്ല. ഈ രീതിയില്‍ അന്വേഷണം നടന്നാല്‍ നീതി നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. അതിനാല്‍ കേസന്വേഷണച്ചുമതല ഉന്നതോദ്യോഗസ്ഥനെ ഏല്പിക്കണമെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ മേല്‍നോട്ടം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. 20 വര്‍ഷത്തിലേറെയായി ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെഅന്തേവാസിയായിരുന്നു മരണപ്പെട്ട സിസ്റ്റര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക