Image

എതിര്‍പ്പ്‌ മറികടക്കാന്‍ യോഗയെ ക്രിസ്‌തീയവല്‍കരിച്ച്‌ സിസ്റ്റര്‍ ഇന്‍ഫന്‍റ്‌ ട്രീസ

Published on 07 October, 2013
എതിര്‍പ്പ്‌ മറികടക്കാന്‍ യോഗയെ ക്രിസ്‌തീയവല്‍കരിച്ച്‌ സിസ്റ്റര്‍ ഇന്‍ഫന്‍റ്‌ ട്രീസ
തൊടുപുഴ: വ്യായാമത്തിന്‌ മതമുണ്ടോ. ഇല്ലെന്ന്‌ തെളിയിക്കാനാണ്‌ മൂവാറ്റുപുഴ ക്‌ളാര മഠത്തിലെ സിസ്റ്റര്‍ ഇന്‍ഫന്‍റ്‌ ട്രീസ ശ്രമിക്കുന്നത്‌. സൂര്യ നമസ്‌കാരം ചെയ്യുന്നതിനെതിരെ എതിര്‍പ്പ്‌ ശക്തമായപ്പോള്‍ `യേശു നമസ്‌കാരം' സൃഷ്ടിച്ച്‌ മുന്നേറുകയാണ്‌ സിസ്റ്റര്‍. 12 ആസനങ്ങള്‍ ചേരുന്നതാണ്‌ സൂര്യ നമസ്‌കാരം. ശരീരത്തിന്‍െറ എല്ലാ അവയവത്തിനും വേണ്ടത്ര വ്യായാമംകിട്ടാന്‍ സൂര്യ നമസ്‌കാരത്തോളം മികച്ച മറ്റൊരു മുറയില്ലത്രെ. പക്ഷേ ചില സംഘപരിവാര്‍ സംഘടനകള്‍ സൂര്യ നമസ്‌കാരത്തിന്‍െറ കുത്തക അവകാശപ്പെട്ടതാണ്‌ സിസ്റ്റര്‍ക്ക്‌ വിനയായത്‌. ഹൈന്ദവരുടെ മതപരമായ ചടങ്ങാണ്‌ സൂര്യ നമസ്‌കാരമെന്ന അവകാശവാദവുമായി ചിലര്‍ ഭീഷണിയുമായെത്തി. പൊല്ലാപ്പിനൊന്നും പോകേണ്ടയെന്ന്‌ സ്‌നേഹമുള്ളവര്‍ ഉപദേശിച്ചു. പക്ഷേ സിസ്റ്റര്‍ ഇന്‍ഫന്‍റ്‌ ട്രീസ സഞ്ചരിച്ചത്‌ മറ്റൊരു വഴിക്കാണ്‌. അവര്‍ സൂര്യ നമസ്‌കാരത്തിന്‍െറ പേര്‌ യേശു നമസ്‌കാരമെന്നാക്കി. ഓരോ ആസനവും ചെയ്യുമ്പോള്‍ ചൊല്ലാനുള്ള വാക്യങ്ങള്‍ ബൈബിളില്‍ നിന്ന്‌ തെരഞ്ഞെടുത്തു.

മൂവാറ്റുപുഴയിലെ നിര്‍മല മെഡിക്കല്‍ യോഗ സെന്‍ററിലും തൊടുപുഴയിലെ സെന്‍റ്‌ അല്‍ഫോന്‍സ യോഗ സെന്‍ററിലുമായി മൂവായിരത്തിലേറെ പേര്‍ സിസ്റ്ററുടെ ശിക്ഷണത്തില്‍ യോഗ അഭ്യസിച്ചുകഴിഞ്ഞു.

കോട്ടയം മൂന്നിലവ്‌ വാകക്കാട്‌ സ്വദേശിനിയായ സിസ്റ്റര്‍ ഇന്‍ഫന്‍റ്‌ ട്രീസ 1970 ല്‍ വീട്ടുകാരുടെ മുന്നില്‍ നിരാഹാരം കിടന്നാണ്‌ സന്യാസിനിയാകാന്‍ അനുവാദം നേടിയത്‌. പാവപ്പെട്ട രോഗികളെ പരിചരിക്കണമെന്ന ആഗ്രഹം സാധിക്കാന്‍ നഴ്‌സിങ്‌ പഠിച്ചു. 1989 ല്‍ പി.എസ്‌.സി വഴി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിയമനം കിട്ടി. അതിന്മുമ്പ്‌ കന്യാസ്‌ത്രീമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ അധികമുണ്ടായിരുന്നില്ല. 2006ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന്‌ വിരമിച്ചു. നഴ്‌സിങ്‌ പഠന കാലത്ത്‌ തുടങ്ങിയ നടുവേദനയില്‍ നിന്ന്‌ മോചനം തേടിയാണ്‌ യോഗ പഠിച്ചത്‌. പിന്നീട്‌ ദിനചര്യയായി. യോഗയില്‍ താല്‍പര്യം കൂടിയപ്പോള്‍ 2002 ല്‍ ബംഗുളൂരു സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരി പഠനം. ഹൈന്ദവ രീതികള്‍ പിന്തുടരുന്നുവെന്ന ആരോപണം സ്വസമുദായത്തിലും പടര്‍ന്നതോടെ സിസ്റ്റര്‍ നിസഹായയായി. പിന്നീട്‌ ബംഗുളുരു ആശീര്‍വനത്തിലുള്ള ബനഡിക്ടന്‍ ആശ്രമത്തില്‍ നടത്തിയ യോഗ ധ്യാനത്തില്‍ സ്വാമി ദേവപ്രസാദിനൊപ്പം ചേര്‍ന്ന്‌ സൂര്യ നമസ്‌കാരത്തെ യേശു നമസ്‌കാരമാക്കാനുള്ള പ്രയത്‌നം തുടങ്ങി.
സൂര്യനെ ധ്യാനിക്കുന്നതിന്‌ പകരം ക്രിസ്‌തുവിനെ ധ്യാനിക്കുന്നുവെന്ന്‌ മാത്രമാണ്‌ വിത്യാസം. ആരെ ധ്യാനിച്ചാലും ആരോഗ്യമുണ്ടായാല്‍ മതിയെന്നാണ്‌ സിസ്റ്ററുടെ നിലപാട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക