Image

സസ്‌പെന്‍ഷന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ: വി.എസ്‌

Published on 17 October, 2011
സസ്‌പെന്‍ഷന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ: വി.എസ്‌
തിരുവനന്തപുരം: രണ്ട് പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ഭരണപക്ഷം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണന്ന് പ്രതപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സ്പീക്കറുടെ അനുമതി കാക്കാതെ മുഖ്യമന്ത്രി പ്രമേയം പാസായതായി പ്രഖ്യാപിക്കുകയായിരുന്നു.ഇന്നത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ആദ്യം വായിച്ച പ്രമേയത്തില്‍ 14 ാം തിയതിയിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എന്നാണ് പറഞ്ഞത്. പിന്നീട് കോപ്പി നല്‍കിയപ്പോള്‍ അത് 17 എന്നാക്കുകയാണന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ സസ്‌പെന്‍ഷന്‍ വേണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യത്തെ പ്രതിപക്ഷം എതിര്‍ത്തു. പിന്നീട് ചര്‍ച്ചയെത്തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് സംഭവം അവസാനിപ്പിക്കാമെന്ന ധാരണയില്‍ യോഗം അവസാനിപ്പിക്കയായിരുന്നു. ഇതേതേതുടര്‍ന്ന് സ്പീക്കര്‍ സഭയിലെത്തി റൂളിംഗ് നടത്തി. ഇതിന് ശേഷമാണ് പ്രമേയം വന്നത്. അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഷന്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റായ നടപടിയാണന്നും വി.എസ് പറഞ്ഞു. ഇതിനെതിരെ സഭയ്ക്കുള്ളില്‍ സത്യാഗ്രഹം ആരംഭിക്കും. രാജേഷും ജെയിംസ് മാത്യുവും സത്യാഗ്രഹത്തില്‍ പങ്കെടുക്കും. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റില്ലന്നും കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധം മൂലമാണ് അവര്‍ ആസ്പത്രിയില്‍ പോയതെന്നും പരാതി നല്‍കിയതെന്നും വി.എസ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക