Image

`പ്രകൃതിസംരക്ഷണ സന്ദേശം വിളിച്ചോതി `അലാമര്‍ ടു ദ്‌ സീ'

Published on 17 October, 2011
`പ്രകൃതിസംരക്ഷണ സന്ദേശം വിളിച്ചോതി `അലാമര്‍ ടു ദ്‌ സീ'
അബുദാബി: ചെറുപ്പത്തില്‍ മെക്‌സിക്കന്‍, കരീബിയന്‍ കടല്‍ത്തീര മേഖലയിലെ യാത്രാനുഭവത്തില്‍നിന്ന്‌ ഉദിച്ച അലാമര്‍ ടു ദ്‌ സീ അബുദാബി രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലില്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കടല്‍ത്തീരത്തുകൂടിയുള്ള യാത്രയില്‍ കാണുന്ന മനോഹരമായ പ്രകൃതിഭംഗിയും ജനജീവിതവും മനസ്സിന്റെ കോണുകളില്‍ മറക്കാനാവാത്ത അനുഭവങ്ങളുണര്‍ത്തുന്നു.

ചെളിതിങ്ങിയ ചതുപ്പുറോഡിലൂടെ കാല്‍നടയായി ഇഴജന്തുക്കള്‍ക്കും ഞണ്ടുകള്‍ക്കുമിടയിലൂടെ നീങ്ങുമ്പോള്‍ കേരളത്തിലെ ഉപ്പുജലപ്പരപ്പിലെ ചെമ്മീന്‍കെട്ടുകളും പൊക്കാളി പാടശേഖരമുള്ള കുട്ടനാടന്‍ ദൃശ്യാനുഭവങ്ങളുമാണ്‌ ഈ വിദേശചിത്രം മലയാളികള്‍ക്കു സമ്മാനിക്കുന്നത്‌.

വിശാലമായ നീലക്കടല്‍ത്തീരത്തു വിവിധ വര്‍ണത്തിലുള്ള ഒട്ടേറെ മല്‍സ്യങ്ങള്‍, കടല്‍ ജീവികള്‍, ചിപ്പികള്‍, പവിഴപ്പുറ്റുകള്‍ എന്നിവയൊക്കെ മനോഹരമായ ദൃശ്യാനുഭവം പകരുന്നു. പരിസ്‌ഥിതി നാശത്തിനെതിരെയുള്ള മികച്ച സന്ദേശമാണ്‌ ഈ ചിത്രം. പൈതൃക സംസ്‌കാരത്തിന്റെ ഓര്‍മകളില്‍നിന്നു സ്‌ക്രീന്‍ മാറുന്നത്‌ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഈ പ്രദേശത്തുകൂടി നടത്തിയ മറ്റൊരു യാത്രയില്‍ കണ്ട മാറ്റങ്ങളാണ്‌. പഴയ അനുഭവങ്ങള്‍ മനസ്സിലുണര്‍ത്തിയ ഓര്‍മകളുമായി അതേ വഴിയിലൂടെ നടത്തിയ യാത്രയ്‌ക്കൊടുവിലാണ്‌ ഈ ചിത്രത്തിന്റെ രൂപകല്‍പന പൂര്‍ത്തിയാവുന്നത്‌.

കാലം കഴിഞ്ഞപ്പോള്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. പഴയ മല്‍സ്യത്തൊഴിലാളി ഗ്രാമം ഇന്നു മെക്‌സിക്കോയിലെ ആധുനിക കടലോര വസതികളായിക്കഴിഞ്ഞു. നഗരപരിഷ്‌കരണത്തോടൊപ്പം പഴയ തീരറോഡുകള്‍ക്ക്‌ ആധുനികത കൈവന്നു. പരിസ്‌ഥിതി ബോധവല്‍ക്കരണത്തിന്റെ ആവശ്യകത സൂചിപ്പിക്കുന്ന ഒട്ടേറെ കാഴ്‌ചകള്‍ ഈ ചിത്രത്തിലുടനീളമുണ്ട്‌.

1996ല്‍ യുനെസ്‌കോ പ്രകൃതിസംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ബാങ്കോ ചിഞ്ചോറോ കേന്ദ്രമായാണ്‌ ഈ ചിത്രത്തിലെ സിംഹഭാഗവും ചിത്രീകരിച്ചത്‌. ലോക ഹെറിറ്റേജ്‌ മേഖലകളിലൊന്നാണു പ്രദേശമെന്നതും ചിത്രത്തിലെ പ്രകൃതിദൃശ്യങ്ങളും കാണികള്‍ക്കു പുതുമ പകരുന്നു.

കടല്‍ത്തീരത്തു ജീവിക്കുന്ന മല്‍സ്യബന്ധന തൊഴിലാളികളുടെ സ്വാഭാവിക ജീവിതമാണു ചിത്രത്തിലുള്ളത്‌. പൈതൃക തൊഴിലിലും ജീവിതോപാധികളിലും ഒരു അച്‌ഛനും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധവും സ്‌നേഹവും വെളിവാകുന്നു. മര്‍ത്താക്ക എന്ന മല്‍സ്യത്തൊഴിലാളിയും അദ്ദേഹത്തിന്റെ കൊച്ചുമകനും അമ്മയുമാണു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
`പ്രകൃതിസംരക്ഷണ സന്ദേശം വിളിച്ചോതി `അലാമര്‍ ടു ദ്‌ സീ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക